അറേബ്യ; വസന്തമോ അരാജകത്വമോ?
 width=ഭൂമിശാസ്‌ത്രപരമായി ലോകത്ത്‌ എക്കാലത്തും ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടമായിരുന്നു മിഡില്‍ ഈസ്റ്റ്‌. ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക എന്നീ മൂന്ന്‌ ഭൂഖണ്ഡങ്ങളെ ഒന്നിപ്പിക്കുന്ന പ്രദേശമായത്‌കൊണ്ട്‌ ചരിത്രത്തില്‍ പലതരത്തിലുള്ള അധിനിവേശങ്ങള്‍ക്കും അടിമപ്പെടുത്തലുകള്‍ക്കും ഈപ്രദേശം ഇരയായിട്ടുണ്ട്‌. പൂര്‍വ്വകാല നംറൂദുമാരും ഫറോവമാരും അടക്കിഭരിച്ചിരുന്നതും റോമന്‍, പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ വാണിരുന്നതും ഇവിടെയായിരുന്നല്ലോ. ഇസ്‌ലാമിക ഭരണകൂടങ്ങളുടെ ആവിര്‍ഭാവത്തിന്‌ ശേഷം ഇന്ന്‌ വരെ ലോകചരിത്രത്തിന്റെ തന്നെ ഗതി നിര്‍ണയിക്കുന്നതില്‍ അറേബ്യന്‍ പ്രദേശങ്ങള്‍ക്ക്‌ അവഗണിക്കാനാവാത്തഒരിടമുണ്ട്‌. ഭൂമിശാസ്‌ത്രപരവും ചരിത്രപരവുമായ ഈപ്രദേശത്തിന്റെ പ്രത്യേക പ്രാധാന്യം കൊണ്ട്‌തന്നെയാണ്‌ അറേബ്യന്‍ ഭൂമികയില്‍ നടക്കുന്ന ചലനങ്ങള്‍ ഭൂഗോളം മുഴുവന്‍ ഒരേ താല്‍പര്യത്തോടെ വീക്ഷിക്കുന്നത്‌. ലോകത്തിന്റെ ഇതരപ്രദേശങ്ങളില്‍ നിന്ന്‌ മൂന്ന്‌ പ്രധാനഘടകങ്ങളാണ്‌ മിഡില്‍ ഈസ്റ്റിനെ വ്യത്യസ്‌തമാക്കുന്നത്‌. ഭൂമിശാസ്‌ത്രപരമായ സവിശേഷതയും പ്രക്രതിയുടെ അമൂല്യമായ വിഭവനിക്ഷേപവും മേഖലയുടെ താമസയോഗ്യതയുമാണത്‌.സംസ്‌കാരങ്ങളുടെ ഉല്‍ഭവത്തിലും രൂപകല്‍പനയിലും ഈപ്രദേശത്തിന്‌ എക്കാലത്തും ഒരു നായക സ്ഥാനം ഉണ്ടായിരുന്നു. വര്‍ത്തമാനലോകത്തിന്റെ ഊടും പാവും നെയ്‌തെടുത്തത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളാണ്‌. പതിയെ പതിയെ ലോകം കിഴക്ക്‌, പടിഞ്ഞാറ്‌ എന്നീ രണ്ട്‌ സംജ്ഞകളിലേക്ക്‌ തിരിഞ്ഞു. ആധുനിക ലോക ഭൂപടം തയ്യാറായപ്പോള്‍ കിഴക്കും പടിഞാറും രണ്ടാവുകയും കിഴക്കിന്റെ മേല്‍ പടിഞാറിന്റെ കഴുകക്കണ്ണുകള്‍ പതിയുകയും ചെയ്‌തു. പല നാമത്തിലും പലകോലത്തിലും പടിഞാറ്‌ കിഴക്കിന്റെ മേല്‍ ആധിപത്യം ചെലുത്തിയപ്പോഴും അവരുടെ കഴുകക്കണ്ണിനെ മഞളിപ്പിച്ചത്‌ അറേബ്യന്‍ മരൂഭൂമിയിലെ ദൈവ നിക്ഷേപമായ എണ്ണ മാത്രമായിരുന്നു.
അറബ്‌ വസന്തങ്ങളുടെ പിന്നാമ്പുറങ്ങള്‍
മാധ്യമലോകം ഇപ്പോള്‍ അറബ്‌ വസന്തങ്ങളെ ആഘോഷിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഏകാധിപതികളുടെ അന്ത്യം ആഘോഷിക്കുമ്പോള്‍ തന്നെ എവിടേക്കാണ്‌ ഈ ഭരണകൂടങ്ങള്‍ കൂടുമാറുന്നത്‌ എന്ന്‌ നോക്കണം. അറബ്‌ ലോകത്ത്‌ സംഭവിച്ച്‌ കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ചലനങ്ങള്‍ ഒരു പുതിയ പ്രതിഭാസമായി ഒരിക്കലും കാണാന്‍ കഴിയില്ല. വര്‍ത്തമാനത്തിന്റ അരങ്ങില്‍ ആടിക്കൊണ്ടിരിക്കുന്ന നാടകത്തില്‍ കഥാപാത്രങ്ങളായി ടുണീഷ്യയുടെ സൈനുല്‍ ആബിദീനും ഈജിപ്‌തിന്റെ ഹുസ്‌നി മുബാറക്കും ഇപ്പോള്‍ ലിബിയയുടെ മുഅമ്മര്‍ ഗദ്ദാഫിയും മാറി എന്ന്‌ മാത്രം.ഏതാണ്ട്‌ തൊണ്ണൂറു വര്‍ഷങ്ങള്‍ക്കപ്പുറം ലോകം മുഴുവന്‍ പ്രത്യേകിച്ചും അറേബ്യ മറ്റൊരു വസന്തത്തിന്റെ പുതുപ്പിറവി കൊണ്ടാടിയിരുന്നു. പക്ഷേ, അതില്‍ വിതച്ചവരും കൊയ്‌തവരുമാരൊക്കെയായിരുന്നെന്ന്‌ തിരിച്ചറിഞ്ഞത്‌ പിന്നീടാണ്‌. ഇരുപതാം നൂറ്റാണ്ടില്‍ മിഡില്‍ ഈസ്റ്റില്‍ നടന്ന സുപ്രധാനമായ ഒരുസംഭവമായിരുന്നു ഉസ്‌മാനിയ ഖിലാഫത്തിന്റെ പതനം. പടിഞാറ്‌ അതിനെ വിശേഷിപ്പിച്ചത്‌, ഏകാധിപതികളായിരുന്ന ഉസ്‌മാനികളുടെ കയ്യില്‍ നിന്നുള്ള അറബികളുടെ മോചനമായിട്ടായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടണ്‍ ആയിരുന്നു ഇതിന്റെ പിന്നിലെ എല്ലാ ചരട്‌ വലികളും നടത്തിയത്‌. ഖിലാഫത്തിനെ തകര്‍ത്തപ്പോള്‍ തങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യത്തെക്കാള്‍ ബ്രിട്ടണ്‍ പരിഗണിച്ചത്‌ മറ്റൊരു താല്‍പര്യമായിരുന്നു. ഇസ്രയീലീ മക്കളുടെ വാഗ്‌ദത്ത ഭൂമിയായി ഫലസ്ഥീന്‍ പ്രദേശത്തെ വ്യാഖ്യാനിക്കുകയും ഈ കള്ള വാദത്തിന്റെ സാക്ഷാല്‍ക്കാരം സയണിസ്റ്റുകള്‍ക്ക്‌ സാധ്യമാക്കിക്കൊടുക്കുകയും ചെയ്യുക എന്നതായിരുന്നു. കള്ളം പറയാത്ത നിരവധി ചരിത്ര രേഖകള്‍ ഇതിന്ന്‌ പിന്‍ബലമേകുന്നുണ്ട്‌. ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടണ്‍ കൂട്ട്‌ പിടിച്ചത്‌ അറബ്‌ ലോകത്തെ ദേശീയവാദികളെയും വിമതന്‍മാരെയുമായുരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ആളും അര്‍ത്ഥവും നല്‍കി അവരെ സഹായിച്ചു. ഖിലാഫത്ത്‌ വിരുദ്ധ ശക്തികള്‍ക്ക്‌ സൈനിക പരിശീലനം വരെ സംഘടിപ്പിക്കാന്‍ ബ്രിട്ടന്‍ മുന്നോട്ട്‌ വന്നു.ബ്രിട്ടീഷ്‌ പ്രതിനിധിയായി മാക്‌ മെഹോനും വിശുദ്ധമക്കയിലെ ഹറമിന്റെ മേല്‍ നോട്ടക്കാരനായിരുന്ന ശരീഫ്‌ ഹുസൈനും തമ്മില്‍ വിഖ്യാതമായ ഒരു കരാര്‍ ഉണ്ടാക്കി. തുര്‍ക്കിയിലെ ഉസ്‌മാനിയ ഭരണാധികാരികളെ സ്ഥാന ഭ്രഷ്‌ടനാക്കിയ ശേഷം അറേബ്യന്‍ ഭുഖണ്ഡത്തിന്റ അധികാരം അറബികളെ ഏല്‍പിക്കുമെന്നായിരുന്നു വാഗ്‌ധാനം. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടണ്‍ അറബ്‌ പോരാളികള്‍ക്കിടയില്‍ ആയുധ വിതരണം നടത്തി. പിന്നീട്‌ മുസ്ഥഫാ കമാല്‍ എന്ന ദത്തു പുത്രന്റെ കയ്യില്‍ തുര്‍ക്കിയുടെ അധികാരം ഏല്‍പിച്ചു കൊടുത്തു. അറേബ്യന്‍ ഭൂപ്രദേശത്തെ തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച്‌ കഷ്‌ണിച്ച്‌ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഇടയില്‍ വീതം വെച്ചു. അതവര്‍ അവരുടെ കോളനികളാക്കി മാറ്റി. ഉസമാനികള്‍ക്കെതിരില്‍ കരാറില്‍ ഏര്‍പെട്ട ശരീഫ്‌ ഹുസൈന്‍ അധികം വൈകാതെ തന്റെ കൈപ്പിഴ തിരിച്ചറിഞു. വിളിച്ച്‌ വരുത്തിയ ശത്രുവിന്റെ കോപ്രായത്തങ്ങള്‍ നോക്കിനില്‍ക്കാന്‍ വരെ അവസരം കൊടുക്കാതെ ശരീഫ്‌ ഹുസൈനെ ഭരണത്തില്‍ നിന്ന്‌ പുറത്താക്കി സഊദിയുടെ ചുക്കാന്‍ ആലുസഊദിന്‌ കൈമാറി.ടുണീഷ്യയിലും ഈജിപ്‌തിലും ലിബിയയിലും ഇതര അറബ്‌ രാഷ്‌ട്രങ്ങളിലും നടന്ന്‌ കൊണ്ടിരിക്കുന്ന പ്രക്ഷോപങ്ങളുടെ മുന്‍ വശം മാത്രം വിശകലനം ചെയ്യുന്നവര്‍ ഒരുവേള തങ്ങളുടെ ചിന്ത പിറകോട്ട്‌ കൊണ്ട്‌ പോവാനാണ്‌ ഉപര്യുക്ത സംഭവം സംക്ഷിപ്‌തമായി പറഞത്‌. പടിഞ്ഞാറിന്റെ ഭാഷയില്‍ ആധുനിക അറബ്‌ ലോകത്തെ പ്രഥമ ഏകാധിപത്യ ഭരണ സംവിധാനത്തിനെതിരെയുള്ള പോരാട്ടമെന്ന ഖിലാഫത്ത്‌ വിരുദ്ധ നീക്കങ്ങളുടെ ഫലം ഇസ്‌ലാമിക ലോകത്തിന്‌ നന്നായി പരിചയമുള്ളതാണ്‌. ബ്രിട്ടണ്‍ വിഭാവനം ചെയ്‌ത ജനാധിപത്യവും മതേതരത്വവും നടപ്പില്‍ വരുത്താന്‍ തങ്ങളുടെ എല്ലാ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കും ശവക്കുഴി തീര്‍ക്കുകയുമാണ്‌ തുര്‍ക്കി ഭരണാധികാരികള്‍ ആദ്യമായി ചെയ്‌തത്‌. ഈ തുര്‍ക്കി സംഭവത്തിന്റെ ഓര്‍മ്മയിലല്ലാതെ ആധുനിക അറബ്‌ വസന്തങ്ങളെ വിലയിരുത്താന്‍ യഥാര്‍ത്ഥ ചരിത്രാന്വേഷിക്ക്‌ സാധിക്കുകയില്ല. അല്ലെങ്കില്‍ അവര്‍ ആധുനിക അമേരിക്കന്‍ ജനാധിപത്യ സംവിധാനത്തില്‍ മതി മറന്നവരായിരിക്കണം.
പ്രക്ഷോഭങ്ങളുടെ പിന്നണി പ്രവര്‍ത്തകര്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ അഞ്ചുപതിറ്റാണ്ടുകളില്‍ ലോക രാഷ്‌ട്രങ്ങള്‍ക്ക്‌ മേല്‍ ബ്രിട്ടനുണ്ടായിരുന്ന മേല്‍കോയ്‌മ പിന്നീട്‌ പല കാരണങ്ങള്‍ കൊണ്ട്‌ അമേരിക്കക്കായി. നേതൃസ്ഥാനത്തില്‍ നിന്ന്‌ ബ്രിട്ടന്‍ മാറി അമേരിക്ക വന്നു എന്നല്ലാതെ അവരുടെ രാഷ്‌ട്രീയ താല്‍പര്യങ്ങളിലോ ലക്ഷ്യങ്ങളിലോ ഒരു മാറ്റവും വന്നില്ല. 1917 ല്‍ തന്നെ രൂപ രേഖ തയ്യാറാക്കുകയും രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ചില രാഷ്‌ട്രീയ നീക്കുപോക്കുകളിലൂടെ ദ്രുതഗതിയില്‍ സാധ്യമാവുകയും ചെയ്‌ത ഇസ്രയേല്‍ രാഷ്‌ട്ര രൂപീകരണകരണത്തിന്‌ ബ്രിട്ടനും അമേരിക്കയും തുല്യ പ്രാധാന്യം നല്‍കി. രാഷ്‌ട്ര രൂപീകരണം മാത്രമല്ല, എക്കാലത്തും ഇസ്രയേലിന്‌ ഒരു വിരലനക്കത്തിന്റ ഭീഷണി പോലും ഇല്ലാതിരിക്കാന്‍ ബ്രിട്ടനും അമേരിക്കയും ഒരുപോലെ പ്രവര്‍ത്തിച്ചു. ഇസ്രയേലിന്റെ ആശയങ്ങളുടെ പിന്‍ ബലത്തില്‍ അമേരിക്ക രൂപീകരിച്ചെടുത്ത ജനാധിപത്യം ലോക രാഷ്‌ട്രങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍, പ്രത്യേകിച്ച്‌ പശ്ചിമേഷ്യയില്‍ നടപ്പാക്കാന്‍ അമേരിക്ക ആവത്‌ ശ്രമിച്ചു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ആധുനിക രാഷ്‌ട്രീയ സാഹചര്യങ്ങളെയും ലോക ഭൂപടങ്ങളെയും തീരുമാനിച്ച്‌ കൊണ്ടിരിക്കുന്നത്‌ സ്വന്തം താല്‍പര്യ സംരക്ഷണത്തിന്‌ വേണ്ടി മാത്രം ആശയം രൂപീകരിച്ചെടുക്കുന്ന ചില നിരീക്ഷക വ്യക്തികളും അത്‌ നടപ്പാക്കുന്ന അമേരിക്കയും കൂടെയുള്ള രാഷ്‌ട്രങ്ങളുടെ സൈനിക ശക്തിയുമാണ്‌. അറേബ്യന്‍ മരുഭൂമിയില്‍ വിരിഞ്ഞുകൊണ്ടിരിക്കുന്ന വസന്തത്തിലും ഇതിനപ്പുറം മറ്റൊന്ന്‌ നിരീക്ഷിക്കാന്‍ സാധ്യമല്ല. അമേരിക്ക രൂപീകരിച്ച്‌ കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ സങ്കല്‍പങ്ങളുടെ ഏറ്റവും വലിയ വിരോധാഭാസം അവര്‍ക്ക്‌ കൃത്യമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നുളളതാണ്‌. തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഏകാധിപതികള്‍ മതിയായിരുന്ന കാലത്ത്‌ അവര്‍ അത്തരക്കാരെ സഹായിച്ചു. അന്ന്‌ അവരുടെ സ്വന്തക്കാരായി സദ്ദാം ഹുസൈന്‍, ഹുസ്‌നി മുബാറക്ക്‌, മുഅമ്മര്‍ ഗദ്ദാഫി ....എല്ലാം ഒരുകാലത്ത്‌ ഉറ്റ മിത്രങ്ങളായിരുന്നു. എന്നാല്‍ മാറിയ ലോകം പുതിയ ആശയം സ്വീകരിച്ചപ്പോള്‍ അവര്‍ക്കുള്ള കഴുമരം തയ്യാറാക്കിയതും ഇവര്‍ തന്നെ.അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ്‌ 2005 ല്‍ ഈജിപ്‌തിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രസംഗം നടത്തുകയുണ്ടായി. അവരുടെ പ്രസംഗത്തില്‍ അമേരിക്കയുടെ പുതിയ വിദേശകാര്യ നയം വ്യക്തമാക്കി: ``എന്റെ രാജ്യം അറുപത്‌ വര്‍ഷമായി ജനാധിപത്യത്തിനായി പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ഞങ്ങളിപ്പോള്‍ മിഡില്‍ ഈസ്റ്റിന്റെ കാര്യത്തില്‍ ചില പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയാണ്‌. ഇത്‌ വരെ ഞങ്ങള്‍ സ്വീകരിച്ച സമീപനത്തില്‍ ഞങ്ങള്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു. പ്രദേശത്തെ എല്ലാജനങ്ങളുടെയും ജനാധിപത്യാഭിനിവേഷത്തെ എല്ലാ വിധത്തിലും ഞങ്ങള്‍ പിന്തുണക്കുന്നു.'' കോണ്ടലീസ റൈസിന്റെ ഈവാക്കുകളില്‍ അറേബ്യന്‍ നാടുകളില്‍ തുടര്‍ന്ന്‌ നടക്കാനിരിക്കുന്ന അമേരിക്ക സ്‌പോണ്‍സര്‍ ചെയ്യുന്ന ജനകീയ പ്രക്ഷോപങ്ങളിലേക്കുള്ള സൂചനകള്‍ ഇരിക്കുന്നുണ്ട്‌. ഇറാഖിലേക്ക്‌ നേരിട്ട്‌ ജനാധിപത്യം ഇറക്കുമതിചെയ്‌ത്‌ അമേരിക്കയുടെയും സഖ്യ രാഷ്‌ട്രങ്ങളുടെയും കൈപൊള്ളിയപ്പോഴാണ്‌ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന്റെ മറു വഴികള്‍ തേടിയത്‌ എന്ന്‌ ന്യായമായും സംശയിക്കാവുന്നതാണ്‌.
കാഴ്‌ചപ്പാടിലെ ഇരട്ടത്താപ്പ്‌
ആധുനിക ലോകത്തിന്റെ വികാരങ്ങളോ വിചാരങ്ങളോ രാഷ്‌ട്രീയ സാഹചര്യങ്ങളോ തിരിച്ചറിയാന്‍ കഴിയാത്ത ഏകാധിപതികള്‍ രാജ്യം വാഴണമെന്ന്‌ ഒരു ജനതയും ആഗ്രഹിക്കുന്നില്ല. പട്ടിണി, തൊഴിലില്ലായ്‌മ, അരക്ഷിതാവസ്ഥ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളില്‍ കൊളുത്തപ്പെടുന്ന ഒരു നാളം സര്‍വ സംഹാരിയായ അഗ്നിയായി രൂപം പ്രാപിക്കുന്നതിലും അത്ഭുതമില്ല. എന്നാല്‍ ഈ വികാരങ്ങള്‍ക്ക്‌ പിന്നില്‍ നിന്ന്‌ കപട നാടകം കളിച്ച്‌ ചോരകുടിക്കുന്ന ചെന്നായയുടെ റോളണിയുന്ന അമേരിക്കന്‍ സമ്പ്രദായത്തെയാണ്‌ ലോകം തിരിച്ചറിയേണ്ടത്‌. പശ്ചിമേഷ്യയില്‍ ഇസ്രാഈല്‍ വരച്ച വരക്കപ്പുറം കടക്കാന്‍ അമേരിക്കക്ക്‌ ആഗ്രഹമില്ല എന്ന്‌ പശ്ചിമേഷ്യന്‍ ജനാധിപത്യത്തിന്റെ നടപ്പുരീതിയില്‍ നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാം.അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഇരട്ടത്താപ്പ്‌ പുറത്തുകൊണ്ടു വന്ന ഒരു സന്ദര്‍ഭമായിരുന്നു 2006ലെ ഗാസ തെരെഞ്ഞെടുപ്പ്‌. അന്താരാഷ്‌ട്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ ഫലസ്‌തീനിലെ ഗാസയില്‍ സമാധാന പരമായ ഒരു തെരെഞ്ഞെടുപ്പ്‌ നടന്നു. മഹ്മൂദ്‌ അബ്ബാസിന്റെ ഫത്‌ഹ്‌ പാര്‍ട്ടിയും ഹമാസുമായിരുന്നു കാര്യമായി മത്സര രംഗത്തുണ്ടായിരുന്നത്‌. യാസര്‍ അറഫാത്തിന്റെ മരണത്തിന്‌ ശേഷം അമേരിക്കന്‍ അനുകൂലിയായ മഹ്‌മൂദ്‌ അബ്ബാസ്‌ അധികാരത്തിലേക്ക്‌ വന്നു. നിരന്തരമായി പീഢിപ്പിക്കപ്പെടുന്ന ഒരു ജനതയുടെ വികാരത്തെപ്പോലും ആവാഹിക്കാന്‍ കഴിയാത്ത ഭരണാധികാരിയാണ്‌ മഹ്‌മൂദ്‌ അബ്ബാസ്‌. ഗാസ തെരഞ്ഞെടുപ്പില്‍ ഫലസ്‌തീന്‍ ജനത മഹ്‌മൂദ്‌ അബ്ബാസിനും അദ്ദേഹത്തിന്റെ ഫത്‌ഹ്‌ പാര്‍ട്ടിക്കുമെതിരെ വിധിയെഴുതി. ഹമാസിനെ അന്ന്‌ ജനങ്ങള്‍ തെരെഞ്ഞെടുത്തു.ജനാധിപത്യ വത്‌കരണത്തിന്റെ ഏറ്റവും സുതാര്യ രീതികളിലൊന്നായ പൊതു തെരെഞ്ഞെടുപ്പാണ്‌ ഫലസ്‌തീനില്‍ നടന്നത്‌. അതും അന്താരാഷ്‌ട്ര നിരീക്ഷകരുടെ നേതൃത്വത്തില്‍. എന്നാല്‍ ഈ തെരെഞ്ഞെടുപ്പ്‌ ഫലത്തോടുള്ള അമേരിക്കയുടെയും സില്‍ബന്ധികളുടെയും സമീപനം അതിവിചിത്രമായിരുന്നു. ജനകീയമായി തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അംഗീകരിക്കില്ല എന്ന്‌ അവര്‍ തീര്‍ത്തു പറഞ്ഞു. മാത്രമല്ല ഫലസ്‌തീനു പലരാഷ്‌ട്രങ്ങളില്‍ നിന്ന്‌ പലപ്പോഴായി നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങളെ മുഴുവന്‍ തടഞ്ഞു വെച്ചു. ഫലസ്‌തീനിലേക്ക്‌ സഹായവുമായി വരുന്ന സന്നദ്ധ സംഘടനകളുടെ സഹായക്കപ്പലുകളെ ഫലസ്‌തീന്‍ തീരങ്ങളോട്‌ അടുക്കാന്‍ അനുവദിച്ചില്ല. അതെ, ജനാധിപത്യ നടത്തിപ്പിന്റെ അമേരിക്കന്‍ നടപ്പു രീതി എന്നല്ലാതെ പുതിയ വിപ്ലവമുന്നേറ്റങ്ങള്‍ക്ക്‌ എന്ത്‌ പേരിടും?. 2009ലെ ഇറാന്‍ പൊതു തെരെഞ്ഞെടുപ്പില്‍ പലനാടകങ്ങളും കളിക്കാന്‍ അമേരിക്ക പലരെയും കളത്തിലിറക്കിയെങ്കിലും അഹ്‌മദ്‌ നജാദിന്റെ ഇച്ഛാശക്തിക്ക്‌ മുന്നില്‍ അതെല്ലാം തകര്‍ന്ന്‌ പോകുകയായിരുന്നു.ടുണീഷ്യ, ഈജിപ്‌ത്‌, ലിബിയ എന്നീ മൂന്ന്‌ രാജ്യങ്ങളില്‍ സംഭവിച്ചതും അധികം വൈകാതെ ഏതാനും അറബ്‌ രാജ്യങ്ങളില്‍ സംഭവിച്ചേക്കാവുന്നതുമായ രാഷ്‌ട്രീയ മാറ്റങ്ങളെ നടേ പറഞ്ഞ കോണ്ടലീസാ റൈസിന്റെ വാക്കുകളുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌. ടുണീഷ്യയില്‍ നിന്ന്‌ തുടങ്ങാം. മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ തുടങ്ങിയത്‌ അവിടെ നിന്നാണല്ലോ. 1883 മുതല്‍ 1956 വരെ ഫ്രാന്‍സിന്റെ കോളനിയായിരുന്നു ടുണീഷ്യ. 1956ല്‍ ബോര്‍ഗീബയാണ്‌ റിപബ്ലിക്‌ ഓഫ്‌ ടുണീഷ്യ രൂപീകരിച്ചത്‌. തൊഴിലില്ലായ്‌മ, വേതനമില്ലായ്‌മ, സാമ്പത്തിക അസന്തുലതത്വം, നിരക്ഷരത തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ ടുണീഷ്യയെ അലട്ടിക്കൊണ്ടിരുന്നു. അമേരിക്കയുടെ ഇംഗിതങ്ങളെ സംരക്ഷിച്ചുരുന്ന ഒരു ഭരണാധികാരി തന്നെയായിരുന്നു പ്രവാസ ജീവിതം തെരഞ്ഞെടുക്കേണ്ടി വന്ന സൈനുല്‍ ആബിദീന്‍. സൈനുല്‍ ആബിദീന്റെ സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കപ്പെട്ടിരുന്ന അമേരിക്കന്‍ സൈന്യവും ചാര സംഘടനകളും അതുപയോഗപ്പെടുത്തി. ഒരു ഭരണാധികാരി എന്ന നിലക്ക്‌ ഏറ്റവും വിശ്വസിക്കാവുന്ന സൈന്യവും ചാര വലയവും വര്‍ഷങ്ങള്‍ക്കുമുമ്പേ അമേരിക്കന്‍ ശിങ്കിടികളുടെ കൈകളില്‍ അകപ്പെട്ടിരുന്നു. അമേരിക്ക വിചാരിച്ച സമയത്ത്‌ തന്നെ ഭരണാധികാരിയെ പ്രവാസത്തിനയക്കാന്‍ സൈന്യത്തിന്‌ സാധിച്ചു. ഹുസ്‌നി മുബാറകിന്റെ കര്യത്തില്‍ ഈ നാടകം പരസ്യമാണ്‌. മുപ്പതു വര്‍ഷം ഈജിപ്‌തിന്റെ പ്രസിഡണ്ട്‌ പദം കൈയ്യിലൊതുക്കിയ ഹുസ്‌നി മുബാറക്‌ ഒരിക്കലും അമേരിക്കന്‍ വിരുദ്ധനായിരുന്നില്ല. പശ്ചിമേഷ്യയിലെ അറബ്‌ നേതാക്കളില്‍ നിന്ന്‌ അമേരിക്ക ഏറ്റവും കൂടുതല്‍ വിശ്വാസമര്‍പ്പിച്ച നല്ല പിള്ളയായിരുന്നു. അറബ്‌ രാജ്യങ്ങള്‍ക്കിടയില്‍ നിന്ന്‌ പലപ്പോഴും അദ്ദേഹം സംസാരിച്ചത്‌ അമേരിക്കക്കും ഇസ്‌റാഈലിനും വേണ്ടിയായിരുന്നു. ഇറാന്‍ വിരുദ്ധ നിലപാട്‌, ഗാസയിലെ ഹമാസ്‌ തെരെഞ്ഞെടുപ്പ്‌, ലബനാനിലെ ഹിസ്‌ബുല്ലയുമായുള്ള ഇസ്‌റാഈലിന്റെ ശത്രുതാ പരമായ ബന്ധം, ഇറാഖ്‌ യുദ്ധം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഹുസ്‌നി മുബാറക്‌ അമേരിക്കന്‍ നിലപാടുകള്‍ക്കൊപ്പമായിരുന്നു. എന്നിട്ടും, ഹുസ്‌നി മുബാറകിനെ കൈയ്യൊഴിഞ്ഞ്‌ അമേരിക്ക കൂടുതല്‍ സുരക്ഷിതമായ പിടിവള്ളിയില്‍ അള്ളിപ്പിടിച്ചു. ഈജിപ്‌തിന്റെ സൈന്യത്തെയും ചാര സംഘടനകളെയും നിയന്ത്രിച്ചത്‌ അമേരിക്കയായിരുന്നു. അവര്‍ക്ക്‌ വേണ്ട സൈനിക പരിശീലനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്‌ അമേരിക്കന്‍ സൈന്യമായിരുന്നു. ഹുസ്‌നി മുബാറക്‌ വിശ്വാസമര്‍പ്പിച്ച സൈന്യം അവസാനഘട്ടത്തില്‍ അദ്ദേഹത്തെ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്‌തില്ല, ചെയ്യുകയുമില്ല. കാരണം സത്യത്തില്‍ ആ സൈന്യത്തിന്‌ നിര്‍ദ്ദേശം ലഭിച്ചു കൊണ്ടിരുന്നത്‌ കൈറോയില്‍ നിന്നായിരുന്നില്ല; വാഷിംഗ്‌ടണില്‍ നിന്നായിരുന്നു. ഹുസ്‌നി മുബാറകിന്റെ തിരോധാനത്തിന്‌ ശേഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ വ്യക്തികളെ ആരും കണ്ടില്ല. അധികാരം നേരെ പോയത്‌ സൈന്യത്തിന്റെ കൈയ്യിലേക്കായിരുന്നു. ജനകീയ പ്രക്ഷോഭകരെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ്‌ ചെയ്യാനാണ്‌ ഈജിപ്‌തിന്റെ അധികാരമേറ്റെടുത്ത സൈന്യം ആദ്യമായി ശ്രമിച്ചത്‌. യഥാര്‍ഥത്തില്‍ ഈജിപ്‌തില്‍ സംഭവിച്ചത്‌ അമേരിക്കാന്‍ സൈന്യത്താല്‍ പരിശീലനം നേടിയ സൈന്യത്തിന്റെ കൈയ്യില്‍ അധികാരം വന്നുചേര്‍ന്നു എന്നതുമാത്രമാണ്‌. തഹ്‌രീര്‍ ചത്വരത്തില്‍ ഒത്തുകൂടിയ പതിനായിരങ്ങള്‍ വിളിച്ച മുദ്യാവാക്യങ്ങള്‍ മുദ്രാവാക്യങ്ങളായി തന്നെ തുടരും. തൊഴിലില്ലായ്‌മ, അരക്ഷതത്വം തുടങ്ങിയ വിഷയങ്ങളിലൊന്നും അമേരിക്കക്ക്‌ താത്‌പര്യമില്ല. കാരണം അതൊന്നും അമേരിക്കന്‍ ജനാധിപത്യത്തിന്റെ അജണ്ടയല്ലല്ലോ. ലിബിയയുടെ മുഅമ്മര്‍ ഖദ്ദാഫി പലപ്പോഴും സാമ്രാജ്യത്വ താത്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധനായി നിന്ന ആളായിരുന്നു. അമേരിക്കന്‍ അച്ചുതണ്ടില്‍ കറങ്ങുന്ന ഏകധ്രുവ ലോക സിദ്ധാന്തത്തിന്‌ അദ്ദേഹം പലരീതിയിലും മറുമരുന്നുകള്‍ പരീക്ഷിച്ചു. അറബ്‌ രാഷ്‌ട്രങ്ങളുടെ അമേരിക്കന്‍ വിധേയത്വത്തിന്‌ തടയിടാന്‍ തന്റെ നേതൃത്വത്തില്‍ ഇച്ഛാശക്തിയുള്ള അറബ്‌ യൂണിയന്‍ രൂപീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമേരിക്കന്‍ വിധേയത്വത്തില്‍ തൃപ്‌തരായ അറബ്‌ രാജ്യങ്ങള്‍ അതിനെ എതിര്‍ത്തു. അറബ്‌ ദൗത്യം പരാജയപ്പെട്ടപ്പോള്‍ ആഫ്രിക്കന്‍ ദൗത്യവുമായി മുന്നോട്ട്‌ വന്നു. സാമ്രാജ്യത്വ ശക്തികള്‍ അതിനും പാരവെച്ചു. തുടര്‍ന്ന്‌ അദ്ദേഹം ആഗോള സാമ്പത്തിക രംഗത്ത്‌ സര്‍വാധിപതിയായി വാഴുന്ന അമേരിക്കന്‍ ഡോളറിന്‌ ബദലുണ്ടാക്കാന്‍ ശ്രമിച്ചു. അമേരിക്കയും യൂറോപ്പും കണ്ണുരുട്ടിയപ്പോള്‍ ഒരാളെയും കൂടെ നില്‍ക്കാന്‍ കിട്ടിയില്ല. പടിഞ്ഞാറിനെ തുരത്താന്‍ കൊണ്ടു വന്ന സമീപനങ്ങളൊക്കെയും ഫലം കാണാതെ വന്നപ്പോള്‍ അദ്ദേഹത്തിനു ചില അനുകൂല നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്നു. 2004ല്‍ ലിബിയന്‍ എണ്ണപ്പാടങ്ങളിലേക്ക്‌ ബ്രിട്ടീഷ്‌ കമ്പനികള്‍ക്ക്‌ പ്രവേശനാനുമതി നല്‍കി. മേഖലയില്‍ പടിഞ്ഞാറിനെതിരെ മുഖമുയര്‍ത്തി സംസാരിക്കാന്‍ ധൈര്യമുണ്ടായിരുന്ന ഖദ്ദാഫിയെ തുരത്താന്‍ വിമതരെ രംഗത്തിറക്കി. അവര്‍ക്ക്‌ ആയുധ സാമ്പത്തിക സഹായങ്ങള്‍ വേണ്ടുവോളം നല്‍കി. നാറ്റോ സൈന്യത്തിനൊപ്പം പല രാജ്യങ്ങളും വിമത പോരാളികള്‍ക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ഖദ്ദാഫിയുടെ യുഗവും അവസാനിച്ചിരിക്കുന്നു. ഈജിപ്‌തും നാറ്റോയും അമേരിക്കയും യൂറോപും വിതരണം ചെയ്‌ത ആയുധങ്ങളുമായി തെരുവിലിറങ്ങിയ വിമതര്‍ വജയിച്ചിരിക്കുന്നു. നമുക്ക്‌ കാത്തിരിക്കാം. എങ്ങനെയായിരിക്കും അമേരിക്ക വിതക്കുന്ന ജനാധിപത്യവും മുല്ലപ്പൂ വസന്തവുമെന്ന്‌. മന്‍സൂര്‍ പാതിരമണ്ണ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter