മുസ്‌ലിം രാജ്യങ്ങള്‍ക്കുള്ള വിലക്ക്: ട്രംപിന്റെ മുസ്‌ലിം വിരുദ്ധത തനിനിറം വെളിപ്പെടുത്തുമ്പോള്‍
trump-1-696x497 സിറിയന്‍ രാഷ്ട്രീയ അഭയാര്‍ത്ഥികള്‍ക്കും ഏഴു മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഡൊണാള്‍ഡ് ട്രംപ് വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വിദേശ ഭീകരര്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സില്‍ പ്രവേശിക്കുന്നതില്‍നിന്ന് രാജ്യത്തിന് സംരക്ഷണം' എന്ന എക്‌സിക്യൂട്ടിവ് ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചത്. സിറിയ, യമന്‍, സുഡാന്‍, ഇറാഖ്, ഇറാന്‍, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്‍ക്കാണ് തീവ്രവാദ പ്രവര്‍ത്തങ്ങള്‍ തടയുന്നതിന്റെ ഭാഗമായി അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇന്നലെ നടന്ന എസ്‌ക്യൂട്ടീവ് യോഗത്തിലാണ് ഇസ്ലാമിക തീവ്രവാദം ചെറുക്കുക , സിറിയന്‍ അഭയാര്‍ത്ഥി പ്രവാഹം തടയുക എന്ന ലക്ഷ്യത്തോടെ പാസ്സാക്കിയ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചത്. അതേ സമയം ഈ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ പൗരന്മാരെയും അഭയാര്‍ത്ഥികളെയും ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികള്‍ക്ക് പഴയത് പോലെ രാജ്യത്തു പ്രവേശിക്കാമെന്നും ബില്ലില്‍ പറയുന്നു. ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ആദ്യ പടിയെന്നോണം തൊണ്ണൂറു ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ശേഷവും വിലക്ക് തുടരാനാണ് സാധ്യതയെന്ന് വിദേശ പത്രങ്ങള്‍ വിലയിരുത്തുന്നു. അഭയാര്‍ത്ഥി വിസ നിരോധനമാണ് ഇന്നലെ പാസ്സാക്കിയ ബില്ലിന്റെ മറ്റൊരു പ്രസക്തമായ ഭാഗം. ലോകത്തെങ്ങുമുള്ള അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്ക് നിരുപാധികം വിലക്കേര്‍പ്പെടുത്തുകയും സിറിയയില്‍ നിന്നുള്ള മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക നിരോധനം ഏര്‍പ്പെടുത്തുന്ന രീതിയിലാണ് ബില്ലവതരിപ്പിച്ചിട്ടുള്ളത്.പുതിയ നിയമം നിലവില്‍ വന്നതോടെ നിയമക്കുരുക്കില്‍ പെട്ട നിരവധി പേരാണ് വിവിധ സ്ഥലങ്ങളില്‍ അമേരിക്കയില്‍ പ്രവേശിക്കാനോ പുറത്തു പോവാനോ കഴിയാതെ വലയുന്നത്. ഇതോടെ വലിയൊയൊരു വിഭാഗം സിറിയന്‍ അഭയാര്‍ത്ഥികളാണ് അതിര്‍ത്തികളിലും വിവിധ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളിലും കുടുങ്ങിക്കിടക്കുന്നത്. തെരഞെടുപ്പ് പ്രചരണ വേളയില്‍ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നയിരിന്നു മുസ്‌ലിം ഭീകര വാദികളെ രാജ്യത്ത് നിന്ന് തടയുമെന്നും അഭയാര്‍ത്ഥി നിരോധന ബില്ല് നടപ്പില്‍ വരുത്തുമെന്നതും. ''നമ്മുടെ രാജ്യത്തെ പിന്തുണക്കുകയും നമ്മുടെ ജനങ്ങളെ അതിയായി സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ ഈ രാജ്യത്തേക്ക് സ്വീകരിക്കൂ. 9/11 നല്‍കിയ പാഠങ്ങളും പെന്റഗണില്‍ നഷ്ടമായ ധീരരെയും നമ്മള്‍ ഒരിക്കലും മറക്കില്ല. വാക്കുകള്‍ കൊണ്ടുമാത്രമല്ല, പ്രവൃത്തിയിലൂടെയും നാം അവരെ ആദരിക്കും. അതാണ് ഇന്ന് നമ്മള്‍ ചെയ്യുന്നത്'' ബില്ല് ഒപ്പുവെച്ചതിനു ശേഷം പെന്റഗണില്‍ ട്രംപ് പ്രസംഗിച്ചു . ബില്‍ തത്വത്തില്‍ മുസ്‌ലിം വിദേശ പൗരന്മാരെയും അന്താരാഷ്ട്ര അഭയാര്‍ത്ഥികളായ സിറിയന്‍, റോഹിന്‍ഗ്യന്‍, ലസ്തീനി ലിബിയന്‍ പൗരന്മാരെയും ഗുരുതരമായി ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണം, മുസ്‌ലിം പൗരന്മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ വിവാദപരമായ തീരുമാനങ്ങളുടെ തുടര്‍ച്ചയാണിത്. കുടിയേറ്റക്കാര്‍ രാജ്യം വിടണമെന്ന് ട്രംപ് പ്രസ്താവിച്ചത് ഈയടുത്താണ്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം കറുത്ത വംശജര്‍, മുസ്‌ലിം പൗരന്മാര്‍ എന്നിവര്‍ക്ക് നേരെയുള്ള വംശീയ അധിക്ഷേപങ്ങളെയും ആക്രമണങ്ങളെയും അന്താരാഷ്ട്ര സമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം ടെക്‌സാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹിജാബ് ധരിച്ച യുവതിയെ വെളുത്ത വംശജനായ ഒരാള്‍ ശാരീരികമായി അക്രമിക്കുകയും കുരിശുയര്‍ത്തിപ്പിടിക്കുകയും ഇതൊന്നും ഇനി ഇവിടെ പറ്റില്ലെന്ന് ആക്രോശിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് പുറത്തെ മുസ്‌ലിംകളെപ്പോലെ തന്നെ അമേരിക്കന്‍ മുസ്ലിം പൗരന്മാരും നിരന്തരം വംശീയ ഉന്മൂലന ഭീഷണി നേരിടുന്നുണ്ട് ഏറെ ആശങ്ക നിറഞ്ഞ സത്യമാണ്. അതെ സമയം രാജ്യത്തിന്റെ പലഭാഗങ്ങളിലും ട്രംപിന്റെ ഉന്മൂലനവിദ്വേഷ രാഷ്ട്രീയത്തില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. വാഷിങ്ടണിലും ന്യൂയോര്‍ക്കിലും മറ്റു പ്രധാന അമേരിക്കന്‍ നഗരങ്ങളിലും കഴിഞ്ഞ ആഴ്ച്ച അരങ്ങേറിയ 'വുമണ്‍ മാര്‍ച്ച്' ഇതിന്റെ ഭാഗമായിരുന്നു. 'അമേരിക്കന്‍ പ്രസിഡന്‍സിയെ ഞാന്‍ അംഗീകരിക്കുന്നു, പക്ഷെ ഡൊണാള്‍ഡ് ട്രംപ് എന്റെ പ്രസിഡന്റല്ല' എന്ന് മുസ്‌ലിം അമേരിക്കന്‍ പൗരയായ ലിന്‍ഡ സര്‍സോര്‍ ഈ മാര്‍ച്ചിനെ അഭിമുഖീകരിച്ച് പ്രസംഗിച്ചത് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ട്രംപിന്റെ മുസ്‌ലിം ബാന്‍ നടപടിയില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക് സിറ്റിയിലെ അമ്പതിനായിരത്തോളം വരുന്ന ടാക്‌സി സര്‍വീസ് കൂട്ടായ്മയായ ന്യുയോര്‍ക് ടാക്‌സി വര്‍ക്കേഴ്‌സ് അലയന്‍സ് ഇതിനിടെ പണിമുടക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. അതുപോലെ മെക്‌സിക്കന്‍ ബോര്‍ഡറില്‍ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധിച്ച് തദ്ദേശ അമേരിക്കന്‍ പൗരന്മാര്‍ പ്രതിഷേധ സമരങ്ങളുമായി രംഗത്തു വരുമെന്നും എന്ത് വിലകൊടുത്തും മതില്‍ നിര്‍മ്മാണം തടയുമെന്ന പഖ്യാപനവും ഉയര്‍ന്നിട്ടുണ്ട്. അധികാര സിംഹാസനത്തിലിരുന്ന് അമേരിക്കയുടെ ഉടച്ചുവാര്‍ക്കല്‍ പ്രക്രിയക്ക് ആരംഭം കുറിച്ച ട്രംപിന്റെ മുസ്‌ലിം വിരുദ്ധത ദിനം തോറും കൂടുതല്‍ വ്യക്തമാവുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ പ്രഖ്യാപിക്കപ്പെട്ട വിവാദ വാഗ്ദാനങ്ങളില്‍ തെല്ലും പിന്നോട്ടില്ലെന്ന നിലപാടാണ് ട്രംപിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ ഭാവി അമേരിക്കയുടെ മുഖം അപകടകരമാം വിധം വികൃതമാവുമോ എന്ന ആശങ്കയോടെയാണ് ഇവിടെയുള്ള വലിയൊരു വിഭാഗം ജനതയും ലോകവും ട്രംപിന്റെ അമേരിക്കയെ ഉറ്റുനോക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter