പ്രവാചകര്‍ അതുല്യ വ്യക്തിത്വം-4

ഭാഗം 4

മനുഷ്യത്വത്തിനാണ് വില

പ്രവാചകര്‍ ഒരിക്കല്‍ അനുയായികളോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോഴാണ് അതിലൂടെ ഒരു ശവമഞ്ചമേറ്റി ഒരു സംഘം ജൂതന്മാര്‍ കടന്നുപോയത്. ശവമഞ്ചം വരുന്നത് കണ്ട് പ്രവാചകര്‍ എണീറ്റ്നിന്നു. അത് കണ്ട് അനുയായികളും എണീറ്റു. അതങ്ങ് കടന്നുപോയപ്പോള്‍ അവര്‍ ചോദിച്ചു, പ്രവാചകരേ, അതൊരു ജൂതവിശ്വാസിയുടെ ശവമാണല്ലോ, പിന്നെന്തിനാ താങ്കള്‍ എണീറ്റുനിന്നത്? പ്രവാചകരുടെ മറുപടി ഇപ്രകാരമായിരുന്നു, അതൊരു മനുഷ്യനല്ലേ.

മനുഷ്യത്വത്തിന് അര്‍ഹമായ വില കല്‍പിക്കാന്‍ പഠിപ്പിക്കുന്നതായിരുന്നു പ്രവാചകരുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം. അതിന് മുമ്പില്‍ മതമോ ജാതിയോ തടസ്സമായിരുന്നില്ല.

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം

ബദ്റ് യുദ്ധം അവസാനിച്ചു. പ്രവാചകരും അനുയായികളും അംഗബലത്തില്‍ വളരെ പിന്നാക്കമായിരുന്നെങ്കിലും അല്ലാഹുവിന്റെ സഹായത്താല്‍ അല്‍ഭുതകരമായി വിജയിച്ചു. എതിര്‍പക്ഷത്ത് നിന്ന് പലരും യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു.

എല്ലാവരെയും പ്രവാചകരുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. പണം നല്‍കി സ്വതന്ത്രരാകാന്‍ കഴിവുള്ളവരോട് അങ്ങനെ ചെയ്യാന്‍ പ്രവാചകര്‍ നിര്‍ദ്ദേശിച്ചു. അതുകേട്ട്, പലരുടെയും ബന്ധുക്കള്‍ വന്ന പലരെയും മോചിപ്പിച്ചു. അതിന് സാധിക്കാത്ത ഏതാനും പേര്‍ ബാക്കിയായി. അവരെ മോചിപ്പിക്കാന്‍ പ്രവാചകര്‍ മറ്റൊരു മാര്‍ഗ്ഗമാണ് മുന്നോട്ട് വെച്ചത്. എഴുത്തും വായനയും അറിയുന്നവര്‍ അത് മുസ്ലിം പക്ഷത്തെ കുട്ടികള്‍ക്ക് പഠിപ്പിക്കട്ടെ. ബന്ധികളില്‍ പലര്‍ക്കും അത് വലിയ ആശ്വാസമായി. ഓരോരുത്തര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഏല്‍പിച്ചുകൊടുത്തു. അധ്യാപനം പൂര്‍ത്തിയാക്കി ഓരോരുത്തരായി മോചിതരായി വീടുകളിലേക്ക് തിരിച്ചുപോയി.

പ്രാവചകരുടെ വിശ്വസ്ത എഴുത്തുകാരനായ സൈദ് ബിന്‍ സാബിത് (റ) ഇങ്ങനെ ലഭിച്ച അവസരത്തില്‍ എഴുത്ത് പഠിച്ചവരായിരുന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം തടവുകാരെ മോചിതരാക്കാന്‍ പ്രവാചകര്‍ കാണിച്ച മഹാമനസ്കതയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

അനുയായികള്‍ക്കൊപ്പം

ചില്ലുകൊട്ടാരത്തിലിരുന്ന് അനുയായികളോട് ആജ്ഞകള്‍ പുറപ്പെടുവിക്കുന്ന നേതാവായിരുന്നില്ല പ്രവാചകര്‍.

മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ സന്ദര്‍ഭം. മദീനക്കാരുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പ്രവാചകരുടെ ഏതാവശ്യവും നിര്‍വ്വഹിക്കാന്‍ അവര്‍ സദാ മുന്‍പന്തിയിലുണ്ടായിരുന്നു.

മദീനയിലെത്തിയ പ്രവാചകരുടെ ആദ്യപ്രവര്‍ത്തനം അവിടെ ഒരു പള്ളി പണിയുക എന്നതായിരുന്നു. പള്ളിക്കുള്ള സ്ഥലം തീരുമാനമായി. എല്ലാവരും പള്ളി നിര്‍മ്മാണത്തിലേര്‍പ്പെട്ടു. അന്‍സാരികള്‍ ഒന്നടങ്കം പള്ളിക്കായി ശ്രമദാനം നടത്തി. ഓരോരുത്തരും അവരെക്കൊണ്ടാവുന്ന സേവനങ്ങളെല്ലാം കാഴ്ച വെച്ചു. അവരുടെ മുന്‍പന്തിയില്‍ പ്രവാചകരുമുണ്ടായിരുന്നു. കല്ല് ചുമന്ന് കൊണ്ടും മണ്ണ് നീക്കം ചെയ്തുമെല്ലാം പ്രവാചകര്‍ അവരോടൊപ്പം പണിയെടുത്തു. അത് കണ്ട് അന്‍സാരികളുടെ ആവേശം പതിന്മടങ്ങായി. അവര്‍ ഇതുവരെ കണ്ടുപരിചയിച്ച നേതാക്കളില്‍നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു പ്രവാചകര്‍. അവരില്‍ പലര്‍ക്കും അറിയാതെ കവിതയൊഴുകി:

വന്‍പാപമല്ലോ വെറുതെ ഇരുന്നാല്‍

യത്നിക്കവേ ഈ പുണ്യപൂമാന്‍

പരലോകമല്ലോ സത്യലോകം

നാഥാ നീയേകണേ കരുണാകടാക്ഷം

വിശപ്പിലും കൂടെ നിന്നവര്‍

പ്രവാചകരുടെയും അനുയായികളുടെയും കഥകഴിക്കാനായി ഗോത്രങ്ങള്‍ ഒന്നടങ്കം മദീനക്ക് നേരെ വന്ന സന്ദര്‍ഭത്തിലായിരുന്നു ഖന്ദഖ് യുദ്ധം അരങ്ങേറിയത്. പ്രതിരോധം തീര്‍ക്കാനായി മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കാനാണ് തീരുമാനിച്ചത്. എല്ലാവരും ജോലിയിലേര്‍പ്പെട്ടു. നേരാനേരം കൃത്യമായ ഭക്ഷണം പോലും കഴിക്കാനില്ല. പലരും വിശപ്പ് സഹിക്കാനാവാതെ വയറ്റില്‍ കല്ല് വെച്ച് കെട്ടിയാണ് പണി എടുക്കുന്നത്. പ്രവാചകരും അവരോടൊപ്പമുണ്ട്. എത്ര കൊത്തിയിട്ടും ഏശാത്ത പാറ ഭാഗങ്ങളെത്തുമ്പോള്‍ അവര്‍ അത് ഏല്‍പിച്ചിരുന്നത് പ്രവാചകരെയായിരുന്നു. സന്തോഷത്തോടെ അത് ഏറ്റെടുത്ത് അവിടുന്ന് ചെയ്യുകയും ചെയ്തു.

ഒരു ദിവസം ഒരു പാറഭാഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ പ്രവാചകരെ വിളിച്ചു. അവിടുന്ന് ആയുധവുമായി എത്തി, പാറയില്‍ ആഞ്ഞുകൊത്തി. കൊത്തിന്റെ ശക്തിയില്‍ പ്രവാചകരുടെ വസ്ത്രത്തിനുള്ളില്‍നിന്ന് എന്തോ പുറത്തുചാടി. നോക്കുമ്പോള്‍ വിശപ്പ് കാരണം വയറിന്മേല്‍ കെട്ടിവെച്ച രണ്ട് കല്ലുകളായിരുന്നു അത്.

പ്രവാചകരുടെ അന്ത്യോപദേശം

പ്രവാചകരുടെ അവസാന ദിനം. ഏറെ ക്ഷീണിതനായിരുന്നെങ്കിലും തന്റെ അനുയായികളെ അവസാനമായി ഒന്നുകൂടി കാണാന്‍ പള്ളിയിലേക്ക് വന്നു. അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു,

എന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ആശങ്കയുള്ളതായി എനിക്ക് തോന്നുന്നു. ഞാന്‍ നിങ്ങളോടൊപ്പം ശാശ്വതമായി കഴിയാനുള്ളത് ഇവിടെയല്ല, അങ്ങ് പരലോകത്ത് ഹൌളുല്‍കൌസറിന് സമീപം നമുക്ക് കണ്ടുമുട്ടാം.

നിങ്ങള്‍ക്ക് ദാരിദ്ര്യം പിടിപെടുമെന്ന് എനിക്ക് പേടിയില്ല, മറിച്ച് സമ്പത്തിന്റെ ആധിക്യമുണ്ടായി നിങ്ങള്‍ അത് കാരണം വഴി കേടിലാവുമോ എന്ന് മാത്രമാണ് എന്റെ പേടി.

നിസ്കാരം അത് വളരെ പ്രധാനമാണ്, അതില്‍ നിങ്ങളൊരിക്കലും അലംഭാവം കാണിക്കരത്.

സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അവരോട് നല്ല നിലയില്‍ പെരുമാറണമെന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഉപദേശിക്കുകയാണ്.

അല്ലാഹു തന്റെ അടിമയോട് ഇഹലോകമോ പരലോകമോ  ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ പറഞ്ഞിരിക്കുന്നു. ആ അടിമ പരലോകം തെരഞ്ഞെടുത്തിരിക്കുന്നു.

ആ വാക്കുകള്‍ കേട്ടതോടെ അനുയായികള്‍ ഒന്നടങ്കം കരഞ്ഞു.

നിങ്ങളെ അല്ലാഹു സംരക്ഷിക്കട്ടെ, അവന്‍ നിങ്ങളെ സഹായിക്കട്ടെ, അവന്‍ നിങ്ങള്‍ക്ക് സ്ഥൈര്യം നല്‍കട്ടെ എന്ന് പറഞ്ഞുകൊണ്ട് പ്രവാചകര്‍ വീട്ടിലേക്ക് തന്നെ തിരിച്ചുനടന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter