'ബോംബുകളുടെ പേടിപ്പെടുത്തുന്ന ഓര്‍മകളിലും ഈ കുട്ടികളുടെ ചിരി എനിക്ക് വെളിച്ചം പകരുന്നു'
സിറിയയിലെ അഭ്യന്തരയുദ്ധം സമ്മാനിച്ച പേടിപ്പിക്കുന്ന ഓര്‍മകളില്‍ നിന്നുള്ള രക്ഷക്കായാണ് ശൈഖ് അബൂമുഹമ്മദ് സ്വന്തം നാട്ടിലെ ചെറിയ കുട്ടികള്‍ക്കായി ഖുര്‍ആന്‍ ക്ലാസ് എടുക്കുന്നത്. എയര്‍ഫോഴ്സ് ഇന്‍റലിജന്‍സിലെ ജോലി രാജിവെച്ച് മനസ്സിന് സന്തോഷം നല്‍കുന്ന ഈ പണിയുമായി കഴിയുന്ന അബൂമുഹമ്മദിനെ കുറിച്ച് അല്‍ജസീറ പ്രസിദ്ധീകരിച്ച ഫീച്ചറിന്‍റെ വിവര്‍ത്തനം.  width=പള്ളിക്കകത്ത് ശൈഖ് അബൂമുഹമ്മദിന്റെ ഖുര്‍ആന്‍ പാരായണം വ്യക്തമായി കേള്‍ക്കാം. ചുറ്റുമുള്ള കുട്ടികള്‍ അതേറ്റു ചൊല്ലുന്നു. കയ്യില്‍ ഒരു മുസ്ഹഫും പിടിച്ച് പത്തുവയസ്സു തോന്നിക്കുന്ന ഒരു കുട്ടി വരുന്നു. പുറത്തെ മൂലയില്‍ തന്‍റെ ഷൂസ് അഴിച്ചുവെച്ച് അവനും അകത്ത് പ്രവേശിക്കുന്നു. ആത്മാവിന് ശാന്തി പകരുന്ന ഖുര്‍ആന്റെ വരികളിലേക്ക് അവനും...... ***                                 ***                                 *** സിറിയയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിലായിരുന്നു ശൈഖ് അബൂമുഹമ്മദിന് ജോലി. തലസ്ഥാനമായ ഡമസ്കസിലെ എയര്‍ഫോഴ്സ് ഇന്‍റലിജന്‍സില്‍. ഡമ്സ്കസിലും മറ്റിടങ്ങളിലുമായി തുടരുകയായിരുന്ന പ്രക്ഷോഭത്തിലെ മൃഗീയത കണ്ട് സഹിക്കാനാവാതെയാണ് ജോലി ഉപേക്ഷിച്ചു അബൂമുഹമ്മദ് പോന്നത്. കാലങ്ങളായി തന്റെ മനസ്സിലീ അലട്ടലുണ്ടായിരുന്നുവെങ്കിലും ഒരു ദിവസം പെട്ടെന്ന് തീരുമാനമെടുക്കുകയായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിനം. അന്ന് ഭരണകൂട സൈന്യം വന്നത് അവിടത്തെ പള്ളിയിലെ താടിവെച്ച ഒരു ഇമാമിനെയും കൊണ്ടായിരുന്നു. ‘അവരദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു. അദ്ദേഹത്തെ അടിച്ചു നിലത്തിട്ടു താടിപിടിച്ച് വലിച്ച് അതിന് മേല്‍ ചവിട്ടി.’ അതി നിഷ്ഠൂരമായിട്ടാണ് അദ്ദേഹം തന്‍റെ കണ്‍മുന്നില്‍ അക്രമിക്കപ്പെട്ടത്. ആ ആക്രമമത്രയും കണ്ടു നില്‍ക്കേണ്ടി വന്ന ഗതിയോര്‍ത്താണ് അവസാനം രാജിവെച്ചു ജോലിയില്‍ നിന്നു പിരിഞ്ഞുപോന്നത്- അബൂമുഹമ്മദ് തുടരുന്നു. ഇന്‍റലിജന്‍സിന് കീഴിലും നിരവധി തടവുപുള്ളികളുണ്ടായിരുന്നു. അവരെയും ക്രൂരമായി പീഡിപ്പിക്കാറുണ്ട്. പലപ്പോഴും നിരപരാധികളെ മൃഗീയമായി അക്രമിന്നത് കണ്ടപ്പോള്‍ ഇതിനുമുമ്പും ജോലി രാജിവെക്കാന്‍ തോന്നിയിട്ടുണ്ട്. പിന്നെ വൈകിച്ചില്ല. അപ്പോള്‍ തോന്നിയ ധൈര്യം വെച്ച് ജോലി രാജിവെച്ചു. നേരെ നാട്ടിലേക്ക് തിരിച്ചു, ഹാന്തോട്ടീനിലേക്ക്. അധികമാരുമറിയാതെ മെല്ലെ തലസ്ഥാനനഗരി വിട്ടു. നാട്ടിലെത്തിയ ഉടനെ തന്റെ ഔദ്യോഗിക യൂനിഫോം അഴിച്ചു അങ്ങാടിയില്‍ കൊണ്ടുപോയി വിറ്റു. ആ കാശിന് വെളുത്ത ഒരു നീളന് കുപ്പായവും വാങ്ങിയാണ് വീട്ടിലേക്ക് തിരിച്ചത്. നാട്ടിലെ കുട്ടികള്‍ക്ക്  ഖുര്‍ആന്‍ പരായണവും അടിസ്ഥാന മതവിദ്യകളും പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീളന്‍കുപ്പായം വാങ്ങിയത്. ഇനി താന്‍ ചെയ്യേണ്ട ജോലി അതാണെന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. ‘ഇപ്പോഴും കണ്‍മുന്നില് ‍കണ്ട കാഴ്ചകളെന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു,’ പറയുമ്പോള്‍ അബൂമുഹമ്മദിന് വിറയനുഭവപ്പെടുന്നു. മനസ്സിലെടുത്ത തീരുമാനമുറപ്പിച്ച് സ്വന്തം ഗ്രാമത്തിലെ മസ്ജിദിലേക്കാണ് പോയത്. അവിടെ പള്ളിയുടെ പൊളിഞ്ഞു വീണിട്ടില്ലാത്ത ഒരു മൂലയയില്‍ ഒരു റൂമൊരുക്കി. കുറച്ച് ഇരിപ്പിടങ്ങളും. സൈനികാക്രമണത്തില്‍ പള്ളിയുടെ മിക്കവാറുമെല്ലാ ഭാഗങ്ങളും തകര്‍ക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പൊളിഞ്ഞു വീഴാത്ത ഭാഗത്താണ് ഈ സൌകര്യങ്ങളൊരുക്കിയത്. ബോംബേറ്റു ചുറ്റുചുമരില്‍ പലേടത്തും തുളവീണിട്ടുണ്ട്. ക്ലാസിന് വരുന്ന പല കുട്ടികളും അത്തരം ദ്വാരങ്ങളിലൂടെ തന്നെയാണ് പള്ളിയിലേക്ക് കടക്കുന്നത്. പലപ്പോഴും മുന്നില്‍ പൊളിഞ്ഞു കിടക്കുന്ന കല്ലിന്‍കഷ്ണങ്ങളില്‍ തട്ടി അവര്‍ തടഞ്ഞു വീഴുകയും ചെയ്യുന്നു.  width=അകത്ത് അബൂമുഹമ്മദിന്‍റെ ഖുര്‍ആന്‍ പാരായണ ക്ലാസ് നടക്കുകയാണ്. അതു കഴിഞ്ഞാണ് മതപഠനക്ലാസ്. ‘ഇന്നിപ്പോള്‍ നല്ല സന്തോഷം തോന്നുന്നു. ഈ ക്ലാസ് നടത്തുക പണ്ടു മുതലേ എന്‍റെ ആശയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഫോഴ്സിലായിരിക്കെ തന്നെ ഞാനീ വിഷയത്തില്‍ ഒരു ഡിപ്ലോമ ചെയ്തിരുന്നു. വളരെ സ്വകാര്യമായാണ് ആ കോഴ്സ് ഞാന്‍ പൂര്‍ത്തിയാക്കിയത്. ഒരു പക്ഷെ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിനകം ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായേനെ.’ മാസങ്ങളായി തുടരുന്ന ആക്രമണത്തില്‍ ഹാന്തോട്ടീനിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പൂട്ടിക്കിടപ്പായിരുന്നു. ആ ഒരു ഒഴിവ് നികത്താനായ സന്തോഷത്തിലാണ് അബൂമുഹമ്മദിപ്പോള്‍. കഴിഞ്ഞ ജൂലൈയിലാണ് ഈ ഗ്രാമം വിമതസേന പിടിച്ചടക്കുന്നത്. അന്ന് മുതല്‍ അടങ്ങാത്ത ബോംബാക്രമണങ്ങളാണ്. പ്രദേശത്തെ ഒരു സ്കൂള്‍പോലും ആക്രമണത്തില്‍ തകരാതെ രക്ഷപ്പെട്ടിട്ടില്ല മിക്കവാറും അധ്യാപകരും നാടുവിട്ട് പോയിരിക്കുന്നു. തന്റെ നാട്ടുകാരായ കുട്ടികള്‍ക്ക് സ്കൂളിലെ ഒരു വര്‍ഷം തന്നെ നഷ്ടമായിപ്പോയിരിക്കുന്നുവെന്ന് അബൂമുഹമ്മദ്. അതെ കുറിച്ച് പക്ഷെ, ചിന്തിക്കാന്‍ അധികാരികള്‍ക്കുണ്ടോ നേരം. ‘ഏറെ കാലമായി ഞാന് ‍സ്കൂളില്‍ ‍പോയിട്ട്. അതുകൊണ്ടാണ് മാതാപിതാക്കള്‍ എന്നെ ഖുര്‍ആന്‍ പഠിക്കാന്‍ ‍ഇങ്ങോട്ടയച്ചത്. ഈ ക്ലാസ് എനിക്കേറെ ഇഷ്ടമായി,’ അബൂമുഹമ്മദിനടുത്ത് ഖുര്‍ആന്‍ പഠിക്കുന്ന പത്തുവയസ്സുകാരന്‍ അഹ്മദ് പറയുന്നു. തന്‍റെ മകനെ കണക്കും സയന്‍സുമെല്ലാം ഇതുപോലെ സ്വകാര്യമായി പഠിപ്പിക്കണമെന്നുണ്ടെന്ന് അഹ്മദിന്‍റെ പിതാവ്. അതിന് പക്ഷെ ഏറെ ബുദ്ധിമുട്ടുണ്ട്. മതക്ലാസിന് വേണ്ടി മകന്‍ വീട്ടിന് പുറത്തു പോകുന്ന ഒരു മണിക്കൂര്‍ തന്നെ ഉള്ളം പിടയുകയാണ്. പിന്നെ എങ്ങനെ മകനെ കണക്കും ശാസ്ത്രവുമെല്ലാം പഠിക്കാന്‍ പറഞ്ഞയക്കുമെന്ന് ചോദിക്കുന്നു ദുരിതം ഏറെ കണ്ടുകഴിഞ്ഞ ആ പിതാവ്. വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകുന്നതിനടക്ക് തന്നെ ബോംബ് വീഴുന്ന ശബ്ദം കേള്‍ക്കാറുണ്ടെന്ന് അഹമ്മദ്. അത് സ്ഥിരം അനുഭവമായത് കൊണ്ട് ഇപ്പോള് ‍പേടിയില്ലാതായി കഴിഞ്ഞിരിക്കുന്നുവെന്നും അവന്‍. തന്റെ കാലിലെ ഷൂസ് ഊരിവെച്ച് അഹമ്മദും പള്ളക്കകത്ത് കയറി. അവിടെ വരിയായി ഇരിക്കുന്നുണ്ട് ഇരുപതിലേറെ കുട്ടികള്‍. ആ കൂട്ടത്തിലേക്ക് അവനും ചേര്‍ന്നും. അബൂമുഹമ്മദ് ഖുര്‍ആന് ‍ഓതിത്തുടങ്ങി. കുട്ടികള്‍ ഒന്നാകെ അദ്ദേഹത്തിന്‍റെ ഓത്ത് കേട്ട് ഏറ്റ് ചൊല്ലി. ‘കുട്ടികളെ ഖുര്‍ആനും മതവും മാത്രമല്ല ഞാന്‍ ഇവിടെ പഠിപ്പിക്കുന്നത്. ഇത്രയും ചെറുപ്രായത്തില്‍ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന ജീവിതത്തിന്റെ പരുക്കന്‍ ‍യാഥാര്‍‍ഥ്യങ്ങളുമായി ഞാനിവരെ അടുപ്പിച്ചു വരികയാണ്. ഇക്കൂട്ടത്തിലെ പല കുട്ടികളും അക്രമത്തിനിരയായവരാണ്. പലരുടെയും പിതാക്കള്‍ വധിക്കപ്പെട്ടിട്ടുണ്ട്,’ അബൂമുഹമ്മദ് പറയുന്നു. ‘ഏറെ കാലമായി കണ്‍മുന്നില്‍ നടന്നിട്ടും മൌനിയായി സാക്ഷിയാകേണ്ടി വന്ന അതിക്രമങ്ങള്‍ സ്വപ്നത്തില് ‍വരെ അലട്ടുന്നുണ്ടായിരുന്നു. ഇപ്പോള്‍ നല്ല സമാധാനമുണ്ട്. ക്ലാസ് നിര്‌ത്തുമ്പോള്‍ മുസ്ഹഫും മടക്കി തങ്ങളുടെ വീട്ടിലേക്ക് തിരിച്ചുപോകുന്ന ഈ കുട്ടികളുടെ മുഖത്തെ ചിരി എന്റെ മനസ്സില്‍ വെളിച്ചം വിതറുന്നു.’

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter