കര്‍ബല, ഇസ്‍ലാമിക ചരിത്രത്തിലെ കറുത്ത അധ്യായം

നാലാം ഖലീഫ അലി(റ)ന് ശേഷം ഭരണമേറ്റെടുത്തത് ഹസൻ(റ) ആയിരുന്നു. അധികം വൈകാതെ, സമുദായത്തിന്റെ നന്മ ലക്ഷ്യമാക്കി, മുആവിയ(റ) വിന് വേണ്ടി സ്ഥാനമൊഴിഞ്ഞ് കൊടുക്കാൻ ഹസൻ(റ) ധാരണയിലായി. മുആവിയ(റ) ഭരണകാലത്ത് തന്നെ, മകന്‍ യസീദിനെ അടുത്ത ഖലീഫയായി വിളംബരം ചെയ്തത് പലര്‍ക്കും അംഗീകരിക്കാനായില്ല. മദീനയിലെ പ്രമുഖ സ്വഹാബിമാരെല്ലാം യസീദിന്റെ ഭരണം വേണ്ടെന്ന് തുറന്ന് പറഞ്ഞു. യസീദിന്റെ കാർകശ സ്വഭാവവും പെരുമാറ്റ രീതികളുമായിരുന്നു അതിന് കാരണം. ഹി 56-ൽ മുആവിയ(റ)ന്റെ മരണത്തിന് അഞ്ച് വർഷം മുമ്പാണ് ഈ പ്രഖ്യാപനവും പ്രതിഷേധങ്ങളുമൊക്കെയുണ്ടായത്.

മുആവിയ(റ) വഫാത്തായതോടെ മദീനയിൽ ഇസ്‍ലാമിക പ്രമാണങ്ങളുടെ മേൽ യസീദ് കൈവെക്കുമെന്ന അവസ്ഥ വന്നു. അതോടെ പ്രതിഷേധങ്ങൾക്ക് ശക്തികൂടി. മദീനയിൽ തന്നെ അംഗീകരിക്കാത്തവരെ കണ്ടെത്തി ബൈഅത്ത് ചെയ്യിക്കാൻ ഗവർണ്ണർക്ക് ആജ്ഞ നൽകി. ഇസ്‍ലാമിക മൂല്യങ്ങൾക്ക് കോട്ടം സംഭവിക്കുന്നത് ഭയപ്പെട്ട് ഹുസൈൻ(റ), അബ്ദുല്ലാഹി ബ്നുസുബൈർ(റ) തുടങ്ങിയവർ മക്കയിലേക്ക് പുറപ്പെട്ടു. അവിടുത്തെ ജനങ്ങൾ ഹുസൈൻ(റ)വിനെ നിരന്തരം സന്ദർശിക്കുകയും അനുഗ്രഹം വാങ്ങുകയും പലപ്പോഴും അദ്ദേഹത്തിന് ചുറ്റും കൂടുകയും ചെയ്യുമായിരുന്നു.

കൂഫയിലെ സ്ഥിതിഗതികൾ ഏറെ വ്യത്യസ്തമായിരുന്നു. ഹുസൈൻ(റ) ഇസ്‍ലാമിക ലോകത്തിന്റെ നേതാവായി വരണമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചു. യസീദിന്റെ ഭരണം തങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും തങ്ങളുടെ മുന്നിൽ നിൽക്കാൻ ഒരു നേതാവായി ഹുസൈൻ(റ)തന്നെ വേണമെന്നും അവർ നിരന്തരം കത്തുകളിലൂടെ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. മതനേതൃത്വമില്ലാതെ ഒരു സമുദായം വഴി തെറ്റാൻ പാടില്ലെന്ന ഉത്തമ ചിന്ത ഹുസൈൻ(റ)നെ അലട്ടിയത് കൊണ്ട് അദ്ദേഹം കൂഫയിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. 

കര്‍ബല യുദ്ധം വിവരിക്കാമൊ?

പോകുന്നതിന് മുമ്പ് കൂഫയെ മനസിലാക്കാൻ പിതൃവ്യ പുത്രനായ മുസ്‍ലിമുബ്നു അഖീൽ(റ) വിനെ അവിടേക്കയച്ചു. കൂഫാനിവാസികൾ ഹുസൈൻ(റ)ന്റെ പ്രതിനിധിയെ സ്നേഹാദരവുകളോടെ സ്വാഗതം ചെയ്യുകയും ഹുസൈൻ(റ)ന് ബൈഅത് ചെയ്യാൻ താല്‍പര്യമറിയിക്കുകയും ചെയ്തു. ആ സന്തോഷ വാർത്തയാണ് മുസ്‍ലിം(റ) ഹുസൈന്‍(റ)വിന് തിരിച്ചയച്ചത്. 

അതേസമയം കൂഫയുടെ ഗവർണ്ണറായ നുഅ്മാനുബ്നുബശീർ(റ)ന്റെ ഇടപെടൽ യസീദിനെ അനുകൂലിക്കുന്നവർക്ക് അസഹനീയമായിരുന്നു. ഹുസൈൻ(റ) നെ ഭരണാധികാരിയായി ബൈഅത് ചെയ്യുമെന്ന വിവരമറിഞ്ഞ കൂഫ ഗവർണ്ണർ, കുഴപ്പങ്ങളുണ്ടാക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്. അവര്‍ക്കെതിരെ നീക്കങ്ങളൊന്നും നടത്താത്തത് ശത്രുത അധികമാവാന്‍ കാരണമായി. ഗവർണ്ണറെ മാറ്റണമെന്ന് ചിലര്‍ യസീദിന് കത്തെഴുതുകയും തുടർന്ന് ബസ്വറയിലെ ഗവർണ്ണറും പരുഷസ്വഭാവക്കാരനുമായ ഇബ് നുസിയാദിനെ കൂഫയിലെ ഗവർണ്ണറായി യസീദ് നിശ്ചയിക്കുകയും ചെയ്തു.

കൂഫയിലെ പുതിയ ഗവർണ്ണർ ഇബ്നുസിയാദിന്റെ സ്വഭാവം അറിയാമായിരുന്ന ജനങ്ങൾ വിഭ്രാന്തിലായിരുന്നു. ഹുസൈൻ(റ)വിനുള്ള സ്വാധീനം യസീദിന്റെ ഭരണത്തിന് കോട്ടം വരുത്തുമെന്ന് തിരിച്ചറിഞ്ഞ ചിലയാളുകൾ അണിയറയിൽ രഹസ്യമായ ഗൂഡാലോചനകൾ നടത്തി. പുതിയ ഗവർണ്ണറുടെ ആഗമനം മുസ്‍ലിം(റ)വിനെയും കൂടെയുള്ളവരെയും ആശങ്കയിലാക്കി. ഇബ്നുസിയാദിന്റെ നിരന്തരമായ പ്രകോപനങ്ങളും ശിക്ഷാമുറകളും സഹിക്കാതെ വന്നപ്പോൾ മുസ്‍ലിം(റ) വും സൈന്യവും ഗവർണ്ണറുടെ കൊട്ടാരം വളഞ്ഞു. കൊട്ടാരത്തിന്റെ മുന്നില്‍ തടിച്ചുകൂടിയ ജനങ്ങളെ കണ്ടപ്പോൾ ഇബ്നുസിയാദ് പുറത്തിറങ്ങി എല്ലാ ഗവർണ്ണറും പയറ്റുന്ന അടവുകൾ പയറ്റി നോക്കി. പക്ഷെ, ജനങ്ങൾ പാറപോലെ ഉറച്ച് നിൽക്കുന്നത് കണ്ടപ്പോൾ പ്രലോഭനങ്ങൾ തുടങ്ങി. 

അധികം വൈകാതെ മുസ്‍ലിം(റ) വിന്റെ ചുറ്റുഭാഗവും ശൂന്യമായി. തന്റെ കൂടെയുണ്ടായിരുന്നവര്‍ പിന്തിരിഞ്ഞുവെന്നും താന്‍ ചതിക്കുഴിയിൽ വീണിരിക്കുന്നു എന്നും അദ്ദേഹം തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഒടുവിൽ മുസ്‍ലിം(റ) പിടിക്കപ്പെടുകയും കൊട്ടാരത്തിൽ ഹാജരാക്കപ്പെടുകയും ചെയ്തു. വധിച്ചുകളയാനായിരുന്നു രാജകല്പന. ചതിയന്മാരായ ഒരു സമൂഹത്തിലേക്ക് നേതൃത്വം ഏറ്റെടുക്കാൻ വരുന്നത് ആത്മഹത്യയാണെന്ന് മനസിലാക്കിയ മുസ്‍ലിം(റ), കൂഫയിലേക്ക് വരരുതെന്നും തിരിച്ച് പോകണമെന്നും കത്തെഴുതുകയും ആ സന്ദേശം ഹുസൈൻ(റ)വിന് എത്തിക്കണമെന്ന് വസ്വിയത് ചെയ്യുകയും ചെയ്തു. സന്ദേശം ലഭിച്ച ഹുസൈൻ(റ) ചിന്തിച്ചത് മറ്റൊരു രീതിയിലായിരുന്നു. താൻ എവിടെ അഭയം തേടിയാലും ശത്രുക്കളുടെ കരങ്ങളാൽ വധിക്കപ്പെടുമെന്ന പ്രവാചക വചനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്ന അദ്ദേഹം, കൂഫയിലേക്ക് പുറപ്പെടാൻ തന്നെ തീരുമാനിച്ചു. 72 പേരോടൊപ്പം യാത്ര ആരംഭിച്ചു. യാത്ര ഇപ്പോൾ ഭൂഷണമല്ലെന്ന് പലരും പറഞ്ഞുനോക്കിയെങ്കിലും ഹുസൈൻ(റ)വിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കുന്നത് ഭീരുവിന്റെ അടയാളമാണെന്ന തത്വം ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നുവല്ലോ അദ്ദേഹം.

ഹുസൈൻ(റ) വിന്റെ സംഘം കൂഫ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. യുദ്ധത്തിന് തയ്യാറായി ഒരു സംഘം വരുന്നുവെന്ന് മനസിലാക്കിയ ഇബ്നുസിയാദ് വൻ സൈനിക സന്നാഹങ്ങളോടെ കാത്തിരിക്കുകയായിരുന്നു. കാര്യങ്ങള്‍ വീക്ഷിച്ച് വരാൻ ഹുസൈന്‍(റ) പറഞ്ഞയച്ച, അബ്ദുല്ല, ഖൈസ് എന്നീ ദൂതന്മാർ ഇബ്നുസിയാദിന്റെ വലയിൽ കുടുങ്ങി. അബ്ദുല്ലയെ കൊട്ടാരത്തിന്റെ മുകളിൽ നിന്ന് താഴേക്കെറിഞ്ഞ് കൊല്ലുകയും ഖൈസിനെ വധിച്ച് കളയുകയും ചെയ്തു.

കൂഫയിലേക്ക് വരരുതെന്ന് മുസ്‍ലിം(റ) അയച്ച സന്ദേശവും ദൂതന്മാര്‍ വധിക്കപ്പെട്ടതും ഹുസൈന്‍(റ)ന്റെ കൂടെയുണ്ടായിരുന്ന പലരുടെയും മനസ്സില്‍ പേടിയുണർത്തുകയും പലരും പിന്തിരിയുകയും ചെയ്തു. എങ്കിലും, മക്കക്കാരായ ഏതാനും പേര്‍ ഹുസൈൻ(റ) ന്റെ ചാരത്ത് നെഞ്ചും വിരിച്ച് ശക്തി പകർന്നു. വഴിയിൽ വെച്ച് കൊഴിഞ്ഞ് പോയവരെകുറിച്ച് ആവലാതിപ്പെടാതെ അവര്‍ കൂഫയിലേക്കുള്ള യാത്ര തുടർന്നു.

മുഹറം മാസം ഏഴിന് സംഘം കർബലയിൽ വെച്ച് ഇബ്നുസിയാദിന്റെ സൈന്യത്തെ കണ്ട് മുട്ടി. ഇബ്നുസിയാദ് കർബലയില്‍ എല്ലാം സംവിധാനിച്ചിരുന്നു. നദിയിൽ ഒരു സംഘത്തെ കാവൽ നിർത്തിയും ഹുസൈന്‍(റ)ന്റെ സംഘത്തെ നേരിടാൻ ശക്തരായ രണ്ട് നേതാക്കളെയും വിന്യസിച്ചിട്ടായിരുന്നു ഇബ്നു സിയാദിന്റെ യുദ്ധ പുറപ്പാട്. ഹുസൈൻ(റ)നെ നേരിടാൻ നിയോഗിച്ച സംഘത്തലവനായിരുന്ന ഹിജ്റ് ബ്നു സിയാദും ഉമർ ബ്നു സഅദുബ്നിഅബീവഖാസും യുദ്ധത്തിന് താല്‍പര്യം കാണിച്ചില്ല. പകരം, അവർ ഹുസൈൻ(റ) വിനോട് സൗഹൃദ സംഭാഷണത്തിലേർപ്പെടുകയാണുണ്ടായത്. പക്ഷെ, അപ്പോഴെക്കും പിന്നിൽ നിന്ന് വന്ന അമ്പുകള്‍ യുദ്ധത്തിന് തുടക്കം കുറിക്കുകയാണുണ്ടായത്. 
ഹുസൈന്‍(റ)നും സംഘത്തിനും ഒരു തുള്ളി വെള്ളം പോലം ലഭിക്കാതിരിക്കാനായി, ഇബ്നുസിയാദ് അംറുബ്നുഹജ്ജാജിന്റെ നേതൃത്വത്തിൽ അഞ്ഞൂറ് പടയാളികളെ നദിക്കരയിൽ വിന്ന്യസിച്ചിരുന്നു. അന്നേരം ഒരാൾ വിളിച്ച് പറഞ്ഞു: ഹുസൈൻ, വെള്ളം കാണുന്നില്ലേ. എന്നാൽ അതിൽ നിന്ന് ഒരു തുള്ളി പോലും നിങ്ങൾക്ക് രുചിക്കാനാകില്ല. ദാഹിച്ച് മരിക്കുകയാണ് നിങ്ങളുടെ വിധി. ഇത് കേട്ട ഹുസൈൻ(റ) പ്രാർത്ഥിച്ചു, അല്ലാഹുവേ, ആ മനുഷ്യനെ നീ ദാഹാർത്തനായി മരിപ്പിക്കണേ. പ്രാർത്ഥന പോലെത്തന്നെ ആ മനുഷ്യനെ അല്ലാഹു തആല ദാഹം കൊണ്ട് ബുദ്ധിമുട്ടിക്കുകയും ദാഹിച്ച് മരിപ്പിക്കുകയും ചെയ്തുവെന്ന് ചരിത്രം. യുദ്ധത്തിന് കർബല സാക്ഷിയാകാനിരിക്കെ ഒരു ദിവസത്തെ സാവകാശം വേണമെന്ന് ഹുസൈൻ(റ) ആവശ്യപ്പെട്ടു. എന്നാല്‍, യസീദിന് ബൈഅത് ചെയ്യാത്ത പക്ഷം യുദ്ധം ആരംഭിക്കാനായിരുന്നു ഇബ്നുസിയാദിന്റെ പ്രഖ്യാപനം. ചെറിയൊരു ഇടവേളയിൽ ഇബ്നുസിയാദിന്റെ സൈനിക തലവനായിരുന്ന ഖുറുബ്നു യസീദും 30 പേരും ഹുസൈന്‍(റ)വിന്റെ പക്ഷത്തേക്ക് കൂറുമാറി. പക്ഷെ ആയിരത്തോളം പേരുണ്ടായിരുന്ന സൈന്യത്തോടൊപ്പം ഇബ്നുസിയാദ് ആക്രമണം തുടരുക തന്നെ ചെയ്തു.

ഒരു ദിവസത്തിനുള്ളിൽതന്നെ, തന്റെ കൂടെയുണ്ടായിരുന്ന ഏതാനും പോരാളികളെ ഉപയോഗിച്ച് എല്ലാവിധ സജ്ജീകരണങ്ങളും ഹുസൈന്‍(റ) നടത്തി. മുഹറം പത്തിന് കർബലയുടെ മണൽ തീരം യുദ്ധക്കളമായി മാറി. പോരാട്ടം ശക്തമായി. പൊടിപടലങ്ങൾ കൊണ്ട് യുദ്ധക്കളം വീർപ്പ് മുട്ടി. ഹുസൈന്‍(റ)ന് ഒന്നും സംഭവിക്കാതിരിക്കാനായി അദ്ദേഹത്തെ ഒരു ടെന്റില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കൂടെയുള്ളവരില്‍ പലരും വധിക്കപ്പെട്ടതോടെ, അദ്ദേഹം എതിര്‍പ്പുകളെ വകവെക്കാതെ പടക്കളത്തിലിറങ്ങി. ഇതുകണ്ട് ശമീർ ബ്നു ദുൽഗുജിൻ എന്ന ആൾ തന്റെ കൂടെയുള്ള സൈന്യത്തെ ഹുസൈൻ(റ) വിനെതിരെ തിരിച്ചു. അധികം വൈകാതെ ആ വിശുദ്ധ ശരീരം ഭൂമിയില്‍ ചേതനയറ്റ് വീണു. സിനാനുബ്നു അനസ് എന്നയാളായിരുന്നു ആ കൊടുംക്രൂരത ചെയ്തത്. ഹിജ്റ 61, മുഹറം പത്തിനായിരുന്നു, ഇസ്‍ലാമിക ചരിത്രത്തിലെ ആ കറുത്ത അദ്ധ്യായം അരങ്ങേറിയത്.

യുദ്ധക്കളത്തിൽ അവശേഷിച്ച നബി കുടുംബത്തിലെ അംഗങ്ങളോടും സൈനുൽ ആബിദീൻ തങ്ങളോടും മാന്യമായ രീതിയിലായിരുന്നു എതിരാളികൾ പെരുമാറിയത്. കുറ്റം മുഴുവൻ ഇബ്നു സിയാദിൽ ചുമത്തി ബാക്കിയായവരെ സമാധാനത്തോടെ മടക്കിയയക്കാനായിരുന്നു യസീദിന്റെ തീരുമാനം. യുദ്ധത്തടവുകാരെപ്പോലെ യസീദിന്റെ കൊട്ടാരത്തിലേക്ക് കൊണ്ട് വരപ്പെട്ട നബികുടുംബത്തെ കണ്ട് ജനങ്ങൾ പൊട്ടിക്കരഞ്ഞു.

ഓരോ മുഹറവും ഇന്നം ആ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തുകയാണ്. ഹുസൈൻ(റ) കർബലയിൽ വധിക്കപ്പെടുമെന്ന് നബി(സ്വ) തങ്ങൾ കാലങ്ങൾക്കു മുമ്പേ പ്രവചിച്ചിരുന്നു. ഒരിക്കൽ ആയിശ ബീവിയുടെ അടുത്തേക്ക് കടന്നുവന്ന് നബി(സ്വ) പറഞ്ഞു: ആയിശാ, ജിബ്രീൽ(അ) എന്റെയടുത്ത് വന്നു കൊണ്ട് പറഞ്ഞു: നിങ്ങളുടെ ഈ മകൻ (ഹുസൈൻ) വധിക്കപ്പെടും. നിങ്ങൾക്ക് വേണമെങ്കിൽ അദ്ദേഹം മരിച്ചുകിടക്കുന്ന മണ്ണും കാണിച്ച് തരാം. എന്നിട്ട് മലക്ക് എനിക്ക് ഒരു ചുവന്ന മണ്ണ് കാണിച്ച് തന്നു. ഈ മണ്ണ് ഉമ്മുസലമ(റ) യുടെ കയ്യിൽ കൊടുത്തിട്ട് നബി(സ്വ) തങ്ങൾ പറഞ്ഞു: ഈ മണ്ണ് നീയൊരു പാത്രത്തിൽ വെക്കുക, അത് രക്തക്കട്ടയായി മാറിയാൽ നീയറിയുക, എന്റെ കുട്ടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. ഉമ്മു സലമ (റ) പറ യുന്നു, ഹുസൈൻ(റ) കർബലയിൽ രക്തസാക്ഷിയായപ്പോൾ അത് രക്തക്കട്ടയാവുകയും അന്ന് രാത്രി ഞാൻ നബി തങ്ങളെ സ്വപ്നത്തിൽ കാണുകയും ചെയ്തു. അന്ന് തങ്ങളുടെ തലയിലും താടിയിലും മണ്ണ് പുരണ്ടിരുന്നു.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter