മുസ്‌ലിംകളുടെ ഭക്ഷണസംസ്‌കാരമാണ് എന്നെ ആകര്‍ഷിച്ചത്‌

പലപ്പോഴായി കേള്‍ക്കാനിടയായ ഹലാല്‍ എന്ന പദത്തെ കുറിച്ച് അധികം ചിന്തിച്ചതാണ്, 22 കാരിയായ ആസ്ട്രേലിയന്‍ യുവതി സാകിറായക്ക് ഇസ്‌ലാമിലേക്ക് വാതില്‍ തുറന്നത്. ആസ്ത്രേലിയയിലെ എഡിത് കൊവാന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ സാകിറായ ഇപ്പോള്‍ ഹലീമ എന്ന പേരിലാണ് അറിയപ്പെടുന്നത്. യൂണിവേഴ്സിറ്റിയില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ളതിനാല്‍, ഹലാല്‍ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയ ഭക്ഷണമാണ് അവിടത്തെ കാന്‍റീനില്‍ ലഭിക്കാറുള്ളത്. ഇത്, സ്ഥിരമായി കാന്‍റീനില്‍നിന്ന് പ്രാതല്‍ കഴിച്ചിരുന്ന സാകിറായയുടെ ശ്രദ്ധ ആകര്‍ഷിച്ചു.

പല മുസ്‌ലിം കുട്ടികളും ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ ഹലാല്‍ എന്ന് പ്രത്യേകം പറയുന്നതും സാകിറായ കേള്‍ക്കാറുണ്ടായിരുന്നു. അവസാനമായി, ഒരു സൌദി സ്വദേശിയും അയാളുടെ കൂട്ടുകാരനായ പാകിസ്ഥാനി വിദ്യാര്‍ത്ഥിയും  വന്ന് ഹലാല്‍ തന്നെ വേണമെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് കേട്ടതോടെ സാകിറായക്ക് തന്‍റെ ജിജ്ഞാസ അടക്കാനായില്ല. നേരെ അവരുടെ അടുത്ത് ചെന്ന്, എന്താണ് ഹലാല്‍ എന്നും അതേക്കുറിച്ചുള്ള വിശദവിരവങ്ങളും ചോദിച്ചറിഞ്ഞു. അടിസ്ഥാനപരമായ ഏതാനും കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം, ഇസ്‌ലാമിനെ കുറിച്ചും ഇസ്‌ലാമിലെ ഭക്ഷണ സമ്പ്രദായങ്ങളെക്കുറിച്ചുമെല്ലാം പരിചയപ്പെടാനായി അവര്‍ സാകിറായക്ക് ഏതാനും സൈറ്റുകളും പരിചയപ്പെടുത്തിക്കൊടുത്തു. ശേഷം സംഭവിച്ചത് സാകിറായ തന്നെ പറയട്ടെ, 

അന്നത്തെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഞാന്‍, സൈറ്റുകളിലൂടെയെല്ലാം കയറിയിറങ്ങി. ഇസ്‌ലാമിനെകുറിച്ചും ഇസ്‌ലാമിലെ ജീവിതരീതിയെകുറിച്ചുമെല്ലാം പലതും എനിക്ക് മനസ്സിലാക്കാനായി. വായിക്കുംതോറും എന്‍റെ ജിജ്ഞാസ വര്‍ദ്ദിക്കുകയായിരുന്നു. രക്ഷിതാക്കള്‍ കാണാതെ അതീവരഹസ്യമായാണ് ഞാന്‍ എല്ലാം വായിച്ച് മനസ്സിലാക്കിയത്. പലതും എന്‍റെ മനസ്സിനെ പിടിച്ചു കുലുക്കി, ഇത്രയും കാലം ഇതൊന്നും മനസ്സിലാക്കിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ പലപ്പോഴും കണ്ണുകളില്‍ നനവ് പടര്‍ന്നു. 

കാര്യങ്ങളെല്ലാം ബോധ്യമായതോടെ സാകിറായ നേരെ ആ സൌദി പൌരനെ വീണ്ടും സന്ദര്‍ശിക്കാനെത്തി.

തനിക്ക് മുസ്‌ലിമാവണമെന്ന ആവശ്യവുമായായിരുന്നു അവളുടെ വരവ്. പ്രദേശത്തെ പ്രബോധകരുമായി ബന്ധപ്പെട്ട്, സത്യസാക്ഷ്യം ചൊല്ലിക്കൊടുത്ത് അവര്‍ സാകിറായയെ ഇസ്‌ലാമിന്‍റെ തീരത്തേക്ക് കൈപിടിച്ചാനയിച്ചു. അതോടെ അവള്‍ ഹലീമയായി മാറുകയായിരുന്നു. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം, ഹലീമ ദൈനംദിന ജീവിതത്തില്‍ ഇസ്‌ലാമിന്‍റെ നിയമങ്ങളെല്ലാം പാലിക്കാന്‍ പരമാവധി ശ്രമിക്കുകയാണ്. കൈയ്യും മുഖവും ആവരണം ചെയ്യുന്ന പര്‍ദ്ദ ധരിച്ചാണ് ഇപ്പോള്‍ അവര്‍ ക്ലാസിലെത്തുന്നത്.

ഇതോടെ മാതാപിതാക്കള്‍ അവരെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചുനോക്കി. ഫലമില്ലെന്ന് മനസ്സിലായപ്പോള്‍ ഹലീമയെ വീട്ടില്‍നിന്ന് പുറത്താക്കി. സത്യവിശ്വാസം സ്വീകരിക്കേണ്ടിവന്നതിനാല്‍ നേരിടേണ്ടിവന്ന ദുരന്തമറിഞ്ഞ്, പാകിസ്താനി സുഹൃത്ത് ഹലീമയെ വിവാഹം കഴിക്കാന്‍ തയ്യാറായി. ഇപ്പോള്‍ താന്‍ ജീവിതത്തില്‍ ഏറെ സംതൃപ്തയാണെന്നും തന്‍റെ മുസ്‌ലിം സുഹൃത്തുക്കള്‍ പ്രയാസങ്ങളില്‍ കൂടെ നിന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പറഞ്ഞ്, ഹലീമ നാഥന് സ്തുതികളര്‍പ്പിക്കുന്നു. 

-അവലംബം- അല്‍ബയാന്‍ ദിനപ്പത്രം, യു.എ.ഇ-

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter