ജീവജാലങ്ങളിലേക്കും പരന്നൊഴുകിയ കാരുണ്യവര്‍ഷം

മുത്തുനബി(സ)യെക്കുറിച്ചുള്ള വര്‍ണനകള്‍ക്കു മുന്നില്‍ അക്ഷരങ്ങളും വാക്കുകളും തോറ്റുപോവുകയാണ്. അവിടുത്തെ ഓരോ നിമിഷങ്ങളും അനിര്‍വചനീയവും അവര്‍ണനീയവുമാണ്. കാരുണ്യവും സ്‌നേഹവും സഹാനുകമ്പയും സഹിഷ്ണുതയും സഹജീവ ബോധവും ആ തിരുജീവിതത്തിന്റെ മേല്‍വിലാസമായിരുന്നു. ലോകര്‍ക്കൊന്നടങ്കം കാരുണ്യത്തിന്റെ കൈനീട്ടവുമായാണ് നബി(സ)യെ നിയോഗിച്ചിരിക്കുന്നതെന്നതിനു പ്രപഞ്ച നാഥന്‍ തന്നെ സാക്ഷി പറയുമ്പോള്‍ ആ കാരുണ്യത്തിന്റെ ആഴത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ.
പ്രവാചകന്‍(സ) തന്റെ അനുയായികളെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്നതിനു നിരവധി തെളിവുകള്‍ നമുക്ക് കാണാനാകും. ഒരു സൂക്തം കാണുക: ”നിങ്ങള്‍ക്ക് നിങ്ങളില്‍ പെട്ട ഒരു റസൂല്‍ വന്നിരിക്കുന്നു. നിങ്ങള്‍ പ്രയാസപ്പെടുന്നത് ആ ദൂതനു വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങളുടെ മേല്‍ അത്യാഗ്രഹിയാണ് അദ്ദേഹം. മുഅ്മിനീങ്ങളോട് കരുണയും കൃപയുമുള്ളവരുമാണ്.” (9/128) നബി(സ്വ) തങ്ങള്‍ മറ്റുള്ളവരെ ഏതു രീതിയിലാണ് കണ്ടിരുന്നതെന്നതിന് ഉദാഹരണമായി ഈയൊരു ആയത്ത് മാത്രം മതിയാകും.
എന്നാല്‍, നബി(സ)യുടെ സ്‌നേഹവും കാരുണ്യവും കേവലം മനുഷ്യരോട് മാത്രമായിരുന്നില്ല. കാരുണ്യത്തിന്റെ കൈവഴികള്‍ ആ തിരു ഹൃദയത്തില്‍നിന്നു ലോകത്തെ സര്‍വജീവജാലങ്ങളിലേക്കും പരന്നൊഴുകിയിരുന്നു. പ്രകൃതിയിലെ ഓരോ കണികകളും അതിന്റെ ലഹരിയില്‍ ആനന്ദത്തിന്റെ പരമകാഷ്ഠ പ്രകടിപ്പിച്ചു. അടക്കിപ്പിടിച്ച അനുഭൂതിയില്‍ അവ ആനന്ദാശ്രു കണങ്ങള്‍ പൊഴിച്ചു. മനുഷ്യേതര ജീവികളോടുള്ള പ്രവാചകന്റെ പെരുമാറ്റ രീതികളെ അത്ഭുതത്തോടു കൂടി മാത്രമേ വായിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. ആ മഹദ് ജീവിതത്തിന്റെ ഏടുകളിലൂടെ ഒരു സഞ്ചാരം നടത്തിയാല്‍ പ്രകൃതിയിലെ ജീവജാലങ്ങളെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്ത ഏറ്റവും വലിയ പ്രകൃതിസ്‌നേഹിയും പരിസ്ഥിതി സംരക്ഷകനുമായിരുന്നു പ്രവാചകനെന്ന് നമുക്ക് കണ്ടെത്താനാകും. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുകയും അതിലെ ജീവജാലങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ആധുനികര്‍ക്ക് മുത്തുനബി(സ)യുടെ ജീവിതത്തില്‍ നിന്നും നിരവധി മാതൃകകള്‍ പഠിച്ചെടുക്കാനുണ്ട്. ആ തിരുജീവിതത്തിന്റെ മാഹാത്മ്യത്തിലേക്ക് വെളിച്ചം വീശുന്ന, ജീവികളോടുള്ള കാരുണ്യത്തിന്റെ അല്‍പം ചില ചിത്രങ്ങളിലേക്കുള്ള ഒരെത്തിനോട്ടം മാത്രമാണ് ഇവിടെ.
ഒരിക്കല്‍ നബി(സ) തന്റെ ഒരനുയായിയുടെ തോട്ടത്തില്‍ പ്രവേശിച്ചു. അവിടെ ഒരു ഒട്ടകം പ്രയാസം കൊണ്ട് കരയുകയും ഒച്ച വയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തിരുദൂതര്‍(സ) അതിന്റെ ചെവിയുടെ പിന്‍ഭാഗം സൗമ്യമായി തടവി. ശേഷം അതിന്റെ ഉടമയോട് ഇപ്രകാരം പറഞ്ഞു: ”ഇതിന്റെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ, നീ അതിനെ അമിത ജോലി കൊണ്ട് പ്രയാസപ്പെടുത്തുന്നതായി അതെന്നോട് പരാതിപ്പെടുന്നു.” (അബൂദാവൂദ്, ഹാക്കിം)
നബി(സ) ഇങ്ങനെ സ്വഹാബികളോട് ഉണര്‍ത്താറുണ്ടായിരുന്നു: ”മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ അവയുടെ പുറത്ത് നല്ല നിലയില്‍ യാത്ര ചെയ്യുകയും നല്ല ഭക്ഷണങ്ങള്‍ നല്‍കുകയും ചെയ്യുക.” (അബൂദാവൂദ്)
ഒരു മൃഗത്തോട് നാം പുലര്‍ത്തേണ്ട സമീപന രീതികള്‍ എപ്രകാരമായിരിക്കണമെന്നതിന്റെ കൃത്യമായ മാതൃകകള്‍ ഉദ്ദൃത വചനങ്ങള്‍ നമുക്ക് സമര്‍പ്പിക്കുന്നുണ്ട്.
വല്ല മൃഗത്തിന്റെ പുറത്തും അമിത ഭാരം കയറ്റിയോ വേണ്ടത്ര ഭക്ഷണം നല്‍കാതെയോ പീഡിപ്പിക്കുന്നതായി നബി(സ്വ)ക്കു വിവരം കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി ‘മൃഗങ്ങളുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ ഭയപ്പെടുക’യെന്ന് ഉപദേശിക്കാറുണ്ടായിരുന്നു.
മൃഗങ്ങളോട് കരുണ കാണിക്കുന്ന സകല പ്രവര്‍ത്തനങ്ങള്‍ക്കും സ്വര്‍ഗീയമായ പ്രതിഫലമുണ്ടെന്ന് നബി(സ്വ) തങ്ങള്‍ അരുളിയിട്ടുണ്ട്.
പക്ഷിക്കുഞ്ഞുങ്ങളോട് കരുണ കാണിക്കാന്‍ തന്റെ അനുചരരോട് കല്‍പ്പിച്ച ചരിത്ര സംഭവം പ്രസിദ്ധമാണല്ലോ. ഒരിക്കല്‍ ഒരു സ്വഹാബിവര്യന്‍ ഒരു തുണിക്കഷ്ണത്തില്‍ കുറേ പക്ഷിക്കുഞ്ഞുങ്ങളെയും കൊണ്ട് തിരുനബി (സ്വ)യുടെ സന്നിധിയിലെത്തി. അവയെ ഒരു കുറ്റിക്കാട്ടില്‍ നിന്നും പിടിച്ചതാണെന്നും തള്ളപ്പക്ഷി വട്ടമിട്ട് പറക്കുന്നുവെന്നും അയാള്‍ നബി(സ്വ)യോട് പറഞ്ഞു. എന്നാല്‍, ആ പക്ഷിക്കുഞ്ഞുങ്ങളെ എവിടെ നിന്ന് പിടിച്ചുവോ അവിടെത്തന്നെ, കൊണ്ടുവിടാനാണ് അദ്ദേഹത്തോട് പ്രവാചകന്‍(സ്വ) കല്‍പ്പിച്ചത്.
നബി(സ്വ) തങ്ങള്‍ ഒരു വഴിയിലൂടെ നടന്നു പോയപ്പോള്‍ ചൂട് വയ്ക്കപ്പെട്ടത് മൂലം മൂക്കില്‍ കൂടി പുക പോകുന്ന നിലയില്‍ ഒരു മൃഗത്തെ കാണാനിടയായി. ഇതു കണ്ട നബി(സ) ഇപ്രകാരം പറഞ്ഞു: ”ഇത് ചെയ്തവനെ അല്ലാഹു ശപിക്കട്ടെ. ആരും മുഖത്ത് ചൂട് വയ്ക്കരുത്; മുഖത്തടിക്കാനും പാടില്ല.” (മുസ്‌നദ്: 3/297)
കുതിരകളുടെ വാലുകളും കുഞ്ചിരോമങ്ങളും മുറിച്ചുകളയരുതെന്നും അവയുടെ ശരീരത്തില്‍ ഇരുമ്പ് പഴുപ്പിച്ച് ചൂട് വക്കരുതെന്നും അനാവശ്യമായി അവയെ ജീനിയിട്ട് വക്കരുതെന്നും നബി(സ) കല്‍പ്പിക്കുകയും ജാഹിലിയ്യാ കാലഘട്ടത്തില്‍ നിലനിന്നിരുന്ന അത്തരം ആചാരങ്ങള്‍ക്ക് ഇസ്‌ലാമില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
മൃഗങ്ങളെ ഭക്ഷണത്തിനു വേണ്ടിയും വാഹനാവശ്യത്തിനും ജോലിക്ക് വേണ്ടിയുമെല്ലാം ഉപയോഗിക്കല്‍ അനുവദനീയമാണ്. പക്ഷേ, ആ സന്ദര്‍ഭങ്ങളിലൊക്കെ മൃഗങ്ങളോട് നല്ല നിലയിലുള്ള പെരുമാറ്റം നിര്‍ബന്ധമാണ്. മിണ്ടാപ്രാണിയല്ലേ എന്തുമാകാം എന്ന നിലപാട് അല്ലാഹുവിന്റെ കോപത്തിനിടയാക്കുന്ന കാര്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടത് അനിവാര്യമാണ്. പ്രവാചകന്റെ കാലത്ത് മക്കയും മദീനയുമടക്കമുള്ള പ്രദേശങ്ങളിലെല്ലാം മൃഗ സാവാരി സുലഭമായിരുന്നു. അതുകൊണ്ടു തന്നെ വാഹനമായുപയോഗിക്കുന്ന മൃഗങ്ങളെ കൃത്യമായി സംരക്ഷിക്കുകയും പോറ്റുകയും വേണമെന്ന് സ്വഹാബികളെ നബി(സ്വ) തങ്ങള്‍ എപ്പോഴും ഉണര്‍ത്താറുണ്ടായിരുന്നു.
ഒരിക്കല്‍ ഒരു ഒട്ടകത്തിന്റെ അരികിലൂടെ നബി(സ) കടന്നുപോയി. വിശപ്പിന്റെ കടുപ്പം മൂലം അതിന്റെ വയര്‍ മുതുകിനോട് ഒട്ടിയിരുന്നു. ഇതു കണ്ട പ്രവാചകന്‍ (സ) ഇപ്രകാരം പറഞ്ഞു: ”മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ നല്ല നിലയില്‍ അതിന്റെ പുറത്തു കയറുകയും നല്ല നിലയില്‍ അതിനെ അറുത്ത് ഭക്ഷിക്കുകയും ചെയ്യുക.” (അബൂദാവൂദ്, ഇബ്‌നു ഖുസൈമ)
മറ്റൊരു സന്ദര്‍ഭത്തില്‍ ഒട്ടകപ്പുറത്ത് സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘത്തെ കണ്ടപ്പോള്‍ നബി(സ്വ) തങ്ങള്‍ ഇങ്ങനെ പ്രതിവചിക്കുകയുണ്ടായി: നിങ്ങള്‍ അതിനെ കൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യുക; സംസാരങ്ങള്‍ക്കുള്ള ഇരിപ്പിടമാക്കരുത്. എത്ര വാഹനങ്ങളാണ് അതിന്റെ യാത്രികരെക്കാള്‍ നന്മയുള്ളവരും ഇലാഹീ സ്മരണയുളളവരും.” (ഇമാം അഹ്മദ്)
ആയിശ(റ) പ്രയാസമനുഭവിക്കുന്ന ഒരൊട്ടകപ്പുറത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇതു കണ്ട നബി(സ്വ)തങ്ങള്‍ ഇപ്രകാരം പറഞ്ഞു: ”ആയിശാ, നിനക്ക് നൈര്‍മല്ല്യം അനിവാര്യമാണ്. ” (മുസ്‌ലിം)
മൃഗങ്ങളെ അറുക്കുന്ന സന്ദര്‍ഭത്തില്‍ അവയോട് കരുണ കാണിക്കേണ്ടത് അനിവാര്യമാണെന്ന് നബി(സ്വ) പഠിപ്പിച്ചു. ഒരിക്കല്‍ ഒരു ആടിനെ അറുക്കുന്നതിനുവേണ്ടി അതിനെ തള്ളിയിട്ട ശേഷം കത്തിക്ക് മൂര്‍ച്ച കൂട്ടുന്ന ഒരാളോട് ഗൗരവത്തോടെ പ്രവാചകര്‍(സ്വ) ഇങ്ങനെ ഉണര്‍ത്തുകയുണ്ടായി: ”താങ്കളതിനെ രണ്ടു പ്രാവശ്യം മരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവോ? അതിനെ കിടത്തുന്നതിന് മുമ്പ് തന്നെ എന്തുകൊണ്ടാണി കത്തിക്ക് മൂര്‍ച്ച കൂട്ടാതിരുന്നത്? ” (ത്വബ്‌റാനി)
അറവ് മൃഗങ്ങളോടു പോലും കരുണയുടെയും സഹാനുഭൂതിയുടെയും അലകടലായി നബി(സ്വ) പരന്നൊഴുകുകയായിരുന്നു. അതുകൊണ്ടായിരുന്നല്ലോ, യജമാനന്മാരില്‍നിന്നുള്ള പീഡനങ്ങള്‍ സഹിക്കവയ്യാതെ വന്നപ്പോള്‍ പല മൃഗങ്ങളും ആ സന്നിധിയിലേക്ക് അഭയം തേടി ഓടിവന്നിരുന്നത്. മൃഗങ്ങളെ അറുക്കുന്ന സന്ദര്‍ഭത്തില്‍ കത്തി മൂര്‍ച്ച കൂട്ടാന്‍ നബി(സ്വ) കല്‍പിച്ചിരുന്നുവെന്ന് ത്വബ്‌റാനിയുടെ മറ്റൊരു ഹദീസില്‍ കാണാവുന്നതാണ്. മൂര്‍ച്ചയില്ലാത്ത കത്തികൊണ്ടാകുമ്പോള്‍ ജീവന്‍ പോകാന്‍ കൂടുതല്‍ നേരമെടുക്കുന്നത് ആ മൃഗത്തിന് പ്രയാസമാകുമെന്നതു കൊണ്ടാണ് ഇത്തരമൊരു കല്‍പന നല്‍കിയത്.
തൊട്ടാല്‍ ഏഴു പ്രാവശ്യം കഴുകേണ്ട നായക്ക് ദാഹം തീര്‍ക്കാന്‍ വെള്ളം കൊടുത്ത കാരണത്താല്‍ മുന്‍ഗാമികളില്‍ പെട്ട ഒരാളെ അല്ലാഹു സ്വര്‍ഗത്തില്‍ കടത്തിയ സംഭവം നബി(സ്വ) ഉദ്ധരിച്ചതായി ബുഖാരി(8/11)/യില്‍ കാണാവുന്നതാണ്. ജീവനുള്ള ഏതു ജീവിക്കും നന്മ ചെയ്യുന്നത് വലിയ പുണ്യമുള്ള കാര്യമാണെന്ന പാഠമാണ് ഇതിലൂടെ നബി(സ്വ) പകര്‍ന്നു നല്‍കിയത്. അപ്രകാരം തന്നെ, ഒരു പൂച്ചക്ക് അന്നപാനീയങ്ങള്‍ നല്‍കാതെ കെട്ടിയിടുകയും അങ്ങനെ ആ മൃഗം ചാവുകയും ചെയ്ത കാരണത്താല്‍ ഒരു സ്ത്രീ യെ നരകത്തില്‍ പ്രവേശിപ്പിച്ച ചരിത്രവും നബി(സ്വ) തങ്ങള്‍ സ്വഹാബികളോട് വിവരിച്ചിട്ടുണ്ട്. (ബുഖാരി: 3/147)
മക്കയെ കീഴടക്കാന്‍ വേണ്ടി നബി(സ്വ)യും സ്വഹാബത്തും യാത്ര ചെയ്തുകൊണ്ടിരിക്കെ വഴിയില്‍ ഒരു പട്ടി അതിന്റെ കുഞ്ഞുങ്ങളോടൊപ്പം കിടക്കുന്നതായി കണ്ടു. അവയെ ആരും ഉപദ്രവിക്കരുതെന്ന് നബി(സ്വ) തങ്ങള്‍ ഉപദേശിച്ചതിനു പുറമെ അതിനനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഒരാളെ നിയോഗിക്കുകയും ചെയ്ത സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.
ചെറിയ ജീവികളായ ഉറുമ്പുകളോട് പോലും നബി (സ്വ) തങ്ങള്‍ പ്രകടിപ്പിച്ച കാരുണ്യവും സ്‌നേഹവും അത്ഭുതാവഹമാണ്. ഉറുമ്പിന്‍ കൂട്ടത്തെ കരിച്ച അനുയായികളോട് ‘അഗ്നിയുടെ നാഥന്നല്ലാതെ അതുകൊണ്ട് ശിക്ഷിക്കാന്‍ അവകാശമില്ലെന്ന്’ പറയുകയുണ്ടായി. (അബൂദാവൂദ്)
കാരുണ്യത്തിന്റെ അലകടലായി ജീവിതത്തിലുടനീളം ഒഴുകുകയായിരുന്നു മുത്ത് റസൂല്‍(സ്വ). സകല ജീവജാലങ്ങളോടും എല്ലാ കാലത്തും കരുണ കാണിക്കണമെന്ന് ലോകത്തിനൊന്നടങ്കം കാരുണ്യമായി നിയോഗിക്കപ്പെട്ട ആ മഹാത്മാവ് കല്‍പ്പിക്കുകയുണ്ടായി.
പാല്‍ കുടിച്ചു കൊണ്ടിരിക്കുന്ന കാലയളവില്‍ മൃഗക്കുട്ടികളെ തള്ളയില്‍നിന്നു വേര്‍പിരിക്കുന്നതിനെ തിരുനബി (സ്വ) നിശിതമായി വിമര്‍ശിച്ചിരുന്നു.
ഒരു കുരുവിയെ ഒരാള്‍ കൊന്നാല്‍ അത് അല്ലാഹുവിനോട് ‘നാഥാ ഒരാള്‍ എന്നെ വെറുതെ വധിച്ചിരിക്കുന്നു’ എന്ന് പറയുമെന്ന് നബി(സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. (നസാഈ)
തവളകളെ കൊല്ലുന്നതും മൃഗങ്ങളെ പരസ്പരം പോരടിപ്പിക്കുന്നതും പ്രവാചകര്‍(സ്വ) വിലക്കിയതായി ഹദീസുകളില്‍ കാണാവുന്നതാണ്. (അല്‍ ഇന്‍സാനുല്‍ കാമില്‍: 141)
ചുരുക്കത്തില്‍, കാരുണ്യത്തിന്റെ മറ്റൊരു പര്യായപദമായിരുന്നു മുഹമ്മദ്(സ്വ) എന്നത്. അല്ലാഹു തന്റെ വിശേഷണങ്ങളില്‍ പെട്ട റഊഫ്, റഹീം എന്ന രണ്ടു നാമങ്ങള്‍ റസൂല്‍(സ്വ)ക്ക് കൂടി നല്‍കി അനുഗ്രഹിച്ചിരുന്നു. അഥവാ, റബ്ബിന്റെ കാരുണ്യം ഭൂമിയിലേക്ക് പരന്നൊഴുകിയിരുന്നത് തിരുനബി(സ്വ)യിലൂടെയായിരുന്നു. പ്രപഞ്ചനാഥന്‍ തന്റെ ഏറ്റവും ഉല്‍കൃഷ്ടമായ സൃഷ്ടിയില്‍ ഇത്രമാത്രം കാരുണ്യം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ആ നാഥനെത്ര കാരുണ്യവാനായിരിക്കുമെന്നതു കൂടി ഇത്തരുണത്തില്‍ നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.
മനുഷ്യേതര ജീവികളെ കൂടി ഇത്രമാത്രം പരിഗണിച്ച തിരുനബി(സ്വ)യുടെ ജീവിതത്തിലേക്കുള്ള മടക്കം മാത്രമാണ് സമകാലിക ലോകം നേരിടുന്ന ആന്തരികവും ബാഹ്യവുമായ പ്രശ്‌നങ്ങള്‍ക്കുള്ള ഒരേയൊരു പരിഹാരം. ആ കാരുണ്യക്കടലില്‍ നിന്നും ചെറിയൊരു കൈവഴിയെങ്കിലും നമ്മുടെ ഹൃദയത്തിലേക്ക് വെട്ടാന്‍ നാം മനസാ വാചാ കര്‍മണാ തയ്യാറാവുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter