ഷാര്‍ജയില്‍ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു

 

ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ അല്‍ ഖാസിമി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസീമിയുടെ പത്നിയും ഫാമിലി അഫയേഴ്സ് സുപ്രിം കൗണ്‍സില്‍ അദ്ധ്യക്ഷയുമായ ഷെയ്ക്ക ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖസീമിയും, ഷാര്‍ജ ക്രൗണ്‍ പ്രിന്‍സും ഉപഭരണാധികാരിയുമായ ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖസീമിയും പങ്കെടുത്തു. ഈ വര്‍ഷത്തെ സാംസ്‌കാരികവ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ട അള്‍ജീരിയന്‍ സാംസ്‌കാരികവകുപ്പ് മന്ത്രി അസെല്‍ഡീന്‍ മിഹൂബിയേയും, ഷാര്‍ജ ബുക്ക് ഫെയര്‍ പുരസ്‌കാരം, പരിഭാഷകര്‍ക്കുള്ള പുരസ്‌കാരം, അറബ് ബാലസാഹിത്യത്തിനുള്ള എത്തിസലാത്ത് പുരസ്‌കാരം എന്നിവ നേടിയ പ്രതിഭകളേയും ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷത്തെ പുസ്തകമേളയുടെ അടിസ്ഥാനാശയം 'റ്റെയ്ല്‍ ഓഫ് ലെറ്റേഴ്സ്' എന്നതാണ്. ഷാര്‍ജ എക്സ്പോ സെന്ററില്‍ ഒക്ടോബര്‍ മുപ്പത്തിയൊന്ന് മുതല്‍ നവംബര്‍ പത്ത് വരെയുള്ള പതിനൊന്ന് ദിവസങ്ങളിലായാണ് മേള നടക്കുക.

എഴുപത്തേഴ് രാജ്യങ്ങളില്‍ നിന്നായി 1874 പ്രസാധകരാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്. പതിനാറ് ലക്ഷം ടൈറ്റിലുകളിലായി രണ്ടുകോടി പുസ്തകങ്ങളാണ് മേളയില്‍ വില്പനയ്ക്കുള്ളത്. ഇവയില്‍ എണ്‍പതിനായിരത്തോളം പുതിയ ടൈറ്റിലുകളുമുണ്ട്. ക്ഷണിക്കപ്പെട്ട 470 എഴുത്തുകാരാണ് ലോകരാജ്യങ്ങളില്‍ നിന്ന് മേളയ്ക്കെത്തുന്നത്. ആയിരത്തിയെണ്ണൂറ് സാംസ്‌കാരികവിനോദപരിപാടികള്‍ അരങ്ങേറുന്ന മേളയുടെ വേദികളിലെല്ലാം പ്രവേശനം സൗജന്യമാണ്. ഇരുനൂറ് ബുക്ക് സൈനിംഗ് ചടങ്ങുകളും മേളയുടെ ഭാഗമായുണ്ടാകും.
എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സന്ദര്‍ശനസമയം. വെള്ളിയാഴ്ചകളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി പതിനൊന്ന് വരെയാണ് പ്രവേശനം. ഈ വര്‍ഷത്തെ 'ഗസ്റ്റ് ഓഫ് ഓണര്‍' ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന രാജ്യം ജപ്പാനാണ്. ജപ്പാനും പെറുവുമടക്കം നിരവധി രാജ്യങ്ങള്‍ ഷാര്‍ജ പുസ്തകമേളയില്‍ ആദ്യമായി പങ്കെടുക്കുന്നു.

പ്രമുഖവ്യക്തികളുടെ വന്‍നിരയാണ് ഇന്ത്യയില്‍ നിന്ന് മേളയ്ക്കെത്തുന്നത്. ചേതന്‍ ഭഗത്, ഡോ.ശശി തരൂര്‍, ഗൗര്‍ ഗോപാല്‍ ദാസ് , കരണ്‍ ഥാപര്‍, ഡോ.എല്‍.സുബ്രമണ്യം, എം.കെ.കനിമൊഴി, യു.കെ.കുമാരന്‍, പെരുമാള്‍ മുരുകന്‍, സോഹ അലി ഖാന്‍, റസൂല്‍ പൂക്കുട്ടി, പ്രകാശ് രാജ്, നന്ദിതദാസ്, 'സൂപ്പര്‍ വുമണ്‍' ലില്ലി സിംഗ്, മനോജ് കെ.ജയന്‍, എസ്.ഹരീഷ്, സന്തോഷ് എച്ചിക്കാനം, കെ.വി.മോഹന്‍കുമാര്‍, മനു എസ്.പിള്ള, ഫ്രാന്‍സിസ് നൊറോണ, ദീപ നിശാന്ത്, സിസ്റ്റര്‍ ജെസ്മി, മനോജ് വാസുദേവന്‍, രണ്‍വീര്‍ ബ്രാര്‍, ശിപ്ര ഖന്ന, ലതിക ജോര്‍ജ്, ആന്‍സി മാത്യു തുടങ്ങിയവര്‍ മേളയോടനുബന്ധിച്ചുള്ള വിവിധപരിപാടികളില്‍ പങ്കെടുക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter