ഇബ്നുമാജിദ് ഗാമക്ക് വഴികാണിച്ചെന്ന് നിങ്ങള്‍ മലയാളികള്‍ക്കുമിനി പറയാനാകില്ല
പുസ്തകത്തിന്‍റെ കവര്‍ ചിത്രം[/caption]
നിങ്ങള്‍ വിശ്വസിച്ചുവെച്ചിരിക്കുന്നൊരു കാര്യം ഒരു സുപ്രഭാതത്തില്‍ ഒരാള്‍ വന്ന് തിരുത്തിപ്പറഞ്ഞാല്‍ എങ്ങനെയിരിക്കും? അതും കേവലം വിശ്വസിക്കുന്നതിനപ്പുറം നിരന്തരം എഴുതിക്കൊണ്ടിരിക്കുകയും പ്രസംഗിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നൊരു ചരിത്ര സത്യമാണെങ്കില്‍..! ചരിത്രമായും വിശ്വാസമായും മിത്തുകളായും നിരവധി കെട്ടുകഥകള്‍ നമ്മുടെയെല്ലാം മുഖ്യധാരകളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്, നൂറുവട്ടം സത്യമാണെന്ന തലയെടുപ്പോടെ തന്നെ.
എന്നാല്‍, ഷാര്‍ജയിലെ ഭരണാധികാരിയായ ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി നാം മലയാളികളോരോരുത്തന്റെയും ചരിത്രാവബോധത്തിന്റെ തലമണ്ടക്കിട്ട് രണ്ട് കൊട്ടിയിരിക്കുകയാണ് സത്യത്തില്‍ ചെയ്തിരിക്കുന്നത്. സ്വന്തം ചരിത്രത്തെ കുറിച്ച് നാമോരോരുത്തരും ധരിച്ചുവെക്കുകയും പ്രചാരണമേറ്റെടുക്കുകയും ചെയ്ത മഹാ അബദ്ധം തിരുത്തിയെഴുതി സുല്‍ത്താന്‍ ചരിത്രദൗത്യം നിറവേറ്റിരിക്കുകയാണ്. അതോടൊപ്പം, നാമൊക്കെ അറബി ഷൈഖുമാരെ കുറിച്ചു ധരിച്ചുവെച്ചിരിക്കുന്ന പെട്രോള്‍ധാരണകളെ തിരുത്തുക കൂടി ചെയ്തിരിക്കുന്നു അദ്ദേഹം.
വിശ്രുതനായ അറബ് നാവികന്‍ ഇബ്‌നു മാജിദ് വാസ്‌കോഡ ഗാമക്ക് വഴികാണിച്ചിട്ടില്ല എന്നുതന്നെയാണ് സുല്‍ത്താന്‍ വിസ്തരിച്ചിരിക്കുന്നത്. വെറുതെ കെട്ടുകഥകളെ കൂട്ടുപിടിച്ചോ ഭാവനകള്‍ സൃഷ്ടിച്ചോ ആയിരുന്നില്ല അത്. ചരിത്രം അതിന്റെ അടരുകളില്‍നിന്ന് പൊക്കിയെടുക്കുകയെന്ന ചരിത്രകാരന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് ഭാഷയില്‍ ഗാമ എഴുതിയ ഡയറിക്കുറിപ്പുകളുടെ വ്യക്തമായ പിന്‍ബലത്തിലാണ് അദ്ദേഹം തന്റെ വാദങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. കുറിപ്പുകളില്‍ ഗുജറാത്തുകാരനായ ഒരു ക്രൈസ്തവ സഹായിയെ തങ്ങള്‍ക്ക് ലഭിച്ചതിലുള്ള സന്തോഷം ഗാമ രേഖപ്പെടുത്തിയിട്ടുണ്ട്.
ചരിത്രം എങ്ങനെ അപനിര്‍മിക്കപ്പെടുകയും സാമ്രാജ്യത്വം താല്‍പര്യപ്പെടുന്നവരെയൊക്കെ ചരിത്രത്തില്‍ വില്ലന്‍വല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ വളരെ പഴക്കം ചെന്നൊരു ഉദാഹരണം മാത്രമാണ് ഇബ്‌നു മാജിദ്. ചരിത്രത്തില്‍ വേറെയുമൊരുപടി ഉദാഹരണങ്ങള്‍ കാണാനാകും. ഔറംഗസേബും ടിപ്പുവുമൊക്കെ പോലെ. പടിഞ്ഞാറിലും കിഴക്കിലും എന്തിനേറെ നമ്മുടെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരെ പഠിപ്പിക്കപ്പെടുന്നത്, 1498ല്‍ പോര്‍ച്ചുഗലില്‍നിന്ന് ലോകപര്യടത്തിനിറങ്ങിയ വാസ്‌കോഡ ഗാമ കിഴക്കാനാഫ്രിക്കയില്‍ചെന്ന് വഴിമുട്ടിയപ്പോള്‍ ഇബ്‌നു മാജിദ് ചെന്ന് കോഴിക്കോട്ടേക്ക് വഴികാണിക്കുകയായിരുന്നുവെന്നാണ്.
ചരിത്രപണ്ഡിതന്‍ കൂടായ ശൈഖ് സുല്‍ത്താന്‍ ഷാര്‍ജാ സര്‍വകലാശാലയില്‍ ആധുനിക അറേബ്യന്‍ ഗള്‍ഫിന്റെ ചരിത്രത്തെ കുറിച്ച് ചരിത്രവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്ന വേളയിലാണ്, അക്കാദമിക ചരിത്ര മേഖലിയില്‍ ഇബ്‌നു മാജിദിനെ കുറിച്ചുള്ള അപപ്രചരണത്തിന്റെ ആഴം മനസ്സിലാക്കുന്നത്. ഇബ്‌നു മാജിദല്ല, ഗുജറാത്തിയായ ഒരു ക്രൈസ്തവനായിരുന്നു ഗാമയുടെ വഴികാട്ടിയെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചത് തന്‍രെ സര്‍വകലാശാലയിലെ അറബികളായ ചരിത്രാധ്യപകര്‍ പോലും തള്ളിക്കളയുകയായിരുന്നു. ഗള്‍ഫു മേഖലയിലെ സ്‌കൂളുകളിലും ചരിത്രപരമായ ഈ സ്ഖലിതം അപ്പടി പഠിപ്പിക്കപ്പെടുന്നത് കണ്ടതോടെയാണ് തദ്വിഷയകമായി ഒരു പുസ്തകം തന്നെ തയ്യാറാക്കാന്‍ അദ്ദേഹം മുതിര്‍ന്നത്.
നേരത്തെ ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, ഇരുപത്തൊന്‍പതോളം ചരിത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഓറിയന്റലിസ്റ്റു ചരിത്രകാരന്മാര്‍ അറേബ്യന്‍ കടല്‍ കൊള്ളക്കാരുടെ പേരിലെഴുതിയ കള്ളക്കഥകള്‍ പ്രാമാണികമായി പൊളിച്ചെഴുതിയ അദ്ദേഹത്തിന്റെ ഡോക്ടറല്‍ തീസിസ്, ദ മിത്ത് ഓഫ് അറബ് പൈറസി ഇന്‍ദ ഗള്‍ഫ് തന്നെ അദ്ദേഹത്തിന്റെ അപാരമായ ചരിത്ര പ്രതിബദ്ധതയുടെയും ജ്ഞാനപരമായ ചങ്കൂറ്റത്തിന്റെയും നേര്‍സാക്ഷ്യമാണ്.
മലയാളികളുടെ ചരിത്രപരമായ അബദ്ധധാരണയെ തിരുത്തുന്ന ഈ ചെറുപുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് അധ്യാപകനായ അബ്ദുറഹ്മാന്‍ ആദൃശ്ശേരിയാണ്. അറബി മൂലവും ഗാമയുടെ കൈപടയോടെ തന്നെയുള്ള കുറിപ്പുകളുടെ പ്രതിയും പുസ്തകത്തിന്റെ പ്രസക്തിയും മൂല്യവും വര്‍ദ്ധിപ്പിക്കുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള അദര്‍ബുക്‌സ് ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ വളരെ പ്രധാനമായ വൈജ്ഞാനിക ദൗത്യവും അക്കാദമിക സേവനവുമാണ് മലയാളികളോട് ചെയ്തിരിക്കുന്നത്. ഇബ്‌നു മാജിദ് ഗാമക്ക് വഴികാട്ടിയെന്ന് നിങ്ങള്‍ മലയാളികളും ഇനിയെങ്ങനെ പറയും !?
[caption id="attachment_37958" align="aligncenter" width="300"]
ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി[/caption]



Leave A Comment