ഇഹ്‌യാഉലൂമിദ്ദീന്‍ എന്റെ വായനയില്‍

ihya'വിജ്ഞാന സഞ്ജീവനം' എന്നു പരിഭാഷപ്പെടുത്താവുന്ന ഇമാം ഗസ്സാലി(റ)യുടെ ഇഹ്‌യാഉലൂമിദ്ദീന്‍ ഞാനാദ്യമായി കാണുന്നത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, മഅ്ദിനുല്‍ ഉലൂം ദര്‍സില്‍ ഒരു ചെറുവിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. അന്നതിന്റെ ഉള്ളടക്കത്തിലേക്ക് ഒന്നെത്തിനോക്കാനോ പുറം ചട്ടയില്‍ തൊട്ടുനോക്കാനോ പോലും യോഗ്യനല്ലായിരുന്നു ഞാനെങ്കിലും ആ പേരിനു നേരെ വല്ലാത്തൊരു കൗതുകത്തോടും വൈകാരികതയോടും കൂടിയാണ് ഞാന്‍ നോക്കിയത്. അതിന് മതിയായ പശ്ചാത്തലമൊരുക്കിയ ഒരു സംഭവുമുണ്ടായി എന്റെ ജീവിതത്തില്‍. ഞാന്‍ എന്റെ നാടായ കര്‍ക്കിടാംകുന്നിലെ മദ്രസയില്‍ നാലിലോ അഞ്ചിലോ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഒരു ദിവസം മദ്രസ വിട്ട് വീട്ടിലേക്ക് തിരിക്കുമ്പോള്‍ നിരത്തിനരികില്‍ നിന്നു കൊണ്ട് ഒരു വയോധികന്‍ പ്രസംഗിക്കുന്നത് കാണാനിടയായി. രൂപത്തിലും ഭാവത്തിലും ഒരു ഭ്രാന്തനെപ്പോലെ തോന്നിച്ചിരുന്നതിനാലായിരിക്കാം അയാളെയോ അയാളുടെ പ്രസംഗത്തെയൊ ആരും ഗൗനിക്കാതിരിക്കുകയാണെന്ന് എനിക്കു തോന്നി. പക്ഷേ ചെറുപ്പമായിരുന്നുവെങ്കിലും ഒരതീന്ദ്രിയ പ്രേരണ എന്നെ അയാള്‍ക്കുനേരെ തിരിച്ചു നിര്‍ത്തുന്ന ഒരനുഭവമാണ് എനിക്കുണ്ടായത്. പ്രസംഗത്തിനിടയില്‍ ആ വയോധികന്റെ വായില്‍ നിന്ന് ഉതിര്‍ന്നു വീണ ഏതാനും പദ്യം ഇങ്ങനെ: ആഖിര്‍ സമാനില്‍ ചില കൂട്ടര്‍ വരുന്നവരാം അവരോടടുക്കുകയോ കൂട്ടത്തില്‍ കൂടുകയോ ചെയ്യരുതെന്ന് റസൂ ലുല്ലാഹി ഖദ് അമറാ ഗസ്സാലിമാമവരാ ലുണ്ടാക്കിയ ഇഹ്‌യ അതിനെപ്പഠിച്ചിടുവിന്‍ മുറുകെപ്പിടിച്ചിടുവിന്‍ ആ വയോധികന്‍ ആരെന്നോ എന്തിനാണവിടെ വന്നിരുന്നതെന്നോ ഒന്നും തന്നെ എനിക്കറിയില്ല. പക്ഷേ മുകളില്‍ കൊടുത്ത പദ്യവരികള്‍ എന്റെ ഇളം മനസ്സില്‍ തല്‍ക്ഷണം പതിഞ്ഞു കിടന്നു. അങ്ങനെ ഏതാനും വര്‍ഷം കഴിഞ്ഞ് ഇഹ്‌യാഉലൂമിദ്ദീന്‍ ആദ്യമായി കണ്ണില്‍പെട്ടപ്പോള്‍ അതിന്റെ പുറംചട്ടയിലേക്ക് സകൗതുകം നോക്കുകയായിരുന്നു ഞാന്‍. പിന്നീട് ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ അധ്യയനാര്‍ഥം ചേര്‍ന്ന് മാസങ്ങള്‍ അവിടെ കഴിഞ്ഞതിനിടയില്‍ ലൈബ്രറിയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പൊടിയും പൂപ്പലും പിടിച്ചു കിടക്കുകയായിരുന്ന ഇഹ്‌യയുടെ വാള്യങ്ങള്‍ ഓരോന്നായെടുത്ത് വായിക്കുന്നതിന് ഞാന്‍ അവസരമുണ്ടാക്കി. ഇഹ്‌യ പോലുള്ള ഒരു ഗ്രന്ഥം സ്വയം വായിച്ചു മനസ്സിലാക്കാന്‍ സാധിക്കും വിധത്തിലുള്ള വൈജ്ഞാനികവളര്‍ച്ചയോ ഭാഷാപാണ്ഡിത്യമോ ആര്‍ജിച്ചുകഴിഞ്ഞിരുന്നില്ലെങ്കിലും നിഘണ്ടുവിന്റെ സഹായത്തോടും ദര്‍സിലോതി ശാന്തപുരത്തേക്ക് വഴിവിട്ടെത്തിയ അധ്യാപകരോട് ചോദിച്ചറിഞ്ഞും കുറച്ചു ഭാഗങ്ങളെല്ലാം മനസ്സിലാക്കി. അപ്പോഴേക്കും് അകാലത്തില്‍ അധ്യയനം അവസാനിപ്പിച്ച് അവിടം വിടേണ്ടി വന്നു എനിക്ക്. പില്‍ക്കാലത്ത് ഇംഗ്ലീഷ് പരിഭാഷയിലൂടെയാണ് ഗ്രന്ഥം മുഴുവനായി എനിക്ക് വായിക്കാനായത്. ഈയടുത്താണ് സഊദി അറേബ്യയില്‍ നിന്നൊരു സുഹൃത്ത് മുഖേന ഇഹ്‌യയുടെ അറബി മൂലം അഞ്ചുവാല്യത്തിലായി കിട്ടിയതും സ്വന്തമാക്കാനായതും മുഴുവന്‍ ഭാഗവും ഒന്നും വിടാതെ നോക്കിത്തീര്‍ത്തതും. ക്രി.വ. 1059നും 1111നുമിടയ്ക്കാണ് ഇമാം ഗസ്സാലി ജീവിച്ചതെങ്കിലും ഹൃദ്യവും സരളവുമായ ഇഹ്‌യാഉലൂമിദ്ദീന്റെ ഭാഷ നിത്യനൂതനമായിട്ടാണ് വായനക്കാര്‍ക്ക് അനുഭവപ്പെടുക. അതേസമയം ദാര്‍ശനിക ഗഹനതയും അര്‍ഥഗരിമയും എമ്പാടും അതുള്‍ക്കൊള്ളുന്നുമുണ്ട്. ഭാഷയുടെ കാര്യത്തിലെന്ന പോലെ ആശയങ്ങളിലും ഇഹ്‌യ നിത്യനൂതനം തന്നെ. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ മുഴുവന്‍ അധ്യാപനങ്ങളും  വിവിധ അധ്യായങ്ങളിലായി വ്യവസ്ഥാപിതമായ നിലയില്‍ സ്ഥലം പിടിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെ പറ്റി പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് അതിനു കിടപിടിക്കുന്ന ഒരു ഗ്രന്ഥം വേറെയില്ലെന്നാണ്. ലോകത്തിലെ സര്‍വവിജ്ഞാനങ്ങളും നശിപ്പിക്കപ്പെടുകയാണെങ്കില്‍ പോലും ഇഹ്‌യാഉലൂമിദ്ദീനിലൂടെ അവയെ പുനുജ്ജീവിപ്പിക്കാമെന്നു വരെ  പറഞ്ഞിട്ടുള്ളവരുണ്ട് കൂട്ടത്തില്‍. ദര്‍ശനചരിത്രം (ഹിസ്റ്ററി ഓഫ് ഫിലോസഫി) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ജോര്‍ജ് ഹെന്‍ട്രി ലേവിസ് ഇഹ്‌യയെ കുറിച്ച് തന്റെ അഭിപ്രായം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: ദെക്കാര്‍ത്തിന്റെ കാലത്ത് ഇഹ്‌യാഉലൂമിദ്ദീന്‍ ഫ്രഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നെങ്കില്‍ ദെക്കാര്‍ത്തിന്റെ ആശയങ്ങള്‍ അതില്‍ നിന്നെടുത്തതാണെന്ന് പറയാന്‍ ആളുകള്‍ തയ്യാറാകുമായിരുന്നു. (ഉദ്ധരണം: രാഹുല്‍ സാംകൃത്യായന്റെ 'ഇസ്‌ലാമിക തത്വചിന്ത' യില്‍ നിന്ന്). വിശ്വപ്രസിദ്ധ ദാര്‍ശനികനായ ദെക്കാര്‍ത്തിന്റെ ആശയങ്ങളുമായി ഇഹ്‌യയിലെ ആശയങ്ങള്‍ക്ക് എമ്പാടും സാമ്യതയുള്ളതു കൊണ്ടായിരിക്കുമല്ലോ ലേവിസ് ഇപ്രകാരം  പറഞ്ഞിട്ടുണ്ടാകുക. ഒരു ദാര്‍ശനിക ഗ്രന്ഥമായോ സദാചാര ശാസ്ത്രപുസ്തകമായോ ആചാരാനുഷ്ഠാനപരമായ കൃതിയായോ എങ്ങനെയാണ് ഇഹ്‌യയെ വിലയിരുത്തേണ്ടത് എന്നന്വേഷിച്ചാല്‍ ഒരു സ്വൂഫിവാദഗ്രന്ഥമായി കാണുന്നതാണ് അതിനോട് നീതി പുലര്‍ത്താന്‍ കഴിയുന്നതിന് ഏറെ നന്നാവുകയെന്നായിരിക്കും എന്റെ ഉത്തരം. ഒപ്പം തന്നെ ഒരു സദാചാരശാസ്ത്രഗ്രന്ഥം എന്ന വിശേഷണം അതിനു നല്‍കുകയും വേണം. ഇതിനെല്ലാമുപരി സ്വഭാവസംസ്‌കരണവുമായി ബന്ധപ്പെട്ട മേഖലയിലെ കുറ്റമറ്റ ശിക്ഷണഗ്രന്ഥമായി കാണാനും അപ്രകാരം മൂല്യനിര്‍ണ്ണയം നടത്താനും എമ്പാടും വക കാണും ഇഹ്‌യയില്‍. ഇഹ്‌യാഉലൂമിന്റെ വായനയില്‍ എന്നെ ഏറ്റവുമേറെ ആകര്‍ഷിച്ചിട്ടുള്ളതും ഞാന്‍ കൂടുതല്‍ ഗൗരവതരമായ വായനക്കു വിഷയീഭവിപ്പിച്ചിട്ടുള്ളതും 'ഹൃദയത്തിന്റെ വിസ്മയങ്ങള്‍' (അജാഇബുല്‍ ഖല്‍ബ്) എന്ന അദ്ധ്യായ ഭാഗമാണ്. മനുഷ്യന് താന്‍ ആരാണെന്നും തന്നില്‍ എന്തെല്ലാം ഘടകങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ടെന്നുമുള്ള അറിവിനെ സഹായിക്കുന്നതാണീ ഭാഗം. ആത്മസംസ്‌കരണത്തിന്റെ പ്രഥമപടി ആത്മജ്ഞാനമാണെന്നതു മൂന്നുതരം. അതിലെ ആത്മാവിനെ കണ്ടെത്തി അതിനെ സംസ്‌കരിച്ചു വളര്‍ത്തുന്നതിലൂടെയാണ് മനുഷ്യന് ജീവിത സാക്ഷാല്‍കാരം സാദ്ധ്യമാവുക. എന്നാല്‍ ഇഹ്‌യയോളം ഈ വിഷയത്തിന്റെ സൂക്ഷ്മപഠനം നടത്തിയ ഗ്രന്ഥങ്ങളുണ്ടോ എന്നു സംശയമാണ്. ആത്മാവ് ദുര്‍ജ്ഞേയമോ അജ്ഞേയമോ ആയ പ്രതിഭാസമാണ് പലര്‍ക്കും. അതിനെപ്പറ്റി പഠിക്കുന്നതിനുള്ള ശ്രമം വൃഥാ വേലയാണെന്നാണ് അവര്‍ മനസ്സിലാക്കിയത്. അതേസമയം ഇമാമവര്‍കള്‍ ആത്മാവിനെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കുകയും ധീരമായി അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരിക്കുന്നു ഇഹ്‌യയില്‍. അദ്ദേഹം എഴുതുന്നു: ''ആത്മാവ് എന്നര്‍ത്ഥം പറഞ്ഞുവരാറുള്ള റൂഹിനെ രണ്ടായി മനസ്സിലാക്കാം. ഒന്നൊരു സൂക്ഷ്മദ്രവ്യമാണ്. ജനഹൃദയത്തിന്റെ ഉള്‍ഭാഗത്താണ് അതിന്റെ ആസ്ഥാനം. നാഢീവ്യൂഹങ്ങളില്‍ കൂടി ശരീരഭാഗങ്ങളിലേക്കെല്ലാം അതിന്റെ ശക്തി വഴിതെറ്റുന്നു. ശരീരത്തിലെ അതിന്റെ ചലനത്തെയും അതില്‍ നിന്ന് ജീവന്റെയും ബോധത്തിന്റെയും ദര്‍ശന-ശ്രവണ-ഘ്രാണാദികളുടെയും പ്രകാശങ്ങള്‍ അതാത് അവയവങ്ങളിലേക്ക് എത്തുന്നതിനെയും ഒരു ദീപമാളത്തിന്റെ ചലനവുമായും പ്രവര്‍ത്തനവുമായും ഉദാഹരിച്ചു കാണാവുന്നതാണ്. ഒരു വീട്ടില്‍ വിളക്ക് കൊളുത്തിയാല്‍ അതിന്റെ വെളിച്ചം എത്തുന്നിടമെല്ലാം പ്രകാശിക്കുന്നതു കാണാം അതു പോലെ ആത്മാവിന്റെ പ്രവര്‍ത്തനവും ശരീരമാകെ പ്രകാശം പരത്തുന്നതാണ്. അങ്ങനെ തന്നെയാണ് ആത്മാവിന്റെ പ്രസരണം ശരീരത്തെയാകെ പ്രകാശമാനമാക്കുന്നതും. ആത്മാവ് ആ വിളക്കുമാതിരിയാണ്. ജീവന്‍ വീടിന്റെ ചുമരുകളില്‍ തട്ടുന്ന വെളിച്ചം മാതിരിയും. ശരീരത്തില്‍ ആത്മാവ് ചലിക്കുന്നത് വീടിന്റെ ഉള്‍ഭാഗങ്ങളില്‍ ചലിപ്പിക്കുന്ന വിളക്കിന്റെ ചലനത്തിന് തുല്യമാണ്. ഇനി ആത്മാവിന്റെ മറ്റേ അര്‍ത്ഥം: മനുഷ്യനിലെ ജ്ഞാനിയും കാര്യഗ്രാഹിയായ സൂക്ഷ്മവസ്തുവുമാണത്. ഹൃദയത്തിന് (ഖല്‍ബ്) പറഞ്ഞ രണ്ടര്‍ത്ഥങ്ങളില്‍ ഒരര്‍ത്ഥമാണിത്. ഇതാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന റൂഹ് എന്നതിന്റെ താല്‍പര്യം'' ഇഹ്‌യയില്‍ ഈ നിലക്കുള്ള ഒരു വിവരണമാണ് ഗസ്സാലി നടത്തിയിരിക്കുന്നത്. എന്നാല്‍ മറ്റുചില ഗ്രന്ഥങ്ങളില്‍ (ഉദാ: മസ്‌നൂന്‍ സ്വഗീറി) ഒന്നുകൂടി ആഴത്തിലിറങ്ങിക്കൊണ്ടുള്ള വിവരണമാണ് നടത്തിയിട്ടുള്ളത്. ഇഹ്‌യയുടെ പ്രത്യേകതയൊന്നു മാത്രമാണതിനു കാരണം. ഇഹ്‌യ സാധാരണക്കാരനെയും പണ്ഡിതനെയും ചിന്തകനെയും അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ളതാണ്. അതിനാല്‍ അതില്‍ അവ്യക്തതയോ തിരിയായ്കയോ പാടില്ല. എല്ലാം സ്പഷ്ടമായും കൃത്യമായും ജനങ്ങള്‍ക്ക് അറിയാനും ആസ്വദിക്കാനും കഴിയണമെന്ന താല്‍പര്യത്തോടു കൂടിയാണത് രചിച്ചിട്ടുള്ളത്. ശിശുശിക്ഷണ വിഷയത്തില്‍ ബര്‍ട്രന്റ് റസ്സലിന്റെ 'എഡ്യുക്കേഷന്‍ ആന്റ് ഗുഡ് ലൈഫ്' ഏറെ കൊട്ടിഘോഷിക്കപ്പെടാറുള്ളതും രക്ഷിതാക്കള്‍ക്കു വേണ്ടി നിര്‍ദേശിക്കപ്പെടാറുള്ളതുമായ ഗ്രന്ഥമാണ്. പക്ഷേ ഇഹ്‌യ ഇവ്വിഷയകമായി മുന്നോട്ടു വെച്ചിട്ടുള്ള പാഠങ്ങള്‍ ആധുനിക മനശ്ശാസ്ത്ര അധ്യാപനങ്ങളെയെല്ലാം പുറകിലാക്കുന്ന തരത്തിലുള്ളതാണെന്ന് ഒരു സൂക്ഷ്മമായ താരതമ്യത്തിലൂടെ വ്യക്തമാകുന്നതാണ്. ഗസ്സാലിയുടെ നീരീക്ഷണങ്ങളും നിര്‍ദേശങ്ങളും സൈദ്ധാന്തികമായും പ്രായോഗികമായും തികച്ചും വ്യതിരക്തമായിട്ടുള്ളതാണ്. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആ ഘട്ടങ്ങളുടെ സവിശേഷതകളും നന്നായി ഗ്രഹിച്ചും അപഗ്രഥിച്ചും കൊണ്ടുള്ള ശിക്ഷണപദ്ധതിയാണ് ഇഹ്‌യയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നത്. കുട്ടി ഭക്ഷണം കഴിച്ചു തുടങ്ങുന്ന ഘട്ടത്തില്‍ തദ്വിഷയകമായ മര്യാദകളും ധര്‍മങ്ങളും കുട്ടിയെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് ഇഹ്‌യയില്‍ പറയുന്നുണ്ട്. ഭക്ഷണരീതിയിലെയും വസ്ത്രധാരണരീതിയിലെയും മര്യാദകള്‍ സവിശദം പ്രതിപാദിക്കുന്നതിനോടൊപ്പം എങ്ങനെ കൊച്ചുനാളില്‍ അവ കുട്ടിക്ക് പിന്നീടൊരിക്കലും ജീവിതത്തില്‍ നിന്നകന്നു പോകാത്തവിധം ശീലമാക്കണമെന്ന് ഗസ്സാലി വിശദമാക്കുന്നുണ്ട്. സുഖലോലുപത, ആഡംബരജീവിതം, ശൃംഗാരഭാവം എന്നിവയുടെ നേരെ കുട്ടികളില്‍ വൈമുഖ്യമുണ്ടാക്കേണ്ടതിന്റെ ആവശ്യകത നല്ലപോലെ ഇഹ്‌യയില്‍ സമര്‍ഥിക്കുന്നുണ്ട്. സമ്പാദനമനസ്ഥിതി വളര്‍ത്തുന്നതിനോടൊപ്പം തന്നെ ശരിയും ചൂഷണമുക്തവുമായിരിക്കണം സമ്പാദനത്തിന്റെ മാര്‍ഗമെന്ന ഗൗരവമേറിയ ഓര്‍മപ്പെടുത്തല്‍ രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് കുട്ടിയുടെ മനസ്സില്‍ രൂഢമൂലമാക്കപ്പെടേണ്ടതുണ്ട്. ചെറുപ്പത്തില്‍ ഇത്തരമൊരു പ്രകൃതവും ശീലവും വാര്‍ത്തെടുത്താല്‍ കുട്ടികളുടെ ജീവിതത്തില്‍ അത് വലുതായാലും നിലനില്‍ക്കുമെന്നതിലേക്ക് വെളിച്ചം വീശുന്നുണ്ട് ഇഹ്‌യയില്‍. 'ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതയിലടങ്ങിയിട്ടുള്ള ശിശുശിക്ഷണബോധം ഗസ്സാലിയും തറപ്പിച്ചുപറയുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ ഒരു മനശ്ശാസ്ത്ര ഗ്രന്ഥമെന്ന പദവിയോടൊപ്പം ഒരു ശിശുശിക്ഷണ ഗ്രന്ഥം എന്ന പദവിയും ഇഹ്‌യക്ക് കൊടുക്കാം. ഇഹ്‌യയെക്കുറിച്ച് മൊത്തത്തില്‍ പറയുകയാണെങ്കില്‍ മനുഷ്യജീവിതത്തിന് വെളിച്ചമാകേണ്ട എല്ലാ ജ്ഞാനത്തെയും പുനരുജ്ജീവിപ്പിച്ചു കൊണ്ടവതരിപ്പിക്കപ്പെട്ടിട്ടുള്ള ഒരു ബൃഹദ് ഗ്രന്ഥം തന്നെയാണത്. അതിലടങ്ങിയിട്ടില്ലാത്ത ഒരു സത്യവുമില്ല. ഖുര്‍ആനിക പ്രമാണങ്ങളും നബിചര്യയുടെ മാതൃകകളും മഹദ്വചനങ്ങളുമെല്ലാം ഉദ്ധരിച്ചു കൊണ്ടുള്ള സമര്‍ത്ഥനത്തില്‍ ബുദ്ധിയുടെയും തത്വശാസ്ത്രത്തിന്റെയും സമര്‍ഥനരീതിയോടൊപ്പം യഥേഷ്ടം കവിതകളും കാണാന്‍ കഴിയുന്നത് വായന ഏറെ ഹൃദ്യവും രസകരവുമാക്കിത്തരുന്നുണ്ട്. ഗ്രീക്ക് തത്വചിന്തകരില്‍ നിന്ന് പഠിച്ചറിഞ്ഞിട്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ തന്റെ പഠനനിരീക്ഷണങ്ങള്‍ക്ക് ഉപയുക്തമാക്കിയിട്ടുണ്ട് ഇമാമവര്‍കളെന്ന് ഇഹ്‌യ വായിക്കുമ്പോള്‍ മനസ്സിലാകും. മനുഷ്യസ്വഭാവങ്ങളുടെ യാഥാര്‍ഥ്യങ്ങളും അവയുടെ വകഭേദങ്ങളും പരാമര്‍ശിക്കുന്നിടങ്ങളില്‍ ഇതെമ്പാടും തെളിഞ്ഞുവരും. പക്ഷേ, പരിഹാരനിര്‍ദേശങ്ങളില്‍ ഖുര്‍ആനെയും നബിചരര്യയെയും തന്നെയാണ് പ്രധാന അവലംബങ്ങളായി ഇമാം എടുത്തിരിക്കുന്നത്. സര്‍വോപരി തികഞ്ഞ ആദ്ധ്യാത്മികനായ ഇമാമവര്‍കള്‍ തന്റെതായ സത്യാന്വേഷണ ഫലങ്ങളെയും ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട് ഇഹ്‌യയില്‍. താനെഴുതുന്ന സത്യങ്ങള്‍ താനനുഭവിച്ചതു കൂടിയാകുമ്പോഴാണല്ലോ അവയ്ക്ക് ഉറപ്പും ബോധ്യവുമുണ്ടായിരിക്കുക. ഏറെക്കാലം അന്വേഷണത്തില്‍ നിമഗ്നനായ ഒരു വ്യക്തിയായിക്കഴിഞ്ഞ ചരിത്രമുണ്ട് ഇമാമിന്. ആകയാല്‍ സ്വാനുഭവങ്ങളുടെ പിന്താങ്ങു കൂടിയുള്ള ഒരു ശിക്ഷണവ്യവസ്ഥ ഇഹ്‌യയില്‍ നിന്ന് അനുവാചകര്‍ക്കു കിട്ടുമെന്നതും അതിന്റെ ഒരു സവിശേഷതയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter