മക്തൂബ്-11 സിദ്ധീഖീങ്ങളുടെ അവസ്ഥാന്തരങ്ങൾ

എന്‍റെ പ്രിയ സഹോദരന്‍ ശംസുദ്ധീന്‍,

സിദ്ധീഖീങ്ങളുടെ അവസ്ഥാന്തരങ്ങളെക്കുറിച്ചാവട്ടെ ഇന്നത്തെ കുറിപ്പ്. വിശുദ്ധിയുടെയും വെണ്‍മയുടെയും ഒരു കടല്‍ പോലെയാണ് അവ. ആ കടലിനെ കുറിച്ച് പറയാതെ വയ്യ. കൂടാതെ, അവരുടെ ആത്മാവുകള്‍ ദിവ്യകാരുണ്യം പകരുന്ന നിധിശേഖരങ്ങളുടെ വിതരണസ്ഥലമാണ്. അവരുടെ ഉള്ളം  നിരാശ്രയത്വത്തിന്റെ രഹസ്യങ്ങള്‍ അടക്കംചെയ്യപ്പെട്ട ഖനികളാണ്.

അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളും താക്കീതുകളും ഖിയാമത് നാള്‍ തന്നെയും അവര്‍ക്ക് സംഭവിച്ചത് പോലെയാണ്. അവര്‍ നിര്‍ഭയരാണ്. ഇഹപരലോകങ്ങളുടെ ഏതു കാര്യം ഏല്‍പ്പിക്കപ്പെട്ടാലും അവര്‍ അതിലേക്ക്  തിരിഞ്ഞുനോക്കുന്നേ ഇല്ല. 

ജുനൈദ് (റ) ആരാധനക്ക് വേണ്ടി ഒരിക്കല്‍ ശുനൈസിയ്യയിലെ മസ്ജിദിലേക്ക് പോയി. പള്ളിവാതില്‍ക്കല്‍ വിരൂപിയും ഭീകരനുമായ ഒരുത്തന്‍ നില്‍ക്കുന്നതു കണ്ടു. അദ്ദേഹം ചോദിച്ചു: ആരാണ് നീ?. എന്‍റെ മനസ്സ് നിന്നെ വെറുക്കുന്നുവല്ലോ.
അയാള്‍ പറഞ്ഞു: ഞാന്‍ നീ കാണാന്‍ കൊതിച്ച ഇബ്‍ലീസാണ്.
ജുനൈദ് (റ) ചോദിച്ചു: എങ്കില്‍ എനിക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട്.
ഇബ്‍ലീസ്: ചോദിക്കൂ.
ജുനൈദ്(റ): ഔലിയാഇന്റെ മേല്‍ നിനക്ക് വല്ല കഴിവോ അധികാരമോ ഉണ്ടോ?
ഇബ്‍ലീസ്: ഇല്ല
ജുനൈദ് (റ); എന്ത് കൊണ്ടാണത്?
ഇബ്‍ലീസ്: ഭൗതികകാര്യങ്ങളില്‍ അവരെ തളച്ചിടാന്‍  കരുതിയാല്‍ അവര്‍ ആഖിറത്തിലേക്ക് ഓടുന്നു. ആഖിറം കൊണ്ടവരെ തിരക്കിലാക്കാനുദ്ദേശിച്ചാലോ അവര്‍ അല്ലാഹുവിലേക്കും ഓടുന്നു. അല്ലാഹുവിലേക്കടുക്കാന്‍ എനിക്ക് യാതൊരു വഴിയുമില്ല.

കവിയുടെ വാക്കുകള്‍ ഇപ്രകാരമാണ്

ഖല്‍ബില്‍
പ്രണയശിഖയെരിയുന്നവന്‍
അന്ത്യനാള്‍ വരെ
എരിഞ്ഞുകൊണ്ടിരിക്കും.

ദിവ്വ്യസമാഗമത്തെ
കാത്തിരിക്കുന്ന വലിയ്യ്
കഴുകനെ പ്പോലെയാണ്.
ഇരുലോകങ്ങളിലും 
അവന്റെ നയനദ്വയങ്ങള്‍
പിണഞ്ഞു നില്‍ക്കുന്നു. 

ഉടനെ ജുനൈദ്(റ) ചോദിച്ചു: അഭിശപ്തനേ, ഔലിയാഇന്റെ സ്ഥാനങ്ങള്‍ നിനക്കറിയാനാവുമോ?
ഇബ്ലീസ്: ഇല്ല, എന്നാല്‍  ദിവ്വ്യപ്രണയം അവരെ പിടികൂടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥകള്‍ എനിക്കറിയാന്‍ കഴിയും.
ഇതും പറഞ്ഞ് ഇബ്‍ലീസ് മറഞ്ഞു.
ചിന്താകുലനായി ജുനൈദ്(റ) പള്ളിയില്‍ പ്രവേശിച്ചു. അന്നേരം പള്ളിക്കകത്തുനിന്നും ഒരശരീരി മുഴങ്ങി. 
എന്‍റെ മകനേ, ഈ ശത്രുവിന്റെ വാക്കില്‍ നീ വഞ്ചിതാനാവേണ്ട. ഔലിയാഇന്റെ സിര്‍റുകള്‍ മാലാഖമാരായ ജിബിരീലിനും മീകാഈലിനുപോലും അറിയാനാവില്ല. പിന്നെയല്ലേ അഭിശപ്തനായ ഈ പിശാചറിയുക. 
ഈ അശരീരി തന്‍റെ ശൈഖ് സിരി സിഖ്ത്വിയുടെതായിരുന്നു.  ജുനൈദ് (റ) വളരെയധികം സന്തോഷിച്ചു.

മനുഷ്യര്‍ക്കിടയില്‍ ഉവൈസുല്‍ ഖര്‍നിയെ ഒരു ഇടയനാക്കി മറച്ചുവെച്ചത് നീ ശ്രദ്ധിച്ചില്ലേ. ആ രഹസ്യം നബിക്ക് മാത്രമേ അറിയാന്‍ കഴിഞ്ഞുള്ളൂ. അന്ത്യദിനത്തില്‍ അദ്ദേഹത്തിന്‍റെ രൂപത്തില്‍ എഴുപതിനായിരം മലക്കുകള്‍ പ്രത്യക്ഷപ്പെടുമത്രെ. ജനങ്ങള്‍ അദ്ദേഹത്തെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണിത്. ആ പരിസരപ്രദേശങ്ങളിലുള്ള എല്ലാ വലിയ്യുകളുടെയും ഉള്ളില്‍ ദിവ്വ്യാനുരാഗവും പ്രവാചകന്‍റെ നൂറും നിറഞ്ഞൊഴുകിയിരുന്നു. എന്നാലും ഉവൈസുല്‍ ഖര്‍നിയുടെ മഹത്വം അപാരം തന്നെ. തന്‍റെ വാക്കുകളാല്‍ പ്രവാചകന്‍ (സ്വ) അദ്ധേഹത്തെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്, കരുണാമയനായ നാഥന്‍റെ സുഗന്ധം യമന്‍ ഭാഗത്തുനിന്നും എനിക്കെത്തുന്നു.

തൗഹീദിന്റെ നിര്‍ഝരിയില്‍ അടക്കപ്പെട്ട വെളിച്ചവും രഹസ്യവുമാണീ വാക്ക്. ഒരു നാക്കിനും അതിനെക്കുറിച്ച് പറയാനോ ഒരു കാതിനും അതു കേള്‍ക്കാനോ ആവില്ല. അറിഞ്ഞവര്‍ അറിഞ്ഞു. മനസ്സിലാകാത്തവര്‍ അറിയാതെ പോയി. അന്ത്യനാളില്‍ സിദ്ധീഖീങ്ങള്‍ക്ക് ചെയ്ത് കൊടുത്ത അനുഗ്രഹങ്ങള്‍ എടുത്തുപറയുമ്പോള്‍ അല്ലാഹു ഇപ്രകാരം പറയുന്നുണ്ട്, ഞാന്‍ നിങ്ങളുടെ പ്രശസ്തി മറച്ചുവെച്ചില്ലേ?

ഇബ്റാഹീം ശബീഹ് എന്നവര്‍ തന്‍റെ കാലഘട്ടത്തിലെ സിദ്ധീഖീങ്ങളുടെ നേതാവായിരുന്നു. അദ്ധേഹത്തിന്‍റെ അധികപ്രാര്‍ത്ഥനയും ഇപ്രകാരമായിരുന്നു, അല്ലാഹുവേ, എനിക്ക് ജനങ്ങളെ നീ മറപ്പിച്ചതുപോലെ അവര്‍ക്ക് എന്നെയും നീ മറപ്പിക്കേണമേ.

കവി പറഞ്ഞു

സൃഷ്ടികള്‍
നിനക്ക്
പരീക്ഷണമാണ്.
അവരുടെ നന്മ, ന്യൂനത
ഇവയെ നീ സൂക്ഷിക്കുമല്ലോ.

അകക്കാഴ്ചയുള്ള ജ്ഞാനികള്‍ പറഞ്ഞു, നിഷ്പക്ഷമായി വിലയിരുത്തിയാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തിലല്ലാത്ത സൗഹൃദം ഒരു വിപത്താണെന്ന് മനസ്സിലാക്കാനാവും. അല്ലാഹു പറയുന്നു, മിത്രങ്ങളന്ന് പരസ്പരം ശത്രുക്കളായിരിക്കും, സൂക്ഷ്മാലുക്കളൊഴിച്ച് (സൂറതു സുഖ്റുഫ് 67)
ഖമറുസ്സൂഫിയ്യ  (സൂഫികളിലെ ചന്ദ്രന്‍) എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന അബുല്‍ ഹസന്‍ അല്‍ നൂരി(റ) സംസാരിക്കുമ്പോഴെല്ലാം തന്‍റെ വായില്‍ നിന്നും ഒരു വെളിച്ചം വരികയും അത് ആകാശത്തില്‍ പ്രകാശിക്കുകയും ചെയ്യുമായിരുന്നു. ഇക്കാരണത്താലാണ് പ്രകാശമുള്ളവന്‍ എന്ന അര്‍ത്ഥത്തിലുള്ള നൂരി എന്ന പേര് അദ്ധേഹത്തിനു ലഭ്യമാവുന്നത്.  ഒരു വര്‍ഷം മുഴുവനും ഒരാളോടു പോലും സംസാരിക്കാതെ തന്‍റെ മുജാഹദ (കഠിന യത്നം)യില്‍ അദ്ധേഹം കഴിഞ്ഞുകൂടി. ശേഷം അദ്ധേഹം അല്ലാഹുവിനോട് ഇപ്രകാരം പറഞ്ഞു, അല്ലാഹുവേ, ഈ നാടുകളിലും നാട്ടുകാര്‍ക്കിടയിലും  നീ എന്നെ മറയില്‍ നിറുത്തേണമേ.
അന്നേരം ഒരു വിളിയാളമുണ്ടായി, അല്ലയോ നൂരീ, പരമാര്‍ത്ഥത്തെ ഒന്നും തന്നെ മറക്കുകയില്ല.

കവി പറഞ്ഞു

പ്രണയം എന്നെ അതിജയിച്ചു.
പ്രാണസഖിക്കായ്
എന്‍റെ ഉടലിനെ
ഞാന്‍ ബലി കഴിച്ചു.
കാരണം
അവനാണ്
എന്‍റെ
ഉടലിന് ഉയിര് പകര്‍ന്നത്.
ഒരായിരം തവണ ഞാനെന്നെ
ബലിയര്‍പ്പിച്ചാലുമാവുമോ
ആ അനുഗ്രഹങ്ങളുടെ
ഒരണുവോളമെത്താന്‍

സിദ്ധീഖീങ്ങളുടെ വചനങ്ങളില്‍ ഇപ്രകാരമുണ്ട്, അപ്രശസ്തി മനസ്സിനു സമാധാനമാണ്. ഒരാളും തന്നെ അതു കൊതിക്കില്ല. എന്നാല്‍ പ്രശസ്തി ഒരു വിപത്താണ്. എല്ലാവരും അത് ആഗ്രഹിക്കുന്നുണ്ട് താനും.

എന്റെ സഹോദരാ,
മരണത്തോട് കൂടെ ഇല്ലാതായിപ്പോകുന്ന സ്ഥാനമാനങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതല്ല. ഭൗതികലോകത്തെ ഒരു സ്ഥാനവും ഏഴ് ആകാശങ്ങളിലുള്ള ഉന്നതരായ മാലാഖമാരുടെ അടുക്കല്‍ സ്വീകാര്യമല്ലെന്ന് വിജയികളായ  മഹത്തുക്കള്‍ നമ്മെ ഉപദേശിക്കാറുണ്ട്. അത്കാരണമായി അവരുടെ തൃപ്തിയും ലഭ്യമല്ല. എന്നാല്‍ മതപരമായ സ്ഥാനം മാത്രമാണ് അന്ത്യനാളില്‍ സ്വീകാര്യയോഗ്യമാകുന്നത്. സൗഭാഗ്യവാന്മാരായ അത്തരം സത്യവിശ്വാസികളോട് ഇപ്രകാരം പറയപ്പെടുമെന്ന് നമ്മുടെ പ്രവാചകന്‍ പറയുന്നു, രക്ഷയുടെ ഭവനത്തിലേക്ക് നിങ്ങള്‍ പ്രവേശിക്കുവിന്‍ !!

ഉവൈസുല്‍ ഖര്‍നിയോട് ഇപ്രകാരം പറയപ്പെടും, എന്‍റെ സിംഹാസനത്തിന്‍റെ തണലിലേക്കു കടന്ന് വരൂ. സൂര്യന്‍ അതിന്‍റെ കഠിനമായ ചൂടിലേക്ക് പ്രവേശിച്ചിരിക്കുന്നു. മുളര്‍, റബീഅ ഗോത്രക്കാരുടെ ആട്ടിന്‍പറ്റങ്ങളുടെ രോമകൂപങ്ങള്‍ക്കനുസരിച്ച് ഈ ഉമ്മത്തിലെ ദോഷികളെ താങ്കളുടെ ശുപാര്‍ശ കാരണമായി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാനാണ് നാം താല്‍പര്യപ്പെടുന്നത്.

സുബ്ഹാനല്ലാഹ്!!..ഈ ഉവൈസ് തന്‍റെ കുടുംബത്തിലെ നിന്ദ്യനും അധകൃതനുമായിരുന്നു. ജനങ്ങള്‍ അദ്ധേഹത്തെ നിസ്സാരമാക്കി. പലപ്പോഴും കല്ലെടുത്തെറിഞ്ഞു. എന്നിട്ടും നബി തന്‍റെ പ്രവാചകത്വദര്‍ശനം കൊണ്ട് അദ്ധേഹത്തിന്‍റെ നന്മ തിരച്ചറിഞ്ഞു കൊണ്ട് പറഞ്ഞു: യമനിന്‍റെ ഭാഗത്ത് നിന്ന് കാരുണ്ണ്യവാന്റെ ഗന്ധം എനിക്കെത്തി.
ഇതാണ് സിദ്ധീഖീങ്ങളുടെ അവസ്ഥ.
കവിയുടെ വാക്കുകള്‍ എത്ര മഹത്തരം

ഹബീബീ,
എന്‍റെ പ്രവിശ്യയില്‍
നീ 
പ്രവേശിക്കുകില്‍
നിന്‍റെ പേരും പെരുമയോടും
നീ
വിട ചൊല്ലണം.

ഒടുവില്‍
പ്രണയത്തിന്‍റെ എരിതീയില്‍
മെഴുകായ്
അലിയണം,

അനുരാഗത്തിന്‍റെ
ഗുപ്തരശ്മികള്‍ക്കു മേല്‍
നീ
ഉദയം ചെയ്യണം.

ഹറമു ബനു ഹയ്യാന്‍ ഒരിക്കല്‍ ഉവൈസുല്‍ ഖര്‍നിയെ കണ്ടപ്പോള്‍ ചോദിച്ചു: പുണ്ണ്യനബിയുടെ ഒരു ഹദീസ് എനിക്ക് പറഞ്ഞുതരുമോ?. താങ്കളില്‍ നിന്നും ഞാനത് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു.
അദ്ദേഹം പറഞ്ഞു: ഒരു ഹദീസ് പണ്ഡിതനോ, ഖാളിയോ മുഫ്തിയോ ആകാന്‍ ഞാനുദ്ധേശിക്കുന്നില്ല. അല്ലയോ ഹറമു ബനു ഹയ്യാന്‍, എന്‍റെ ഉള്ളില്‍ മറ്റുചില തിരക്കുകളുണ്ട്.
അദ്ധേഹം തുടര്‍ന്നു, ഇടനെഞ്ചില്‍ അനുരാഗത്തിന്‍റെയും പ്രണയത്തിന്‍റെയും തീയെരിയുമ്പോള്‍ എങ്ങെനെയാണെനിക്ക് ഒരു മുഹദ്ദിസ് ആകാന്‍ കഴിയുക. ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തോടുള്ള ഇഷ്ടം എന്നെ കീഴടക്കിയിരിക്കുന്നു. അതല്ലാത്ത ഒന്നിലേക്കും തിരിയാന്‍ പോലും അതെന്നെ അനുവദിക്കുന്നില്ല. നിതാന്തമായൊരു നൊമ്പരം എല്ലാം കീഴ്പ്പെടുത്തിക്കളയുന്ന അഗനിയായി എന്‍റ മുഴുവന്‍ ധീരതയെയും കരിച്ചുകളഞ്ഞിരിക്കുന്നു. തൗഹീദിന്റെ ലഹരി ഇരു ലോകത്തെയും ആനന്ദങ്ങളില്‍ നിന്നും എന്നെ അശ്രദ്ധമാക്കിയിട്ടുണ്ട്. നിരാശ്രയത്വത്തിന്റെ സിര്‍റുകള്‍ അടങ്ങാത്ത വ്യസനവും അവസാനിക്കാത്ത വേദനയുമാണ് എനിക്ക് പകര്‍ന്നു തന്നത്. എന്‍റെ പതിതാവസ്ഥ എല്ലാ സുരക്ഷിതത്വത്തെയും സമാധാനത്തെയും ഇല്ലാതാക്കിയിരിക്കുന്നു. അസാധാരണമായ ഈ വിപത്ത് എന്‍റെ എല്ലാ പ്രതീക്ഷയെയും നശിപ്പിച്ചു. മുഷിഞ്ഞ വസ്ത്രക്കാരന്‍റെ ഹദീസ് എന്നെ വല്ലാത്ത മനപ്രയാസത്തിലാക്കിയിട്ടുണ്ട്. യമനിന്റെ ഭാഗത്ത് നിന്ന് കാരുണ്ണ്യവാന്റെ ഗന്ധം എനിക്ക് വരുന്നുണ്ടെന്ന പ്രവാചകവചനത്തിന്റെ രഹസ്യം എന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു.

ദിവ്യപ്രണയത്താല്‍ നൊന്ത ഒരു കവിയുടെ വാക്കുകള്‍ ഇപ്രകാരമാണ്

നിന്നെ
പുണര്‍ന്നിട്ടും
ഖല്‍ബിലെ 
തീയണഞ്ഞില്ല.

നീ തന്ന
തെളിഞ്ഞ തീര്‍ത്ഥം
പാനം ചെയ്തിട്ടും
ഉള്ളിലെ
ദാഹം ശമിച്ചില്ല.

എന്‍റെ ഉണ്‍മ
ഫനാ പ്രാപിച്ചില്ല.
നിന്റെ ചന്തം
എന്റെ
മനസ്സ് വിട്ട് മാഞ്ഞില്ല.

ആത്മജ്ഞാനികള്‍ പറഞ്ഞു: തന്നെ ആലോചിച്ച് കരയുന്ന ഒരു വിശ്വാസിയുടെ ശബ്ദത്തേക്കാള്‍ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റൊരു ശബ്ദവുമില്ലതന്നെ. ഉവൈസുല്‍ ഖര്‍നിയില്‍ നിന്നാണ് ഈ കരച്ചിലിന്‍റെയും/ രോദനത്തിന്‍റെയും മാതൃക സിദ്ധീഖീങ്ങള്‍ക്ക് ലഭിച്ചത്. 

എന്‍റെ സഹോദരാ,
ഓരോ നിമിഷത്തിലും (സ്വശരീരത്തിന്റെ മേല്‍ കരയാത്തവന്‍ അശ്രദ്ധയുടെ മലമേടുകളില്‍ അപഥ സഞ്ചാരം നടത്തുന്ന വിഢിയാണ്.  ഒരു ജഢമായി വലിയ ദുഖഭാരത്തോടെ അന്ത്യനാളില്‍ അവനെ കണ്ടുവരും. മഹാ കഷ്ടം തന്നെ!!. എന്താണീ ദുരാഗ്രഹങ്ങളെല്ലാം?. എല്ലാവരും പവറും പത്രാസും ആഗ്രഹിക്കുന്നു. കല്‍പ്പിക്കുകയും വിലങ്ങുകയും ചെയ്യുന്നു. പ്രതാപവും പവിത്രതയും  സ്ഥാനമാനങ്ങളും കൊതിക്കുന്നു. അതോടോപ്പം തന്നെ അല്ലാഹുവിന്‍റ ആത്മജ്ഞാനിയാകാന്‍ അവന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നിസ്സംശയം അതു അസംഭവ്യമാണ്. 

കവി പറയുന്നു.

നിന്‍റെ ഉടലിനെ
ദണ്ഢം നല്‍കൂ.
അലസന്‍
സ്രഷ്ടാവിങ്കല്‍
എത്തില്ല.
ഭൗതികലഹരി പിടിച്ചവന്‍
ശരീഅതിന്റെ
പാല്‍ കുടിക്കില്ല.
ആധ്യാത്മികവഴിയിലെ
ഉന്നതശീര്‍ഷര്‍ക്ക്
പകരുന്ന പാനീയം
ദേഹേഛയുടെ
അടിമകള്‍ക്ക്
അവന്‍
നല്‍കില്ല.

എന്‍റെ സഹോദരാ,
ശിഷ്ടകാലം കശ്ഫിന്‍റ ഉടമയായ ഒരു വലിയ്യിന്‍റെ തണലിലും സഹവാസത്തിലുമായി നീ കഴിഞ്ഞുകൂടൂ. അല്ലാഹുവിലേക്കു നിന്നെ നയിക്കുന്ന ദീനീ മാര്‍ഗത്തിലുള്ള ഒരു കൂട്ടുകാരനെ നീ തെരെഞ്ഞെടുക്കുകയും ചെയ്യൂ. ഒരു മാര്‍ഗദര്‍ശിയില്ലാതെ ഈ വഴി സഞ്ചാരം അസാധ്യമാണെന്ന് ഉറപ്പായും നീ മനസ്സിലാക്കൂ.
ചോദ്യം:
ഒരു മാര്‍ഗദര്‍ശിയെയോ ഒരു ഉത്തമ കൂട്ടുകാരനെയോ എനിക്ക് ലഭിക്കുന്നില്ലെങ്കില്‍ ഞാനെന്ത് ചെയ്യണം?
ഉത്തരം:
നീ നിന്റെ ശരീരത്തിന് എതിര് പ്രവര്‍ത്തിക്കൂ. സ്വശരീരത്തോടുള്ള പ്രണയത്തില്‍ നിന്നും നീ മോചിതനാവണം. ഒരിക്കലും അതിനെ തന്റെ മിത്രമാക്കരുത്. കാരണം നിന്റെ ശരീരമാണ് ആയുസ്സിനെ നശിപ്പിച്ചത്. നിന്റെ സ്വാദ്ദേശ്യങ്ങളെ തകര്‍ത്തുകളഞ്ഞത്, അന്ത്യദിനത്തിന്റെ ഭീകരതകളുടെ വിചാരങ്ങളില്‍ നിന്നും നിന്നെ അശ്രദ്ധമാക്കിയത്, ദുന്‍യാവിനെ നിന്നിലേക്ക് അടുപ്പിച്ചതും ആഖിറത്തെ അകറ്റിയതും. ആ ശരീരം തന്നെയാണ് നിന്റെ മതബോധത്തെ തകര്‍ത്തുകളഞ്ഞത്. മഹാ കഷ്ടം തന്നെ, എന്നിട്ടും നീ അതിനെ വല്ലാതെ സ്നേഹിക്കുന്നു, ദിനംപ്രതി ആ സൗഹൃദം വര്‍ദ്ധിച്ചുവരുന്നു!!
വലിയ അപകടത്തില്‍ നിന്നും നിനക്ക് മോചനം ലഭിക്കണമെങ്കില്‍ നീ നിന്റെ ശരീരത്തെ നിന്റെയും വിശുദ്ധ ദീനിന്റെയും ശത്രുവാക്കി മനസ്സിലാക്കൂ. മറ്റുള്ളവരോട് സ്വയം മേനി പറയരുത്. മലക്കുകള്‍ക്ക് അത് ഇഷ്ടമില്ല.

കവി പറഞ്ഞു.

മരണമുഖത്തും
ഹബീബിനോടുള്ള
പ്രണയം
ഖല്‍ബില്‍
ബാക്കിയുണ്ടായിരുന്നു.
ഞാന്‍ ചോദിച്ചു: നിന്നെ വരിക്കാന്‍ എനിക്ക് കഴിയില്ലേ?
അവന്‍ പറഞ്ഞു:
നിന്നില്‍ നിന്നും നീ
പുറത്ത് വരൂ.
ഫനാ പ്രാപിക്കൂ.
അന്നേരം ഞാന്‍ മാത്രമേ ബാക്കിയാവൂ.
എപ്പോഴെങ്കിലും നിന്‍റ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാവാന്‍ ഒരു നാലു റക്അത് നീ നിസ്കരിക്കൂ. വെള്ളിയാഴ്ച്ചയാണ് അഭികാമ്യം. ഒന്നാം റക്അതില്‍ ഫാതിഹക്ക് ശേഷം 100 പ്രാവശ്യം 
لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ  فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ (سورة الأنبياء (٧٨,٧٧) എന്ന ആയത് ഓതുക. രണ്ടാം റക്അതില്‍ ഫാതിഹക്ക് ശേഷം  أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ (83 سورة الأنبياء ) എന്ന ആയത്ത് 100 പ്രാവശ്യം ഓതുക. മൂന്നാം റക്അതിലും നാലാം റക്അഅതിലും ഫിതിഹകള്‍ക്ക് ശേഷം യാഥാക്രമം  وَأُفَوِّضُ أَمْرِي إِلَى اللَّهِ ۚ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ (44 سورة غافر)എന്ന വചനവും  حسبي الله نعم الوكيل نعم المولى ونعم النصير എന്ന വചനവും 100 പ്രവാശ്യം ഓതുക. സലാം വീട്ടിയ ശേഷം أَنِّي مَغْلُوبٌ فَانتَصِرْ (10 قمر) എന്ന വചനം 100 പ്രാവശ്യം ചൊല്ലുക. ഈ നിസ്കാരത്തെ നീ വളരെ ഗൗരവത്തിലെടുക്കണം.  കാരണം ഇതില്‍ വലിയനേട്ടമുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter