നൂറ്റാണ്ടിന്‍റെ നിറവില്‍ അലിഗഡ് മുസ് ലിം യൂണിവേഴ്സിറ്റി

ആധുനിക ഇന്ത്യയുടെ ശില്പികളില്‍ അഗ്രേസരനായ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ ജനിച്ചത് 1817 ഒക്ടോബര്‍ 17 ന് ഡല്‍ഹിയിലാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം അദ്ദേഹത്തിന്റെ ജീവിത്തിലെ വഴിത്തിരിവായി മാറി. മുസ്‌ലിം സമൂഹത്തിന് തങ്ങളുടെ രാഷ്ട്രീയ സാമൂഹിക പ്രൗഢി നിലനിര്‍ത്തണം എങ്കില്‍ ഇംഗ്ലീഷ് ഭാഷ അടക്കമുള്ള പാശ്ചാത്യ വിദ്യാഭ്യാസം അവര്‍ നേടേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നും മുസ്‌ലിം ഉമ്മത്തിനെ ഉയര്‍ത്തിക്കൊണ്ട് വരുന്നതില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ അനിഷേധ്യമായ പങ്ക് മനസ്സിലാക്കുകയും ആ വഴിയില്‍ ചെറുതല്ലാത്ത സംഭാവനകള്‍ സമര്‍പിക്കുകയും ചെയ്ത ആദ്യകാല നേതാക്കളില്‍ ഒരാളാണ് സര്‍ സയ്യിദ്. ചെറിയ മദ്‌റസകളില്‍ തുടങ്ങി ഒരു മുസ്‌ലിം സര്‍വകലാശാലയിലേക്കുള്ള പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പിലാക്കി. 1863 ല്‍ സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ചത് അങ്ങനെയാണ്. ഇന്ത്യന്‍ മുസ്ലിംകളില്‍ ശാസ്ത്ര ബോധം വളര്‍ത്തുക, ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ തന്നെ പാശ്ചാത്യ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു പ്രസ്തുത സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.1866 മാര്‍ച്ചില്‍ സയന്റിഫിക് സൊസൈറ്റിയുടെ സഹോദര സ്ഥാപനമായ അലിഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗസറ്റ് സ്ഥാപിതമായെങ്കിലും പരമ്പരാഗത മുസ്‌ലിംകളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അചഞ്ചല നിശ്ചയദാര്‍ഢ്യം കൈമുതലായി ഉണ്ടായിരുന്ന സര്‍ സയ്യിദ് തഹ്ദീബുല്‍ അഖ്‌ലാഖ് (സ്വഭാവ സംസ്‌കരണം) എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം കൂടി ആരംഭിച്ചു.

1875 ലാണ് അദ്ദേഹത്തിന്റെ മദ്‌റസത്തുല്‍ ഉലൂം സ്ഥാപിതമായത് ശേഷം എം.എ.ഒ കോളേജും. ഇസ്‌ലാമിക മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ബ്രിട്ടീഷ് വിദ്യാഭ്യാസ നയരേഖ പിന്തുടരുന്ന ഒരു വൈജ്ഞാനിക മുന്നേറ്റം സാധ്യമാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
'പഴയതും' 'പുതിയതും' (കിഴക്കും പടിഞ്ഞാറും) തമ്മിലുള്ള ഒരു പാലമായാണ് അദ്ദേഹം തന്റെ സ്ഥാപനങ്ങള്‍ വിഭാവന ചെയ്തത്. പാശ്ചാത്യ ശൈലി തുടരുമ്പോള്‍ തന്നെ മുസ്‌ലിം ലോകത്തിന്റെ പഴയ പ്രതാപത്തെയോ അതിന്റെ വൈജ്ഞാനിക മൂല്യങ്ങളെയോ നിരാകരിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. ഡോ. സര്‍ മുഹമ്മദ് ഇഖ്ബാല്‍ പറയുന്നത് ഇസ്‌ലാമിന് പുതിയൊരു ദിശാബോധം ആവശ്യമാണ് എന്ന് മനസ്സിലാക്കുകയും ആധുനികതയോട് സംവദിക്കുകയും ചെയ്തതാണ് സര്‍ സയ്യിദ് ചെയ്ത ഏറ്റവും വലിയ കാര്യം എന്നാണ്.

അലിഗഢില്‍ ഒരു കോളേജ് തുടങ്ങുക എന്നതിലുപരി ഇന്ത്യയൊന്നാകെ വ്യാപിച്ച് കിടക്കുന്ന മുസ്‌ലിം നിയന്ത്രിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു സര്‍ സയ്യിദിന്റെ ലക്ഷ്യം. അങ്ങനെയാണ് ആള്‍ ഇന്ത്യ മുസ്‌ലിം എജുകേഷണല്‍ കോണ്‍ഫറന്‍സ് അദ്ദേഹം സ്ഥാപിക്കുന്നത്. ഈ എന്‍.ജി.ഓയിലൂടെ ഗാഢനിദ്രയിലാണ്ടു പോയ മുസ്‌ലിം നേതാക്കളെ ഉണര്‍ത്തുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു.ആധുനിക ഇന്ത്യയുടെ വളര്‍ച്ചയില്‍ അനല്പമായ പങ്ക് വഹിച്ച അദ്ദേഹം ഇന്ന് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ പ്രധാന പള്ളിയുടെ ചാരത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.1857 ലെ സംഭവ വികാസങ്ങള്‍ പകര്‍ന്ന തിരിച്ചറിവുകളില്‍ നിന്നും ഊര്‍ജം കൊണ്ട് തന്റെ സമൂഹത്തിന്റെ വിദ്യാഭ്യാസ സമുദ്ധാരണത്തിന് വേണ്ടി ഇറങ്ങിത്തിരിച്ച സര്‍ സയ്യിദ് അഹ്മദ് ഖാന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് എ.എം.യു വളര്‍ന്ന് വരുന്നത്.

1842 ല്‍ ഔദ്യോഗിക ഭാഷാ സ്ഥാനത്ത് നിന്നും പേര്‍ഷ്യന്‍ മാറ്റാനുള്ള ബ്രട്ടീഷ് തീരുമാനം മുസ്‌ലിം മനസ്സുകളില്‍ തീക്കനല്‍ കോരിയിട്ടു. സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ സ്വാധീനം നിലനിര്‍ത്തണമെങ്കില്‍ ഇംഗ്ലീഷും പാശ്ചാത്യന്‍ വിഷയങ്ങളും അറിഞ്ഞിരിക്കണമെന്ന് സര്‍ സയ്യിദ് മനസ്സിലാക്കി. മുറാദാബാദിലും (1858) ഗാസിപൂരിലും (1863) മദ്‌റസകള്‍ സ്ഥാപിച്ചു കൊണ്ട് സര്‍വകലാശാലയിലേക്കുള്ള തന്റെ പ്രയാണം അദ്ദേഹം ആരംഭിച്ചു. പിന്നീട് പാശ്ചാത്യന്‍ കൃതികള്‍ പ്രാദേശിക ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യാന്‍ വേണ്ടി 1864 ല്‍ സയന്റിഫിക് സൊസൈറ്റിയും മുസ്‌ലിം സാമൂഹിക സമുദ്ധാരണത്തിന് വേണ്ടി 1870 ല്‍ തഹ്ദീബുല്‍ അഖ്‌ലാഖ് എന്ന മാഗസിനും അദ്ദേഹം ആരംഭിച്ചു.1877 ല്‍ അദ്ദേഹം സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് മഹ്മൂദാണ് ഒരു സ്വതന്ത്ര യൂനിവേഴ്‌സിറ്റിയെ കുറിച്ചുള്ള ആദ്യ നയരേഖ ഓറിയന്റല്‍ കോളേജ് ഫണ്ട് കമ്മിറ്റിയുടെ മുന്നില്‍ വെക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ റെസിഡെന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. ബ്രിട്ടീഷ് ഇന്ത്യയുടെ അധികാര കേന്ദ്രങ്ങളില്‍ സജീവമായ ഒരു പറ്റം മുസ്‌ലിംകളെ വളര്‍ത്തിയെടുക്കാന്‍ സ്ഥാപനത്തിന് സാധിച്ചു.

തുടക്കത്തില്‍ കല്‍കട്ട യൂനിവേഴ്‌സിറ്റിയുടെ അംഗീകാരവും പിന്നീട് അലഹബാദ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരവും സ്ഥാപനം നേടി. ഒരു നൂറ്റാണ്ട് തികയുമ്പോഴേക്കും സ്വന്തമായി അലിഗറിയന്‍ എന്നൊരു മാഗസിന്‍ പുറത്തിറക്കുകയും ഒരു ലോ സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു. ഒരു സ്വതന്ത്ര യൂനിവേഴ്‌സിറ്റി എന്ന സ്വപ്‌നത്തിലേക്ക് സ്ഥാപനം നടന്നടുക്കുകയായിരുന്നു. അതിന് വേണ്ടി പുതിയ പല കോഴ്‌സുകളും ആരംഭിച്ചു. 1907 ല്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്ഥാപനവും സ്ഥാപിതമായി. അങ്ങനെ, 1920 ഓടു കൂടി കോളേജ് അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി ആയി മാറി.
ഇന്ന് യു.പിയിലെ അലിഗഢ് സിറ്റിയില്‍ 467.6 ഹെക്ടറുകളില്‍ പരന്നു കിടക്കുന്ന യൂനിവേഴ്‌സിറ്റി പരമ്പരാഗത-ആധുനിക വിഷയങ്ങളില്‍ മുന്നൂറോളം കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നു. രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികളെ ജാതി മത ലിംഗ വിശ്വാസ ഭേദമന്യേ അലീഗഢ് സ്വാഗതം ചെയ്യുന്നു. ഇന്ന് ഇന്ത്യയിലെ മികച്ച 20 ഗവേഷണ സര്‍വകലാശാലകളില്‍ എട്ടാം സ്ഥാനത്താണ് അലീഗഢ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter