മുസ്‌ലിം ഭാര്യക്ക് ബാധ്യതയും അവകാശവുമുണ്ട്
മുസ്‌ലിം സ്ത്രീ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുരക്ഷിതയാണ്. അവള്‍ക്കു പ്രാരാബ്ധങ്ങളോ വൈഷമ്യങ്ങളോ ഇല്ല. ബാല്യത്തില്‍ പിതാവിനാലും യൗവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ധക്യത്തില്‍ സന്താനങ്ങളാലും അവള്‍ സംരക്ഷിക്കപ്പെടുന്നു. സ്ത്രീ സമൂഹത്തിന്റെ ചിലകടപ്പാടുകളെ കുറിച്ച് ഇസ്‌ലാം ഉല്‍ബോധിപ്പിക്കുന്നുണ്ട്. ഭാര്യയായിരിക്കുമ്പോഴാണ് ഇതു കൂടുതല്‍ അനിവാര്യമാക്കുക. അവളുടെ സമ്പൂര്‍ണ നിയന്ത്രണം ഭര്‍ത്താവിനു വിട്ടുകൊടുത്തിട്ടില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഗാതങ്ങള്‍ ഭീതിതമായിരിക്കും. കുടുംബ കലഹത്തിലേക്കും ബന്ധവിഛേദത്തിലേക്കും അതു ചെന്നത്തും. സ്ത്രീ കുടുംബത്തിന്റെ റാണിയാണ് കുടുംബ ഭരണത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് അവള്‍ വിചാരണ ചെയ്യപ്പെടും. നബി(സ്വ) ഇക്കാര്യം ഊന്നിപ്പറയുന്നത് കാണുക: ''നിങ്ങള്‍ എല്ലാവരും ഭരണാഘിപരാണ്. ഭരണീയരെ സംബന്ധിച്ച് ഓരോരുത്തരും ചോദിക്കപ്പെടും. ഇമാം ഭരണാധികാരിയാണ്. പ്രജകളെ കുറിച്ച് അദ്ദേഹം ചോദിക്കപ്പെടും. പുരുഷന്‍ കുടുംബത്തിന്റെ അധിപനാണ്. ഭരണീയരെ സംബന്ധിച്ച് അയാള്‍ ചോദിച്ചക്കപ്പെടും. സ്ത്രീ ഭര്‍തൃഗൃഹത്തിലെ ഭരണാധികാരിയാണ്. അവള്‍ ഭരണീയരെ കുറിച്ച് ചോദിക്കപ്പെടും. നിരവധി ബാധ്യതകളും അവകാശങ്ങളും ഇസ്‌ലാം സ്ത്രീക്കു നല്‍കുന്നുണ്ട്. ഇവ്വിഷയത്തിലെ കര്‍മശാസ്ത്രവശം ഹ്രസ്വമായി വിവരിക്കാം. ഭാര്യയുടെ ബാധ്യതകള്‍ ദര്‍ശനവും സ്പര്‍ശനവും നിഷിദ്ധമായ സ്ത്രീ പുരുഷന്‍മാര്‍ വിവാഹമെന്ന പവിത്രമായ കരാറില്‍ ഏര്‍പ്പെടുന്നതിലൂടെ വിശുദ്ധി നിറഞ്ഞ കുടുംബ ജീവിതത്തിനു ശിലയിടുകയാണ്. അതോടെയവര്‍ ഇണയും തുണയുമായി. അവര്‍ തമ്മിലുള്ള ബാധ്യതകള്‍ നാലെണ്ണമുണ്ടെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പ്രഖ്യാപിക്കുന്നു. ഭാര്യ ഭര്‍ത്താവിന് ചെയ്യേണ്ട ബാധ്യതകള്‍: ഒന്ന്, ഭര്‍ത്താവിനു വഴിപ്പെടുക. ഇസ്‌ലാം അനുവദിച്ച കാര്യത്തില്‍ ഭാര്യ തന്റെ ഇണയെ അനുസരിക്കണം. ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യതയുടെ ഗൗരവും ഹദീസുകളില്‍ നിന്നു സ്പഷ്ടമാകുന്നുണ്ട്. നബി(സ്വ) പറയുന്നു: ''ഒരാള്‍ മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യണമെന്ന് ഞാന്‍ കല്‍പ്പിക്കുകയാണെങ്കില്‍ ഭര്‍ത്താവിനു സുജൂദ് ചെയ്യണമെന്ന് ഭാര്യോട് കല്‍പ്പിക്കുമായിരുന്നു.'' (അബൂദാവൂദ്)ബീവി ആഇശ(റ) പറയുന്നു: ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. സ്ത്രീക്ക് ഏറ്റവും ബാധ്യത മനുഷ്യരില്‍ ആരോടാണ്? നബി(സ്വ) പറഞ്ഞു: ഭര്‍ത്താവിനോട്. ഞാന്‍ ചോദിച്ചു: പുരുഷനും ആരോടാണ്? അവിടുന്ന് പറഞ്ഞു ഉമ്മയോട്.'' (ഹാകിം) രണ്ട്, ഭര്‍ത്താവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുക. ഭര്‍ത്താവിന്റെ കീഴില്‍ അനുസരണപൂര്‍വം ഗൃഹഭരണം നടത്തി അദ്ദേഹത്തിന്റെ പൊരുത്തം സമ്പാദിക്കാന്‍ ഭാര്യക്കു സാധിക്കണം. നബി(സ്വ) പറയുന്നു: ''ഭര്‍ത്താവ് തന്റെ ഇണയുമായി പൊരുത്തത്തിലും തൃപ്തിയുലം ജീവിച്ചുകൊണ്ടിരിക്കെ അവള്‍ മരണപ്പെട്ടാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. (തുര്‍മുദി) മൂന്ന്, ഭര്‍ത്താവിന് സുഖമനുഭവിക്കാന്‍ വേണ്ടി അവള്‍ തന്റെ ശരീരം അവനു വഴിപ്പെടുത്തി കൊടുക്കുക. അകാരണമായി ഭാര്യ സുഖാനുഭവത്തില്‍ നിന്നു ഭര്‍ത്താവിനെ തടയല്‍ കുറ്റകരമാണ്. സ്വന്തം ഇണയുമായി സംഭോഗത്തിലേര്‍പ്പെടുന്നതില്‍ സ്വദഖയുടെ പുണ്യമുണ്ടെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ ചില സ്വഹാബികളുടെ സംശയം കാമശമനാര്‍ത്ഥം ഒരാള്‍ ചെയ്യുന്ന പ്രവൃത്തിക്കു പുണ്യമോ? നബി(സ്വ)യുടെ പ്രതികരണം ഇങ്ങനെ: കാമശമനാര്‍ത്ഥം ഒരാള്‍ അനുവദനീയമല്ലാത്ത സ്ത്രീയുമായി സുഖിച്ചാല്‍ അയാള്‍ക്കു കുറ്റമുണ്ടോയെന്നു പറയൂ(മുസ്‌ലിം) നിഷിദ്ധ രീതിയില്‍ ബന്ധപ്പെടുന്നതില്‍ തെറ്റുണ്ടാവുമ്പോള്‍ അതേ പ്രവര്‍ത്തനം അനുവദനീയമായ രീതിയിലാവുമ്പോള്‍ പുണ്യവുമുണ്ടന്നാണ് നബി(സ്വ) പറഞ്ഞതിന്റെ പൊരുള്‍. നാല്, ഭര്‍ത്താവിന്റെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കുക. നബി(സ്വ) പറയുന്നു: അല്ലാഹുവിനുള്ള തഖ്‌വ കരസ്ഥമാക്കിയതിനു ശേഷം താഴെ പറയുന്ന സത്ഗുണമുള്ള സ്വാലിഹത്തായ ഭാര്യയേക്കാള്‍ ഉത്തമമായ മറ്റൊന്നും ഒരു സത്യവിശ്വാസി സമ്പാദിച്ചിട്ടില്ല. 1) അവളോടവന്‍ കല്‍പ്പിച്ചാല്‍ അവള്‍ അനുസരിക്കും. 2) അവന്‍ നോക്കിയാല്‍ അവളവനെ സന്തോഷിപ്പിക്കും. 3) അവളോടവന്‍ സത്യം ചെയ്തു പറഞ്ഞാല്‍ അതവള്‍ പൂര്‍ണമായി നടപ്പാക്കും. 4) ഭര്‍ത്താവിന്റെ അഭാവത്തില്‍ സമ്പത്തിലും അവളുടെ ശരീരത്തിലും അവള്‍ അവനു ഗുണകാംക്ഷയുള്ളവളായിരിക്കും. (ഇബ്‌നുമാജ) നബി(സ്വ) തങ്ങള്‍ പറയുന്നു: ഒരു സ്ത്രീ അഞ്ചു നേരം നിസ്‌കരിക്കുകയും റമളാന്‍ മാസം നോമ്പനുഷ്ഠിക്കുകയും തന്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിന് വഴിപ്പെടുകയും ചെയ്താല്‍ സ്വര്‍ഗത്തില്‍ ഏതു കവാടത്തിലൂടെയാണോ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നത് അതിലൂടെ പ്രവേശിക്കുക എന്ന് അവളോട് പറയപ്പെടും. (ത്വബ്‌റാനി) സ്ത്രീയുടെ അവകാശം ഇസ്‌ലാമിക കര്‍മശാസ്ത്രം സ്ത്രീയുടെ അവകാശം വ്യക്തമായി അപഗ്രഥിച്ചിട്ടുണ്ട്. നികാഹ് കഴിഞ്ഞ് ഭാര്യയുമായി സുഖമെടുക്കാന്‍ ഭര്‍ത്താവിന് സൗകര്യം ചെയ്തുകൊടുക്കലോടു കൂടി അവള്‍ക്ക് ചെലവുകൊടുക്കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമായി. അത് ഭാര്യയുടെ അവകാശമാണ്. ഭാര്യ സംയോഗത്തിനു പ്രാപ്തിയില്ലാത്ത കുട്ടിയാണെങ്കില്‍ അവളുടെ ചെലവ് ഭര്‍ത്താവിന് നിര്‍ബന്ധമില്ല. അതേ സമയം രോഗംമൂലം ഭാര്യ സംയോഗതതിന് അശക്തയാണെങ്കിലും ചെലവ് നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമാണ്. (തുഹ്ഫ: 8/322, ഇആനത്ത്: 4/60) ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന ഭാര്യക്കും ചെലവ് നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമില്ല. അല്‍പസമയം പിണങ്ങിയാലും ആ ദിവസത്തെ ചെലവു ആ ആറുമാസത്തെ വസ്ത്രവും അവള്‍ക്കു നഷ്ടപ്പെടും. എന്നാല്‍ പിണങ്ങിയ വേളയില്‍ ഭര്‍ത്താവ് അവളെ കൊണ്ട് സുഖമെടുത്താല്‍ അവളുടെ ചെലവിന്റെ അവകാശം നഷ്ടപ്പെടില്ല. അതുപോലെ അവളുടെ പിണക്കത്തിന് അവള്‍ മാപ്പ് നല്‍കിയാലും അവളുടെ ചെല് നഷ്ടപ്പെടില്ല. ഭര്‍ത്താവിനു അനുസരിക്കാതിരിക്കുക, ആര്‍ത്തവം, രോഗം, ലിംഗം വലുതാവുക തുടങ്ങിയ കാരണങ്ങള്‍ കൂടാതെ സുഗാസ്വാദനത്തില്‍ നിന്നു ഭര്‍ത്താവിനെ വിലക്കുക, അവന്റെ സമ്മതമോ തൃപ്തിയോ കൂടാതെ അവന്റെ വീട്ടില്‍ നിന്നു പുറപ്പെടുക എന്നിവ കൊണ്ടല്ലാം പിണക്കം ഉണ്ടാകും. (തുഹ്ഫ: 8/327) ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും കാരണത്തോടുകൂടി വീട്ടില്‍ നിന്നു പുറപ്പെടാവുന്നതാണ്. അതു പിണക്കമാവില്ല. അതിനാല്‍ അവളുടെ ചെലവ് നല്‍കുന്ന ബാധ്യതയും ഭര്‍ത്താവില്‍നിന്ന് ഒഴിവാകില്ല. വീടുപൊളിഞ്ഞു വീഴാറാവുക, ദുര്‍നടപ്പുകാരനോ, മോഷ്ടാവോ തന്റെ ദേഹ ധനാദികളെ ആക്രമിക്കുമെന്ന് ഭയപ്പെടുക, ഭര്‍ത്താവില്‍നിന്നു ലഭിക്കേണ്ട അവകാശം കരസ്ഥമാക്കാന്‍ വേണ്ടി ഖാളിയുടെ അടുത്തേക്കു പോവുക, വിശ്വസ്തനായ ഭര്‍ത്താവോ അവളുമായി വിവാഹ ബന്ധം നിഷിദ്ധമായവരോ അവള്‍ക്കാവശ്യമായ നിര്‍ബന്ധ വിജ്ഞാനം (പഠിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍) പഠിപ്പിച്ചുകൊടുക്കാന്‍ പര്യാപ്തമല്ലെങ്കില്‍ അത്തരം അറിവു നേടാന്‍ പുറപ്പെടുക, ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ കച്ചവടം ചെയ്‌തോ മറ്റോ ജോലി ചെയ്തു ചെലവ് വിഹിതം ഉണ്ടാക്കാന്‍ പോവുക എന്നിവയെല്ലാം വീടിന് പുറത്തുപോകാനുള്ള കാരണങ്ങളാണ്. (തുഹ്ഫ: 8/327) മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്കും ചെലവ് നല്‍കണം. അവനും അവളുമായിട്ടുള്ള ബന്ധം പാടേ അറ്റുപോവാതെ നിലനില്‍ക്കുന്നതും മടക്കിയെടുത്തു അവളുമായി സുഖമനുഭവിക്കാന്‍ അവനു കഴിയുമെന്നതുമാണ് കാരണം. മൂന്നു ത്വലാഖ്, ഖുല്‍അ്, വിവാഹത്തിനു ശേഷമുണ്ടായ കാരണങ്ങളാല്‍ സംഭവിച്ച ഫസ്ഖ് എന്നിവ മൂലം വിവാഹബന്ധം പാടേ വിഛേദിക്കപ്പെട്ടവള്‍ ഗര്‍ഭിണിയാണെങ്കില്‍ അവള്‍ക്കും ഭര്‍ത്താവ് ചെലവു നല്‍കണം. ഇവര്‍ക്ക് വീട്, വസ്ത്രം എന്നിവയും നല്‍കണം. (ഇആനത്ത് 4/62) ഭാര്യക്ക് ചെലവ് നല്‍കേണ്ട വസ്തുക്കള്‍ പത്തണ്ണെമാണ്. ഭക്ഷണം, കൂട്ടാന്‍, മാംസം, വസ്തം, വിരിപ്പ്, പുതപ്പ്, ഭക്ഷണസാമഗ്രികള്‍, ശുദ്ധീകരണ സാമഗ്രികള്‍, വീട്, പരിചാരി എന്നിവയാണവ.(തുഹ്ഫ: 8/306-311) ഭാര്യക്ക് അവള്‍ താമസിക്കുന്ന നാട്ടിലെ മികച്ച ഭക്ഷ്യധാന്യത്തില്‍ നിന്ന് ദരിദ്രന്‍ പ്രതിദിനം ഒരു മുദ്ദും (800 മി.ലിറ്റര്‍, ഉദ്ദേശം 75 ഗ്രാം) ധനികന്‍ രണ്ടു മുദ്ദും ഇടത്തരക്കാരന്‍ ഒന്നര മുദ്ദും കൊടുക്കല്‍ നിര്‍ബന്ധമാണ്. ഓരോ ദിവസവും പ്രഭാതമാവുന്നതോടുകൂടി മാത്രമേ ചെലവ് നിര്‍ബന്ധമാവുകയുള്ളൂ. അതു തന്നെ അവള്‍ തന്റേടമുള്ളവളായിരിക്കെ സാധാരണ പതിവനുസരിച്ച് ഭര്‍ത്താവിനോടൊപ്പം ഉള്ളത് ഭക്ഷിക്കാനിഷ്ടപ്പെടുന്നില്ലെങ്കിലാണ്. അങ്ങനെ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ പ്രസ്തുത മുദ്ദ് നിര്‍ബന്ധമില്ല. ഭക്ഷണത്തോടൊപ്പം സാധാരണ കൂട്ടാനും നല്‍കണം. ധനസ്ഥിതിയനുസരിച്ച് നാട്ടു നടപ്പു പ്രകാരം ഇന്ന ദിവസം ഇത്ര എന്ന കണക്കില്‍ മാംസം വാങ്ങികൊടുക്കലും നിര്‍ബന്ധമാണ്. ആഴ്ചയില്‍ ഒരു ദിവസമാണ് മാംസം ഭക്ഷിക്കല്‍ പതിവെങ്കില്‍ അതു വെള്ളിയാഴ്ചയാവലും രണ്ടു ദിവസം പതിവുണ്ടെങ്കില്‍ വെള്ളി, ചൊവ്വ ദിവസങ്ങളിലാവലുമാണ് നല്ലത്. ഉപ്പ്, വിറക്, കുടിവെള്ളം എന്നിവ നല്‍കലും ഭര്‍ത്താവിന് നിര്‍ബന്ധമാണ്. ഭക്ഷണം പാകം ചെയ്യാനും വിളമ്പിത്തിന്നാനും ഒഴിച്ചു കുടിക്കാനുമുള്ള ഉപകരണങ്ങളും അവള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളില്‍ പെട്ടതാണ്. (തുഹ്ഫ 8/309) സാധാരണ സ്ഥിതിയില്‍ ഭാര്യയോട് അനുയോജ്യമായതും ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ അവളുടെ ദേഹത്തിനും ധനത്തിനും രക്ഷ നല്‍കുന്ന തരത്തിലുള്ളതുമായ ഭവനവും ഭാര്യക്കു നല്‍കണം. ഭവനം താമസിച്ച് പ്രയോജനപ്പെടുത്താനുള്ളതാണ്. അതവള്‍ക്കു ഉടമയാകില്ല. ഭാര്യയുടെ ഇഷ്ടപ്രകാരം അവള്‍ ഉപ്പയുടെ വീട്ടില്‍ താമസിക്കുന്നുവെങ്കില്‍ ഭര്‍ത്താവ് കൂലി നല്‍കല്‍ നിര്‍ബന്ധമില്ല. സാധാരണ ഗതിയില്‍ ഭാര്യയെ പോലുള്ളവര്‍ക്ക് പരിചാരികയുണ്ടാവല്‍ പതിവുണ്ടെങ്കില്‍ ഭാര്യക്ക് പരിചാരികയെ നിയമിച്ചുകൊടുക്കണം. അവള്‍ രോഗിയായാലും വാര്‍ധക്യം കാരണം പരിചാരിക ആവശ്യമായി വന്നാലും നിയമിക്കണം. (ഇആനത്ത് 4/74) എല്ലാ ആറുമാസത്തിന്റെ ആരംഭത്തിലും തടിയിലും നീളത്തിലും മതിയാവുന്ന വസ്ത്രം ഭര്‍ത്താവില്‍ നിന്നു ഭാര്യക്ക് ലഭിക്കേണ്ട അവകാശമാണ്. നീളക്കുപ്പായം, അരയുടുപ്പ്, കാലുറ, മക്കന, പദാരക്ഷ എന്നിവയെല്ലാം വാങ്ങികൊടുക്കണം. വസ്ത്രങ്ങള്‍ക്കു പുറമെ തണുപ്പുള്ളപ്പോള്‍ അതു ശൈത്യകാലത്താണെങ്കിലും ആവശ്യമായി വരുന്ന പുതപ്പും ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നു ലഭിച്ചിരിക്കണം. ഭര്‍ത്താവിന്റെ കഴിവും കഴില്ലായ്മയും അനുസരിച്ച് വസ്ത്രത്തിന്റെ മികവും മികവില്ലായ്മയും വ്യത്യാസമുണ്ടാവും. ഉറങ്ങുവാനുള്ള വിരിപ്പും തലയിണയും കട്ടിലില്‍ ഉറങ്ങി ശീലമുള്ളവളാണെങ്കില്‍ കട്ടിലും ഭാര്യക്കു ലഭിക്കല്‍ അവളുടെ അവകാശമാണ്. താളി, ചീര്‍പ്പ്, മിസ്‌വാക്ക്, തലയിലിടാനുള്ള എണ്ണ തുടങ്ങിയ ശുദ്ധീകരണ വസ്തുക്കളും ശരീരത്തില്‍ എണ്ണ തേക്കല്‍ പതിവുള്ളവളാണെങ്കില്‍ അതും നല്‍കണം. (ഇആനത്ത് 4/68) ദുര്‍ഗന്ധം അകറ്റുവാന്‍ സുഗന്ധദ്രവ്യം ആവശ്യമെങ്കില്‍ അതും അവള്‍ക്കു ഭര്‍ത്താവില്‍ നിന്നു ലഭിക്കണം. ഭര്‍ത്താവ് നാട്ടിലില്ലെങ്കില്‍ അഴുക്കും ജഡയും നീക്കാന്‍ ആവശ്യമായത് മാത്രം കൊടുത്താല്‍ മതി. അതു മാത്രമേ നിര്‍ബന്ധമുള്ളൂ. മറ്റു ശുചീകരണ സാമഗ്രികള്‍ നിര്‍ബന്ധമില്ല. മടക്കിയെടുക്കാന്‍ പറ്റാത്ത നിലയില്‍ ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണിക്കും അഴുക്ക്, ജഡ എന്നിവ നീക്കാന്‍ ആവശ്യമായതു നല്‍കിയാല്‍ മതി. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ ഹജ്ജിനോ ഉംറക്കോ പോകലും പിണക്കമാണ്. പക്ഷേ, അതുമൂലം അവള്‍ കുറ്റക്കാരിയാവില്ല. അവയുടെ കാര്യം അത്രയും വിലപ്പെട്ടതാണല്ലോ. (തുഹ്ഫ: 8/330, ശര്‍വാനി: 8/327) സമ്മതമില്ല എന്നതു ഹജ്ജും ഉംറയും സാധുവാകുക എന്നതിനു തടസ്സമില്ല. ഭാര്യയുടെ അവകാശമായ നിര്‍ബന്ധചെലവ് നല്‍കാതിരുന്നാല്‍ അതു കട ബാധ്യതയായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ വീട്, പരിചാരി എന്നിവ നല്‍കാത്തതു കടമായി നിലനില്‍ക്കില്ല. അതിന്റെ സമയം കഴിയുന്നതോടുകൂടി അതിന്റെ ബാധ്യത ഒഴിവായി. കാരണം, അവ അവള്‍ക്കു ഉടമയാവില്ല. (തുഹ്ഫ 8/314) രോഗവും ചികിത്സയും ഭാര്യക്കു രോഗമായാല്‍ അവളെ ചികിത്സിക്കുന്ന ഡോക്ടറുടെ ഫീസ് കൊടുക്കലും മരുന്ന് വാങ്ങികൊടുക്കലും ഭര്‍ത്താവിന് നിര്‍ബന്ധമില്ല. ഇപ്പറഞ്ഞതിന്റെ വിവക്ഷ ഭാര്യയുടെ അവകാശമെന്ന നിലയില്‍ ഭര്‍ത്താവിനെ അതിനു നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അതിന്റെ പേരില്‍ അവകാശ ലംഘനത്തിനു ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കാന്‍ ഭാര്യക്കു അവകാശമില്ലെന്നുമാണ്. പ്രത്യുത ഭാര്യ രോഗിയായാല്‍ അവളെ അവഗണിക്കണമെന്നോ അവളുടെ വീട്ടിലേക്ക് അയക്കണമെന്നോ അല്ല. ഭാര്യയോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കണമെന്നു വിശുദ്ധ ഖുര്‍ആന്‍ ബോധിപ്പിക്കുന്നുണ്ട്. ചികിത്സ ഭാര്യയുടെ മൗലികാവകാശമായി പ്രഖ്യാപിക്കാത്തതിന്റെ തത്വം ഇതാണ്: ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു ഭര്‍ത്താവിനെ ശല്യം ചെയ്യും. അതിന്റെ പേരില്‍ കോടതി മുഖേന വിവാഹം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. രോഗങ്ങള്‍ പലതും പ്രത്യക്ഷത്തില്‍ പ്രകടമാവുന്നതല്ല. അതുകൊണ്ടു തന്നെ ഗോപ്യമായ രോഗം തനിക്കുണ്ടെന്നു ഭാര്യയ്ക്ക് എപ്പോഴും വാദിക്കും. അതു നിഷേധിക്കാന്‍ ഭര്‍ത്താവിനു കഴിയുന്നതുമല്ല. ചികിത്സ നിര്‍ബന്ധമാക്കാത്തതില്‍ ഇത്തരം യുക്തികളെല്ലാം ഉണ്ട്. രോഗം എന്നതു സാധാരണല്ല. വല്ലപ്പോഴുമൊക്കെയുണ്ടാവുന്നതാണ്. ഇസ്‌ലാം വ്യവസ്ഥ ചെയ്ത ചെലവ് വിഹിതം പൂര്‍ണമായി ഭാര്യക്കു കിട്ടിയാല്‍ സാധാരണ ഗതിയില്‍ അതില്‍ നിന്നു മിച്ചം വയ്ക്കാന്‍ അവള്‍ക്കു സാധിക്കും. ചികിത്സാവശ്യാര്‍ത്ഥം അതു വിനിയോഗിക്കുകയും ചെയ്യാം. ഗര്‍ഭം മുതല്‍ പ്രസവം വരെയുള്ള അനന്തരമുള്ള അസുഖങ്ങളുടെയും വേദനകളുടെയും ചികിത്സാ ചെലവും മരുന്നുകളും ഭര്‍ത്താവിന്റെ ബാധ്യതയില്ല (തുഹ്ഫ: 8/312) പ്രസവ ചെലവുകളില്‍ ഭാര്യക്കാവശ്യമായ ഭക്ഷണാദികളുടെ ബാധ്യത ഭര്‍ത്താവിനുണ്ടെന്നു വ്യക്തമാണല്ലോ. അതുപോലെ അവള്‍ സ്വയം പരിചരിക്കുന്ന ശീലക്കാരിയാണെങ്കിലും അതിനു കഴിയാത്ത പ്രസവാനന്തര നാളുകളില്‍ പരിചാരികയെ വച്ചുകൊടുക്കലും ഭര്‍ത്താവിനു നിര്‍ബന്ധമാണ്. (ബാജൂരി 2/198) പ്രസവാനന്തര നാളുകളിലും ശേഷവും കുഞ്ഞിനു മുലകൊടുക്കുന്നതിനു തുല്യനിരക്കില്‍ പ്രതിഫലം ആവശ്യപ്പെടാനും അതു വസൂലാക്കുവാനും ഭാര്യക്ക് അവകാശമുണ്ട്. ആവശ്യപ്പെട്ടാല്‍ അതു നല്‍കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമാണ്. (തുഹ്ഫ 8/350) അതേ സമയം പ്രസവാനന്തരം ശുശ്രൂഷാവേളയില്‍ സാധാരണമായി ഉണ്ടാക്കുന്ന നെയ്യ്, തേന്‍ തുടങ്ങിയ പ്രത്യേക വിഭവങ്ങളുടെ ബാധ്യത ഭര്‍ത്താവിനില്ല. (ശര്‍വാനി 8/312, ബാജൂരി 2/197) ഗര്‍ഭകാലത്തും അവളുടെ സാധാരണ ഭക്ഷണ ചെലവുകള്‍ക്കും പുറമെ ഗര്‍ഭിണിക്കു സാധാരണമായി അത്യാര്‍ത്ഥിയുള്ള ഭക്ഷണ വസ്തുക്കള്‍ കൂട ഭര്‍ത്താവിന്റെ മേല്‍ ബാധ്യതയാണ്. (ബാജൂരി 2/197) ഭര്‍ത്താവിന് നിര്‍ബന്ധമില്ലാത്ത ചികിത്സാ ചെലവ് അവന്‍ വഹിച്ചാല്‍ അതു പുണ്യകര്‍മമാണെന്നു പറയേണ്ടതില്ലല്ലോ. മാതാവിന്റെ തസ്തിക സ്ത്രീ മാതാവിന്റെ തസ്തികയിലെത്തിയാല്‍ അനിര്‍വചനീയമായ സ്ഥാനമാണ് അവര്‍ക്കുള്ളത്. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. ഒരു മനുഷ്യന്‍ നബി(സ്വ)യെ സമീപിച്ചുകൊണ്ട് ചോദിച്ചു. നബിയേ, ജനങ്ങളില്‍ വേച്ചേറ്റവും നല്ല നിലയില്‍ ഞാന്‍ പെരുമാറേണ്ടത് ആരോടാണ്?  നബി(സ്വ) പറഞ്ഞു: നിന്റെ മാതാവിനോട്. പിന്നെ ആരോട്? നിന്റെ മാതാവിനോട്? പിന്നെ ആരോട്? നിന്റെ മാതാവിനോട്. പിന്നെയോ? പിതാവിനോട്. (ബുഖാരി, മുസ്‌ലിം) മാതാവിന്റെ മഹത്വം ഈ ഹദീസ് വ്യക്തമാക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം അവര്‍ക്ക് നല്‍കികൊണ്ട് ഇസ്‌ലാം മാത്യുത്വത്തേയും സ്ത്രീത്വത്തേയും ആദരിച്ചിരിക്കുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹീദീസില്‍ പ്രായമെത്തിയ മാതാപിതാക്കള്‍ തന്റെ അരികിലുണ്ടായിട്ടും അവര്‍ കാരണം സ്വര്‍ഗവകാശിയാവാന്‍ കഴിയാത്ത മനുഷ്യരെ അന്വേഷിച്ചത് കാണാം. ഇമാം മുസ്‌ലിം(റ) പ്രസ്തുത ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുപരിപാലനം പ്രസവിച്ച ഉടനെ കുടിക്ക് ആദ്യത്തെ മുലപ്പാല്‍ കൊടുക്കാന്‍ മാതാവിനു നിര്‍ബന്ധമാണ്. വളരെ കുറാവണിതിന്റെ കാലാവധി. വകതിരിവ് എത്തുന്നതു വരെ ശിശുവിനെ പരിപാലിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടവര്‍ മറ്റൊരു പുരുഷനുമായി വിവാഹ ബന്ധത്തിലേര്‍പ്പെടാത്ത മാതാവാണ്. ശേഷം അവരുടെ മാതാക്കള്‍. വകതിരിവുള്ള കുട്ടികളോട് നിസ്‌കാരം കൊണ്ട് മാതാപിതാക്കള്‍ കല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. നിഷിദ്ധ കാര്യങ്ങളില്‍ നിന്നു കുട്ടികളെ തടയുക, നിര്‍ബന്ധ കാര്യങ്ങളെയും മറ്റു വ്യക്തമായ മതാചാരങ്ങളെയും പഠിപ്പിച്ച് കൊടുക്കലും അതനുസരിച്ച് ജീവിക്കാന്‍ അവരോട് കല്‍പ്പിക്കലും രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധമാണ്. തന്റേടത്തോടുകൂടി പ്രായപൂര്‍ത്തിയായാല്‍ മാത്രമേ കുട്ടികളോടുള്ള രക്ഷിതാക്കളുടെ ബാധ്യത അവസാനിക്കുകയുള്ളൂ. മഹ്ര്‍ മഹ്ര്‍ സ്ത്രീയുടെ അവകാശമാണ്. ഇതു ലഭിച്ചില്ലെങ്കില്‍ തന്റെ ശരീരം ഭര്‍ത്താവിനു വഴിപ്പെടുത്തികൊടുക്കല്‍ നിര്‍ബന്ധമില്ല. മഹ്ര്‍ ഒഴിവാക്കികൊടുക്കുവാനുള്ള അവകാശവും ഭാര്യക്കുമ്ട്. പ്രായപൂര്‍ത്തിയും കാര്യബോധവും ഉണ്ടെങ്കില്‍ മാത്രം. ബാധ്യതകളും അവകാശങ്ങളും നല്‍കി സ്ത്രീയ ഇസ്‌ലാം ആദരിച്ചിരിക്കുകയാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് മുസ്‌ലിംകള്‍ക്ക് ഭാഗ്യപിറവയാണ്. നരകത്തില്‍ നിന്നുള്ള രക്ഷാകവചമായി പെണ്‍കുട്ടികള്‍ വര്‍ത്തിക്കുമെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter