പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുന്ന പുസ്തകം

പിശാചിന്റെ ദുര്‍മന്ത്രണം കത്തിപ്പടര്‍ന്ന മനസ്സുകള്‍ചെയ്ത തെറ്റിനു പൊതുജനം പരിഹാരം കണ്ടുതുടങ്ങിയിരിക്കുന്നു എന്നാണ് പുതിയ ദിശാമാറ്റങ്ങള്‍ സൂചിപ്പിക്കുന്നതത്തിരിയാണ് തസവ്വുഫ്. ധ്യാനനിരതരായ നിരവധി ആത്മീയാചാര്യര്‍ സ്പര്‍ശിച്ചനുഗ്രഹിച്ച തസവ്വുഫ് രചനകളും അതിലെ മാസ്മരികതയും അവര്‍ണ്ണനീയമത്രെ. അനിശ്ചിതത്വത്തിന്റെ ചങ്ങാതിയായി ദേശദേശാന്തരങ്ങളില്‍ സഞ്ചരിച്ച് നിഷ്‌ക്രിയത്വത്തിന്റെ മാറാപ്പ് പേറി നടക്കുന്നതിനു പകരം ജനമനസ്സുകളെ മനസിലാക്കലും സമൂഹത്തിന്റെ രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കലുമാണ് സൂഫിയുടെ ദൗത്യമെന്ന തിരച്ചറിവാണ് യഥാര്‍ഥ ജ്ഞാനിയെ സ്ഥിരോത്സാഹിയാക്കേണ്ടത്. തേജോമയമായ നിരവധി സൂഫി ദര്‍ശനങ്ങളും ആശയതലങ്ങളും സമര്‍പ്പിച്ച്  കടന്നുപോയ യശശ്ശരീനായ സൂഫിയാചാര്യനായിരുന്നു ഏഴ്, എട്ട് നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ജീവിച്ച മഹാരഥനായ ശൈഖ് ശറഫുദ്ദീന്‍ യഹ്‌യാ അല്‍ മനേരി(റ). അബൂഹസന്‍ അലി ഹസന്‍ നദ്‌വി അവര്‍കള്‍ തന്റെ താരീഖെ ദഅ്‌വതോ അസീമത്ത് എന്ന ഗ്രന്ഥത്തില്‍ അനുഗ്രഹീതരായ മൂന്ന് വ്യക്തിത്വങ്ങളിലൂടെയാണ് പ്രയാണം നടത്തുന്നത്. ഖ്വാജ മുഈനുദ്ദീന്‍ ചിശ്തി, നിളാമുദ്ദീന്‍ ഔലിയാ, യഹ്‌യാ അല്‍ മനേരി എന്നിവരാണ് ഈ മൂന്ന് മഹാത്മാക്കള്‍. മക്തൂബാതെ സ്വദി എന്ന മനേരിയുടെ ഗ്രന്ഥം സുപ്രധാനമായ മൂന്ന് ഗ്രന്ഥങ്ങളായാണ് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. മക്തൂബാതെ സ്വദീ എന്ന പേരിലറിയപ്പെടുന്ന ഒന്നാം ഗ്രന്ഥം 100 കുറിപ്പുകളും മക്തൂബാതെ ജവാബി എന്ന പേരിലറിയപ്പെടുന്ന രണ്ടാം ഗ്രന്ഥം 28 കുറിപ്പുകളും മക്തൂബാതെ ദോ സ്വദീ എന്ന പേരിലുള്ള മൂന്നാം ഗ്രന്ഥം 153 കുറിപ്പുകളും അടങ്ങുന്നതാണ്. ലാഹോറിലെ കുതുബ് ഖാനയെ ഇസ്‌ലാമിയയില്‍ വെച്ച് പ്രസിദ്ധീകൃതമായ ഈ ഗ്രന്ഥം മുപ്പതോളം കുറിപ്പുകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനാല്‍ സെ സ്വദീ മക്തൂബാത് എന്ന പേരിലും അറിയപ്പെടുന്നു. 

ശൈഖ് മനേരി
അല്‍ ഇമാം ശറഫുദ്ദീന്‍ യഹ്‌യ ബിന്‍ മുഹമ്മദ് അല്‍ ഹാശിമി അല്‍ മനേരി അല്‍ ബീഹാരി. ഇന്ത്യയില്‍ മഖ്ദൂം ബിഹാരി എന്ന പേരിലറിയപ്പെടുന്ന അദ്ദേഹം (661) നാസ്വിറുദ്ദീന്‍ ഇല്‍തുമിശിന്റെ ഭരണകാലത്താണ് ബിഹാറിലെ മനേരില്‍ ഭൂജാതനാകുന്നത്. ഉപരിപഠനത്തിനായി സോനാര്‍ ഗനോണ്‍ എന്ന സ്ഥലത്തേക്ക് യാത്ര തിരിക്കുകയും പിന്നീട് തന്റെ ഭാര്യാപിതാവായി വന്ന ശറഫുദ്ദീന്‍ അബൂ തൗഅമ അദ്ദഹ്‌ലവിയുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ശൈഖ് തന്റെ മകളെ ശിഷ്യന് വിവാഹം ചെയ്ത് കൊടുക്കുകയും ആ ബന്ധത്തില്‍ മൂന്ന് മക്കള്‍ ജനിക്കുകയും ചെയ്തു. ഒരു മകന്‍ ഒഴികെ ഭാര്യയും സന്താനങ്ങളും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കുത്തരം നല്‍കി യാത്രയായി. തന്റെ പഠനസപര്യക്ക് വിരാമം കുറിച്ചു കൊണ്ട് മുപ്പതാം വയസ്സില്‍ മനേരിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും പിതാവ് മരണപ്പെട്ടിരുന്നു.

ഐഹിക പരിത്യാഗം
മനേരിലേക്ക് തിരിച്ചെത്തിയതിന് ശേഷം ശൈഖവര്‍കള്‍ തന്റെ ത്യാഗജീവിതത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മകന്റെ സംരക്ഷണമേറ്റെടുക്കണമെന്ന് സ്വന്തം മാതാവിനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് പാനിപത്തിലേക്കും യാത്രയാവുകയും ചെയ്തു. നിസാമുദ്ദീന്‍ ഔലിയ, ശൈഖ് ശറഫുദ്ദീന്‍ അബൂ അലി അല്‍ ഖലന്തര്‍ എന്നിവരുമായുള്ള സഹവാസത്തിനൊടുവില്‍ ഡല്‍ഹിയില്‍ വെച്ച് ശൈഖ് നജീബുദ്ദീന്‍ അല്‍ഫിര്‍ദൗസിയുടെ ഖിലാഫത്ത് പട്ടം സ്വീകരിച്ചു. ബീഹാറിലെ പ്രാന്തപ്രദേശമായ ബിഹ്‌യയില്‍ എത്തിച്ചേരുകയും പിന്നീട് അവിടെ അപ്രത്യക്ഷ്യനാവുകയും ചെയ്തു. തസവ്വുഫിന്റെ യാഥാര്‍ഥ്യം അന്വേഷിച്ചുകൊണ്ടുള്ള ഈ പ്രഥമ ദൗത്യം പന്ത്രണ്ട് വര്‍ഷത്തോളം ദൈര്‍ഘ്യമുള്ളതായിരുന്നു. രാജ്ഗഡ് പര്‍വതം പോലുള്ള ജനവാസമില്ലാത്ത പല കേന്ദ്രങ്ങളില്‍ താമസിക്കുകയും ഈ പരിത്യാഗജീവിതം മുപ്പത് വര്‍ഷത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു. ത്യാഗ ജീവിതത്തിനിടയില്‍ തന്റെ ആത്മീയ പരിസരം സൃഷ്ടിച്ച സാമൂഹിക അകല്‍ച പരിഹരിക്കുന്നതിനായി അദ്ദേഹം ചിലപ്പോഴെല്ലാം ജനസമ്പര്‍ക്കം നടത്താന്‍ ശ്രമിച്ചിരുന്നു. സമൂഹത്തിലെ ഇത്തരം വ്യക്തികളുടെ അനിവാര്യത മനസിലാക്കിയ പ്രമുഖ പൗരനും നിസാമുദ്ദീന്‍ ഔലിയായുടെ മുരീദുമായ നിസാം മൗലാ അല്‍ ബിഹാരി അദ്ദേഹത്തിനു സ്വന്തമായി ഒരു വീട് വെച്ചു കൊടുക്കുകയും ജനോപകാരവും  സ്‌നേഹവും തിരിച്ചറിഞ്ഞ അദ്ദേഹം അതില്‍ താമസിക്കാനൊരുങ്ങുകയും ചെയ്തു. 721-724 കാലഘട്ടങ്ങളിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് സീറത്തുശ്ശറഫില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മുഹമ്മദ് ശാഹ് തുഗ്ലക്ക് ശൈഖ് മനേരിക്കു വേണ്ടി ഒരു ഖാന്‍ഖാഹ് പണിയുകയും ശിഷ്ടകാലം വിജ്ഞാനപ്രസരണവുമായി അദ്ദേഹം അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു. തസവ്വുഫിലെ അതികായത്വവും അഗാധജ്ഞാനവും പ്രസരിപ്പും എടുത്തു കാണിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ നിരവധിയാണ്. മക്തുബാത്ത്, അജ്‌വിബ, ഫവാഇദ് റുക്‌നി, ഇര്‍ശാദുത്വാലിബീന്‍, ഇര്‍ശാദു സാലികീന്‍, മഅ്ദിനുല്‍ മആനി, ലത്വാഇഫുല്‍ മആനി, മുഖ്ഖുല്‍ മആനി, ഖ്വാന്‍ പര്‍ നിഅ്മത് തുഹ്ഫ ഗൈബി, സാദു സഫര്‍, അഖാഇദ് ശറഫി, ശറഹു ആദാബില്‍ മുരീദീന്‍ എന്നിവ അതില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നതാണ്. സൂഫി ആചാര്യന്‍മാര്‍ മാത്രമല്ല, ചരിത്രകാരന്‍മാരും പണ്ഡിതന്‍മാരുമെല്ലാം അദ്ദേഹത്തിന്റെ അനശ്വര സംഭാവനകളെ അനുസ്മരിക്കുന്നുണ്ട്. ശൈഖ് മനേരി ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭമതികളില്‍പെട്ട പണ്ഡിതവരേണ്യനും സുപ്രസിദ്ധിയാര്‍ജിച്ച വ്യക്തിത്വവും ത്വരീഖത്തിന്റെയും ഹഖീഖത്തിന്റെയും വഴികള്‍ നിര്‍ണയിച്ച ഗ്രന്ഥകാരനുമായിരുന്നെന്ന് മഹാനായ ശൈഖ് അബ്ദുല്‍ ഹഖ് മുഹദ്ദിഥ് അല്‍ ദഹ്‌ലവി അനുസ്മരിക്കുന്നു. 

വഫാത്ത്
സംഭവ ബഹുലമായൊരു പുരുഷായുസ്സ് മുഴുവന്‍ മതചിഹ്നങ്ങളെ ആദരിക്കുന്നതിനും ആത്മീയോന്നതികളിലേക്കു യാനം നടത്തുകയും ചെയ്ത ശൈഖ് ശറഫുദ്ദീന്‍ മനേരി ഹി. 772 ശവ്വാല്‍ 6 നു 120 ാം വയസ്സിലാണ് ഇഹലോകവാസം വെടിയുന്നത്. അക്കാലത്ത് ഇന്ത്യയില്‍ സുല്‍ഥ്വാന്‍ ഫൈറൂസ് ശായാണ് ഭരണം നടത്തിയിരുന്നത്. അശ്‌റഫ് ജഹാംഗീര്‍ സംനാനി അദ്ദേഹത്തിന്റെ ജനാസനമസ്‌കാരത്തിന് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ ഖബര്‍ ബീഹാറിലെ എണ്ണപ്പെട്ട പ്രധാന മസാറും ഇന്നും സിയാറത്ത് സുഗമമായി നടന്നുവരുന്ന തീര്‍ഥാടന കേന്ദ്രവുമാണ്.

മക്തൂബാതെ സ്വദി
തസവ്വുഫിന്റെ ശ്രുതിമന്ത്രണങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനായി ശംസുദ്ദിന്‍ എന്ന മുരീദിലേക്ക് എഴുതിയയച്ച നൂറ് കുറിപ്പുകളാണ് മക്തൂബാത്തെ സ്വദി എന്ന പേരില്‍ പ്രശസ്തമായ ബൃഹദ് ഗ്രന്ഥം. ഹി. 747 ല്‍ രചനയാരംഭിച്ച പ്രസ്തുത ഗ്രന്ഥത്തിന്റെ ലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ട് ക്രോഡീകരിച്ച സൈന്‍ ബദ്‌റ് എന്ന പണ്ഡിതന്‍ പറയുന്നു: ജോസ നാട്ടു പ്രമുഖനും ഗവര്‍ണറുമായിരുന്ന ഖാദി ശംസുദ്ദീന്‍ തനിക്ക് ശൈഖിന്റെ നിരന്തരമായ ശിക്ഷണം കരസ്ഥമാക്കാനുള്ള അവസരം ലഭിക്കാത്തതിനാലും നിരവധി തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാലും ആത്മീയ വഴി നിര്‍ദേശിക്കുന്ന ഒരു മാര്‍ഗരേഖ ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തെഴുതുകയാണുണ്ടായത്. ത്വരീഖത്തിന്റെ സൗഗന്ധികം പേറിയ സഞ്ചാരവും മുരീദുമാരുടെ ചിട്ടകളും, തൗബ, തൗഹീദ്, മഅ്‌രിഫത്ത്, ഇശ്ഖ്, മുജാഹദ്, ഉബൂദിയ്യ, പരിത്യാഗത്തിന്റെ നിരവധി ദര്‍ശനങ്ങള്‍ തുടങ്ങിയവക്ക് ഉദ്ധരണികളും ഉദാഹരണങ്ങളും കൂട്ടിയിണിക്കിക്കൊണ്ട് അദ്ദേഹം ചേര്‍ത്തുവച്ച വാക്കുകളും വിചാരങ്ങളുമാണ് ആ കത്തിന്റെ മറുപടിയായി രൂപം കൊണ്ടത്. 

ചര്‍ച്ചാവിഷയങ്ങള്‍
മനുഷ്യരുടെ കര്‍മങ്ങള്‍ അല്ലാഹുവിന് സമര്‍പ്പിക്കാനുള്ളതാണ്. എന്നാല്‍, അവന്റെ നിലനില്‍പുമായോ ദൈവികതയുമായോ മനുഷ്യകര്‍മ്മങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഓരോ വ്യക്തിയും സ്വപ്രവര്‍ത്തനങ്ങളാല്‍ ഒരു നിലക്കുമുള്ള അംഗീകാരവും അര്‍ഹിക്കുന്നില്ലെന്ന യാഥാര്‍ഥ്യം സമര്‍ഥിക്കുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്ന ബോധമുളവാക്കുന്നതാണ് അവതരണ ശൈലി. ഗുഹാവാസികള്‍ സഹചാരിയായി കൂടെ നിന്ന ഖിഥ്മീര്‍ എന്ന നായയുടെ കാല്‍പാദം തൊട്ട് വന്ദിക്കുവാനും നായയുടെ കാല്‍ പതിഞ്ഞ നിലത്തെ പൊടിയെടുത്തു സുറുമയിടാനും പറയുന്നതിലെ ആത്മീയ രസം, മാലാഖമാര്‍ക്കിടയില്‍ ആരാധനയും ധന്യതയും നിമിത്തം യുഗപുരുഷനായി തീര്‍ന്നവനോടുള്ള കുത്തുവാക്കുകളും ശാപങ്ങളും സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം, കടുത്ത വിരോധിയായിരുന്ന ഉമറിന്റെ പ്രതാപപൂര്‍ണ്ണമായ സ്ഥാനലബ്ധി, ശുദ്ധാത്മാവായി കഴിഞ്ഞ ബല്‍ആമിന്റെ തിരോധാനം, മാനവിക ദൗത്യങ്ങളില്‍ മാറി മാറി വരുന്ന പൊരുളുകള്‍ എന്നിവയാണ് ആകസ്മികമായ ഇലാഹീ ഇടപെടലുകളുടെ ഈ ദര്‍ശനങ്ങള്‍ മുന്നോട്ട് വെക്കുന്നത്. 
അല്ലാഹുവിന്റെ കരുണയെ കടലോളം ആഴത്തില്‍ ആവാഹിച്ചെടുക്കണമെന്നതിലേക്കാണ് രണ്ടാമതായി വിരല്‍ ചൂണ്ടുന്നത്. സൗഭാഗ്യവും അല്ലാഹുവിന്റെ തിരുനോട്ടവും ആശീര്‍വദിച്ചനുവദിക്കുമ്പോള്‍ അവിവേകങ്ങളെല്ലാം കേവലം (ലം യകുന്‍) മായ്ക്കപ്പെട്ടതായി തരം തിരിയുകയും റഹ്മത്തിന്റെ കതകുകള്‍ (ലം യസല്‍) നിര്‍ഭയത്വത്തിന്റെ ചുവടുകളുമായി മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്യുന്നു .അവിടെ തെറ്റുകാരനും പ്രതീക്ഷാനിര്‍ഭരനായി കാത്തിരിക്കുന്നു. അപരാധ മനസ്സുകളുടെ പ്രത്യാശകള്‍ക്ക് ചിറകു വിരിയുന്നു. ഇലാഹീ സ്‌നേഹത്തിന്റെ കിരികിരുപ്പ് അനുഭവപ്പെടുന്ന ആര്‍ദ്രമനസ്സുകള്‍ സ്‌നേഹഭാജനത്തിന്റെ രക്ഷാകവചവുമായി  വന്നെത്തുന്ന ദൂതര്‍ക്കു മുമ്പില്‍ സംപൂജ്യരായി സലാം മടക്കികൊണ്ടിരിക്കുന്നു. 
തുടര്‍ന്ന് മുഹബ്ബത്തിന്റെ അലിവും അര്‍ഥങ്ങളും നല്‍കുന്ന ആദരവിലേക്കും പദവികളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. സ്വീകാര്യമായ കര്‍മ്മങ്ങള്‍ കൊണ്ട് ധന്യ ബോധം കൈവരുന്ന ഹൃദയങ്ങള്‍ക്ക് മലക്കുകളേക്കാള്‍ സ്ഥാനം കല്‍പിക്കുന്നു. 
ദൈവാനുരാഗത്തിന്റെ ശൈലികളും പ്രകീര്‍ത്തന സ്വഭാവും അവര്‍ണ്ണനീയമാണ്. അല്ലാഹുവിന്റെ മലക്കുകളോട് അല്ലാഹു നിര്‍ദേശിച്ചത് ആദമിന്റെ സൃഷ്ടികര്‍മത്തിലെ വിസ്മയങ്ങള്‍ നിരീക്ഷിക്കുവാനല്ല, മറിച്ച് ആദം ജനതതികളില്‍ അവന്‍ നിക്ഷേപിച്ച സ്‌നേഹം (അവര്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നു; അല്ലാഹു അവരെ സ്‌നേഹിക്കുന്നുവെന്ന ഖുര്‍ആന്‍ സൂക്തം) മലക്കുകള്‍ക്ക് നല്‍കുന്ന ആത്മീയ സുഖത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളാനാണ്.
 അല്ലാഹു അവനിഷ്ടപ്പെട്ടവരെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കുകയും ഭക്ഷണം വസ്ത്രം തുടങ്ങിയ അതിജീവനത്തിന്റെ വഴികളൊക്കെ അവനു മുമ്പില്‍ പരിമിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവന്റെ ലക്ഷ്യം ഒരേയൊരു ബിന്ദുവിലേക്ക് തീക്ഷ്ണതയൊടെ കേന്ദ്രീകൃതമാവുകയും ഇലാഹീ അനുരാഗത്തിന്റെ പുതുനാമ്പുകള്‍ ഹൃദയത്തില്‍ നാമ്പിടുകയും ചെയ്യുന്നു. തല്‍സമയം ഹൃദയാന്തരങ്ങളില്‍ അല്ലാഹുവില്‍ ലയിച്ചവന്‍ (വകീലുല്ലാഹി) എന്നെഴുതപ്പെടുന്നു. 
ഏതു കാലത്തെയും തസവ്വുഫിന്റെ ആര്‍ഭാടങ്ങളെ പൊളിച്ചെഴുതി കൊണ്ടുള്ള ശരീഅത്തിന്റെയും ഹഖീഖത്തിന്റെയും ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്. ആലങ്കാരിക സൂഫീ ജീവിതം സൗന്ദര്യബോധം പ്രകടിപ്പിക്കുന്ന ഒരു വ്യഭിചാരിണിയുടെ രീതിയാണ് സ്വാംശീകരിക്കുന്നതെന്ന് ശൈഖ് സൂചിപ്പിക്കുന്നു. ശരീഅത്താണ് എല്ലാ ആത്മീയതയുടെയും അകക്കാമ്പ്. അതില്‍ നിപുണരായ ആചാര്യന്‍മാര്‍ ത്വരീഖത്തിന്റെയും ആത്മീയ പാഠങ്ങളുടെയും പുതിയ തലത്തിലേക്ക് ചുവടു മാറുന്നു. 

അവലംബങ്ങള്‍
ആദ്ധ്യാത്മിക രംഗത്തെ അറിയപ്പെട്ടതും സുപ്രധാനങ്ങളുമായ എട്ടു ഗ്രന്ഥങ്ങളുടെ പേരുകള്‍ അദ്ദേഹം കുറിച്ചു വെച്ചതായി കാണാം.
1. ഖൂതുല്‍ ഖുലൂബ്, അബൂഥാലിബില്‍ മക്കി.
2. റൂഹുല്‍ അര്‍വാഹ്, അമീര്‍ ഹുസൈനീ അല്‍ നൂരി അല്‍ ദഹ്‌ലഖി (718)
3. അല്‍ തഅര്‍റുഫ് ലി മദ്ഹബി അഹ്‌ലി തസവ്വുഫ്, ശൈഖ് അബൂബകര്‍ അല്‍ ബുഖാരി അല്‍ കലാബാദി.
4. കശ്ഫുല്‍ മഹ്ജൂബ്, അലി അല്‍ ഹുജ്‌വീരി. 465
5. നവാദിറുല്‍ ഉസൂല്‍, ഹകീം അല്‍ തുര്‍മുദി
6. ഇസ്മത്തുല്‍ അമ്പിയാ, ഫഖ്‌റുദ്ദീന്‍ അല്‍ റാസി,ശംസുല്‍ അഇമ്മ അല്‍ കുര്‍ദി
7. തഫ്‌സീറു സാഹിദി, അഹ്മദ് സുലൈമാനി അല്‍ ദര്‍വാജകി. 
8.  അവാരിഫുല്‍ മആരിഫ്, ഇമാം സുഹ്‌റവര്‍ദി
എന്നാല്‍ രിസാലത്തുല്‍ ഖുശൈരിയ്യ (ഇമാം അബുല്‍ ഖാസിം അല്‍ ഖുശൈരി), ഇഹ്‌യാ ഉലൂമിദ്ദീന്‍ (ഇമാം അല്‍ ഗസാലി), മിര്‍സാദുല്‍ ഇബാദ് മിനല്‍ മബ്ദഇ ഇലല്‍ മആദ് (നജ്മുദ്ധീന്‍ അല്‍ റാസി) എന്നിവ ഗ്രന്ഥകര്‍ത്താവ് രേഖപ്പെടുത്തിയതും മക്തൂബാത്തില്‍ പരാമര്‍ശങ്ങളുള്‍പ്പെട്ടതുമായ ഗ്രന്ഥങ്ങളില്‍ പ്രമുഖമായവയാണ്. ഫരീരുദ്ദീന്‍ അത്വാറിന്റെ മന്‍ത്വിഖു തൈ്വര്‍, ഇലാഹി നാമ പോലുള്ള പേര്‍ഷ്യന്‍ ഇതിഹാസകാവ്യങ്ങളിലെ ശകലങ്ങളും ഗ്രന്ഥത്തിന്റ മാറ്റു കൂട്ടുന്നു. 
ഖുര്‍ആനിക സൂക്തങ്ങളുടെയും പ്രവാചക വചനങ്ങളുടെയും ആശയം ചോര്‍ന്നു പോവാത്ത വിധം ആഖ്യാനം നിര്‍വഹിക്കുകയാണ് ചെയ്തിരിക്കുന്നത്. ചില ഉദ്ധരണികളും മറ്റും അനിവാര്യമായി അവലംബങ്ങളുടെ ദൗര്‍ലഭ്യം മൂലം സംശയാസ്പദമായി നിലനില്‍ക്കുന്നു എന്നതൊഴിച്ചാല്‍, ആത്മീയ ധാരയില്‍ പ്രകാശം പരത്തി കടന്നുവന്ന ഈ ഇന്ത്യന്‍ രചന കൂടതല്‍ വായനകള്‍ അര്‍ഹിക്കുന്നുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter