അയ്യൂബി ഭരണകൂടം
ഇസ്‌ലാമിന്റെ പോരാട്ട ചരിത്രത്തില്‍ നിസ്തുല സ്ഥാനീയനായ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് അയ്യൂബി ഭരണകൂടത്തിന്റെ സ്ഥാപകന്‍. 1171 മുതല്‍ 1254 വരെയുള്ള കാലയളവായിരുന്നു ഇതിന്റെ സുവര്‍ണ കാലഘട്ടം. ഈ കാലയളവില്‍ ഈജിപ്ത്, സിറിയ, ഫലസ്തീന്‍, യമന്‍ തുടങ്ങിയ പ്രദേശങ്ങള്‍ അയ്യൂബികളുടെ കീഴിലായിരുന്നു. പതിമൂന്നാം നൂറ്റാണ്ടോടുകൂടി ഇതിന്റെ ശത്തി എല്ലാ അര്‍ത്ഥത്തിലും ശോഷിക്കുകയും ഈ ഭരണ മുന്നേറ്റം അവസാനിക്കുകയും ചെയ്തു. എങ്കിലും ദിയാര്‍ബക്കീര്‍ എന്ന പ്രദേശത്ത് 1492 വരെ അയ്യൂബികളുടെ ആധിപത്യം ചെറിയ നിലക്ക് നിലനില്‍ക്കുകയുണ്ടായി.
സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പിതാവ് അയ്യൂബ് ബ്‌നു ശാദിയിലേക്കു ചേര്‍ത്തിയാണ് ഇതിന് അയ്യൂബി എന്ന പേര് വന്നത്. മൊസൂളിലെ രാജാവിന്റെ സൈനിക മേധാവികളിലൊരാളായിരുന്നു അയ്യൂബ്. ശേഷം, മകന്‍ സ്വലാഹുദ്ദീനും ഇതേ വഴിതന്നെ പിന്തുടര്‍ന്നു. യുദ്ധരംഗത്ത് തിളങ്ങിയ അദ്ദേഹം സിറിയയിലെ അമീറായിരുന്ന നൂറുദ്ദീന്‍ സങ്കിയുടെ മന്ത്രിയായി സ്ഥാനമേറ്റെടുത്തു. ഇക്കാലത്ത് ശീഈ ഭരണകൂടമായ ഫാഥി മികളുമായി പോരാടുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്ത സ്വലാഹുദ്ദീന്‍ തല്‍സ്ഥാനത്ത് നൂറുദ്ദീനെ പ്രതിഷ്ഠിക്കുകയും പുതിയ നിലക്ക് ഭരണത്തെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു. നൂറുദ്ദീന്റെ വിയോഗത്തോടെ സ്വലാഹുദ്ദീന്‍ തല്‍സ്ഥാനത്തേക്കു കടന്നുവരികയും അതിനെ ഒരു സ്വതന്ത്ര ഭരണകൂടമാക്കി മാറ്റുകയുമായിരുന്നു. 1174 ലായിരുന്നു ഈ ഭരണകൂടത്തിന്റെ സ്വതന്ത്ര അരങ്ങേറ്റം. ഇതോടെ സ്വലാഹുദ്ദീന്‍ അയ്യൂബി സിറിയയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ യുദ്ധമാരംഭിച്ചു.
അദ്ദേഹത്തിന്റെയും അനുയായികളുടെയും അരങ്ങേറ്റം അക്കാലത്തെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. അതേതുടര്‍ന്ന്, അലപ്പോയും ഡമസ്‌കസും സ്വലാഹുദ്ദീന്‍ അയ്യുബിക്കു കീഴില്‍ വന്നു. ശേഷം, ഫലസ്ഥീനിലെ കുരിശ് യോദ്ധാക്കളുമായി അദ്ദേഹം നിരന്തരമായ യുദ്ധങ്ങളിലേര്‍പ്പെടുകയും ബൈത്തുല്‍ മുഖദ്ദസ് തിരിച്ചുപിടിക്കുകയുമുണ്ടായി. കുരിശ് യുദ്ധങ്ങള്‍ ഒരു യോദ്ധാവ് എന്ന നിലക്ക് സ്വലാഹുദ്ദീന്റെയും ഒരു ഭരണകൂടമെന്ന നിലക്ക് അയ്യൂബി ഭരണകൂടത്തിന്റെയും പ്രശസ്തി വര്‍ദ്ധിപ്പിച്ചു. 1187 ല്‍ അദ്ദേഹം ജറൂസലമിനെതിരെ വന്‍ വിജയം വരിക്കുകയുണ്ടായി.
ട്രൈഗ്രീസ് മുതല്‍ നൈല്‍നദിവരെ വ്യാപിച്ചുകിടക്കുന്നതായിരുന്നു ഒരു കാലത്ത് അയ്യൂബികളുടെ ആധിപത്യം. ക്രമേണ സ്വലാഹുദ്ദീന്റെ പിന്‍ഗാമികളില്‍ തലപൊക്കിയ ചില കലഹങ്ങളെ തുടര്‍ന്ന് ഈ പ്രതാപം അസ്തമിക്കുകയും അയ്യൂബികളുടെ ഭരണം ചില പ്രദേശങ്ങളില്‍ മാത്രം ചുരുങ്ങുകയും ചെയ്തു. അല്‍ കാമിലായിരുന്നു പിന്മുറക്കാരിലൊരാള്‍. കുരിശുയോദ്ധാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആരോഗ്യകരമായിരുന്നില്ല. കാമിലിനു ശേഷം മകന്‍ സ്വാലിഹ് അയ്യൂബ് ഈജിപ്തിലെ ഭരണാധികാരിയായി. അദ്ദേഹത്തിന്റെ വിയോഗത്തോടെ 1254 ല്‍ ഈജിപ്തില്‍ മംലൂക് രാജവംശം കടന്നുകയറുകയും ഈ ഭരണകൂടത്തിന് അറുതി വരുത്തുകയുമായിരുന്നു. മംഗോളിയന്‍ കടന്നാക്രമണത്തോടെയാണ് സിറിയയില്‍ അയ്യൂബി ഭരണകൂടം ചക്രശ്വാസം വലിക്കുന്നത്. കുരിശുയോദ്ധാക്കള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തുവെന്നതാണ് അയ്യൂബി ഭരണകൂടത്തിന്റെ പ്രത്യേകത.
Leave A Comment