എന്ത്‌കൊണ്ട് ഞാന്‍ ഇസ്‌ലാമിലേക്ക് : കയ ഗ്രാവിറ്റര്‍ സംസാരിക്കുന്നു

ഞാന്‍ ഇസ്‌ലാം സ്വീകരിക്കാനുണ്ടായ കാരണം ഒരു ദീര്‍ഘമായ കഥയാണ്. ഞാന്‍ അത് ചുരുക്കി വിവരിക്കാം. 

വടക്കന്‍ വിസ്‌കോണ്‍സിനിലെ ചര്‍ച്ചില്‍ ഒരു പെന്തക്കോസ്ത് പ്രബോധകന്റെ കൊച്ചുമകളായി വളര്‍ന്നതുകൊണ്ടുതന്നെ, സഭയുടെ അധ്യാപനങ്ങള്‍ ഞാന്‍ ചെറുപ്പം മുതലേ കേള്‍ക്കാറുണ്ടായിരുന്നു. അപ്പോള്‍ മുതല്‍തന്നെ, ക്രിസ്ത്യാനികള്‍ക്കോ ബൈബിളിനോ ഉത്തരം നല്‍കാന്‍ കഴിയാത്ത നിരവധി സംശയങ്ങളും ജനിക്കുകയായിരുന്നു. ഏഴ് വയസ്സുളളപ്പോള്‍ ഞാന്‍ ബൈബിള്‍ അധ്യാപകനോട് ചോദിച്ചു: 
'എന്ത് കൊണ്ടാണ് നാം ഡിസംബര്‍ 25 ന് യേശുവിന്റെ ജനനം ആഘോഷിക്കുന്നത് ?' (ക്രിസ്മസ് സമയത്ത് യേശു ജനിച്ചിട്ടില്ലെന്നുള്ളതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ ഞാന്‍ അപ്പോള്‍ മനസ്സിലാക്കിയിരുന്നു), 'യേശുവിന്റെ മരണ ശേഷം എന്ത് കൊണ്ടാണ് ത്രീഏകത്വം പരിചയപ്പെടുത്തിയത്'? ഇത് പോലുള്ള പല ചോദ്യങ്ങളും ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. 
പത്ത് വയസ്സായപ്പോള്‍  പെന്തക്കോസ്ത് മതം ഉപേക്ഷിച്ച് ഒരു ലൂഥറന്‍ ആയി. ക്രിസ്തുമതവുമായി എന്റെ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെ തന്നെ ഞാന്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോയി, ബൈബിള്‍ വായിച്ചു (ഇപ്പോഴും വായിക്കാറുണ്ട്.) അവധിക്കാല ബൈബിള്‍ സ്‌കൂളില്‍ പഠിപ്പിക്കുകയും ചര്‍ച്ചില്‍ പാടുകയും ചെയ്തു. ഹൈസ്‌ക്കൂളില്‍ എല്ലാ വേനല്‍ക്കാലത്തും ഞാന്‍ നേതൃത്വ ക്യാമ്പില്‍ പോകുമായിരുന്നു. ആ സമയം പഴയ നിയമത്തിലും പുതിയ നിയമത്തിലുമായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. 
എനിക്ക് 16 വയസ്സുപ്പോള്‍ ദൈവത്തോട് നേരിട്ടു പ്രാര്‍ത്ഥിക്കാനുള്ള ചില ആഗ്രഹങ്ങള്‍ എന്നില്‍ തോന്നിത്തുടങ്ങിയിരുന്നു. എന്റെ ചുറ്റിലുമുളള കുടുംബാംഗങ്ങള്‍ 'പ്രിയ ജീസസ് നന്ദി' എന്ന് പ്രാര്‍ത്ഥനയില്‍ പറയുമ്പോള്‍ ഞാന്‍ 'എന്റെ ദൈവമേ ' എന്നായിരുന്നു എപ്പോഴും മൊഴിഞ്ഞിരുന്നത്.
ആളുകള്‍ ദൈവത്തോട് നേരിട്ട് പ്രാര്‍ത്ഥിക്കാത്തതില്‍ എനിക്ക് പലപ്പോഴും അസ്വസ്ഥത തോന്നിയിരുന്നു എന്ന് വേണം പറയാന്‍. 

2011 ലാണ് ഞാന്‍ കോളേജ് പഠനം ആരംഭിക്കുന്നത്. അതോടെ എനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കളെ ലഭിച്ചു. അവരില്‍ ഒരാള്‍ എന്നോട് പഞ്ഞു: നമ്മുടെ മതങ്ങള്‍ക്ക് ഒരേ പ്രവാചകന്മാരുണ്ട്. അബ്രഹാമിക് മതങ്ങള്‍ തമ്മിലുള്ള സാമ്യതയെ കുറിച്ച് ഗവേഷണം നടത്താന്‍ എന്നെ പ്രേരിപ്പിച്ച ആദ്യ ചിന്ത അതായിരുന്നു എന്ന് പറയാം.
സത്യം പറഞ്ഞാല്‍, ഇസ്‌ലാം വിചിത്രമായ ഒരു മതമാണെന്നും മുസ്‍ലിംകളെല്ലാം ഭീകരരാണെന്നുമായിരുന്നു മറ്റുപലരെയും പോലെ ഞാനും വിശ്വസിച്ചിരുന്നത്. മാധ്യമങ്ങള്‍ മുസ്‌ലിംകളെ കുറിച്ച് പറയുന്നത് ശരിയാണെന്ന് തെളിയിക്കാനായിരുന്നു പലപ്പോഴും ഞാന്‍ പോലും ശ്രമിച്ചിരുന്നത്. കഴിയുന്നത്ര ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം.
ഒരു വര്‍ഷത്തിലേറെ ഞാന്‍ മതപഠനത്തില്‍ ശ്രദ്ധ ചെലുത്തി. ഞങ്ങളുടെ അധ്യാപകന്‍  ബൈബിബിളില്‍ ചില പുസതകങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് ഞങ്ങളെ പഠിപ്പിച്ചു. അത് എന്നെ വല്ലാതെ അസസ്ഥയാക്കി, കാരണം ബൈബിള്‍ സമ്പൂര്‍ണ്ണമാണെന്നും അത് തീര്‍ത്തും ദൈവികമാണെന്നുമായിരുന്നു എന്റെ ഉറച്ച വിശ്വാസം. ആ വിശ്വാസത്തിന് കോട്ടം തട്ടിയതോടെ, ഞാന്‍ ഖുര്‍ആനിലേക്ക് തിരിഞ്ഞു. ഖുര്‍ആനില്‍ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അത് സമ്പൂര്‍ണ്ണമാണെന്നും എനിക്ക് വളരെ വേഗം ബോധ്യമായി. കൂടാതെ, ഇസ്‌ലാമിനെയും ഖുര്‍ആനിനെയും കൂടുതല്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യും തോറും, ദൈവം, ശാസ്ത്രം, യേശു എന്നിവരെക്കുറിച്ചുള്ള എന്റെ കാലങ്ങളായുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചുകൊണ്ടേയിരുന്നു, ഏറെ സംതൃപ്തമായ ഉത്തരങ്ങള്‍.
ഖുര്‍ആന്‍ പാരായണം
അങ്ങനെയിരിക്കെയാണ് വിശുദ്ധ റമദാന്‍ മാസം കടന്നുവരുന്നത്. ഒരു സുഹൃത്ത് എന്നെ ഇഫ്താറിലേക്ക് ക്ഷണിച്ചു. അവിടെ വെച്ച് അവളോട് ഞാന്‍ ഖുര്‍ആന്‍ കടം നല്‍കാമോ എന്ന് ചോദിച്ചു, അവള്‍ സന്തോഷപൂര്‍വ്വം അതെനിക്ക് നല്കുകയും ചെയ്തു. അന്ന് രാത്രി ഞാന്‍ വീട്ടിലെത്തി വായിക്കാന്‍ തുടങ്ങി. 'പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റ നാമത്തില്‍' എന്ന ആദ്യ വാചകം വായിക്കുമ്പോള്‍ എന്റെ ഹൃദയം നിറഞ്ഞു, വല്ലാത്ത സന്തോഷമാണ് എനിക്ക് അനുഭവപ്പെട്ടത്. ഈ സത്യം മനസ്സിലാക്കാന്‍ ഇത്രയും വൈകയില്ലോ എന്നത് മാത്രമായിരുന്നു അപ്പോള്‍ എന്റെ ഏകദുഖം. 
എന്റെ സുഹൃത്തുക്കളും കുടുംബവും എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടതിനാല്‍ ഞാന്‍ ആ വികാരം എല്ലാവരില്‍ നിന്നും മറച്ചുവെച്ചു. എന്തായാലും ഇനി മുതല്‍ മുസ്‍ലിമായി ജീവിക്കണമെന്ന് തന്നെ ഞാന്‍ മനസ്സിലുറച്ചു. ഖുര്‍ആന്‍ വായന തുടര്‍ന്നുകൊണ്ടേയിരുന്നു. 
ഖുര്‍ആന്‍ ഇംഗ്ലീഷില്‍ വായിച്ചാല്‍ മാത്രം പോര, കാരണം അതിന്റെ അര്‍ത്ഥവും അതിന്റെ സന്ദര്‍ഭവും ശരിക്കും മനസിലാക്കാന്‍ അറബി വായനയും മനസ്സിലാക്കലും അനുയോജ്യമാണെന്ന് പലരും എന്നോട് പറഞ്ഞത് സത്യമാണെന്ന് എനിക്കും തോന്നി. അതോടെ അറബി പഠിക്കാന്‍ തന്നെ തീരുമാനിച്ചു, അതിനായി കോളേജില്‍ അറബി ഐഛിക ഭാഷയായി തെരഞ്ഞെടുത്തു. ഖുര്‍ആന്‍ മൂലഭാഷയില്‍ തന്നെ പാരായണം ചെയ്ത് മനസ്സിലാക്കാമല്ലോ എന്നത് മാത്രമായിരുന്നു എന്നെ അതിന് പ്രേരിപ്പിച്ചത്. അത് ഏറെ ഫലം കാണുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് അറബിയില്‍ നന്നായി വായിക്കാന്‍ കഴിയും, പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ഇനിയും കുറെ പഠിക്കേണ്ടതുണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നു. അതിനായുള്ള ശ്രമങ്ങള്‍ തുടരുക തന്നെയാണ്.     

രഹസ്യമായി ശഹാദത്ത്
ഞാന്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയത് ജനുവരി 2014 ല്‍ ആയിരുന്നു. ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ടായിരുന്നു, വീട്ടില്‍ വെച്ച്, എന്റെ മാത്രമായ ലോകത്ത്, വളരെ രഹസ്യമായാണ് ഞാന്‍ ശഹാദത്ത് മൊഴിഞ്ഞത്. എന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു ഉടമ്പടിയായിരുന്നു അത്, അതാണല്ലോ യഥാര്‍ത്ഥ സത്യസാക്ഷ്യം. പിന്നീട് അക്കാര്യം ഞാന്‍ അടുത്ത ചില സുഹൃത്തുക്കളോട് മാത്രം പങ്ക് വെച്ചു. ചില മുസ്‌ലിം സുഹൃത്തുക്കളോടും ഉറ്റ സുഹൃത്തായ ലിന്‍ഡ്‌സെയോടും (അവള്‍ ക്രിസ്ത്യാനിയായിരുന്നു) ഞാന്‍ കാര്യം പറഞ്ഞു. അവള്‍ എന്നെ ഏറെ പിന്തുണച്ചു. 
അപ്പോഴും, കുടുംബവും ബന്ധുക്കളും എങ്ങനെ പ്രതികരിക്കുമെന്ന് എന്നെ ആശങ്കയിലാക്കി. അതേസമയം, വിശ്വാസം ഇങ്ങനെ രഹസ്യമാക്കി വെക്കുന്നതിലൂടെ, ഒരു നുണയിലൂടെയാണല്ലോ എപ്പോഴും ജീവിക്കുന്നതെന്ന കുറ്റബോധം എന്നെ പിടികൂടി. അതോടെ, മതം മാറിയത് കൂടുതല്‍ പേരെ അറിയിക്കാന്‍ എനിക്ക് ധൈര്യം ലഭിച്ചുതുടങ്ങി. പതുക്കെ, അത് എല്ലാവരോടും തുറന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനം കണ്ടെത്തി. എതിരെ വരുന്ന ശബ്ദങ്ങളെയെല്ലാം ഞാന്‍ ഏറെ ക്ഷമയോടെയും അതിലേറെ സഹതാപത്തോടെയും നേരിട്ടു, പരമാവധി അവരെയെല്ലാം ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു, കൂടെ സത്യമതത്തിന്റെ ദിവ്യസന്ദേശം അവര്‍ക്കും മനസ്സിലാക്കിക്കൊടുക്കാനും. അതെന്റെ കര്‍ത്തവ്യമാണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു, ആ ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 
എനിക്ക് 16 വയസ്സുള്ളപ്പോള്‍ നീ ഒരുനാള്‍ ഇസ്‌ലാം സ്വീകരിക്കുമെന്ന് നിങ്ങള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും അത് വിശ്വസിക്കുമായിരുന്നില്ല. ഇസ്‍ലാമിനെകുറിച്ചും മുസ്‍ലിംകളെകുറിച്ചും മാധ്യമങ്ങള്‍ പടച്ചുവിടുന്ന വിദ്വേഷപ്രചാരണങ്ങളില്‍ അത്രമാത്രം ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു. സമാധാനം, സ്‌നേഹം, ഉദാരത തുടങ്ങിയ ഇസ്‌ലാം മതത്തിന്റെ  അടിസ്ഥാന മൂല്യങ്ങളിലേക്ക് ഞാന്‍ എത്തിപ്പെട്ടില്ലായിരുന്നുവെങ്കില്‍, ഒരു യഥാര്‍ത്ഥ മുസ്‌ലിമിനെ കാണാനും പരിചയപ്പെടാനും അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍, ഇന്നും അതെല്ലാം വിശ്വസിച്ച് ഞാനും ജീവിതം തുലക്കുമായിരുന്നു. എല്ലാത്തിനും നിമിത്തങ്ങള്‍ ഒരുക്കിയ പ്രപഞ്ചനാഥനാണ് സര്‍വ്വസ്തുതിയും, അല്‍ഹംദുലില്ലാഹ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter