അപാകതകള്‍ കണ്ടെത്താനായി ഖുര്‍ആന്‍ വായിച്ച് അവസാനം ഇസ്‍ലാമിക പ്രബോധകനായി മാറിയ ഗാരി മില്ലര്‍
ഡോ. ഗാരി മില്ലർ, അറിയപ്പെട്ട ഗണിതശാസ്ത്രജ്ഞനും ദൈവജ്ഞാനിയുമാണ്.
അതേ സമയം, ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. അപ്പോഴും ബൈബിളിലെ പൊരുത്തക്കേടുകള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടേയിരുന്നു.
മറുപടി കണ്ടെത്താനാവാതെ തുടര്‍ന്ന ചിന്തകള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്, ഖുര്‍ആനിലും ഇത്തരം വൈരുദ്ധ്യങ്ങളുണ്ടാവാം എന്ന സ്വാഭാവിക നിഗമനത്തിലാണ്. അതോടെ, അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ അവ കൂടി കണ്ടെത്തുന്നതിലായി. അതിനായാണ്, 1978-ൽ അദ്ദേഹം ഖുർആന്‍ വായിച്ചു തുടങ്ങിയത്. പക്ഷേ, അത് അദ്ദേഹത്തിന് സന്മാര്‍ഗ്ഗദീപം തെളിക്കുന്നതാണ് പിന്നീട് നാം കാണുന്നത്.
ബൈബിള്‍ മുന്നോട്ട് വെക്കുന്നതും ഖുര്‍ആന്‍ സമര്‍പ്പിക്കുന്നതും ഏറെക്കുറെ സമാനമൂല്യങ്ങളാണെന്നാണ് അദ്ദേഹം ആദ്യം കണ്ടെത്തുന്നത്. അതോടൊപ്പം, ബൈബിള്‍ അദ്ദേഹത്തില്‍ സൃഷ്ടിച്ച സംശയങ്ങള്‍ക്കെല്ലാം മറുപടി കണ്ടെത്താന്‍ കൂടി ഖുര്‍ആനില്‍ സാധിച്ചതോടെ അദ്ദേഹത്തിന് പിന്നെ മാറി നില്‍ക്കാനാവുമായിരുന്നില്ല. വൈകാതെ, സത്യസാക്ഷ്യം മൊഴിഞ്ഞ് അദ്ദേഹം ഇസ്‍ലാം ആശ്ലേഷിക്കുകയാണ് ചെയ്തത്. അത് വരെ നടത്തിയ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം. ഇസ്‍ലാമിനെ ലളിതമായി പരിചയപ്പെടുത്തുന്ന റേഡിയോ-ടെലിവിഷൻ പരിപാടികൾ, പൊതു പ്രഭാഷണങ്ങൾ, നിരവധി ലേഖനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ അങ്ങനെ നീളുന്നു അദ്ദേഹം നല്കിയ പ്രബോധന രംഗത്തെ സംഭാവനകള്‍.
അത്ഭുതകരമായ ഖുർആൻ എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നു, "ചിന്തിക്കുന്ന ഒരു ക്രിസ്ത്യാനിയോട് അവൻ എന്തുകൊണ്ട് ക്രിസ്ത്യാനിയായി എന്ന് ചോദിക്കുക, സ്വാഭാവികമായി അവന്റെ ഉത്തരം പുനരുത്ഥാനം എന്ന മഹാ വിസ്മയം എന്നായിരിക്കും. ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് മരിച്ച ഒരു മനുഷ്യൻ ഉയിർത്തെഴുന്നേറ്റുവെന്നതാണ് അവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം. അതാണ് അവന്റെ അത്ഭുതം.
ഇതേ ചേദ്യം ഒരു മുസ്‍ലിമിനോട് ചോദിച്ചു നോക്കൂ, എന്താണ് നിങ്ങളുടെ അത്ഭുതം? എന്തുകൊണ്ടാണ് നിങ്ങൾ മുസ്‍ലിമായത്? നിങ്ങളുടെ അത്ഭുതം എവിടെയാണ്? അവന്‍ നേരെ പോയി ഷെൽഫിൽ നിന്ന് മുസ്ഹഫ് എടുത്ത് നിങ്ങളെ കാണിക്കും. കാരണം അന്ത്യപ്രവാചകന്റെ ഏറ്റവും വലിയ അത്ഭുതസാക്ഷ്യം ഇന്നും നമ്മോടൊപ്പമുണ്ട്. അതാണ് വിശുദ്ധ ഖുര്‍ആൻ. ഇത് മുസ്‍ലിംകളുടെ മാത്രം വാദമല്ല. നിഷ്പക്ഷമായി ഖുര്‍ആനിനെ സമീപിച്ച അമുസ്‍ലിംകള്‍ പോലും ഇത് സമ്മതിച്ചതാണ്.
തെറ്റുകളില്ലാതെ ഒരു പുസ്തകം എഴുതാനുള്ള ധൈര്യം ലോകത്ത് ഒരു എഴുത്തുകാരനും ഇല്ലെന്ന് ഡോ.ഗാരി മില്ലർ പറയുന്നു, എന്നാൽ ഖുർആനിൽ തെറ്റൊന്നുമില്ലെന്ന് മാത്രമല്ല തെറ്റ് കണ്ടെത്താൻ ഖുർആൻ നിങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഇസ്‍ലാമിലേക്ക് അദ്ദേഹത്തെ വഴി നടത്തിയ ചില വിഷയങ്ങൾ അദ്ധേഹം ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നണ്ട്. ഖുർആനിന്റെ ശാസ്ത്രീയ സമീപനം, ഖുർആനിന്റെ ഉറവിടം, പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്ഭവം, ഖുർആനിന്റെ ഗണിതശാസ്ത്ര സമീപനം, മുൻ വേദക്കാരെ കുറിച്ചുള്ള പരാമർശം, തേനീച്ചകളുടെ അത്ഭുത സ്വഭാവം എന്നിവ അവയില്‍ സുപ്രധാനമാണ്.
നൂറ്റാണ്ടുകളായി ഖുര്‍ആൻ പഠിക്കുന്ന കത്തോലിക്കാ സഭകൾ അതൊരു കെട്ടുകഥയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്, എന്നിട്ടും അവർക്ക് അതിന് സാധിച്ചില്ല. അത് അല്ലാഹു അല്ലാത്തവരിൽ നിന്നായിരുന്നുവെങ്കിൽ തീർച്ചയായും അവർ അതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു എന്ന ഖുര്‍ആന്‍ വാക്യം ഇന്നും സത്യവും പ്രസക്തവുമായി തുടരുകയാണ്.
ഉപദേശങ്ങള്‍ നല്കുന്നതില്‍ ഖുർആന്‍ സ്വീകരിച്ചിരിക്കുന്ന മനോഭാവം ആശ്ചര്യകരമാണ്. ഒരേ കാര്യം തന്നെ ഇടക്കിടെ ആവർത്തിച്ച് കൊണ്ടിരിക്കുന്നു. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു, പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്ക് നോക്കാന്‍ പറയുന്നു, ഭൂമിയിലൂടെ സഞ്ചരിക്കാന്‍ ആവശ്യപ്പെടുന്നു, അറിവുള്ളവരോട് ചോദിക്കാന്‍ വരെ അത് പറയുന്നു. ഇതൊക്കെ അതിന്റെ ദൈവികതയാണ് തെളിയിക്കുന്നത്, മില്ലര്‍ പറഞ്ഞ് വെക്കുന്നു.
ഇസ്‍ലാം ആശ്ലേഷിച്ച് അബ്ദുൽ അഹദ് ഉമർ ആയി മാറിയ മില്ലര്‍, സൗദി അറേബ്യയിലെ പെട്രോളിയം ആന്റ് മിനറൽ സർവ്വകലാശാലയിൽ വർഷങ്ങളോളം ജോലി ചെയ്തു. ശേഷം, ഇസ്‌ലാമിക പ്രബോധനത്തിനായി സ്വയം സമർപ്പിക്കുകയും വിവിധ പരിപാടികളുമായി സജീവസാന്നിധ്യമായി മാറുകയാണ് ചെയ്തത്.
Leave A Comment