ഇമാം ഗസ്സാലി
ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലി ഫല്‍സഫ, തസ്വവ്വുഫ്, ഇല്‍മുല്‍കലാം എന്നീ വിജ്ഞാന ശാഖകളിലെ ഇമാമാണ്. ജ്ഞാനസാഗരത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങി വിജ്ഞേയങ്ങളായ നിരവധി ഗ്രന്ഥങ്ങള്‍ മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. തന്റെ ഇഹ്‌യാ ഉലൂമിദ്ദീന്‍ വിശ്വപ്രസിദ്ധമാണ്.
ഹിജ്‌റ 499 ല്‍ ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ പുണ്യ മഖ്ബറയില്‍ വെച്ച് അദ്ദേഹം മൂന്ന് കാര്യങ്ങള്‍ കരാര്‍ ചെയ്യുകയുണ്ടായി:
1) രാജദര്‍ബാറില്‍ പോവുകയില്ല.
2) രാജാക്കളില്‍ നിന്നുള്ള യാതൊരു വിധ ആനുകൂല്യവും സ്വീകരിക്കുകയില്ല.
3) ആരുമായും വാഗ്വാദം നടത്തുകയില്ല.
മഹാനവര്‍കള്‍ സത്യം തുറന്നുപറയാനും എഴുതാനും ഒട്ടും മടിച്ചിരുന്നില്ല. അപാകതകള്‍ ആരില്‍ നിന്ന് കണ്ടാലും അത് വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അന്നത്തെ ചില പണ്ഡിതന്മാര്‍ ഇമാം ഗസ്സാലി(റ)യെ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ഇമാമിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു. അന്ന് ഖുറാസാനിലെ ഭരണാധികാരി സുല്‍ഥാന്‍ സന്‍ജറുബ്‌നു മാലിക് സല്‍ജൂഖിയായിരുന്നു. ഇദ്ദേഹം പണ്ഡിതനായിരുന്നില്ല; താടിയും തലപ്പാവുമുള്ള ആരും പറയുന്നതെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനായിരുന്നു. ഇമാം ഗസ്സാലി(റ)യെക്കുറിച്ച് അസൂയാലുക്കളായ ചിലര്‍ പറഞ്ഞതെല്ലാം ഇദ്ദേഹം വിശ്വസിക്കുകയും അതനുസരിച്ച് ഇമാമവര്‍കളെ രാജസദസ്സിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
ഇമാം ഗസ്സാലി(റ) സുല്‍ഥാന്റെ ക്ഷണത്തിന് ഇപ്രകാരം മറുപടി എഴുതി: ഏതെങ്കിലും രാജാവിനെ സമീപിക്കുകയില്ലെന്ന് ഞാന്‍ കരാര്‍ ചെയ്തിരിക്കുന്നു; പത്തുവര്‍ഷമായി ഇതനുസരിച്ച് പ്രവര്‍ത്തിച്ചുവരികയാണ് ഞാന്‍. സുല്‍ഥാന്‍ മലിക് ശാഹ് എന്നെ ക്ഷണിക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ രാജസദസ്സില്‍ വരാന്‍ എനിക്കിതാ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നു. അങ്ങനെ നിര്‍ബന്ധിതാവസ്ഥയില്‍ ഞാനിതാ വരുന്നു.
ഇമാം ദര്‍ബാറിലെത്തിയപ്പോള്‍ സുല്‍ഥാന്‍ അദ്ദേഹത്തെ സ്വീകരിക്കുകയും തന്റെ പാര്‍ശ്വത്തിലായി ഇരിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം വിവിധ കാര്യങ്ങളെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്തു. പിരിഞ്ഞുപോരുമ്പോള്‍ ഇമാം സുല്‍ഥാനോട് പറഞ്ഞു: പീഡനങ്ങളാലും സല്‍ഭരണത്തിന്റെ അഭാവത്താലും ഥൂസിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. ഇപ്പോള്‍ തണുപ്പും ക്ഷാമവും കൂടിയായപ്പോള്‍ അവര്‍ ആകെ വാടിത്തളര്‍ന്നിരിക്കയാണ്. നിങ്ങള്‍ അവരോട് കരുണ ചെയ്യും. പക്ഷേ, ഇന്ന് ഥൂസിന്റെ അവസ്ഥയോ! ജനങ്ങളുടെ പിരടികള്‍ വിഷമത്താല്‍ പൊട്ടിയിരിക്കുന്നു; നിങ്ങളുടെ കുതിരകളുടെ പിരടികള്‍ ആഭരണ ഭാരത്താലും പൊട്ടിയിരിക്കുകയാണ്!!
ബഗ്ദാദിലെ മദ്‌റസാ നിസാമിയ്യയുടെ സ്വദ്ര്‍ മുദര്‍രിസായി സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുല്‍ഥാന്‍ സന്‍ജറിന്റെ മന്ത്രി മുഹമ്മദുബ്‌നു ഫഖ്‌റ ഇമാം ഗസ്സാലി(റ)ക്കൊരു കത്തെഴുതി. ബഗ്ദാദിലെ ഖലീഫ മുസ്തള്ഹിര്‍ ബില്ലാഹിയുടെയും മറ്റും നിര്‍ദേശമനുസരിച്ചായിരുന്നു ഈ ക്ഷണം. ഇമാം ഗസ്സാലി(റ) ഈ ക്ഷണക്കത്തിന് സുദീര്‍ഘമായൊരു മറുപടി എഴുതി. തനിക്ക് ബഗ്ദാദില്‍ വരാന്‍ പറ്റാത്തതിനുള്ള കാരണങ്ങള്‍ അതില്‍ വിവരിച്ചത് ഇപ്രകാരമായിരുന്നു:
1) ഞാന്‍ ബഗ്ദാദില്‍ വരുന്നതോടെ എന്റെ ദര്‍സില്‍ പഠിക്കുന്ന 150 വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകും.
2) ഞാന്‍ വാഗ്വാദങ്ങളോ വാദപ്രതിവാദങ്ങളോ നടത്തുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ബഗ്ദാദില്‍ അതെല്ലാം അനിവാര്യമായിവരും.
3) ബഗ്ദാദില്‍ ഇടക്കിടെ രാജദര്‍ബാറുകളില്‍ ഹാജറാകേണ്ടതായിവരും; അതും സാധ്യമല്ലെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു.
4) ഞാന്‍ അധ്യാപനത്തിന് ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൈപ്പറ്റാറില്ല; ബഗ്ദാദില്‍ അത് സ്വീകരിക്കേണ്ടതായിവരും. കാരണം, അവിടെ എനിക്ക് ഭൂസ്വത്തുക്കളോ മറ്റു വരുമാനമാര്‍ഗങ്ങളോ ഒന്നുമില്ല.
സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകളിലെ പ്രസിദ്ധരായ പണ്ഡിതരും മതാധ്യാപനത്തിന് ഗവണ്‍മെന്റ് ശമ്പളം കൈപ്പറ്റിയിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇപ്രകാരം എഴുതി:
‘സ്വഹാബത്തിന്റെ കാലത്തും തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ബൈത്തുല്‍മാലിലെ പണം ഹലാലായിരുന്നു. അതിലുപരി അന്ന് ഭരണാധികാരികളെയും ഉമറാഇനെയും തൃപ്തിപ്പെടുത്തേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ (ഹിജ്‌റ 5-ാം നൂറ്റാണ്ട്) സ്ഥിതി അതല്ല. ഇന്ന് ശമ്പളം പറ്റണമെങ്കില്‍ ദര്‍ബാറില്‍ പോകണം; രാജാവിനെ പ്രശംസിക്കണം; എല്ലാ നിലയിലും രാജാവിനെ പിന്തുണക്കുകയും സഹായിക്കുകയും അയാളുടെ ന്യൂനതകള്‍ മറച്ചുവെക്കുകയും വേണം. ഇങ്ങനെ പല അനര്‍ഥങ്ങളും വന്നുചേരുന്നുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാതിരുന്നാല്‍ രാജാവ് ഒരു ചില്ലിക്കാശുപോലും തരില്ല.’ ഇമാം ഗസ്സാലി(റ)യുടെ ഈ കത്ത് ലഭിച്ചപ്പോള്‍ ഭരണകൂടം അവരുടെ പരിപാടി വേണ്ടെന്നുവെച്ചു.
ഭരണാധികാരികള്‍ക്ക് നിര്‍ദേശോപദേശങ്ങള്‍ നല്‍കുന്നതില്‍ മഹാനവര്‍കള്‍ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല. നിഷ്‌കളങ്കമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം സത്യവും യാഥാര്‍ഥ്യവും തുറന്നുപറഞ്ഞതിനാല്‍ പലവിധ വിഷമങ്ങളും സഹിച്ചിട്ടുണ്ട്. ഊരിയ വാളുകളും തിളങ്ങുന്ന കുന്തങ്ങളും ഒന്നും ആ മഹാനുഭാവനെ പിന്തിരിപ്പിച്ചില്ല.
ഒരിക്കല്‍ അദ്ദേഹം സുല്‍ഥാന്‍ സന്‍ജറിന്റെ സഹോദരന്‍ മുഹമ്മദുബ്‌നു മലിക് ശായ്ക്ക് ‘നസ്വീഹത്തുല്‍ മുലൂക്’ എന്ന ശീര്‍ഷകത്തില്‍ ഒരു കത്തെഴുതി. അതിലെ ചില പ്രധാനവരികള്‍ ശ്രദ്ധിക്കുക: ‘വന്ദ്യരായ സുല്‍ഥാന്‍! നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങി അല്ലാഹുവുമായുള്ള കടപ്പാടുകളില്‍ വല്ല വീഴ്ചകളും വന്നിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അല്ലാഹു അത് പൊറുത്തേക്കാം; എന്നാല്‍ ജനങ്ങളുമായുള്ള കടപ്പാടുകള്‍ അങ്ങനെയല്ല. ഓ, സുല്‍ഥാന്‍, ചിന്തിക്കുക! മഹാനായ ഉമര്‍(റ) വളരെയധികം നീതിയും നിഷ്പക്ഷതയും സൂക്ഷ്മതയും പാലിച്ചിട്ടുകൂടി അന്ത്യനാളിനെക്കുറിച്ച് എത്രത്തോളം ഭയപ്പെട്ടിരുന്നു… എന്നാല്‍ നിന്റെ സ്ഥിതിയെന്താണ്? നിന്റെ പ്രജകളെക്കുറിച്ച് നീ ചിന്തിക്കാറുണ്ടോ? അക്രമത്തില്‍ നിന്നും അനീതിയില്‍ നിന്നും നീ മാത്രം അകന്നുനിന്നാല്‍ പോരാ. നിന്റെ ഭൃത്യരും സേവകരും പരിചാരകരും ഉദ്യോഗസ്ഥരും ആരെയും ഒരുവിധത്തിലും അക്രമിക്കാന്‍ പാടില്ല. ഓ സുല്‍ഥാന്‍! നീ ഒരു കാര്യം മറ്റൊരാളെ ചെയ്യാന്‍ പോകുന്നതിനുമുമ്പായി, ആ കാര്യം അവന്‍ നിന്നെ ചെയ്താലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണം. നിനക്ക് സ്വീകാര്യമല്ലാത്തൊരു കാര്യം മറ്റൊരാളില്‍ നീ അടിച്ചേല്‍പിക്കുകയാണോ?’
ഇമാമവര്‍കള്‍ സുല്‍ഥാന് മാത്രമല്ല, മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇത്തരം നിര്‍ദേശങ്ങളടങ്ങിയ കത്തുകള്‍ അയക്കാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല.
രാജാക്കളോടും ഉമറാഇനോടും സല്‍കര്‍മം കൊണ്ട് കല്‍പിക്കുക എന്ന ശീര്‍ഷകത്തിലായി അദ്ദേഹം തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഒരു അധ്യായം തന്നെ വെച്ചിട്ടുണ്ട്. അതില്‍ സുല്‍ഥാന്മാരെയും ഉമറാഇനെയും ഉപേദശിക്കാനായി എല്ലാ പണ്ഡിതരോടും ആഹ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹം എഴുതുന്നു: സുല്‍ഥാനെ ഉപദേശിക്കുന്നതിനാല്‍ നാട്ടില്‍ കുഴപ്പമുണ്ടാകുമെങ്കില്‍ അത് പാടില്ലാത്തതാണ്. സ്വജീവനും സ്വത്തിനും മാത്രമേ ഇതുകൊണ്ട് അപായം വരൂ എങ്കില്‍ ഇത് ജാഇസാണെന്നു മാത്രമല്ല, നല്ലതുകൂടിയാണ്. മുന്‍ഗാമികള്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തിപ്പോലും സുല്‍ഥാന്മാരുടെയും മറ്റും മുന്നില്‍ സ്വതന്ത്രമായി സംസാരിക്കുകയും അവരെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് തടയുകയും ചെയ്തിരുന്നു.
Leave A Comment