സംഘ്പരിവാറിന്റെ ദേശവിരുദ്ധതക്ക് ഏഴു തെളിവുകള്‍

ഹിന്ദുത്വ സംഘടനകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആര്‍.എസ്.എസ്സിന്റെ ദേശീയവിരുദ്ധ പദ്ധതികളെക്കുറിച്ച് കൃത്യമായൊരു ബോധമുണ്ടായിരിക്കല്‍ ഓരോ ഇന്ത്യക്കാരനും അനിവാര്യമാണ്. ഹിന്തുത്വ അജണ്ടകളെ തിരിച്ചറിഞ്ഞ് മുളയില്‍തന്നെ അതിനെ ചെറുത്ത്‌തോല്‍പ്പിക്കാന്‍ ആര്‍.എസ്.എസ്സിന്റെതന്നെ ആര്‍ക്കൈവ്‌സില്‍നിന്നും ലഭിച്ച രേഖകളുടെ വെളിച്ചത്തിലുള്ള ഈ അന്വേഷണം ഏറെ സഹായിക്കും. മതേതരത്വ ജനാധിപത്യ രാജ്യമായ ഇന്ത്യയെ സ്‌നേഹിക്കുകയും ഹിന്ദുത്വ കടന്നാക്രമണങ്ങളില്‍നിന്നും അതിനെ രക്ഷിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവര്‍ക്ക് ചരിത്രത്തിനു മറക്കാനാവാത്ത ഈ രേഖകള്‍ വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. 

മുസ്‌ലിംകളുടെ രാജ്യസ്‌നേഹം നിരന്തരം ചോദ്യം ചെയ്യുകയും ക്രിസ്ത്യാനികളെയും ദലിതുകളെയും രാജ്യദ്രോഹികളായി കാണുകയും ചെയ്യുന്ന ആര്‍.എസ്.എസ് തങ്ങളുടെ സ്വന്തം ചരിത്രത്തിലേക്ക് ഒരാവര്‍ത്തി തിരിഞ്ഞുനോക്കുന്നത് നല്ലതായിരിക്കും. അപ്പോള്‍ മനസ്സിലാകും ഇന്ത്യയില്‍ ആരാണ് യഥാര്‍ത്ഥ രാജ്യ സ്‌നേഹികളെന്നും ദേശവിരുദ്ധരെന്നും. തങ്ങളുടെ ഉല്‍ഭവം മുതല്‍ ഇന്നുവരെ ഇന്ത്യയുടെ സര്‍വ്വവിധ പോളിസികള്‍ക്കും എതിര് നിന്നവരായിരുന്നു ആര്‍.എസ്.എസ്സുകാര്‍. മനുസ്മൃതി ഭരണഘടനയും കാവിക്കൊടി ദേശീയ പതാകയും ഒരു ഹിന്ദു സ്വേച്ഛാധിപതി ഭരണത്തലവനുമായ, ക്രൈസ്തവരും മുസ്‌ലിംകളും ദലിതുകളും ഇല്ലാത്ത, ശക്തമായ ജാതീയ വിഭജനം നിലനില്‍ക്കുന്ന ഒരു ഇന്ത്യയാണ് ആര്‍.എസ്.എസ് എന്നും സ്വപ്‌നം കണ്ടിരുന്നത്. അതിനുവേണ്ടി ഭരണഘടനെപ്പോലും ചോദ്യം ചെയ്യുകയാണ് അവരിന്ന്. ഇത്തരുണത്തില്‍, തങ്ങളുടെ ദേശീയ വിരുദ്ധ അജണ്ടകളെ ഉയര്‍ത്തിക്കാട്ടി, രാജ്യസ്‌നേഹത്തെക്കുറിച്ചോ ദേശീയതയെക്കുറിച്ചോ സംസാരിക്കാന്‍ ആര്‍.എസ്.എസ്സിന് യാതൊരു ധാര്‍മികാവകാശവുമില്ലെന്ന് തുറന്നുപറയുകയാണിവിടെ.

ആര്‍.എസ്.എസ് എത്രമാത്രം ദേശവിരുദ്ധരും രാജ്യദ്രോഹികളുമാണെന്ന് അവരുടെതന്നെ തെളിവുകളുടെ വെളിച്ചത്തില്‍ ഇവിടെ അന്വേഷിക്കുന്നു:

1. മതേതരത്വത്തിനും ബഹുസ്വതക്കുമെതിരെ

ഇന്ത്യാരാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായ മതേതരത്വത്തെയും ബഹുസ്വരതയെയും ആര്‍.എസ്.എസ് അംഗീകരിച്ചിരുന്നില്ല. തങ്ങളുടതന്നെ സൈദ്ധാന്തികാചാര്യന്‍മാര്‍ പലതവണ ഇത് തുറന്നു പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്.

1947 ജൂലൈ മൂന്നിന് പ്രസിദ്ധീകരിക്കപ്പെട്ട ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ എഡിറ്റോറിയല്‍ ഇക്കാര്യം തുറന്നെഴുതുകയും ചെയ്തു. 'മഹത്തായ ഹിന്ദു രാജ്യം' എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ചുകഴിയുന്ന ഒരു രാജ്യത്തിന്റെ സാധ്യതയെത്തന്നെ പത്രം തള്ളിക്കളയുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തുല്യാവകാശങ്ങളോടെ ഒരുമിച്ചുകഴിയുകയെന്നത് ഒരു ബ്രിട്ടീഷ് ഗൂഢാലോചനയുടെ സൃഷ്ടിയാണെന്നാണ് പത്രം ആരോപിക്കുന്നത്.1 

സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പത്തെ ദിവസം പുറത്തിറങ്ങിയ ഓര്‍ഗനൈസറിലും രാജ്യത്തിന്റെ ബഹുസ്വര സങ്കല്‍പത്തെ തള്ളിക്കളയുന്ന ഭാഗങ്ങള്‍ കാണാം. 1947 ഓഗസ്റ്റ് 14 ന് രാജ്യം 'എങ്ങോട്ട്?' എന്ന തലക്കെട്ടില്‍ വന്ന എഡിറ്റോറിയലില്‍ ഇങ്ങനെ കാണാം:

'ദേശീയതയെക്കുറിച്ച തെറ്റായ സങ്കല്‍പങ്ങള്‍ നമ്മെ ഒരിക്കലും സ്വാധീനിക്കരുത്. ഇന്ത്യയില്‍ ഹിന്ദുക്കള്‍തന്നെ രാഷ്ട്രം രൂപീകരിക്കുമെന്ന തീരുമാനം അംഗീകരിക്കപ്പെടുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവിധ ആശയക്കുഴപ്പങ്ങളും നീങ്ങിപ്പോകുന്നതാണ്. ഹിന്ദു പാരമ്പര്യം, സംസ്‌കാരം, ആദര്‍ശം, താല്‍പര്യം തുടങ്ങിയവയുടെ മേല്‍ ഹിന്ദുക്കള്‍തന്നെ രൂപീകരിക്കുന്ന ഒരു രാജ്യമായിരിക്കണം അത്.'2

ന്യൂനപക്ഷങ്ങള്‍ പൂര്‍ണമായും ഇന്ത്യാരാജ്യത്തിന് കീഴ്‌പ്പെട്ട് ജീവിക്കണമെന്ന് ആര്‍.എസ്.എസ് പറയുന്നു. തങ്ങളുടെ ഉള്ളിലെ ആഗ്രഹമാണിത്. രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തെ പൂര്‍ണമായും അവര്‍ അംഗീകരിക്കണമെന്നല്ല. മറിച്ച്, തങ്ങളുടെ മത സാംസ്‌കാരിക ഐഡന്റിറ്റി മാറ്റിവെച്ച് ഹിന്ദുത്വ വഴികള്‍ സ്വീകരിക്കണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഇതിനെയാണ് ഇന്ത്യന്‍ ദേശീയത എന്ന് അവര്‍ പേരിട്ട് വിളിക്കുന്നത്. ആര്‍.എസ്.എസ് ശാഖകളില്‍ പരിശീലിപ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളും പ്രതിജ്ഞകളും പരിശോധിച്ചാല്‍ എങ്ങനെയാണ് അവര്‍ മുന്നോട്ടുവെക്കുന്ന ഇന്ത്യന്‍ ദേശീയതയും ഹൈന്ദവതയും ഒന്നാകുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. സത്യത്തില്‍, ഈ പ്രാര്‍ത്ഥനയും പ്രതിജ്ഞയുമെല്ലാം സെക്യുലറിസം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായി ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യയുടെ മതേതര കാഴ്ചപ്പാടിനോടുള്ള ഉല്ലംഘനമാണ്. ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തോട് എതിരിടുന്ന ഏതു വിഭാഗങ്ങളെയും രാജ്യം തന്നെ ബുള്ളറ്റോ കാരാഗ്രഹമോ ഉപയോഗിച്ച് കീഴടക്കിയിട്ടുണ്ട്. എന്നാല്‍, വളരെ പ്രത്യക്ഷമായിത്തന്നെ നമ്മുടെ ഭരണഘടനാ സംവിധാനത്തിന്റെ സാധുതയെ തള്ളിക്കളയുന്ന ആര്‍.എസ്.എസ് ഇപ്പോഴും രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണ്. 

മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെയും അഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുടെയും (1998-2004) കാര്യമെടുക്കുക. അല്ലെങ്കില്‍, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ (2014...) കാര്യമെടുക്കുക. രാജ്യത്തിന്റെ ഐക്യവും മതേതരത്വ മൂല്യങ്ങളും ഉടയാതെ സൂക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമായി സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തില്‍  കയറിയ അവര്‍തന്നെയാണ് പിന്നീട് രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതും. തങ്ങളുടെ പ്രതിജ്ഞകളിലൂടെ ആര്‍.എസ്.എസ് കേഡര്‍മാര്‍ തയ്യാറെടുക്കുന്നതും ഈയൊരു സ്വപ്‌നസാക്ഷാല്‍കാരത്തിനുവേണ്ടിയാണ്. ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ പതിവായി ചൊല്ലിവരുന്ന പ്രതിജ്ഞ ഇങ്ങനെ വായിക്കാം:

'വാല്‍സല്യനിധിയായ മാതാവേ, ഞാന്‍ നിന്നെ വണങ്ങുന്നു. ഓ, ഹിന്ദുക്കളുടെ മണ്ണേ, നീ എന്നെ സ്‌നേഹത്തോടെ വളര്‍ത്തിവലുതാക്കി. സുകൃതങ്ങളുടെ സ്രഷ്ടാവായ വിശുദ്ധ ഭൂമീ, ഞാന്‍ എന്റെ ശരീരത്തെ അങ്ങേക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. വീണ്ടും വീണ്ടും അങ്ങേക്കു മുമ്പില്‍ വണങ്ങുന്നു. സര്‍വ്വശക്തനായ ദൈവമേ, ഹിന്ദുരാഷ്ട്രത്തിന്റെ അവിഭാജ്യഘടകമായ ഞങ്ങള്‍ നിന്നെ ആദരവോടെ കൈക്കൂപ്പുന്നു. നിനക്കുവേണ്ടി ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ആയതിനാല്‍, ആ സാക്ഷാല്‍കാരത്തിനായി ഞങ്ങളെ അനുഗ്രഹിച്ചാലും.'75

ആര്‍.എസ്.എസ് പ്രതിജ്ഞ: 

'സര്‍വ്വ ശക്തനായ ദൈവത്തിനും എന്റെ പൂര്‍വ്വ പിതാക്കള്‍ക്കും മുമ്പില്‍ ഞാന്‍ സഗൗരവം പ്രതിജ്ഞയെടുക്കുന്നു. പരിശുദ്ധമായ ഹിന്ദു മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും വളര്‍ച്ചയെ ശക്തിപ്പെടുത്തുകവഴി ഭാരതവര്‍ഷയുടെ മഹത്വം നേടിയെടുക്കുന്നതിനായി ഞാന്‍ ആര്‍.എസ്.എസ്സില്‍ അംഗമാകുന്നു. വളരെ ആത്മാര്‍ത്ഥതയോടെയും സത്യന്തതയോടെയും ഞാന്‍ സംഘത്തിന്റെ ജോലികള്‍ ചെയ്യുന്നതാണ്. എന്റെ ജീവിതത്തിലുടനീളം ഈ ലക്ഷ്യസാക്ഷാല്‍കാരത്തിനായി ഞാന്‍ ഉറച്ചുനില്‍ക്കുന്നതായിരിക്കും. ഭാരത് മാതാ കീ ജെയ്.'75

ഒരു ഹിന്ദു രാജ്യത്തിനു വേണ്ടി അണികളുടെ മനസ്സൊരുക്കുകയാണ് ഇത്തരം പ്രാര്‍ത്ഥനകളിലൂടെയും പ്രതിജ്ഞകളിലൂടെയും ആര്‍.എസ്.എസ് ചെയ്യുന്നത്. രാഷ്ട്രീയപരമായും നിയമപരമായും സംവിധാനിക്കപ്പെട്ട ഇന്ത്യാരാജ്യത്തോട് കൂറും ആത്മാര്‍ത്ഥതയും തങ്ങള്‍ക്കില്ലെന്ന് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നു. മറിച്ച്, ഇതിനെയെല്ലാം തകര്‍ത്ത് ഒരു ദൈവരാജ്യം പണിയാനാണ് ആര്‍.എസ്.എസ് പരിശ്രമിക്കുന്നത്. ഇത് അടിസ്ഥാനപരമായും രാജ്യത്തിന്റെ ഭരണഘടനക്കും താല്‍പര്യങ്ങള്‍ക്കും എതിരാണ്.

2. ദേശീയ പതാക അംഗീകരിക്കുന്നില്ല

ആര്‍.എസ്.എസ് 1925 ല്‍ തുടക്കം കുറിച്ചതുമുതല്‍തന്നെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ സംഘടിത പോരാട്ടങ്ങളെ പ്രതീകവല്‍കരിക്കുന്ന യാതൊന്നിനെയും അംഗീകരിച്ചിരുന്നില്ല. ദേശീയ പതാകയുടെ വിഷയം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. 1929 ഡിസംബര്‍ മാസം കോണ്‍ഗ്രസ് 'പൂര്‍ണ സ്വാതന്ത്ര്യം' എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് രംഗത്തുവന്നു. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിക്കാനും അന്ന് ത്രിവര്‍ണ പതാക പ്രദര്‍ശിപ്പിക്കാനും അതിനു ആദരുവകളര്‍പ്പിക്കാനും പ്രഖ്യാപനം നടത്തി. ഇതറിഞ്ഞ ഹെഡ്ഗവാര്‍ ആര്‍.എസ്.എസ് ശാഖകളിലേക്ക് സര്‍ക്കുലര്‍ ആയച്ചു. അതില്‍, എല്ലായിടത്തും ദേശീയ പതാകയായി കാവി പതാക പ്രദര്‍ശിപ്പിക്കാനും അതിന് ആദരവുകളര്‍പ്പിക്കാനും അദ്ദേഹം ആജ്ഞാപിച്ചു. മുരളി മനോഹര്‍ ജോഷി, അരുണ്‍ ജയറ്റ്‌ലി പോലുള്ള ആര്‍.എസ്.എസ് നേതാക്കള്‍ അനിവാര്യ ഘട്ടങ്ങളില്‍ ശ്രീനഗറിലും മറ്റും ത്രിവര്‍ണ പതാക ആകാശത്തിലേക്ക് ഉയര്‍ത്തുന്നുണ്ടാകാം. തങ്ങള്‍ക്കുള്ളിലെ കപടമായ രാജ്യ സ്‌നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അവരിത് ചെയ്യുന്നത്. അവരുടെ ഉള്ളില്‍ കാവി പതാക തന്നെയാണ് ഇപ്പോഴും പറക്കുന്നത്. ആര്‍.എസ്.എസ് എന്നും ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിക്കുകയും ഇകഴ്ത്തുകയും ചെയ്തിരുന്നുവെന്നതാണ് ചരിത്രം. താഴെ പറയുന്ന പ്രസ്താവനയില്‍നിന്നും അത് കൂടുതല്‍ വ്യക്തമാകും.

1947 ജൂലൈ 22 നാണ് ത്രിവര്‍ണ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി സ്വീകരിക്കപ്പെടുന്നത്. ഇതിനു തൊട്ടുമുമ്പ് ജൂലൈ 17 ന് ഓര്‍ഗനൈസറില്‍ 'ദേശത്തിന്റെ പതാക' എന്ന തലക്കെട്ടില്‍ ഒരു എഡിറ്റോറിയല്‍ വന്നിരുന്നു. ദേശീയ പതാകയുമായി ബന്ധപ്പെട്ട് നടന്നുവന്ന ചര്‍ച്ചകളോടുള്ള പ്രതികരണമായിരുന്നു അത്. എല്ല പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായതിനാല്‍ ത്രിവര്‍ണ പതാക രാജ്യത്തിന്റെ ദേശീയ പതാകയായി സ്വീകരിക്കപ്പെടുന്നുവെന്ന വാര്‍ത്തയെ നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു അതിലെ ഉള്ളടക്കം. അതിന്റെ ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:

'പതാക ഇന്ത്യയിലെ എല്ലാ പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായിരിക്കണമെന്നത് നമ്മളാരും അംഗീകരിക്കുന്നില്ല. ഇതൊരു അസംബന്ധ വാദം മാത്രമാണ്. പതാക രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ ഒരേയൊരു രാജ്യം മാത്രമേയുള്ളൂ. അത് ഹിന്ദു രാജ്യമാണ്. 5000 ലേറെ വര്‍ഷം ഇടവിടാത്ത ചരിത്ര പാരമ്പര്യമുള്ള മണ്ണാണത്. അതാണ് നമ്മുടെ രാജ്യം. അതിനെ മാത്രം പ്രതിനിധീകരിക്കുന്നതായിരിക്കണം പതാക. ഇവിടത്തെ എല്ലാ സമുദായങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു പതാക കണ്ടെത്തുക നമുക്ക് സാധ്യമല്ല. അത് ഏറെ സങ്കീര്‍ണവും അനാവശ്യവുമായിരിക്കും. ഒരു തെയ്യല്‍കാരാന്‍ കുപ്പായം തെയ്യുന്നപോലെ ഉണ്ടാക്കാവുന്നതല്ലല്ലോ നമ്മുടെ ദേശീയ പതാക.'

'ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ഒരു പൊതു സംസ്‌കാരവും ആചാരങ്ങളും സ്വഭാവവും ഭാഷയും ഉണ്ടായിരുന്നുവെങ്കില്‍, അതുപോലെ അവര്‍ക്കൊരു പതാകയുമുണ്ടായിരുന്നു. അത് അവരുടെ സംസ്‌കാരം പോലെത്തന്നെ ലോകത്ത് ഏറ്റവും മഹത്തരവും പുരാതനവുമായിരുന്നു. ഇങ്ങനെയൊരു ചരിത്രവീക്ഷണത്തിലൂടെ വേണം നമ്മുടെ ദേശീയ പതാകയെ നോക്കിക്കാണാന്‍. അല്ലാതെ, ഇന്നത്തേതുപോലെ ഒഴുക്കന്‍മട്ടില്‍ തട്ടിക്കൂട്ടിയുണ്ടാക്കാന്‍ പറ്റിയതല്ല ഇത്. വിദേശികളുടെ കടന്നാക്രമണത്തെ തുടര്‍ന്നുണ്ടായ താല്‍ക്കാലിക ഭാഗ്യക്കേടുകള്‍ നിമിത്തം ഹിന്ദുക്കളുടെ ദേശീയ പതാക പരിഗണിക്കപ്പെടാതെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. പക്ഷെ, ഒരിക്കലത് അതിന്റെ പഴയ പ്രതാപത്തോടെ തിരിച്ചുവരുമെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. രാജ്യത്തിന്റെ ആത്മാവിനെ പ്രീതിപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമായ എന്തോ ഒരു ഘടകം പതാകയുടെ ഈ അതുല്യ വര്‍ണത്തില്‍ കുടികൊള്ളുന്നുണ്ട്. കിഴക്കില്‍നിന്നും പ്രഭാതത്തില്‍ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ദൃശ്യമാകുന്ന വശ്യവും പ്രൗഢവുമായ കാവി നിറമാണത്. ലോകത്തിന് ഇയിരും ഊര്‍ജ്ജവും പകരുന്ന ഒരു ശക്തിയായി നമ്മുടെ പ്രപിതാക്കള്‍ കൈമാറിവന്ന ഒരു പതാകയാണിത്. സൂര്യനെപ്പോലെ മഹത്തരവും പ്രശോഭിതവുമായ ഈ പതാകയുടെ പ്രൗഢി അജ്ഞരും വിദ്വേഷമുള്ളവരുമായ ആളുകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവണമെന്നില്ല. ഈ ഒരേയൊരു പതാക മാത്രമേ ഇന്ത്യയുടെ ദേശീയ പതാകയായി വരാന്‍ പാടുള്ളൂ. അതു മാത്രമേ രാജ്യത്തിന് സ്വീകാര്യമാവുകയുള്ളൂ. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഈയൊരു ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണം.'3

ആര്‍.എസ്.എസ് മേലധ്യക്ഷന്മാര്‍ നേരത്തെത്തന്നെ തങ്ങളുടെ ഈ അഭിപ്രായം പലയിടങ്ങളിലും തുറന്നുപറഞ്ഞിരുന്നതായി കാണാന്‍ കഴിയും. 

1946 ജൂലൈ 14 ന് നാഗ്പൂറില്‍ നടന്ന ഗുരുപൂര്‍ണിമ സംഗമത്തില്‍ തങ്ങളുടെ സംസ്‌കാരത്തെ പ്രനിധീകരിക്കുന്നത് കാവി പതാകയാണെന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കിരുന്നു. ഇത് ദൈവത്തിന്റെ മൂര്‍ത്തീകരണമാണ് എന്നു സൂചിപ്പിച്ച അദ്ദേഹം പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്: 'ഒടുവില്‍, ഒരു ദിവസം രാജ്യം മുഴുവനും ഈ കാവി പതാകയുടെ മുമ്പില്‍ കുമ്പിടുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.'71 സ്വാതന്ത്ര്യത്തിനു ശേഷം ത്രിവര്‍ണ പതാക രാജ്യത്തിന്റെ ദേശീയ പതാകയായി അംഗീകരിക്കപ്പെട്ടപ്പോഴും ആര്‍.എസ്.എസ് അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പകരം തല്‍സ്ഥാനത്ത് കാവി പതാക സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. തന്റെ 'വിചാരധാര'യില്‍ ദേശീയ പതാകയെ കുറിച്ച് വിവരിക്കവെ ഗോള്‍വാള്‍ക്കര്‍ ഇങ്ങനെ പറയുന്നത് കാണാം:

'നമ്മുടെ നേതാക്കന്മാര്‍ നമ്മുടെ രാജ്യത്തിന് പുതിയൊരു പതാക സ്വീകരിച്ചിരിക്കുന്നു. എന്തിനാണ് അവരിത് ചെയ്തത്? മറ്റു രാജ്യങ്ങളെപ്പോലെ കേവലം ഒരനുകരണമല്ലാതെ ഇത് മറ്റൊന്നുമല്ല. എങ്ങനെയാണ് ഇങ്ങനെയൊരു പതാക നിലവില്‍ വന്നത്? ഫ്രഞ്ച് വിപ്ലവ കാലത്ത് അവര്‍ തങ്ങളുടെ പതാകയില്‍ മൂന്നു വരകള്‍ രേഖപ്പെടുത്തിയിരുന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂന്നു ആശങ്ങളെ സൂചിപ്പിക്കാനായിരുന്നു ഇത്. സമാനമായ ഘടകങ്ങളില്‍നിന്നും ആവേശമുള്‍ക്കൊണ്ട് അമേരിക്കന്‍ വിപ്ലവം അരങ്ങേറിയപ്പോള്‍ ചെറിയ മാറ്റങ്ങളോടെ ഇത് അവിടെയും സ്വീകരിച്ചു. അതുകൊണ്ടുതന്നെ, നമ്മുടെ സ്വാതന്ത്ര്യ പോരാളികള്‍ക്കും ഈ മൂന്നു വരകള്‍ ഏറെ ആകര്‍ഷകമായി തോന്നി. അങ്ങനെ, കോണ്‍ഗ്രസും ഇത് സ്വീകരിച്ചു. വിവിധ സമുദായങ്ങളുടെ ഐക്യത്തെയാണ് ഇവ പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു വ്യാഖ്യാനം. കാവി ഹിന്ദുക്കളെയും പച്ച മുസ്‌ലിംകളെയും വെള്ള മറ്റു സമുദായങ്ങളെയുമാണത്രെ പ്രതിനിധീകരിക്കുന്നത്. അഹിന്ദുക്കളില്‍നിന്നും ഇവിടെ മുസ്‌ലിംകളെ മാത്രം എടുത്തുപറഞ്ഞത് പല പ്രമുഖ നേതാക്കന്മാരുടെയും മനസ്സില്‍ അവര്‍ ഇവിടത്തെ പ്രബല വിഭാഗമായതിനാലാണ്. അവരെ എടുത്തുപറയാതെ തങ്ങളുടെ ദേശീയത പൂര്‍ണമാകില്ലെന്നാണ് അവരുടെ വിശ്വാസം! ഈയൊരു വ്യാഖ്യാനത്തില്‍ ഒരു വര്‍ഗീയ സമീപനം പ്രകടമല്ലേ എന്നു ചില ഭാഗത്തുനിന്നും സംശയമുയര്‍ന്നപ്പോള്‍ പതാകയിലെ നിറങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ വന്നു. കാവി അര്‍പ്പണത്തെയും വെള്ള വിശുദ്ധിയെയും പച്ച സമാനത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു പുതിയ വിശദീകരണം. ഈ വ്യാഖ്യാനങ്ങളെല്ലാം അന്നത്തെ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത് ഉത്തമവും ആരോഗ്യകരവുമായ ഒരു ദേശീയ കാഴ്ചപ്പാടാണെന്ന് ആര്‍ക്കാണ് പറയാനാവുക? തീര്‍ച്ചയായും ഇതൊരു രാഷ്ട്രീയക്കാരന്റെ താല്‍ക്കാലിക കഷ്ണംവെക്കല്‍ പരിപാടി മാത്രമായിരുന്നു. അല്ലാതെ ഇതിനു പിന്നില്‍ വലിയൊരു ദേശീയ കാഴ്ചപ്പാടോ ചരിത്ര പിന്‍ബലമോ യാതൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയുള്ളൊരു പതാകയാണ് ഇന്ന് ഇന്ത്യയുടെ ദേശീയ  പതാകയായി തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ മഹത്തായ പാരമ്പര്യം ഇവിടെ പരിഗണിക്കപ്പെട്ടതേയില്ല. അന്ന് നമുക്ക് നമ്മുടേതായൊരു പതാക ഉണ്ടായിരുന്നില്ലേ? ആയിരക്കണക്കിനു വരുന്ന ഇത്രയും വര്‍ഷക്കാലം നമുക്ക് സ്വന്തമായൊരു ദേശീയ ചിഹ്നം ഉണ്ടായിരുന്നില്ലേ? തീര്‍ച്ചയായും നമുക്കത് ഉണ്ടായിരുന്നു. പിന്നെന്തിനാണ് (പുതിയൊരു പതാക സ്വീകരിക്കുക വഴി) നമ്മുടെ മനസ്സില്‍ ഇങ്ങനെയൊരു വിടവ് സൃഷ്ടിക്കുന്നത്?'72

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം. 1947 ആഗസ്റ്റ് 14 ന് പ്രസിദ്ധീകരിക്കപ്പെട്ട ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറില്‍ 'കാവി പതാകക്കുപിന്നിലെ രഹസ്യങ്ങള്‍' എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചുവന്നിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ചെങ്കോട്ടയില്‍ കാവി പതാക പറപ്പിക്കണമെന്ന് അവശ്യപ്പെടുന്ന ലേഖനം ത്രിവര്‍ണ പതാക ദേശീയ പതാകയായി അംഗീകരിക്കുന്നതിനെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു:

'വിധിയുടെ തീരുമാനമെന്നോണം അധികാരത്തില്‍ വന്നവര്‍ നമ്മുടെ കരങ്ങളില്‍ ത്രിവര്‍ണ പതാക വെച്ചുതന്നേക്കാം. പക്ഷെ, അതൊരിക്കലും ഹിന്ദുക്കളാല്‍ സ്വീകരിക്കപ്പെടാനോ ആദരിക്കപ്പെടാനോ പോകുന്നില്ല. മൂന്ന് എന്ന പദം തന്നെ ഒരു ശകുനമാണ്. മൂന്നു വര്‍ണമുള്ള ഒരു പതാക മന:ശാസ്ത്രപരമായി വളരെ മോശമായ ഒരു പ്രതീതിയാണ് ഉണ്ടാക്കുന്നത്. ഇത് രാജ്യത്തിന് അപകടകരമാണ്.' നമ്മുടെ ദേശീയ പതാക ഇന്ത്യക്ക് അശുഭകരവും അപകടകരവുമായിട്ടാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്!

3. ഭരണഘടനയെ തള്ളിപ്പറയുന്നു

ആര്‍.എസ്.എസ് ഇന്ത്യന്‍ ഭരണഘടനയെ എത്രമാത്രം അംഗീകരിക്കുന്നുണ്ടെന്ന് ഗോള്‍വാള്‍ക്കറിന്റെ ഈ പ്രസ്താവനയില്‍നിന്നും മനസ്സിലാകും:

'പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഭരണഘടനകളുടെ ഒരു സമ്മിശ്ര രൂപം മാത്രമാണ് നമ്മുടെ ഭരണഘടന. അതില്‍ നമ്മുടേതാണെന്നു പറയാന്‍ യാതൊന്നുമില്ല. നമ്മുടെ ദേശീയ ദൗത്യം, ജീവിത ലക്ഷ്യം തുടങ്ങിയവ എന്താണെന്ന് വ്യക്തമാക്കുന്ന വല്ല പരാമര്‍ശവും അതിലുണ്ടോ? ഇല്ല എന്നതാണ് സത്യം!'73

4. ജനാധിപത്യത്തിനെതിരേ

ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ക്കപ്പുറം ആര്‍.എസ്.എസ് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇന്ത്യ ഒരു ഏകാധിപത്യ ഭരണത്തിനു കീഴില്‍ വരണമെന്നതാണ്. 1940 ല്‍ നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് കേഡര്‍മാരുടെ ഒരുന്നത തല സംഗമത്തില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞു:

'ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ആശയത്താല്‍ പ്രചോദിതമായ ആര്‍.എസ്.എസ്സാണ് രാജ്യത്തുടനീളം ഹിന്ദുത്വയുടെ ജ്വാലകള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്നത്.'76

ഒരു പതാക, ഒരു നേതാവ്, ഒരു ആദര്‍ശം എന്ന ഈയൊരു മുദ്രാവാക്യം ആര്‍.എസ്.എസ് കടമെടുത്തത് യൂറോപ്പിലെ ഫാസിസ്റ്റ്, നാസിസ്റ്റ് പാര്‍ട്ടികളില്‍നിന്നാണെന്നത് വ്യക്തമാണ്. 

5. ഫെഡറല്‍ സംവിധാനത്തിനെതിരെ

ഇന്ത്യന്‍ രാഷ്ട്രീയ ഭരണ സംവിധാനമായി ഭരണഘടന മുന്നോട്ടുവെക്കുന്ന ഫെഡറല്‍ വ്യവസ്ഥയെ ശക്തമായി എതിര്‍ക്കുന്നു ആര്‍.എസ്.എസ്. 1961 ല്‍ നടന്ന ദേശീയോദ്ഗ്രഥന കൗണ്‍സിലിലേക്ക് ഗോള്‍വാള്‍ക്കര്‍ അയച്ച അഭിപ്രായത്തില്‍നിന്നും ഇക്കാര്യം വളരെ വ്യക്തമാണ്. 

'ഇന്നത്തെ ഭരണത്തിലെ ഫെഡറല്‍ സംവിധാനം വിഘടനചിന്തയെ ഉണ്ടാക്കുക മാത്രമല്ല, വളര്‍ത്തുകവരെ ചെയ്യുന്നതാണ്. അത് ഒരു രാജ്യം എന്ന ആശയത്തെ നിരാകരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈയൊരു സംവിധാനം പൂര്‍ണമായും പിഴുത് മാറ്റേണ്ടിയിരിക്കുന്നു. അതിനായി ഭരണഘടന ശുദ്ധീകരിക്കുകയും ഒരു ഏകീകൃത ഭരണ സംവിധാനം രാജ്യത്ത് കൊണ്ടുവരികയും വേണം.'77

ഫെഡറല്‍ സംവിധാനത്തോടുള്ള ഈയൊരു വെറുപ്പുകൊണ്ടായിരുന്നു മഹാരാഷ്ട്രയുടെ രൂപീകരണത്തെ എതിര്‍ക്കാന്‍ എല്ലാവിധ ശക്തിയുമാവാഹിച്ച് ആര്‍.എസ്.എസ് മുന്നില്‍ നിന്നത്. ഒരു രാഷ്ട്രീയ നേതാവല്ലാതായി കാണാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന ഗോള്‍വാള്‍ക്കര്‍ ആണ് മഹാരാഷ്ട്രാ രൂപീകരണത്തിനെതിരെ നടന്ന പല സംഗമങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. 1954 ല്‍ അത്തരമൊരു സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു: 'ഇന്ത്യക്ക് ഒരു കേന്ദ്രീകൃത ഭരണ സംവിധാനമാണ് ആവശ്യം. സ്റ്റേറ്റുകളെയെല്ലാം ഭരണപ്രദേശങ്ങളായി കണ്ട് അടക്കി ഭരിക്കുന്ന ഒരു ഏക ഭരണ സംവിധാനം.'78

ഇത് ഇന്ത്യന്‍ ഫെഡറലിസത്തെക്കുറിച്ച് ആര്‍.എസ്.എസ് ആചാര്യന്റെ ഒരു ഒറ്റപ്പെട്ട അഭിപ്രായം മാത്രമല്ല. ഓരോ ആര്‍.എസ്.എസ്സുകാരനും വായിച്ചിരിക്കണമെന്ന് അവര്‍ പറയുന്ന, തങ്ങളുടെ ബൈബിളെന്ന് അവര്‍ വിശ്വസിക്കുന്ന 'വിചാര ധാര'യില്‍ 'ഒരു ഏകീകൃത രാജ്യമാണ് ആവശ്യം' എന്നൊരു അധ്യായം തന്നെയുണ്ട്. ഇന്ത്യയുടെ ഫൈഡറല്‍ സംവിധാനത്തിനുള്ള പരിഹാരമായി ഈ ലേഖനത്തില്‍ അദ്ദേഹം പറയുന്നു:

'ഭരണഘടന മുന്നോട്ടുവെക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം കുഴിച്ചുമൂടാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഭാരതമെന്ന രാജ്യത്തിനുള്ളില്‍ പൂര്‍ണ അധികാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റുകളെയും തൂത്തെറിയേണ്ടതുണ്ട്. ഒരു രാജ്യം, ഒരു സ്റ്റേറ്റ്, ഒരു പാര്‍ലമെന്റ്, ഒരു നിര്‍വഹണ സമിതി എന്നതായിരിക്കണം എന്നതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ദേശം, ഭാഷ, ജാതി, വിഭാഗം എന്നിവയുടെ അടിസ്ഥാനത്തിലൊന്നും ദേശീയ സൗഹൃദത്തെ തടയുന്ന ഒരു വിഭജനം ഉണ്ടാവരുത്. ഭരണഘടന പുന:പരിശോധിക്കപ്പെടുകയും പുന:ക്രമീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. അതനുസരിച്ച് രാജ്യത്തെ മൊത്തം ഒന്നായി കാണുന്ന ഒരു ഏകീകൃത ഭരണ സംവിധാനം സ്ഥാപിക്കപ്പെടണം.'79

6. രാജ്യത്തിന് ഇന്ത്യയെന്ന് പേര് നല്‍കുന്നതിനെതിരെ

കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി രാജ്യത്തിന് ഇന്ത്യയെന്ന നാമകരണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസ് അത് അംഗീകരിച്ചിരുന്നില്ല. ഹിന്ദുക്കളുടെ ഭൂമി എന്ന അര്‍ത്ഥത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന് പേരിടണമെന്നായിരുന്നു അവരുടെ ആവശ്യം. 1947 ജൂലൈ 31 ന് ഹിന്ദുസ്ഥാന്‍ എന്ന ശീര്‍ഷകത്തില്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയലില്‍ ഇക്കാര്യം അവര്‍ തുറന്നു പറയുന്നുണ്ട്. അതില്‍നിന്നും ചില ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:

'സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരുടെ ചുമലുകളില്‍ ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. വരുംതലമുറകള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതായിരിക്കും. അവര്‍ ഒരിക്കലും രാജ്യത്തിന്റെ താല്‍പര്യങ്ങളെ വഞ്ചിക്കരുത്. ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളായിരിക്കണം അവരുടെ വഴികാട്ടി. നിസ്സംശയം, അവര്‍ തങ്ങളുടെ മാതൃരാജ്യത്തിന് ഹിന്ദുസ്ഥാന്‍ എന്ന് നാമകരണം നടത്തട്ടെ. കാരണം, ഹിന്ദുസ്ഥാന്‍ എന്ന നാമം മനസ്സില്‍ ഏകീകരണത്തിന്റെ സന്തോഷം വാരിവിതറുന്നുണ്ട്. ഒരേ ചരിത്രവും ഒരേ സംസ്‌കാരവും ഒരേ പാരമ്പര്യവുമുള്ള ജനങ്ങളുടെ ഏകീകരണം. എന്നാല്‍, ഇന്ത്യ എന്ന പേര് ആ ഐക്യം സാധ്യമാക്കുന്നില്ല. രാജ്യത്തെ പ്രചോദിപ്പിക്കാന്‍ അതില്‍ ഒന്നുമില്ല. നേരെമറിച്ച്, ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് അതുമായി ബന്ധപ്പെട്ട് നിറഞ്ഞുനില്‍ക്കുന്നത്. നമ്മുടെ ആത്മാവുമകളെ സംഘടര്‍ഷത്തിലാക്കുക മാത്രമാണ് അത് ചെയ്യുക. ഇന്ത്യയെന്ന പേര് വലിച്ചെരിയാനും ഹിന്ദുസ്ഥാന്‍ എന്ന പേര് സ്വീകരിക്കാനും ഈയൊരു കാരണം മാത്രം മതി. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ല. ആരെങ്കിലും വിട്ടുവീഴ്ച്ചക്ക് തയ്യാറാകുന്നപക്ഷം രാജ്യത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്ത നിര്‍വഹണത്തില്‍നിന്നും പിന്‍മാറുക മാത്രമല്ല അവര്‍ ചെയ്യുന്നത്. മറിച്ച, അതു കാരണമായി രാജ്യത്തെ ഉപദ്രവിക്കുകയാണ്.' 4

എഡിറ്റോറിയല്‍ അവസാനിക്കുന്നത് ഈ ആവശ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ്: 

'അതുകൊണ്ട്, ഇന്ത്യയുടെ ദേശീയ പതാക ഹിന്ദുക്കളുടെ പരമ്പരാഗത പതാക തന്നെയായിരിക്കണം. ദേശീയ ഭാഷ ഹിന്ദിയും പ്രിയപ്പെട്ട നമ്മുടെ മാതൃദേശം ഹിന്ദുസ്ഥാനുമായിരിക്കണം.'5

7. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ

രാജ്യത്തെ ജനസംഖ്യയുടെ അവിഭാജ്യ ഘടകങ്ങളായ ക്രിസ്ത്യാനികളും മുസ്‌ലിംകളും രാജ്യത്തെ തകര്‍ക്കുന്ന ഭീഷണികളായിട്ടാണ് ആര്‍.എസ്.എസ് പരിചയപ്പെടുത്തിയിരുന്നത്. തന്റെ ചിന്താധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഇത് തുറന്നുപറയുന്നുണ്ട്. 

1.  Organizer, July 3, 1947

2. Organizer, August 14, 1947

3. Organizer, July 17, 1947

4. Organizer, July 31, 1947

5. Organizer, July 31, 194

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter