മുഹമ്മദ് അല്‍ഫാതിഹ്

ഇസ്ലാമികചരിത്രത്തിലെ അവസാന നൂറ്റാണ്ടുകളുടെ കഥ പറയുമ്പോള്‍ മുഹമ്മദുല്‍ഫാതിഹിന്റെ നാമമായിരിക്കും ആദ്യമായി കടന്നവരുക. ധീരനും സല്‍വൃത്തനുമായ ആ ചെറുപ്പക്കാരന്റെ നാമം ഉള്‍പുളകത്തോടെ മാത്രമേ ചരിത്രത്തിന് ഇന്നും ഓര്‍ക്കാനാവൂ. അബ്ബാസീ ഭരണത്തിന്റെയും സ്പെയിനിന്റെയും വീഴ്ചക്ക് ശേഷം ഇസ്ലാമികലോകത്ത് പ്രതിരോധത്തിന്റെ മതില്‍കെട്ടുകള്‍ തീര്‍ത്ത ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു അദ്ദേഹം. ഉസ്മാനിയാ ഖിലാഫതിന്റെ പൊന്‍തൂവലുകളില്‍ അദ്വിതീയനായിരുന്നു മുഹമ്മദുല്‍ഫാതിഹ്. ഹിജ്റ 855ല്‍ തന്റെ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അദ്ദേഹം അധികാരമേറ്റത്. ചെറുപ്പത്തിലേ വിജ്ഞാനത്തോടും വിശിഷ്യാ ഹദീസുകളോടും അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശമായിരുന്നു. ഭരിക്കുമ്പോഴും അദ്ദേഹം അത് കെടാതെ സൂക്ഷിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ അദ്ദേഹത്തിന് പ്രചോദനമേകിയതും തദ്വിഷയകമായ ഹദീസുകള്‍ തന്നെ.

തെറ്റുകള്‍ കാണുമ്പോള്‍ വിമര്‍ശിക്കുന്ന പണ്ഡിതരെയായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം ഫാതിഹിന്റെ വലിയൊരു സ്വപ്നമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. ആ പ്രേദശം ജയിച്ചടക്കുന്ന സൈന്യത്തെക്കുറിച്ചും ഭരണാധികാരിയെക്കുറിച്ചും പരാമര്‍ശിക്കുന്ന ഹദീസുകള്‍ പഠിച്ച അദ്ദേഹം, അത് താനാവണമെന്ന് സ്വാഭാവികമായും കൊതിച്ചുപോയി.  ആ ഹദീസുകള്‍ ഓതിക്കേള്‍പ്പിച്ച് അതിനായി വലിയൊരു സൈന്യത്തെ സജ്ജമാക്കാനും അദ്ദേഹത്തിനായി. ശേഷമുള്ള സമയവും ചിന്തയുമെല്ലാം മുഹമ്മദ് ഇതിനായി ചെലവഴിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം സാധ്യമാക്കാന്‍ ആവുന്നതൊക്കെ ചെയ്തു. പ്രതിരോധത്തിന്റെ ഭാഗമായി വലിയ കോട്ടകള്‍ അതിനായി പണികഴിപ്പിച്ചു. പുറപ്പാടിനാവശ്യമായ പടക്കോപ്പുകള്‍ തയ്യാറാക്കാനായി അതിവിദഗ്ധരായ എന്‍ജിനീയര്‍മാരെ യൂറോപ്പില്‍നിന്ന് പോലും വരുത്തിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് പരിഗണിച്ച്, ഉസ്മാനിയ നാവികപ്പടയെയും അദ്ദേഹം അതിനായി സുസജ്ജമാക്കി. നാനൂറിലേറെ കപ്പലുകള്‍ ഇതിന്  മാത്രമായി അദ്ദേഹം തയ്യാറാക്കി എന്നാണ് ചരിത്രം.

എല്ലാം സുസജ്ജമായതോടെ അദ്ദേഹം സൈന്യസമേതം പുറപ്പെട്ടു. ഹിജ്റ 857 റബീഉല്‍അവ്വല്‍ 26ന് (1453 ഏപ്രില്‍ 6) അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിലെത്തി. സുശക്തമായ സൈന്യത്തെ കണ്ടതോടെതന്നെ പട്ടണനിവാസികള്‍ ഭയചകിതരായി. സാധാരണപോലെ പട്ടണം ഉപരോധത്തിലായി. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ നാവികപ്പട സുശക്തമായതിനാല്‍ കടലിലൂടെ ചെന്ന് അങ്ങോട്ട് അടുക്കാന്‍ പോലും സാധിക്കുമായിരുന്നില്ല ആ നാവികപ്പടക്ക്. അത് കൊണ്ട് തന്നെ, സുല്‍താന്‍ മുഹമ്മദ് അതിനും പുതിയ തന്ത്രമാണ് മെനഞ്ഞത്. ഉരുണ്ട മരക്കഷ്ണങ്ങള്‍ അടുക്കിവെച്ച് മൂന്ന് മൈല്‍ ദൂരം കരയിലൂടെയാണ് അദ്ദേഹം ശത്രുക്കളുടെ കണ്ണുകളെ വെട്ടിച്ച് കപ്പലുകള്‍ അവിടെയെത്തിച്ചത്. ചരിത്രത്തില്‍ ആദ്യവും അവസാനവുമായി കരയിലൂടെ കപ്പലോടിയത് അന്നായിരിക്കാം. രാത്രിയുടെ മറവിലായിരുന്നു അത് നടത്തിയത്. രാവിലെ ഉറക്കമെണീറ്റ പട്ടണനിവാസികള്‍ കാണുന്നത് തങ്ങള്‍ക്ക് ചുറ്റും സമുദ്രത്തില്‍ തമ്പടിച്ചിരിക്കുന്ന തുര്‍കി നാവികപ്പടയെയാണ്. പട്ടണത്തിനകത്തേക്ക്  പ്രവേശിക്കാനായി വിവിധ തന്ത്രങ്ങളാണ് അന്ന് പ്രയോഗിക്കപ്പെട്ടത്. ഉപരോധം ദിവസങ്ങളോളം നീണ്ടുപോയി. ജുമാദല്‍ഊലാ 18ന് സുല്‍താന്‍ തന്റെ സൈനികരെയെല്ലാം ഒരുമിച്ച് കൂട്ടി പ്രാര്‍ത്ഥന നടത്തി. 20ന് പട്ടണത്തില്‍ മഴ  പെയ്തു.

ശക്തമായ മഴ പെയ്യുമെന്നും അതോടെ തുര്‍കിസൈന്യം പിന്തിരിഞ്ഞുപോവുമെന്നുമായിരുന്നു പട്ടണവാസികളുടെ വ്യാമോഹം. പക്ഷേ, സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ബദ്റ് യുദ്ധത്തെ ഓര്‍മ്മിപ്പിക്കും വിധം മഴ മുസ്ലിം സൈന്യത്തിന് അനുഗ്രഹമായി. മഴ തോര്‍ന്നതോടെ മുസ്ലിം സൈന്യം ഒരേ സമയം കരയില്‍നിന്നും കടലില്‍നിന്നും ആക്രമണം തുടങ്ങി. ഉച്ചയായപ്പോഴേക്കും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ മുസ്ലിം സൈന്യത്തിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. ഹംദിന്റെയും തക്ബീറിന്റെയും മന്ത്രധ്വനികളുമായി സുല്‍താന്‍ഫാതിഹും സൈന്യവും അകത്തേക്ക് പ്രവേശിച്ചു. സന്തോഷാധിരേകത്താല്‍ സുല്‍താന്‍ മുഹമ്മദ് അല്ലാഹുവിന് മുമ്പില്‍ സാഷ്ടാംഗം നമിച്ചു. പട്ടണവാസികളായ ആരെയും ഉപദ്രവിക്കരുതെന്ന് തന്റെ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കാനും അദ്ദേഹം മറന്നില്ല. ഭയചകിതരായിരുന്ന പുരോഹിതരെയും സാധാരണക്കാരെയും സുരക്ഷിതമായി അദ്ദേഹം വീടുകളിലെത്തിച്ചു. മാന്യതയാര്‍ന്ന ആ സമീപനം കണ്ട് പലരും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അതോടെ പ്രവാചകര്‍(സ)യുടെ വാക്കുകളായിരുന്നു അവിടെ പുലര്‍ന്നത്, “കോണ്സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ വരുന്ന സൈന്യം, അവര്‍ ഏറ്റവും നല്ല സൈന്യവും അവരുടെ നായകന്‍ ഏറ്റവും നല്ല നായകനുമായിരിക്കും. ” (മുസ്തദ്റക്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter