പുതിയ അധ്യയനവര്‍ഷം: ആശങ്കകളും പ്രതീക്ഷകളും

ജൂണ്‍ പിറന്നു. വീണ്ടും ഒരു വിദ്യാഭ്യാസവര്‍ഷത്തിനു തുടക്കമായി. മക്കളെ സ്‌കൂളിലേക്ക് വിടുന്ന മാതാപിതാക്കളെ സംബന്ധിച്ച് സ്‌കൂള്‍ വര്‍ഷാരംഭം ഏറെ ടെന്‍ഷന്‍ നിറഞ്ഞതാണ്. സാമ്പത്തികം തുടങ്ങി അതിനു പല കാരണങ്ങളുണ്ട്. കുട്ടികളുടെ പഠനകാര്യത്തില്‍ പ്രത്യേകിച്ചും സ്‌കൂള്‍ തുറക്കുന്ന ഈയവസരത്തില്‍ മാതാപിതാക്കള്‍ എന്തുചെയ്യണമെന്നതിനെ കുറിച്ച് നമുക്ക് അല്‍പം ചിന്തിക്കാം.

അറിവു സമ്പാദിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതോടൊപ്പം വ്യക്തിയുടെ കഴിവും സ്വഭാവവും മെച്ചമാക്കാനുള്ള ഒരുപാധിയുമാണത്. പക്ഷേ, ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഉദ്യോഗവും ഉന്നത സ്ഥാനവും സമ്പ ത്തും നേടിത്തരു ന്ന ഒരുപാധിയായിട്ടിത് തരം താണതോടെ മാതാപിതാക്കളും അതിനനുസരിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. പഠിപ്പിലും ഉദ്യോഗത്തിലു മാണ് സമൂഹത്തിലെ സ്ഥാനവും പ്രൗഢിയും എന്ന മിഥ്യാധാരണ വളര്‍ന്നുവന്നതോടെ മാതാപിതാക്കള്‍ കുട്ടികളെ എപ്പോഴും പഠിക്കാനും ഉയര്‍ന്ന മാര്‍ക്കുവാങ്ങാനും പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മാതാപിതാക്കളുടെ പെരുമാറ്റങ്ങളും പരിഭ്രാന്തിയും കുട്ടികളെ അമിതമായി ഉല്‍ക്കണ്ഠാകുലരാക്കുകയും അതവരുടെ പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
സ്‌കൂള്‍ വര്‍ഷാരംഭം മുതല്‍ കുട്ടികളില്‍ അമിത സ്‌ട്രെസ്സ് അടിച്ചേല്‍പിച്ച് അവരില്‍ പഠനത്തോടു മടുപ്പും പരീക്ഷയോടു പേടിയും ഉണ്ടാക്കുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. പല മാതാപിതാക്കളും കുട്ടികള്‍ക്ക് അല്‍പം പോലും വിശ്രമം കൊടുക്കാതെയാണ് പഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് കുട്ടികളില്‍ പരീക്ഷയെ കുറിച്ചും ഭാവിയെ കുറിച്ചും ആശങ്കയും ഭയവും ഒക്കെ വളര്‍ത്തുന്നു. പരീക്ഷക്കു മാര്‍ക്കു കുറയുമോ? റാങ്കില്‍ പിന്നിലാകുമോ? ഗ്രേഡ് നഷ്ടപ്പെടുമോ? മാതാപിതാക്കള്‍ ശിക്ഷിക്കുമോ? തോറ്റാലെങ്ങനെ മറ്റുള്ളവരുട മുഖത്തു നോക്കും? എന്നീ ചിന്തകള്‍ എപ്പോഴുമവരെ വേട്ടയാടിക്കൊണ്ടിരിക്കും. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് പഠിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുകയില്ല. പരീക്ഷക്ക് പഠിച്ച ഭാഗങ്ങള്‍ പോലും ഓര്‍മിച്ചെടുക്കാന്‍ കഴിയുകയുമില്ല. ഈ സമയങ്ങളില്‍ പരീക്ഷയില്‍ മാര്‍ക്കു കുറയുന്നതിനേക്കാള്‍, വീട്ടില്‍ ചെല്ലുമ്പോള്‍ കിട്ടുന്ന അനുഭവങ്ങളെ കുറിച്ചാണു കുട്ടി ചിന്തിക്കുക. ഒരു പക്ഷെ, കുട്ടിയുടെ പഠനനിലവാരം കുറയാന്‍ ഒരു കാരണമിതാകും. കൂടാതെ ശിഥിലമായ കുടുംബാന്തരീക്ഷം, സ്‌കൂള്‍ മാറ്റി ചേര്‍ക്കല്‍, വീട്ടിലെ ദാരിദ്ര്യം, രോഗം, പഠിക്കേണ്ട വിഷയത്തോടുള്ള താല്‍പര്യക്കുറവ്, ജന്മനാ ഉള്ള ചില വൈകല്യങ്ങള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയും കുട്ടികള്‍ പഠനത്തില്‍ പിന്നിലാകുന്നതിനു കാരണമാകാം. എന്തായാലും കാരണം കണ്ടെത്തി വേണ്ട പരിഹാരം തേടുകയാണ് അഭികാമ്യം.
അതിനു മുമ്പ് ആദ്യമായി മാതാപിതാക്കള്‍ മനസ്സിലാക്കിയിരിക്കേണ്ട ഒരു കാര്യം, കുട്ടികളില്‍ അതിരുകവിഞ്ഞ പ്രതീക്ഷ വെച്ചു പുലര്‍ത്തരുതെന്നാണ്. എല്ലാ കുട്ടികള്‍ക്കും എല്ലാ വിഷയത്തിലും നൂറില്‍ നൂറു ശതമാനം മാര്‍ക്കു കിട്ടുകയില്ല. കാരണം കഴിവിലും ഗ്രഹണശേഷിയിലും കുട്ടികള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ കാണാം. നിങ്ങളുടെ കുട്ടി അവന്റെ/അവളുടെ കഴിവിനനുസരിച്ച് പഠിക്കട്ടെ. അതിനു വേണ്ട പ്രോത്സാഹനം നല്‍കുകയാണു വേണ്ടത്. ബുദ്ധിയുടെ കാര്യത്തിലും കഴിവിന്റെ കാര്യത്തിലുമുള്ള കുട്ടിയുടെ പരിമിതികളും പരിധികളും മനസ്സിലാക്കുക. അംഗീകരിക്കുക.
കുട്ടി പഠനത്തില്‍ താല്‍പര്യക്കുറവ് കാണിക്കുകയും പിന്നാക്കം പോകുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തി വേണ്ട പരിഹാരം തേടുകയാണു വേണ്ടത്. ഇതില്‍ മാതാപിതാക്കള്‍ക്കെന്ന പോലെ അധ്യാപകര്‍ക്കും നിഷേധിക്കാനാവാത്ത സാധ്യതയുണ്ട്. പഠിക്കാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തി, പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് പരിഹാരം കണ്ടെത്തണം.
പഠനപ്രശ്‌നങ്ങളിലെ യഥാര്‍ത്ഥ  വസ്തുത എന്തെന്ന് മാതാപിതാക്കളെ പറഞ്ഞറിയിക്കാനുള്ള തന്റേടവും ധൈര്യവും കുട്ടികള്‍ക്ക് ഉണ്ടായെന്നു വരില്ല. അതുകൊണ്ട് കുട്ടികള്‍ക്കും കുട്ടികളുടെ സാഹചര്യങ്ങള്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ എങ്ങനെ പഠനത്തെ ബാധിക്കുന്നുവെന്ന് അന്വേഷിച്ചു കണ്ടെത്തുക. കഴിയുന്നതും കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകരുമായി ഇതെകുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഉചിതമായിരിക്കും. അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ഇവിടെ മാതാപിതാക്കള്‍ക്കു പറ്റുന്ന ഒരു വലിയ പാളിച്ച, പ്രശ്‌നങ്ങള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്യാറില്ല എന്നതാണ്. കുട്ടി പഠനത്തില്‍ പിന്നാക്കം നില്‍ക്കുകയാണെന്നു കണ്ടാലുടനെ സ്‌കൂളിനെയും അധ്യാപകരെയും കുറ്റം പറയുകയും ചിലപ്പോള്‍ സ്‌കൂള്‍ തന്നെ മാറ്റുകയും ചെയ്യുന്ന ചിലരെ കാണാം. എന്തിനധികം, കുട്ടി ചെയ്ത തെറ്റിന്റെ പേരില്‍ ശിക്ഷിച്ചാല്‍ അധ്യാപകര്‍ക്കെതിരെ തിരിയുന്നവരും ഇല്ലാതില്ല. കുട്ടിക്ക് മാര്‍ക്ക് കുറഞ്ഞുപോയാല്‍ സാധാരണയായി പലരും ചെയ്യുന്നത് കുട്ടിയെ ട്യൂഷനുവിടുകയോ പ്രത്യേകമായി ഒരു ട്യൂഷന്‍ ടീച്ചറെ തന്നെ ഏര്‍പ്പാടാക്കുകയോ ചെയ്യുക എന്നതാണ്. ട്യൂഷന്‍ എന്ത്? എന്തിന്? എന്നറിയാത്തതുകൊണ്ടുള്ള പാകപ്പിഴയാണിത്. പലരെ സംബന്ധിച്ചും ട്യൂഷന്‍ എന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ ആയിത്തീര്‍ന്നിരിക്കുന്നു.
പുതിയ പാഠ്യപദ്ധതിയില്‍ ട്യൂഷന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. പൊതുവിജ്ഞാനം ആര്‍ജിക്കുന്നതിലൂടെയും മറ്റ് പഠനപ്രക്രിയയിലൂടെയും നിരീക്ഷണത്തിലൂടെയും ഒക്കെയാണല്ലോ ഇന്ന് കുട്ടികള്‍ പഠിക്കേണ്ടത്. ഇതിന് ട്യൂഷന്‍ ആവശ്യമുണ്ടോ? ഇത്തരം കാര്യങ്ങളില്‍ കുട്ടികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുകയേ വേണ്ടൂ. അതിന് പുറത്തുനിന്നുള്ള ഒരാളുടെ ആവശ്യം വരുന്നില്ല.  ഇതൊക്കെ മാതാപിതാക്കള്‍ക്കു തന്നെ ചെയ്തുകൊടുക്കാവുന്നതേയുള്ളൂ. അതുപോലെ മുതിര്‍ന്ന കുട്ടികള്‍ ഇളയ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതും ഉത്തമമാണ്.
ഒന്നറിയുക. കുട്ടികള്‍ പഠിക്കുന്നത് ഉയര്‍ന്ന ഉദ്യോഗത്തിനു വേണ്ടിയാണെന്ന ചിന്ത ആദ്യം കൈവെടിയുക. അതുപോലെ പരീക്ഷക്ക് അമിത പ്രാധാന്യമുണ്ടെന്ന് ഒരിക്കലും കുട്ടികളുടെ മനസ്സിന് തോന്നാത്ത രീതിയില്‍ അവരെ പഠിക്കാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ആണാവട്ടെ, പെണ്ണാവട്ടെ നിങ്ങളുടെ കുട്ടി അവന്റെ കഴിവിനനുസരിച്ച് പഠിക്കുമ്പോള്‍, മാര്‍ക്ക് വാങ്ങിക്കുമ്പോള്‍ പിശുക്കു കാണിക്കാതെ അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്യുക. ഇത് കുട്ടിയില്‍ സന്തോഷവും ആത്മവിശ്വാസവും വളര്‍ത്തും. തുടര്‍ന്ന് കൂടുതല്‍ നന്നായി പഠിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രചോദനമുണ്ടാവുകയും ചെയ്യും.
എന്നാല്‍ നല്ല മാര്‍ക്കു വാങ്ങിയാല്‍ പോലും പ്രോത്സാഹനമോ ഒരു നല്ല വാക്കോ പറയാത്തവരാണ് മാതാപിതാക്കളിലധികം പേരും. എത്ര മാര്‍ക്കു കിട്ടിയാലും അതു പോരാ എന്നായിരിക്കും പരാതി. 50-ല്‍ 49 മാര്‍ക്ക് വാങ്ങിയ കുട്ടിയോട് 'എവിടെ പോയി ഒരു മാര്‍ക്ക്?' എന്നു ചോദിച്ച് ഭീഷണിപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്നവരുണ്ട്. ഇത്തരം സമീപനം കുട്ടിയെ ആകെ നിരാശനാക്കുകയും പഠനത്തില്‍ താല്‍പര്യം കുറയാനിടയാക്കുകയും ചെയ്യും. കുട്ടിയെ മനസ്സിലാക്കാതെ പഠനത്തിന്റെ പേരില്‍ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളോട് കുട്ടികളില്‍ വെറുപ്പും വിദ്വേഷവും നുരഞ്ഞുപൊന്തും. അത് പ്രകടിപ്പിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്യും. മനഃപൂര്‍വം പഠിക്കാതിരിക്കുക, മാര്‍ക്കു വാങ്ങാതിരിക്കുക എന്നീ തന്ത്രങ്ങളാകുമിവര്‍ പ്രയോഗിക്കുന്നത്. അങ്ങനെ മാര്‍ക്കു കുറഞ്ഞതുകൊണ്ട് മാതാപിതാക്കളിലുണ്ടാകുന്ന വിഷമം കുട്ടികളെ സന്തോഷിപ്പിക്കുകയും പ്രതികാരം ചെയ്തതിലുള്ള സംതൃപ്തിയുണ്ടാകുകയും ചെയ്യും. തന്നെയുമല്ല മാതാപിതാക്കളോടുള്ള ഈ മനോഭാവം ഭാവിയില്‍ മറ്റു രീതിയില്‍ പ്രകടമായെന്നും വരാം.എന്നു കരുതി എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇതാണെന്നും കരുതരുത്.
എന്തായാലും കുട്ടികളെ കുഞ്ഞുനാള്‍ മുതലേ റാങ്ക്, ഗ്രേഡ് എന്നിവയെ ചൊല്ലി വ്യാകുലപ്പെടുത്താതിരിക്കുക. അവരുടെ കഴിവും ബുദ്ധിയും പരിഗണിച്ച് വേണ്ട പ്രോത്സാഹനവും സൗകര്യങ്ങളും ചെയ്തുകൊടുക്കുക. അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക. കൂട്ടത്തില്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടെ ശ്രദ്ധിക്കുക.
* ക്രമമായ പഠനശീലം പ്രോത്സാഹിപ്പിക്കുക.
* കുട്ടിയുടെ താല്‍പര്യവും കഴിവും മനസ്സിലാക്കി സന്തോഷപൂര്‍വം പഠിക്കാന്‍ പ്രേരിപ്പിക്കുക.
* പഠിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തുക.
* മക്കള്‍ക്ക് താല്‍പര്യമില്ലാത്തവ അടിച്ചേല്‍പിക്കാതിരിക്കുക.
* പഠനത്തിന്റെ പേരിലുള്ള ഭീഷണിയും ശിക്ഷയും ഒഴിവാക്കുക.
* പഠനത്തിനിടയില്‍ കളിക്കാനും വിനോദത്തിലേര്‍പ്പെടാനുമുള്ള സമയം അനുവദിച്ചുകൊടുക്കുക.
* പഠനത്തില്‍ പിന്നാക്കമായാല്‍ അതിനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക.
* ഇടക്കൊക്കെ കുട്ടി പഠിക്കുന്ന വിദ്യാലയം സന്ദര്‍ശിച്ച് അധ്യാപകരുമായി ബന്ധപ്പെടാനും കുട്ടിയെ കുറിച്ചന്വേഷിക്കാനും സമയം കണ്ടെത്തുക

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter