കര്‍ണാടക: ഹിജാബ് നിരോധം മൗലികാവകാശ ലംഘനമായി മാറുന്നത്

കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ ഗേള്‍സ് യൂണിവേഴ്‌സിറ്റി കോളേജിലെ  ആറ് മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഇക്കഴിഞ്ഞ മൂന്നാഴ്ചയായി  പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ശിരോവസ്ത്രം സ്ഥാപനത്തിന്റെ ഡ്രസ്‌കോഡ് ലംഘനമാണെന്നാണ് കോളേജിന്റെ വാദം. ക്ലാസില്‍ പ്രവേശിക്കണമെങ്കില്‍ ഹിജാബ് ധരിക്കുന്നത് ഒഴിവാക്കാനാണ് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

ഈ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് ഭരണ ഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ഹനിക്കലാണ് എന്നത് തന്നെ കാരണം.
ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരുവ്യക്തിക്ക് അവരുടെ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന പരിരക്ഷയുടെ പരിധിയില്‍ വരുമെന്ന് മുന്‍കാലങ്ങളില്‍ കോടതികള്‍ തന്നെ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.
സമാനവിഷയങ്ങളില്‍ കോടതികള്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കാം.

മതാചാരങ്ങളുടെ പരിശോധന

ഭരണഘടനയുടെ ആര്‍ട്ടിക്ള്‍ 25(1) 'മനസ്സാക്ഷിയുടെ സ്വാതന്ത്ര്യവും മതം സ്വീകരിക്കാനും പ്രചരിക്കാനുമുള്ള സ്വാതന്ത്ര്യവും' ഉറപ്പുനല്‍കുന്നു. 
എന്നിരുന്നാലും, എല്ലാ മൗലികാവകാശങ്ങളെയും പോലെ ഇത് കേവലമല്ല. പൊതുക്രമം, ധാര്‍മികത, ആരോഗ്യം, ഭരണഘടനയിലെ മൗലികാവകാശധ്യായത്തിലെ മറ്റു വ്യവസ്ഥകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് ഇത് നിയന്ത്രിക്കാന്‍ കഴിയുകയും ചെയ്യും.  
സുപ്രീംകോടതി വര്‍ഷങ്ങളായി ഭരണഘടന' അത്യാവശ്യമായ മതപരമായ ആചാരങ്ങള്‍ മാത്രമേ സംരക്ഷിക്കൂ' എന്ന് പറഞ്ഞിട്ടുണ്ട്. കോടതികള്‍ മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലും വിദഗ്ധരുമായി കൂടിയാലോചിച്ചുമാണ് ഒരു ആചാരം മതത്തിന്റെ അവിഭാജ്യ ഘടകമാണോ എന്ന് നിര്‍ണയിക്കുന്നത്. അതിനാല്‍ ഭരണഘടനപരമായ സംരക്ഷണം ആവശ്യമാണ്. 

ഹിജാബ് ഇസ്‌ലാമിന് അനിവാര്യമാണോ

വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് സമാനമായ കേസുകള്‍ കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഇതിനകം വന്നിട്ടുണ്ട്. ഇവ രണ്ടും അഖിലേന്ത്യ പ്രീ-മെഡിക്കല്‍ എന്‍ട്രസ് ടെസ്റ്റിന്റെ കോഡുമായി ബന്ധപ്പെട്ടതാണ്. വിദ്യാര്‍ത്ഥികള്‍ പഠന സാമഗ്രികളോ (സ്റ്റഡി മെറ്റീരിയില്‍സ്) മറ്റോ ഒളിപ്പിച്ചുവെക്കുന്നതും പരീക്ഷകളില്‍ കൃത്രിമം നടത്തുന്നതും തടയുന്നതിനാണ് നിശ്ചിത വസ്ത്രങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനര്‍ത്ഥം മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബുകളോ ഫുള്‍സ്ലീവ് വസ്ത്രങ്ങളോ ധരിക്കാന്‍ കഴിയില്ല എന്നതാണ്. 

ഇതിന് മറുപടിയായി 2015 ലും 2016 ലുംവിദ്യാര്‍ത്ഥികള്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ടുതവണയും വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.
2016 ല്‍ കേരള ഹൈക്കോടതി ഒരു  മുസ്‌ലിം  സ്ത്രീയയുടെ വിശ്വാസത്തിന് ഹിജാബും ഫുള്‍സ്ലീവും അത്യാവശ്യമാണോ എന്ന് മനസ്സിലാക്കാന്‍ ഖുര്‍ആനും ഹദീസും പരിശോധിച്ചു. ഈ ഗ്രന്ഥങ്ങളില്‍  തലമറക്കുന്നതും ഫുള്‍സ്ലീവും മതപരമായ കടമയാണെന്ന് അനുശാസിക്കുന്നു. മാത്രവുമല്ല, ശരീരം തുറന്നുകാട്ടുന്നത് മതപരമായ നിയമലംഘനവും മതം നിരോധിച്ചതുമാണെന്ന് ചൂണ്ടിക്കാട്ടുന്നു. അങ്ങനെയാണ് ഇത് ഇസ്‌ലാം മതത്തിന്റെ ആവശ്യഘടകമായി മറുന്നത്.

ഇത്തരത്തിലുള്ള വസ്ത്രധാരണം പൊതുക്രമത്തിനോ ധാര്‍മികതക്കോ ആരോഗ്യത്തിനോ ഒന്നും കോട്ടം വരുത്തുന്നില്ലെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മറ്റു മൗലികാവകാശങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഈ രീതിയിലുള്ള വസ്ത്രധാരണത്തിലും കബളിപ്പിക്കാനുള്ള സാധ്യത എന്ന നിയമരപരമായ ആശങ്കകള്‍ ഉണ്ടാകുമെന്നതിനാല്‍ ഒരു വനിതാ ഇന്‍വിജിലേറ്റര്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ പരിശോധിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത് സുഗമമായി നടത്തുന്നതിനായി പരീക്ഷയുടെ നിശ്ചിത സമയത്തിന്റെ അരമണിക്കൂര്‍മുമ്പ് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2015 ല്‍ കേരള ഹൈക്കോടതി സമാനമായ കേസ് പരിഗണിക്കുകയും അതേ നിഗമനത്തില്‍ എത്തുകയും ചെയ്തു. ഇന്ത്യയെ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത്, 'ഒരു പത്യേക ഡ്രസ്‌കോഡ് പിന്തുടരണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും അത് പാലിക്കാത്തത് കൊണ്ട് മാത്രം ഒരു വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കാന്‍ കഴിയില്ല' എന്നുമാണ് കോടതി നിരീക്ഷിച്ചത്.

സുപ്രീംകോടതിയുടെ വ്യത്യസ്ത കാഴ്ചപ്പാട്

അതേ വര്‍ഷം എ.ഐ.പി.എം.ടി പരീക്ഷക്ക് സമാനമായ ഒരു കേസ് തീര്‍പ്പാക്കുമ്പോള്‍ ഇത് ഒരു  ചെറിയ പ്രശ്നമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി പറയുകയുണ്ടായി. ശിരോവസ്ത്രം ധരിക്കല്‍ തങ്ങളുടെ മതത്തിന്റെ നിര്‍ബന്ധ നിയമമാണെന്ന് ഹരജിക്കാരന്‍ വാദിച്ചപ്പോള്‍ കോടതിയുടെ പ്രതികരണം 'നിങ്ങള്‍ ആ ദിവസം പരീക്ഷക്കിരിക്കുകയാണെങ്കില്‍ അത് ധരിക്കരുതെന്ന് നിങ്ങളോട് ആവശ്യപ്പടുന്നു, ശിരോവസ്ത്രമില്ലാതെ പരീക്ഷ എഴുതിയാല്‍ നിങ്ങളടെ വിശ്വാസം ഇല്ലാതാകില്ല'. എന്നായിരുന്നു. 'വിശ്വാസം എന്നാല്‍ എന്തെങ്കിലും വസ്ത്രം ധരിക്കുന്നതില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും' കോടതി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതോടെ, പരാതിക്കാരന് ഹര്‍ജി പിന്‍വലിക്കേണ്ടി വന്നു എന്നതായിരുന്നു കഥാന്ത്യം.

എന്നാല്‍ ഇത് വാക്കാലുള്ള നിരീക്ഷണം മാത്രമാണെന്നും കോടതി ഇക്കാര്യത്തില്‍ വിധി പ്രസ്താവിച്ചിട്ടില്ലെന്നും സുപ്രീംകോടതില്‍ കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സജ്ഞയ് ഹെഗ്‌ഡെ വ്യക്തമാക്കി. ഈ കേസ് പരീക്ഷയുടെ പശ്ചാത്തലത്തിലായതിനാല്‍ സുപ്രീംകോടതിയുടെ നിരീക്ഷണം പി.യു കോളേജിലെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് വേര്‍തിരിക്കണമെന്ന് അദ്ധേഹം ഊന്നിപ്പറഞ്ഞു. 

കൊല്‍ക്കത്തയിലെ പശ്ചിമ ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സിലെ നിയമ പ്രൊഫസറായ വിജയ് കിഷോര്‍ തിവാരി വിശദീകരിക്കുന്നത്,  സുപ്രീംകോടതിയുടെ അഭിപ്രായങ്ങള്‍ക്ക് നിയമത്തില്‍ വലിയ പ്രാധാന്യമില്ലെന്നാണ്. 'കൃത്യമായി വാദം കേള്‍ക്കാതെ സുപ്രീംകോടതിക്ക് ഇതിനെ കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമില്ലെ'ന്നാണ് തിവാരിയുടെ പക്ഷം. 'ഒരു വ്യക്തി തന്റെ മതം അനുശാസിക്കുന്ന ഒരു പ്രത്യേകതരം വസ്ത്രം ധരിക്കണമെന്ന് കരുതുന്നുവെങ്കില്‍, ഭരണഘടന അയാള്‍ക്ക് ഉറപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ തന്നെയാണ് അത് വരുക. അത് ധരിക്കാന്‍ അനുവദിക്കണമെന്നത് ജനാധിപത്യ സാമൂഹിക കരാറിന്റെ ഭാഗമാണെന്നും ആരോഗ്യവും പൊതുനയവും ഒന്നും ഇവിടെ ലംഘിക്കപ്പെടുന്നില്ല, തിവാരി പറയുന്നു.

പരീക്ഷണം

അത്യാവശ്യമായ ഒരു മാതാനുഷ്ഠാനം എന്താണെന്ന് നിര്‍ണയിക്കുന്നത് സന്ദര്‍ഭോചിതമായിട്ടാണ്. ഇവിടെ വ്യക്തമായ മര്‍ഗനിര്‍ദേശങ്ങളൊന്നുമുണ്ടാവാറില്ല. 
2016 ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ താടിവയ്ക്കാന്‍ ആഗ്രഹിച്ച ഒരു മുസ്‌ലിം യുവാവിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയുണ്ടായി. സായുധ സേനാംഗങ്ങള്‍ക്ക് (ആംഡ് ഫോഴ്‌സ്) മുടിമുറിക്കാനോ ഷേവ് ചെയ്യാനോ അവരുടെ മതം വിലക്കുകയാണെങ്കിലല്ലാതെ മുഖത്ത് രോമങ്ങള്‍ വെക്കാന്‍ അനുവാദമില്ലെന്നാണ് സര്‍വീസ് നിയമങ്ങള്‍ പറയുന്നത്. തലമുടി വെട്ടുന്നതും മുഖത്തെ രോമം ഷേവ് ചെയ്യുന്നതും ഇസ്‌ലാം വിലക്കുന്നുണ്ടോയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദിനോട് വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു. ഈ വിഷയത്തില്‍ വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടെന്നും അതിലൊന്ന് താടിവെയ്ക്കുന്നത് അഭിലഷണീയമാണെന്നും ആണ് അന്ന് ഖുര്‍ഷിദ് പറഞ്ഞത്. 

തന്റെ മതം ഷേവ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്ന് കാണിക്കാന്‍ ഒരു തെളിവും വാദക്കാരന്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് കോടതി ആ കേസ് ക്ലോസ് ചെയ്തു. അതിനുപുറമെ, സായുധ സേനക്ക് ഒഴിച്ചുകൂടാനാവാത്ത ഏകരൂപവും കെട്ടുറപ്പും അച്ചടക്കവും ക്രമവും ഉറപ്പാക്കാലാണ് ഈ നിയന്ത്രണത്തിന്റെ ലക്ഷ്യമെന്നും കോടതി നിരീക്ഷിച്ചു.


സ്‌കൂളുകളില്‍ മതം

മതപരമായ ആചാരങ്ങള്‍ പാലിച്ചതിന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ കേസുകളും കോടതികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1985 ല്‍ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിന് ക്രിസ്ത്യാനികളിലെ യഹോവ വിഭാഗത്തില്‍പെട്ട മൂന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇത് തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്ന് അവര്‍ വാദിക്കുകയുണ്ടായി. 
ദൈവത്തോട് പ്രാര്‍ത്ഥിക്കുകയല്ലാതെ ഒരു ആചാരവും പിന്തുടരാന്‍ തങ്ങളുടെ വിശ്വാസം അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വാദിച്ചു. എങ്കിലും ദേശീയ ഗാനത്തോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ അവര്‍ എഴുന്നേറ്റു നില്‍ക്കുകയും ചെയ്തു. 

പുറത്താക്കല്‍ വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മതം ആചരിക്കാനുള്ള അവകാശത്തെയും ഹനിക്കുന്നതാണെന്ന് സുപ്രീംകോടതി വിലയിരുത്തി. യഹോവക്കാരുടെ വിശ്വാസങ്ങള്‍ അസാധാരണമായതാണെങ്കിലും 'അവരുടെ വിശ്വാസങ്ങളുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാനാകുന്നതല്ല' എന്നും കോടതി അഭിപ്രായപ്പെട്ടു. ദേശീയഗാനം നിര്‍ബന്ധമാക്കുന്ന നിയമമില്ലെന്നും കോടതി പറഞ്ഞു. എല്ലാ ഇന്ത്യന്‍ പൗരന്മാരും ദേശീയഗാനത്തെ ബഹുമാനിക്കണമെന്ന് ഭരണഘടനയില്‍ പരാമര്‍ശിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അതിന് വേണ്ടി എഴുന്നേറ്റ് നിന്ന് അതു ചെയ്തിട്ടുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 


മതേതരത്വത്തിന്റെ ഫ്രഞ്ച്-ഇന്ത്യന്‍ മോഡല്‍

പൊതുസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് മറ്റുരാജ്യങ്ങളില്‍ പ്രത്യേകിച്ച് ഫ്രാന്‍സില്‍ തര്‍ക്കവിഷയമാണ്. കാരണം പൊതുജീവിതത്തില്‍ നിന്ന് മതത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന മതേതരത്വത്തിന്റെ കര്‍ശനമായ മാതൃകയാണ് ഫ്രാന്‍സ് പിന്തുടരുന്നത്. 2004 ല്‍ ഹിജാബ് ഉള്‍പ്പെടെയുള്ള പ്രമുഖ മതചിഹ്നങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് നിരോധിച്ചു. 2011ല്‍ പൊതു ഇടങ്ങളില്‍ മുസ്‍ലിം സ്ത്രീകള്‍ക്ക് ബുര്‍ഖ നിരോധിച്ചു.

അതേസമയം മതേതരത്വത്തിന്റെ ഇന്ത്യന്‍ മാതൃക വ്യത്യസ്തമാണ്. പൊതുഇടങ്ങളില്‍ നിന്ന് മതത്തെ തുടച്ചുനീക്കുന്നതിന് പകരം എല്ലാവിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കാന്‍ ശ്രമിക്കുന്നതാണത്.
അതിനാല്‍ ഹിജാബ് നിരോധിക്കാനുള്ള പി.യു കോളേജിന്റെ നീക്കം, മറ്റ് മതചിഹ്നങ്ങള്‍ സമാനമായി നിരോധിച്ചിട്ടില്ലെന്നതിനാല്‍ ഇന്ത്യന്‍ നിയമപ്രകാരം ഒരിക്കലും ന്യായീകരിക്കാനാവില്ല. 

ബിന്ദി, വള തുടങ്ങിയ ഇതര മതാചാരങ്ങളെല്ലാം പാലിക്കാന്‍ അനുവാദമുണ്ടെന്ന് പിയു കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു. അതിനാല്‍ ഹിജാബ് അനുവദിക്കാത്തത് മുസ്‍ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ല വിവേചനമാണെന്നാണ് അവരും പറയുന്നത്.
സിഖ് പത്ക (സിഖ് തലപ്പാവ്), മംഗള്‍സൂത്ര, വിശുദ്ധ കുരിശ് പോലെയുള്ള മറ്റു മതപരമായ വസ്തുക്കള്‍ക്ക് ഈ നിരോധനം വരുന്നത് സങ്കല്‍പിക്കാന്‍ പോലും കഴിയുന്നില്ല. പ്രത്യേകിച്ച് ഒരു പൊതുവിദ്യാലയത്തില്‍, എങ്ങനെ ഇത് തുടരാന്‍ കഴിയുന്നു എനിക്ക് മനസ്സിലാവുന്നില്ല.' ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂളിലെ നിയമ പ്രൊഫസറായ അനുജ് ഭുവാനിയ പറഞ്ഞതാണ് ഈ വാക്കുകള്‍. 
അദ്ദേഹം തുടര്‍ന്ന് പറഞ്ഞു, 'ഇത് ഫ്രാന്‍സ് അല്ല. ഇത് ഇന്ത്യയാണ്'. അത് തന്നെയാണ് അധികാരികളോടും ഈ നിരോധനത്തെ പിന്തുണക്കുന്ന മുഴുവന്‍ ആളുകളോടും നമുക്കും പറയാനുള്ളത്. ഇത് ഇന്ത്യയാണ്. നമുക്ക് ഒന്ന് കൂടി കൂട്ടിച്ചേര്‍ക്കാം, ഈ വൈവിധ്യങ്ങളെയെല്ലാം അനുവദിക്കുന്നതാണ് യഥാര്‍ത്ഥ ഇന്ത്യ. അത് ഉള്‍ക്കൊള്ളാന്‍ മാത്രം മനസ്സിന് വിശാലതയില്ലാത്തവര്‍ ഇന്ത്യയില്‍ ജനിക്കേണ്ടവരോ ജീവിക്കേണ്ടവരോ അല്ല.

(വിവര്‍ത്തനം : അബ്ദുല്‍ ഹഖ് മുളയങ്കാവ്

കടപ്പാട്: Scroll.in)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter