ഇസ്‌ലാമിന്റെ പ്രശാന്ത മുഖം

ഇസ്‌ലാമിന്റെ ശാന്തമുഖം കണ്ടായിരുന്നു ദാവൂദ് അബൂസുലൈമാന്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നത്. അമേരിക്കയില്‍ നിന്നും സത്യം തേടിയെത്തിയ ഇദ്ദേഹം മുപ്പതു വര്‍ഷം മുമ്പ് ഒരു ബാപ്റ്റിസ്റ്റ് പിതാവിനും കാത്തോലിക് മാതാവിനുമാണ് ജനിച്ചത്. കുടുംബം തികഞ്ഞ മത ഭക്തരായതുകൊണ്ട് തന്നെ ഇദ്ദേഹവും ക്രൈസ്തവ ആചാരങ്ങളില്‍ ശീലിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതലേ സ്വന്തമായ തീരുമാനങ്ങളും അഭിപ്രായങ്ങളുമില്ലാത്ത ഇവര്‍ തന്റെ മാതാപിതാക്കളെ പിന്തുടര്‍ന്നു ജീവിച്ചു.
അതിനിടേയാണ് കുമ്പസാരത്തിന്റെ ചില പ്രശ്‌നങ്ങള്‍ വന്നത്. പാതിരി നാം ചെയ്ത രഹസ്യങ്ങളും പാപങ്ങളും ചികഞ്ഞന്വേഷിക്കുകയും നമുക്കുവേണ്ടി ദൈവത്തോട് പാപമോചനം നടത്തുകയും ചെയ്യുകയെന്നത് ദാവൂദിന് തീരെ രസിച്ചിരുന്നില്ല. ഒരാളുടെ രഹസ്യങ്ങള്‍ മറ്റൊരാളോട് പറയുന്നതില്‍ തന്നെ അരോചകത്വം ദര്‍ശിച്ച അവര്‍ക്ക് തന്റെ രഹസ്യങ്ങള്‍ പുറത്ത് വിടാന്‍ ഒരിക്കലും നന്നെ കഴിഞ്ഞിരുന്നില്ല. അല്ലെങ്കിലും ഈ രഹസ്യങ്ങള്‍ കേള്‍ക്കാന്‍ മാത്രം ഇയാള്‍ക്കെന്ത് മേന്മയെന്നായിരുന്നു അവരുടെ ഉള്ളിലിരിപ്പ്. നമ്മെപ്പോലെ സാധാരണ മനുഷ്യനല്ലെ പാതിരിയും. ഇയാള്‍ക്ക് ദൈവവുമായി പ്രത്യേക ബന്ധങ്ങളുണ്ടോ… തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ക്രമേണ ദാവൂദിന് ചര്‍ച്ചുകളോടുള്ള താല്‍പര്യവും പ്രതിപത്തിയും കുറഞ്ഞുകൊണ്ടിരുന്നു. സദാ ചര്‍ച്ചുമായി ബന്ധപ്പെട്ട അവരുടെ ചര്‍ച്ച് സന്ദര്‍ശനം ഇതോടെ ചില വിശേഷ ദിനങ്ങളില്‍ മാത്രമായി ചുരുങ്ങി. സര്‍വ്വതിലും സ്വല്‍പം സ്വാതന്ത്ര്യം ലഭിച്ചതോടെ അവരുടെ ചിന്തയും സ്വാതന്ത്രമാവുകയായിരുന്നു. ആയിടെ തന്റെ പഠനം കോളേജിലേക്ക് മാറിയ അവര്‍ക്ക് വ്യത്യസ്ത ജനങ്ങളുമായും മതക്കാരുമായും ബന്ധപ്പെടാന്‍ അവസരമുണ്ടായി. ചര്‍ച്ചിന്റെ ഊരാകുടുക്കുകളില്‍ നിന്നും ഇതവരെ മതത്തിന്റെ വിശാലതയിലേക്കെത്തിച്ചു.
അമേരിക്കന്‍ കോളേജിലെ പഠന ജീവിതം മറ്റുള്ളവരെപ്പോലത്തന്നെയായിരുന്നു അവരെയും ഗ്രസിച്ചിരുന്നത്്. മാതാപിതാക്കളുടെ ശക്തമായ പിടിത്തത്തില്‍ നിന്നും ഇതവര്‍ക്ക് മോചനമേകി. ഇതോടെ ചില അനിശ്ചിത വേദനകള്‍ അവരെ വേട്ടയാടാന്‍ തുടങ്ങി. ഹൃദയത്തിന്റെ ഈ ശക്തമായ തേട്ടങ്ങള്‍ അവരുടെ കോളേജ് ജീവിതത്തിനുമേല്‍ മങ്ങലേല്‍പ്പിച്ചു. ദൈവ സമീപനത്തിന്റെ ഇല്ലായ്മയാണ് തന്റെ പ്രശ്‌നമെന്ന് അവസാനമവര്‍ക്ക് ബോധ്യമായി. ഇതിനോടുള്ള പ്രതിവിധിയെന്നോണം മനശ്ശാന്തിതേടി അവര്‍ ബൈബിള്‍ പാരായണം തുടങ്ങി. അല്‍പ്പ കാലത്തേക്കിതു നീണ്ടുനിന്നു. പിന്നീട് മറ്റൊരു സുഹൃത്തിനോടു കൂടെ ദാവൂദ് പുതിയ കലാലയത്തിലേക്ക് മാറി. അടുത്ത കാലങ്ങളില്‍ ഇസ്  ലാമിലേക്ക് വന്ന പലരുമായും പരിചയപ്പെടാന്‍ ഇത് അവസരമൊരുക്കി. ഈ സുഹൃദ്ബന്ധങ്ങള്‍ പിന്നീട് അവരുടെ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടായി പരിണമിക്കുകയായിരുന്നു. ക്രമേണ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ അവര്‍ക്കാഗ്രഹമായി. ഇസ്‌ലാമിക വായനയിലേക്ക് അവര്‍ കടന്നു വന്നു. ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളായ ദൈവവും വിശുദ്ധ ഗ്രന്ഥവും തിരു ദൂതരും അവസാന നാളും നന്മ തിന്മകളുടെ നിശ്ചയ പ്രഭവവും അവര്‍ക്ക് അനാവൃതമായി. വിശ്വാസത്തിന്റെ യാഥാസ്ഥികത മനസ്സില്‍ തെളിഞ്ഞതോടെ ദാവൂദ് ക്രൈസ്തവതയില്‍ ശഠിച്ചു നിന്നില്ല. ഔദ്യോഗികമായി തന്നെ അവര്‍ തന്റെ ഇസ്‌ലാമാശ്ലേഷണം വെളിപ്പെടുത്തി.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ”നിശ്ചയം അല്ലാഹു വിശ്വാസികളുടെ സംരക്ഷകനാണ്. അവനാണവരെ അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് വഴിനടത്തിയത്. (2: 257). കാലങ്ങളോളം നിരര്‍ത്ഥക ജീവിതം നയിച്ച ദാവൂദ് തന്റെ ജീവിതത്തിന്റെ അര്‍ത്ഥ ശൂന്യതയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. കുടുംബവും സമ്പത്തും അവര്‍ക്കു മുമ്പില്‍ വിഷയമായിട്ടുണ്ട്. പക്ഷേ, ഈ നവമത സ്വീകരണത്തോടെ ഇവക്കെല്ലാം മറുപടി കണ്ടെത്തുകയായിരുന്നു. സാര്‍ത്ഥക വാഴ്‌വിനവര്‍ തുനിഞ്ഞിറങ്ങുകയായിരുന്നു. മനുഷ്യ ജീവിതത്തിന്റെ സത്ത വിവരിച്ച് നാഥന്‍ പരിചയപ്പെടുത്തിയത് തന്നെ ഇതാണ്. ”ജിന്ന് വര്‍ഗത്തേയും മനുഷ്യ വര്‍ഗത്തേയും ദൈവാരാധനക്ക് വേണ്ടിയല്ലാതെ നാം സൃഷ്ടി നടത്തിയിട്ടില്ല.”(51: 56). ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ദാവൂദ് മുമ്പില്‍ കണ്ടത് വിശുദ്ധ ഖുര്‍ആനായിരുന്നു. മനുഷ്യോല്‍പത്തി മുതല്‍ അവസാന ദിനം വരെയുള്ള മനുഷ്യകത്തിനാകമാനം വഴിത്താരയായിട്ടാണ് വിശുദ്ധഖുര്‍ആനിവിടെ അവതരിക്കപ്പെട്ടത്.
മനുഷ്യ വാഴ്‌വിന്റെ സമ്പൂര്‍ണ്ണ പദമാണ് ഇസ്‌ലാം. ക്രൈസ്തവനായിരുന്ന ദാവൂദിന് ആത്മ നിര്‍വൃതി സമ്മാനിച്ചത് ഇതാണ്. അധാര്‍മികതയില്‍ നിന്നും ഇതവര്‍ക്ക് ധര്‍മം പരിചയപ്പെടുത്തി. ഇതോടെയായിരുന്നു മതം അവരുടെ ജീവിതത്തില്‍ ശക്തമായി സ്വാധീനിക്കാന്‍ തുടങ്ങിയത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് തന്റെ ദൈനം ദിന ജീവിതത്തില്‍ ഇസ്‌ലാമവര്‍ക്ക് ഒരു വേറിട്ട വസ്തുവായിതന്നെ അനുഭവപ്പെട്ടു. ജീവിത പ്രാരാബ്ധങ്ങള്‍ക്കു മുമ്പിലവര്‍ അല്ലാഹുവിലേക്ക് കൈ മലര്‍ത്തി. തന്റെ ജീവിത സൗഖ്യങ്ങള്‍ക്ക് ദൈവത്തിന് കൃഥാര്‍ത്ഥത രേഖപ്പെടുത്തി. കുരിശിലാടുന്ന ദൈവത്തിനു മുമ്പില്‍ കൈകൂപ്പുന്നതിന് പകരം അവരിന്ന് അഞ്ച് നേരത്തെ നിര്‍ദ്ദിഷ്ട ആരാധനയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അല്ലാഹു പറയുന്നു: ”നിശ്ചയം നിസ്‌കാരം വിശ്വാസികള്‍ക്ക് മേല്‍ സമയം നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബആാദ്ധ്യതയാക്കപ്പെട്ടിരിക്കുന്നു. (4: 103).
പ്രവാചക ജീവിതമായിരുന്നു ദാവൂദിന് മുമ്പില്‍ പിടികിട്ടാതെ പാരാവാരം പരക്കെ വ്യാപിച്ചു കിടന്ന സത്യം. വക്രീകരിക്കപ്പെട്ട യേശുവിന്റെ ജീവിത വ്യാപാരത്തില്‍ നിന്നും ഭിന്നമായിരുന്നു ഇത്. ജീവിതത്തിന്റെ അനുവദനീയമായ സര്‍വ്വ കോണുകളിലും ദൃഷ്ടി പായിക്കുന്നവര്‍ക്ക് പ്രവാചകര്‍ മാതൃകയായിരുന്നു. കുടുംബ നാഥനായും പിതാവായും ഭര്‍ത്താവായും സാമൂഹിക പ്രവര്‍ത്തകനായും കച്ചവടക്കാരനായും ആട്ടിടയനായും ഭരണാധികാരിയായും പ്രവാചകര്‍ തന്റെ ജീവിതം നയിച്ചിരുന്നു.
സത്യത്തില്‍ ഒരു സന്തോഷ കുടുംബത്തിന്റെ നാഥനായിരുന്നു പ്രവാചകന്‍. തന്റെ ഭാര്യയോടും സന്താനങ്ങളോടുമുള്ള സമീപനം അത്രമേല്‍ മഹത്തരമായിരുന്നു. ഒഴുകുന്ന ലാളിത്യവും വിനയവുമായിരുന്നു അവരുടെ മുഖമുദ്ര. കലഹങ്ങളോ കുടിപ്പകയോ ഇല്ലാത്ത പ്രവാചകന്റെ കുടുംബ സങ്കല്‍പ്പം ഏവര്‍ക്കും മാതൃകയാണ്. പരസ്പരം സ്‌നേഹിക്കാനും ഭാര്യമാരോട് മയം പ്രവര്‍ത്തിക്കാനുമാണ് നബി തങ്ങള്‍ പഠിപ്പിച്ചത്. ഭാര്യമാരോടൊപ്പം അടുക്കളപ്പണിയില്‍ വരെ പ്രവാചകര്‍ പങ്കെടുക്കാറുണ്ടായിരുന്നു. വെള്ളം കൊണ്ടുവന്നും വിറക് വെട്ടിയുമുള്ള പ്രവാചകാനുഭവങ്ങളും കുറവല്ല. കുടുംബ ജീവിതത്തില്‍ പ്രവാചകരുടെ കണിശത അതി ശക്തമായിരുന്നു. വസ്തുക്കള്‍ ദുര്‍വ്യയം ചെയ്യാനോ ദുരുപയോഗപ്പെടുത്താനോ നബി തങ്ങള്‍ അനുവദിച്ചിരുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും ധനത്തിന്റെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവരുടെ നിലപാട്. പട്ടിണിയായിരുന്നു പ്രവാചക ജീവിതത്തിന്റെ പ്രത്യേകത. അടുപ്പില്‍ തീകത്താത്ത ദിനങ്ങള്‍ വരെ അവരുടെ വീട്ടില്‍ ധാരാളമാണ്.
പ്രവാചകന്റെ ഇത്തരം സമീപനങ്ങളും ദാവൂദിനെ സ്വാധീനിച്ചു. ഈ മഹത്തരമായ സത്തയെ ലക്ഷീകരിച്ചായിരുന്നു പിന്നീടവരുടെ നീക്കങ്ങള്‍. ഒരു വിശ്വാസി തീര്‍ച്ചയായും വിശ്വസിച്ചിരിക്കേണ്ട വിധിയുടെ ദിനം അവര്‍ ഭയപ്പെട്ടു. ഐഹീക ജീവിത വ്യാപാരങ്ങളുടെ മൂല്യം നിര്‍ണ്ണയിക്കുന്ന ഈ ദിനം ഒരു പേടി സ്വപ്നം പോലെയായിരുന്നു അവര്‍ കണ്ടിരുന്നത്. അല്ലെങ്കിലും ഈ വിശ്വാസം നെറികേടില്‍നിന്നും അകന്നുനില്‍ക്കാനും തന്റെ നാഥനോട് അടുക്കാനും ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്നതാണ്. പാപം മനുഷ്യ സഹജമാണ്. അതറിയുന്ന നാഥന്‍ കാരുണ്യത്തിന്റെ ഹസ്തവുമായി മനുഷ്യനെ കാത്തിരിക്കുന്നു. ഈ കടാക്ഷമാണ് ഓരോ വിശ്വാസിയുടേയും പ്രതീക്ഷ. ദാവൂദിനും ഇവിടെ ആശിക്കാനുള്ളതും ഇതു തന്നെയായിരുന്നു.
ക്രൈസ്തവതയില്‍നിന്നും ഇസ്‌ലാമിനെ നോക്കിക്കണ്ട ദാവൂദിന് തന്റെ പ്രതീക്ഷകള്‍ പിഴച്ചിരുന്നില്ല. ഇസ്‌ലാമിന്റെ കവാടമായ ശഹാദയിലൂടെ ശാന്തമായ ഒരു ലോകമായിരുന്നു അവര്‍ക്കുമുമ്പിലുണ്ടായിരുന്നത്. മുസ്‌ലിം സാഹോദര്യവും സമഭാവനയും അവരെ ഹഠാദാകര്‍ഷിച്ചു. ആത്മാഭിമാനത്തോടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അന്തസ്സോടെ ജീവിക്കാനും അവസാനം ഞാനൊരു മുസല്‍മാനാണെന്ന് പറയാനും അവര്‍ക്ക് അവസരമുണ്ടായി. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter