കലാപഭൂമിയില്‍ നിന്ന് നേര്‍ക്കാഴ്ചകളുമായി.... സെബ സൈഫി കാണിച്ചുതന്ന സത്യങ്ങള്‍

ചാന്ദ്ബാഗ്, നിലാവിന്റെ പൂന്തോട്ടമെന്ന് അര്‍ത്ഥമുള്ള, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഈ പ്രദേശം കഴിഞ്ഞ ആഴ്ച വരെ കളി ചിരികളാല്‍ മുഖരിതമായിരുന്നു. സ്നേഹത്തോടെയും സൌഹാര്‍ദ്ദത്തോടെയുമായിരുന്നു ഇവിടുത്തെ ഹിന്ദുക്കളും മുസ്‍ലിംകളും ജീവിച്ചിരുന്നത്. അവരുടെ കുട്ടികള്‍ വ്യത്യാസങ്ങളൊന്നുമില്ലാതെ ഒരുമിച്ച് കളിക്കുകയും സ്ത്രീകള്‍ ഒന്നിച്ചിരുന്ന് കളി തമാശകള്‍ പറയുകയും ചെയ്തിരുന്നു. പേര് പോലെ തന്നെ, പൂനിലാവ് പെയ്തിറങ്ങിയിരുന്ന പൂന്തോട്ടം തന്നെയായിരുന്നു അവിടം. പക്ഷേ, ഇന്ന് ചാന്ദ് ബാഗും ഒരു പ്രേതാലയം പോലെ സന്ദര്‍ശകരെ ഭീതിപ്പെടുത്തും വിധം വേഷമണിഞ്ഞിരിക്കുന്നതാണ് ഞങ്ങള്‍ക്ക് കാണാനായത്.

മൂന്ന് ദിവസമായി ആരും പുറത്തിറങ്ങാതെ പേടിച്ചിരിക്കുകയായിരുന്നു അവിടെ. നാലാം ദിവസം കാര്യങ്ങള്‍ ഏറെക്കുറെ ശാന്തമായി എന്നറിഞ്ഞപ്പോഴാണ് ഞങ്ങള്‍ അവിടെയെത്തുന്നത്. തങ്ങളുടെ ബന്ധുക്കളുടെയും അയല്‍വാസികളുടെയും അവസ്ഥകളറിയാനായി പുറത്തിറങ്ങിയ ഏതാനും സ്ത്രീകളെ ഞങ്ങള്‍ക്ക് കാണാനായി. വഴിയില്‍ പലരും അവരോട് ഇങ്ങനെ ഉറക്കെ പറയുന്നുണ്ടായിരുന്നു 'വീട്ടിലേക്ക് മടങ്ങുക, ഒത്ത് കൂടിനില്‍ക്കരുത്, അത് കണ്ടാല്‍ പോലീസ് നമ്മെ വീണ്ടും അക്രമിക്കാന്‍  ഇടയാകും'. ക്രമസമാധാനപാലകരെന്ന പേരില്‍ ഇതുവരെ അവര്‍ കണ്ടിരുന്നവര്‍, അത്യാവശ്യഘട്ടത്തില്‍ അവരോട് പെരുമാറിയത് എങ്ങനെയായിരുന്നുവെന്ന് വായിച്ചെടുക്കാന്‍ ആ വാക്കുകള്‍ തന്നെ ധാരാളം. 
ഇത് കേട്ട് അവരില്‍ പലരും തിരിച്ചുനടക്കുന്നത് ഞങ്ങള്‍ കണ്ടു. എന്നാല്‍ 19 കാരിയായ സെബ സെയ്ഫി മടങ്ങാന്‍ തയ്യാറല്ലായിരുന്നു. തന്റെ നാട്ടുകാര്‍ക്ക് സംഭവിച്ചത് പുറംലോകത്തെ അറിയിക്കണമെന്ന് തന്നെ ഉറച്ച് ഇറങ്ങിത്തിരിച്ചതായിരുന്നു അവള്‍. അവള്‍ ഞങ്ങളോട് പറഞ്ഞു, 'എനിക്കൊപ്പം വരിക, ഇവിടെ എന്താണ് സംഭവിച്ചതെന്ന് ഞാന്‍ കാണിച്ചു തരാം, മാധ്യമങ്ങള്‍ ഒരു മുസ്‌ലിം വിരുദ്ധ കഥ മെനയുകയാണ്, യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കട്ടെ.’
സൈബ ഞങ്ങളെ നേരെ കൊണ്ടുപോയത് ഒരു ദര്‍ഗയിലേക്കാണ്. അവരെല്ലാം പുണ്യപുരുഷനായി കാണുന്ന ചാന്ദ്ബാബയുടെ മസാറായിരുന്നു അത്. ഹിന്ദു-മുസ്‍ലിം വ്യത്യാസമില്ലാതെ നാട്ടുകാരെല്ലാവരും സന്ദര്‍ശിച്ചിരുന്ന മസാറായിരുന്നു അത്. പക്ഷേ, ഇപ്പോള്‍ അവിടെയുള്ളത് കത്തിക്കരിഞ്ഞ മസാറിന്റെ അവശിഷ്ടങ്ങള്‍ മാത്രം. അപ്പുറത്ത് കത്തിക്കരിഞ്ഞ് നില്‍ക്കുന്ന പെട്രോള്‍ സ്റ്റേഷന്റെ അവശിഷ്ടങ്ങളും അവള്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു.

റോഡിന്റെ ഇരുവശങ്ങളിലായി കത്തിച്ചാമ്പലായ ഒട്ടേറെ കടകളും ഷോറൂമുകളും വീടുകളും ഞങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. 'ഇവയെല്ലാം മുസ്‌ലിംകളുടേതാണ്, പക്ഷേ, എന്നിട്ടും ഞങ്ങളുടെ പ്രദേശത്തെ ഒരു ഹിന്ദു വീടിനോ ക്ഷേത്രത്തിനോ ഒരു പോറല്‍ പോലും ഞങ്ങള്‍ വരുത്തിയിട്ടില്ല'. അത് പറയുമ്പോള്‍, സൈബ യഥാര്‍ത്ഥ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി.
മുന്നോട്ട് നീങ്ങിയ ഞങ്ങള്‍ എത്തിയത് ചാന്ദ്ബാഗ് ബി ബ്ലോകിന് മുന്നിലായിരുന്നു. ധാരാളം ആളുകള്‍ തിങ്ങിത്താമസിക്കുന്ന ഗലിയായിരുന്നു അത്. ഇരുമ്പ് ഗേറ്റിന് പുറകില്‍നിന്ന് അറുപത് വയസ്സ് തോന്നിക്കുന്ന സൈതൂന്‍ബീഗം ഞങ്ങളോട് സംസാരിക്കാന്‍ തുടങ്ങി. 'ആളുകള്‍ കുറ്റപ്പെടുത്തുന്നത് ആംആദ്മി കൌണ്‍സിലറായ താഹിറിനെയാണ്, പക്ഷെ അക്രമത്തിന്റെ യഥാര്‍ത്ഥ കുറ്റവാളിയായ കപില്‍ മിശ്രയെ ആരും പറയുന്നുപോലുമില്ല'. അവരുടെ ശബ്ദത്തില്‍ ദേഷ്യവും ദുഖവും ഇടകലര്‍ന്നിരുന്നു.
സൈതൂന്‍ബീഗം മറ്റൊരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു, ഇത് ശകുന്തളദേവി, അവള്‍ ഹിന്ദുവാണ്. ഇങ്ങനെ എത്രയോ ആളുകള്‍ ഇവിടെയുണ്ട്. ഞങ്ങള്‍ 40 വര്‍ഷമായി ഏറെ സ്നേഹത്തോടെയാണ് ഇവിടെ താമസിക്കുന്നത്. ഈ കലാപമെല്ലാമുണ്ടായിട്ടും ഇതിനകത്തുള്ള ഒരു ഹിന്ദുവിന് പോലും യാതൊരു പോറലും ഞങ്ങളേല്‍പിച്ചിട്ടില്ല, ഇപ്പോഴും ഏറെ സ്നേഹത്തോടെതന്നെയാണ് ഞങ്ങള്‍ കഴിയുന്നത്' ഇത് കേട്ട ശകുന്തളാദേവിയും തലയാട്ടുന്നുണ്ടായിരുന്നു. ആ മുഖത്തും കലാപത്തിന്റെ ദുഖവും സങ്കടവും പ്രകടമായിരുന്നു. എല്ലാത്തിനും സാക്ഷിയായി, തൊട്ടടുത്ത് തന്നെ ദുര്‍ഗ്ഗാക്ഷേത്രം ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു, യാതൊരു വിധ കേടുപാടുമില്ലാതെ.
ശേഷം സൈബ ഞങ്ങളെ കൊണ്ടുപോയത് തൊട്ടടുത്തുള്ള ഒരു മദ്‍റസയിലേക്കായിരുന്നു. തീനാമ്പുകള്‍ സ്പര്‍ശിച്ചതിന്റെ പാടുകള്‍ ആ പാഠശാലയിലും പ്രകടമായിരുന്നു. പല ഭാഗങ്ങളും കരിഞ്ഞുപോയിരുന്നെങ്കിലും, ചുവരില്‍ പെയിന്റ് ചെയത ഇന്ത്യന്‍ പതാക ബാക്കിയുണ്ടായിരുന്നു. കൂടെ ഹിന്ദിയില്‍ ഒരു സന്ദേശവും കുറിച്ചിട്ടിരുന്നു, 'മുസല്‍മാന്‍ ഔര്‍ ഹിന്ദു കീ ഷാന്‍, തിറംഗ്, ഭാരത് കീ പെഹ്ചാന്‍'. ത്രിവര്‍ണ്ണം മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും അഭിമാനമാണ്, ഇത് ഇന്ത്യയുടെ പ്രതീകമാണ്. ഇത്തരം മദ്റസകളെയാണോ ഭീകരകേന്ദ്രങ്ങളെന്ന് പലരും തെറ്റിദ്ധരിപ്പിക്കുന്നതെന്നോര്‍ത്ത് ഞങ്ങള്‍ മൂക്കത്ത് വിരല്‍വെച്ചുപോയി.
പിന്നീട് ഞങ്ങള്‍ കണ്ടത്, ഒരു കൂട്ടം ഹിന്ദു കുടുംബങ്ങളെയാണ്. കൂട്ടത്തിലെ ഒരു വീട്ടമ്മയായ ഇന്ദ്രേഷ് ശര്‍മയെ സൈബ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അവര്‍ പറയാന്‍ തുടങ്ങി, 'ഇങ്ങോട്ട് നോക്കൂ, സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്തു, ചിലത് കറുത്ത തുണികൊണ്ട് മൂടി, ശേഷമാണ് എല്ലാ അക്രമങ്ങളും അഴിച്ചുവിട്ടത്'. അവരുടെ വാക്കുകളിലും കലാപത്തിനോടുള്ള അടങ്ങാത്ത വിയോജിപ്പ് പ്രകടമായിരുന്നു.
ശേഷം ഞങ്ങള്‍ പോയത്, ഏറെ പാവങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഒരു ഗലിയിലേക്കായിരുന്നു. അവരില്‍ പലരും എങ്ങോട്ടോ യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്, ഇനിയും കലാപങ്ങളുണ്ടാവാതിരിക്കാനായി നാടുവിടുകയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. കൂട്ടത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ റുക്സാനയെ സൈബ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. ‘പ്രസവത്തിന് സമയമായിട്ടുണ്ട്. ഈ അവസ്ഥയില്‍ ഇവിടം വിട്ട് പോകാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ല, പക്ഷേ, എന്ത് ചെയ്യാന്‍, ഭര്‍ത്താവും മക്കളുമെല്ലാം പോകുകയാണ്, അവരെയും പിറക്കാനിരിക്കുന്ന കുട്ടിയെയും ഓര്‍ത്ത് ഞാനും പോകുകയാണ്’, അത് പറഞ്ഞ്, സാരിത്തലപ്പ് കൊണ്ട് അവര്‍ കണ്ണീര്‍ തുടച്ചു. 
ശേഷം ഞങ്ങള്‍ കണ്ടത്, അംഗന്‍വാടി തൊഴിലാളിയായ ഫര്‍സാനയെയായിരുന്നു. ഖജുരി ഖാസിലെ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു അവര്‍ക്ക് ജോലി. രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള, ഹിന്ദു ഭൂരിപക്ഷ പ്രദേശമായ അങ്ങോട്ട് പോകാന്‍ തന്നെ അവര്‍ക്ക് ഭയമായിരുന്നു.
അംഗന്‍വാടിയെ കുറിച്ച് ഫര്‍സാന പറയാന്‍ തുടങ്ങി, 'എന്റെ മക്കളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്, തൊഴിലാളികളില്‍ ഞാന്‍ മാത്രമാണ് മുസ്‌ലിം  ആയുള്ളത്. ഇപ്പോള്‍ ഒറ്റക്ക് അങ്ങോട്ട് പോകാന്‍ തന്നെ ഭയമാണ്. അതേസമയം, ജോലിക്ക് വരാത്തതില്‍ അധികാരികള്‍ കുറ്റപ്പടുത്തുകയും ചെയ്യുന്നുണ്ട്, അതിന്റെ പേരില്‍ ദൈനംദിന വേതനം വെട്ടിക്കുറക്കുകയും ചെയ്യുന്നു. ഇവിടെ മരിച്ചുവീഴുന്ന ആളുകളെ പറ്റി അവര്‍ക്കൊന്നും ചിന്ത പോലുമില്ലല്ലോ' ഫര്‍സാന കണ്ണീരോടെ ചോദിക്കുന്നു.
ക്രമസമാധാനപാലകരെയും മുഖ്യധാര വാര്‍ത്ത മാധ്യമങ്ങളെയും വിശ്വസിക്കാന്‍ ഇനിയൊരിക്കലും ഡല്‍ഹി നിവാസികള്‍ ഒരുക്കമല്ലെന്നതാണ് ചാന്ദ്ബാഗും പരിസരവും ഞങ്ങള്‍ക്ക് നല്‍കിയ വലിയ തിരിച്ചറിവ്. ഓരോ പ്രദേശത്തുകാരന്റെയും വാക്കുകളില്‍ അത് പ്രകടമായിരുന്നു.
ശേഷം ഞങ്ങള്‍ പോയത് ഖജൂരിഖാസിലേക്കാണ്. കലാപത്തില്‍ അക്രമത്തിനിരയായി, ആശുപത്രിയില്‍ വെച്ച മരണപ്പെട്ട ബാബു മുഹമ്മദിന്റെ വീട്ടിലെ കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. ബാബുവിന്റെ ഭാര്യ, ഇരുപത്തഞ്ച്കാരിയായ ശഹ്നാസ് നാല് മാസം പ്രായമുള്ള കുഞ്ഞിനെ എടുത്ത് അനിയന്ത്രിതമായി കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഓട്ടോ ഡ്രൈവറായ ബാബു മുഹമ്മദ് ഫെബ്രുവരി 24 ന് അതിരാവിലെ ജോലിക്ക് പോയതായിരുന്നുവത്രെ, തന്റെ പറക്കമുറ്റാത്ത മക്കള്‍ക്കും അസുഖബാധിതരായ മാതാപിതാക്കള്‍ക്കും വിശപ്പടക്കാനുള്ള അന്നം തേടി. തിരിച്ചുവരുന്ന വഴിയിലാണ്, തന്റെ കോളനിയിലേക്കുള്ള പ്രധാന റോഡില്‍ ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞ് അല്ക്കു വസ്ത്രം അടിക്കുന്നത് പോലെ അടിച്ചുകൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കുകയായിരുന്നു, ആശുപത്രിയിലെത്തിക്കുന്നത് പോലും അവര്‍ വൈകിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കളാണ് അവസാനം ആശുപത്രിയിലെത്തിച്ചത്. ‘രക്തമൊലിച്ച് മരണത്തോട് മല്ലടിക്കുന്ന ഒരു മനുഷ്യനെ, ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് തടയാന്‍ മാത്രം എത്രമാത്രം വിദ്വേഷമാണ് ഇവരുടെയൊക്കെ ഉള്ളില്‍ കുത്തിനിറക്കപ്പെട്ടിരിക്കുന്നത്, അവരുടെ ചോദ്യത്തിന് മുമ്പില്‍ ഞങ്ങള്‍ക്ക് മറുപടിയില്ലായിരുന്നു. 
ബാബു മുഹമ്മദിന്റെ ഉമ്മ മകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൈയ്യില്‍ പിടിച്ചാണ് ഞങ്ങളോട് സംസാരിച്ചത്. മകന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി ഞങ്ങള്‍ക്ക് കാണിച്ചു തന്നു, ഒന്ന് തലയക്ക് ഗുരുതര പരുക്കുളള ചിത്രമായിരുന്നു, മറ്റൊന്ന് ആശുപത്രിക്കിടക്കയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ചിത്രം. എന്നിട്ട് പറഞ്ഞു, ഇനി മൃതദേഹം ആശുപത്രിയില്‍ നിന്ന് തിരികെ കൊണ്ടുവരുമ്പോള്‍ മറ്റൊരു ചിത്രം എടുക്കാന്‍ ഞാന്‍ ഞാന്‍ ആവശ്യപ്പെടും. ഈ കാട്ടാളന്മാര്‍ ചെയ്യുന്നതെന്താണെന്ന് എല്ലാവരും അറിയട്ടെ. മനുഷ്യര്‍ക്ക് നിരപരാധികളായ സമസൃഷ്ടികളെ ഇതുപോലെ കൊല്ലാന്‍ കഴിയുമ്പോള്‍ അവിടെ വിജയിക്കുന്നത് പിശാചാണ്. ഒരു ദിവസം പിശാച് പടര്‍ത്തുന്ന ആ വിഷം എല്ലാവരെയും കൊല്ലും'. ഇതും പറഞ്ഞ് അവര്‍ കരഞ്ഞ് നിലത്ത് വീണു.
നാശനഷ്ടങ്ങള്‍ ചൂണ്ടിക്കാണിച്ച്, ഭൂമിയിലെ വരണ്ട് തളം കെട്ടിക്കിടക്കുന്ന ചോരപ്പാടുകള്‍ കാണിച്ച് , തന്റെ നാട്ടുകാരുടെ വേദനകളിലൂടെ സെബ സൈഫി ഞങ്ങളെ വീണ്ടും വീണ്ടും പല വഴികളിലൂടെ കൊണ്ടുപോയി. ഇനിയും കാണാന്‍ കെല്‍പില്ലെന്ന് മനസ്സ് പറയുമ്പോഴും, അറിയാതെ ഞങ്ങള്‍ സൈബയുടെ പിന്നാലെ നടന്നു, പിടക്കുന്ന ഹൃദയങ്ങളോടെ, കണ്ണീര്‍ പൊടിയുന്ന നയനങ്ങളോടെ...

വിവര്‍ത്തനം- അബ്ദുല്‍ ഹഖ് മുളയങ്കാവ്
കടപ്പാട്: scroll.in

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter