ഫാഷിസത്തിന്റെ കാലത്ത് ഗാന്ധിയെ ഓര്‍ക്കുന്നതുപോലും ഒരു സമരമാണ്

അരിവാങ്ങുവാന്‍ ക്യൂവില്‍ നില്‍ക്കുന്നു ഗാന്ധി

അരികെ കൂറ്റന്‍ കാറിലേറി നീങ്ങുന്നു ഗോഡ്‌സെ

അന്തിയില്‍ പ്രോജക്ട് ഹൗസില്‍ക്കാറിറങ്ങുന്നു ഗോഡ്‌സെ

മന്ത്രിയെക്കാണാനെത്തിച്ചേരുന്നു പ്രമാണിമാര്‍;

കമ്പനിത്തലവന്മാര്‍, കമ്മീഷനേജന്റുമാര്‍,

കണ്‍ട്രാക്ടര്‍മാരും കക്ഷിമുഖ്യരും കളക്ടറും

മദ്യവും ഖാദ്യങ്ങളുമെത്തിച്ചു ടൂറിസ്റ്റ് ഹോട്ടല്‍;

മുഗ്ധ ഹാസ്യയാളെത്തി

സാമൂഹ്യപ്രവര്‍ത്തക (എന്‍.വി കൃഷ്ണവാരിയര്‍)

ഗാന്ധിയും ഗോഡ്‌സെയും എന്ന ശീര്‍ഷകത്തില്‍ എന്‍.വി കൃഷ്ണവാരിയര്‍ എഴുതിയ കവിതയിലെ ചില വരികളാണ് മുകളില്‍ കൊടുത്തത്. ഗാന്ധിയേക്കാള്‍ ഗോഡ്‌സെ വാഴ്ത്തപ്പെടുകയും ഗാന്ധിയുടെ ആദര്‍ശത്തിന് മേല്‍ ഗോഡ്‌സെയുടെ ആദര്‍ശം മേല്‍ക്കോയ്മ നേടുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ കൃഷ്ണവാരിയരുടെ കവിതക്ക് ഏറെ പ്രസക്തിയുണ്ട്.ഗാന്ധി നിന്ദിക്കപ്പെടുകയും ഗോഡ്‌സെ പൂജിക്കപ്പെടുകയും ചെയ്യുന്ന പുതിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട ഈ കവിത സവിശേഷ പ്രാധ്യാന്യമര്‍ഹിക്കുന്നതോടൊപ്പം ഒരാവര്‍ത്തി വായിക്കപ്പെടേണ്ടത്കൂടിയാണ്. ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ കര്‍മ്മചക്രങ്ങള്‍ കൈയില്‍തിരിക്കുന്ന സ്വതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഈയൊരു അപകടകരമായ ഘട്ടത്തില്‍ ഭരണാധികാരികള്‍ക്ക് നേരിട്ട ആദര്‍ശത്തകര്‍ച്ച ഈ വരികളിലൂടെ കവി വരച്ച്കാട്ടുന്നു. 

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കപ്പെടുന്നത്. പക്ഷെ, മറ്റു ദിനങ്ങളെപ്പോലെ അതെവിടെയും ആഘോഷിക്കപ്പെടുന്നതോ അനുസ്മരിക്കപ്പെടുന്നതോ കാണുന്നില്ല. മോദി യോഗാദിനം ആചരിച്ചത് കാണാത്ത ലോകങ്ങളുണ്ടാവില്ല. നിരപരാധികളെ കൊന്നും പാവങ്ങളെ തല്ലിക്കൊന്നും ഭരണമാഘോഷിക്കുന്ന സംഘി ഭരണകൂടം ഇത്തരം ദിനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം കണ്ടറിയേണ്ടതുണ്ട്. 

2007 ജൂണ്‍ 15 നായിരുന്നു ഐക്യരാഷ്ട്ര പൊതുസഭ ഒക്ടോബര്‍ 2 നെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നു എന്നതാണ് ഐക്യരാഷ്ട്രസഭ അംഹിംസാദിനം ആചരിക്കുന്നതിന് പിന്നിലെ താത്പര്യം. 

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്നതായിരുന്നു മഹാത്മജിയുടെ സമരസിദ്ധാന്തം. ലോകമെമ്പാടും ഗാന്ധി എന്ന് കേള്‍ക്കുമ്പോള്‍ ചേര്‍ത്ത്പറയുന്ന പദം അഹിംസ എന്നത് തന്നെയാണ്. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളില്‍പോലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചുപ്രവര്‍ത്തിക്കുവാനും അത് ജീവിതചര്യയാക്കിമാറ്റാനും മഹാത്മാഗാന്ധിക്ക് സാധിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ ഹൈന്ദവ തത്ത്വശാസ്ത്രങ്ങള്‍ വിഭാവനം ചെയ്യുന്ന സനാതനധര്‍മ്മങ്ങള്‍ പാലിച്ച് മുന്നോട്ട്‌പോകുമ്പോഴും എല്ലാവരോടും സഹിഷ്ണുത കാട്ടാനും വര്‍ഗ്ഗീയതക്കെതിരെ അങ്ങേയറ്റം പോരാടാനും മഹാത്മാഗാന്ധി ഏറെ ശ്രദ്ധിച്ചിരുന്നു. 

മാര്‍ട്ടിന്‍ ലൂതര്‍കിംഗ്, നെല്‍സണ്‍ മണ്ടേല തുടങ്ങിയ ആഗോള പൗരാവകാശപ്രവര്‍ത്തകര്‍ ഗാന്ധിയില്‍ ആകൃഷ്ടരായത് അദ്ദേഹം കാത്ത്‌സൂക്ഷിച്ച അഹിംസയിലൂന്നിയ ദര്‍ശനങ്ങള്‍ കാരണമായിട്ടായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി സേവനം അനുഷ്ടിക്കുന്ന കാലത്തായിരുന്നു സത്യാഗ്രഹം എന്ന സമരമാര്‍ഗ്ഗം അദ്ദേഹം വികസിപ്പിച്ചെടുക്കുന്നത്. ദക്ഷിണാഫ്രിക്കയെ ഗാന്ധിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിക്കുന്നതിന് പിന്നിലെ സുപ്രധാന കാരണം ഇതാണ്. 

1919 മാര്‍ച്ച് 30ന് റൗലക്ട് ആക്ടിനെതിരെ ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തത് മുതലായിരുന്നു ഗാന്ധിയുടെ നിസ്സഹകരണ സമരം ആരംഭിച്ചത്. ഗാന്ധിയുടെ വാക്കനുസരിച്ച് ആളുകള്‍ വിദ്യാലയങ്ങളും കോടതികളും ബഹിഷ്‌കരിക്കുകയും ബ്രിട്ടീഷ് സ്ഥാനങ്ങളും സ്ഥാനപ്പേരുകളും ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഒരുപാട് സത്യാഗ്രഹ സമരങ്ങള്‍ക്ക് രാജ്യം സാക്ഷിയായി.

ഉപ്പ് ഉല്‍പ്പാദനത്തില്‍ ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയ കരത്തിനോട് പ്രതിഷേധിക്കാന്‍ 1930 ല്‍ അദ്ദേഹം ഉപ്പുസത്യാഗ്രഹം സംഘടിപ്പിച്ചു. 78 അനുയായികള്‍ക്കൊപ്പം മാര്‍ച്ച് 12 ന് ഗാന്ധിജി അഹമ്മദാബാദിലെ സബര്‍മ്മതി ആശ്രമത്തില്‍ നിന്ന് കാല്‍നടയായി തുടങ്ങിയ ജാഥ പലയിടങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഏപ്രില്‍ 5 ന് ദണ്ഡി എന്ന തീരദേശഗ്രാമത്തിലെത്തി. അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു. അതോടൊപ്പം ഇന്ത്യയില്‍ എങ്ങും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത നിയമലംഘന സമരങ്ങള്‍ അരങ്ങേറി. ജാഥയെത്തുടര്‍ന്ന് ദണ്ഡി കടപ്പുറത്ത് ഗാന്ധി സത്യാഗ്രഹം ഇരുന്നു. 

മെയ് 4ന് ഗാന്ധിയെ സത്യാഗ്രഹ ക്യാമ്പില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിക്കുകയും ജൂലൈ 6 ഗാന്ധിദിനം കൊണ്ടാടുകയും ചെയ്തു. തുടര്‍ന്ന് 1931 ജനുവരി 25 ന് അദ്ദേഹത്തെ മോചിതനാക്കി.

ഗാന്ധിജിയുടെ വീക്ഷണത്തില്‍ സത്യവും അഹിംസയും ഒരു നാണയത്തിന്റെ ഇരുവശങ്ങളായിരുന്നു. സത്യം ലക്ഷ്യവും അഹിംസ അതിലേക്കുള്ള മാര്‍ഗ്ഗവുമാണ്. ബീഫിന്റെയും ജാതിയുടേയുമൊക്കെ പേര് പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ കൊന്നുതള്ളുമ്പോള്‍ അഹിംസയെന്നാല്‍ മറ്റൊരുവന് ദോഷം ചേയ്യാതിരിക്കല്‍ മാത്രമല്ല, തന്നോട് തെറ്റ് ചെയ്തവനോട് ക്ഷമിക്കാനുള്ള സന്നദ്ധത കൂടിയാണെന്ന ഗാന്ധിയുടെ വാക്കുകള്‍ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. 

ഇന്ത്യക്ക് യഥാര്‍ഥമായി സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണെന്ന ഗാന്ധിയുടെ വാക്കുകള്‍ ഇവിടെയുള്ള ഭരണാധികാരികള്‍ ചെവികൊണ്ടിരുന്നെങ്കില്‍ ഇത്രയധികം ദരിദ്ര്യരും പട്ടിണിപ്പാവങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല. 

ഓരോ ഗാന്ധി ജയന്തിയും കേവലം പൊതുലീവ് കൊടുക്കുന്നതിനും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമപ്പുറം അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ഉദ്‌ഘോഷിക്കുന്നതിന് കൂടിയായിരിക്കണം. പ്രത്യേകിച്ച് പുതിയ കാലത്ത് മറവി ഫാഷിസത്തിന്റെ ഏറ്റവും വലിയ ആയുധമായിമാറിക്കൊണ്ടിരിക്കുകയാണ്. ആവര്‍ത്തിച്ചുറപ്പിക്കുന്ന നുണപ്രചരണങ്ങളിലൂടെ പല ചരിത്രസത്യങ്ങളും ഇന്ന് തേഞ്ഞ്മാഞ്ഞ് പോവുകയാണ്. 

ഇവിടെയുള്ളവര്‍ എന്ത് ഓര്‍ക്കണം എന്തൊക്കെ മറക്കണം എന്നതൊക്കെ ഞങ്ങള്‍ തീരുമാനിക്കും എന്ന മട്ടിലാണ് ഫാഷിസ്റ്റുകള്‍ അരങ്ങില്‍ കാര്യങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. മറവിക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം ഓര്‍മ്മയാണ്. മഹാത്മാഗാന്ധി നമ്മുടെ രാഷ്ട്രപിതാവാണ് എന്ന് പഠിപ്പിക്കുന്നത് പോയിട്ട് മഹാത്മാഗാന്ധിയെന്ന ഒരു അഹിംസാവാദി ഇവിടെ ജീവിച്ചിരുന്നുവെന്ന് പോലും പുതിയ തലമുറക്ക് പരിചയമാകാത്തവിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭരണകൂടവും അധികാരിവര്‍ഗ്ഗവുമൊക്കെയുണ്ടാകുമ്പോള്‍ ചില ഓര്‍മ്മകള്‍ നാം പൊടിതട്ടിയെടുക്കേണ്ടിവരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter