വിജയത്തിന്റെ ദറജപ്പടികൾ..!!

വിശ്രുതനായ സൂഫി പണ്ഡിതൻ ശഖീഖുൽ ബൽഖി തന്റെ ശിഷ്യനായ ഹാതിമുൽ അസ്വമ്മിനോട് ഒരിക്കൽ ചോദിച്ചു:
''മുപ്പതു കൊല്ലമായി നീ എന്റെ കൂടെ സഹവസിക്കുന്നു.ഈ പഠന സപര്യക്കിടയിൽ നീ എന്നിൽ നിന്നും പഠിച്ചത് എന്തൊക്കെയാണ്..?'' 
ഹാതിം:
''ഗുരോ എട്ടു കാര്യങ്ങൾ..!'' 
"യാ അല്ലാഹ്,എന്റെ കൂടെ നീണ്ട മുപ്പതു കൊല്ലം കഴിച്ചു കൂട്ടിയിട്ടു വെറും എട്ടു കാര്യങ്ങൾ മാത്രമോ.?"
"അതെ, ഗുരോ ഞാൻ സത്യമാണ് പറയുന്നത"
"ശരി! എങ്കിൽ പറയൂ ആ എട്ടു കാര്യങ്ങൾ എന്തൊക്കെയാണ്..?"
ഹാതിം തന്റെ ഗുരുവിനോട് പറഞ്ഞു തുടങ്ങി:

1. പ്രണയം.!
'ഞാൻ സൃഷ്ടികളിലേക്കു നോക്കി.അപ്പോൾ എനിക്ക് മനസ്സിലായി ഓരോരുത്തർക്കും ഓരോ പ്രേമ ഭാജനമുണ്ട്.
സുഖ ദുഃഖങ്ങളിൽ ഒന്നിച്ചു ചേരുന്ന 
ആ പ്രേയസ്സി പക്ഷെ ഖബർ വരേയുള്ളു.
ഖബറിൽ കൂടെ കിടക്കാൻ ഈ പ്രേമ ഭാജനം തയ്യാറാകുന്നില്ല.
മരണത്തോടെ പിരിയുകയാണ്.
അതിനാൽ എന്റെ പ്രേമ ഭാജനത്തെ ഞാൻ നന്മകളാക്കി മാറ്റി.
കാരണം ഞാൻ ഖബറിൽ എത്തിയാലും 
ആ നന്മകൾ എന്നോടൊപ്പം എന്നുമുണ്ടാകുമല്ലോ.....?"

2.ശരീരത്തോടുള്ള സമരം!
അളളാഹുവിന്റെ ഒരു വചനത്തെ കുറിച്ച് ഞാൻ ആലോചിച്ചു.അവൻ പറഞ്ഞു:
' തന്റെ രക്ഷിതാവിന്റെ സ്ഥാനം ഭയപ്പെടുകയും മനസ്സിനെ ദേഹേച്ഛയിൽ നിന്നു തടയുകയും ചെയ്തവനാരോ നിശ്ചയം സ്വർഗ്ഗമാണു അവന്റെ സങ്കേതം.' ഇതിനെ കുറിച്ച് ചിന്തിച്ചപ്പോൾ എനിക്ക് മനസിലായി അല്ലാഹുവിന്റെ വാക്കാണ് സത്യമെന്നു.
അതിനാൽ ദേഹേച്ഛകളോട് ഞാൻ സമരം ചെയ്തു.
അങ്ങിനെ എന്റെ ശരീരത്തെ അല്ലാഹുവിനെ അനുസരിക്കാൻ പാകമാക്കി.."

3.എല്ലാം അല്ലാഹുവിങ്കൽ ഭദ്രം.!
വിലപിടിച്ച സാധനങ്ങൾ കൈവശമുള്ളവരെ ഞാൻ നിരീക്ഷിച്ചു.
അവരെല്ലാം അത് സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.
അപ്പോൾ ഞാൻ ഒരു ദൈവ വചനമോർത്തു; ' നിങ്ങളുടെ പക്കലുള്ളതെല്ലാം നശിച്ചു പോകും.അല്ലാഹുവിലുള്ളതാകട്ടെ ശേഷിച്ചിരിക്കും'
അതോടു കൂടി എനിക്ക് വില പിടിച്ച എന്ത് വസ്തു കിട്ടിയാലും അത് അല്ലാഹുവിനു വേണ്ടി ചിലവിട്ടു.
അവന്റെ അരികിൽ ഭദ്രമായി ഇരിക്കാൻ..

4.ഭയഭക്തി..!
"ഞാൻ സൃഷ്ടികളെ നിരീക്ഷിച്ചു.അവർ തറവാടിന്റെയും സ്ഥാനമാനങ്ങളുടെയും സമ്പത്തിന്റെയും പേരിൽ പെരുമ നടിക്കുന്നതായി കണ്ടു.
പക്ഷെ 'നിങ്ങളിൽ നിന്നു അല്ലാഹുവിങ്കൽ അത്യാദരണീയൻ ദൈവ ഭക്തിയുള്ളവർ മാത്രമാണ്' എന്ന ദൈവ വചനം എന്നെ മാറ്റി ചിന്തിപ്പിച്ചു.
അതിനാൽ അല്ലാഹുവിന്റെ മുന്നിൽ പെരുമയുള്ളവനാകാൻ ഞാൻ ഭക്തനായി.."

5.വിധിയിൽ സംതൃപ്തി..!
"സൃഷ്ടികളെ ഞാൻ നിരീക്ഷിച്ചു.അവർ പരസ്പരം കുറ്റം പറയുകയും,അസൂയ വെക്കുകയുമാണ്.
കാരണം തനിക്കില്ലാതെ പോയ ഒന്ന് മറ്റൊരാൾക്കുണ്ടാകുമ്പോൾ അവർ നിരാശപെടുന്നു.
നിരാശയിൽ നിന്നാണ് വിദ്വെഷം സംഭവിക്കുന്നത്.
പക്ഷെ ' ഐഹിക ജീവിതത്തിൽ അവർക്കുള്ള ജീവിത വിഭവങ്ങൾ നാം തന്നെ അവർക്കു ഓഹരി വെച്ചിരിക്കുകയാണ്..' 
ഈ ദൈവ വചനം എന്നെ ചിന്തിപിച്ചു.
വിഭജനം അല്ലാഹുവിൽ നിന്നാണെന്നറിഞ്ഞപ്പോൾ ആരോടും എനിക്കസൂയ ഇല്ലാതായി.
വിധിയിൽ ഞാൻ സമാദാനം കണ്ടെത്തി.

6.ശത്രുത പിശാചിനോട് മാത്രം..!
ഞാൻ മനുഷ്യരെ നോക്കി.
അവർ പരസ്പരം കലഹിക്കുന്നു,കടിച്ചു കീറുന്നു,കൊല ചെയ്യുന്നു.
പക്ഷെ ' നിശ്ചയമായും പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണ്.
അതിനാൽ അവനോട് ശത്രുത വെക്കുക..' ഈ ദൈവ വചനം എന്നെ മാറ്റി മറിച്ചു.
എന്റെ ശത്രുത അവനോട് മാത്രമാക്കി.
മനുഷ്യരോടുള്ള ശത്രുത ഒഴിവാക്കി.

7.ഭക്ഷണം അല്ലാഹുവിൽ നിന്നാണ്..!
ഞാൻ മനുഷ്യരെ നോക്കി അവരെല്ലാം അന്നം തേടി അലയുകയാണ്.
അതിനു വേണ്ടി ചിലപ്പോൾ അനുവദനീയമല്ലാത്തതിൽ പോലും ഏർപ്പെടുന്നു.
എന്ത് തെറ്റായ വിട്ടു വീഴ്ചയും ചെയ്യുന്നു.
പക്ഷെ 'അന്നം അള്ളാഹു എറ്റെടുക്കാത്ത ഒരു ജീവിയും ഈ പ്രപഞ്ചത്തിലില്ല.' 
എന്ന ദൈവ വചനം എന്നെ മാറ്റി.
അന്നത്തിനു വേണ്ടി ഹറാമായ വഴികൾ ഞാൻ ഒഴിവാക്കി.

8.തവക്കുൽ..!
ഞാൻ മനുഷ്യരെ നോക്കി.
ഓരോരുത്തരും ഓരോന്നിനെ ഭരമേല്പിച്ചിരിക്കുകയാണ്.
ചിലർ കൃഷിയെ,ചിലർ കച്ചവടത്തെ,ചിലർ ജോലിയെ,പക്ഷെ 'ഭരമേല്പിക്കാൻ ഏറ്റവും നല്ലതു അല്ലാഹുവാണ് 'എന്ന വചനം എന്നെ മാറ്റി.
ഈ പറഞ്ഞവയൊക്കെയും ചില കാരണങ്ങൾ മാത്രമാണ്.
ആദ്യന്തികമായി എല്ലാ കഴിവിന്റെയും ഉടമസ്ഥൻ അല്ലാഹുവാണ്.
അവനെ ഭരമേല്പിച്ചവൻ പരാജപെടില്ല."

ഹാതിം പറഞ്ഞു:
"ഗുരോ ഈ എട്ടു കാര്യങ്ങളാണ് ഞാൻ പഠിച്ചത് ..!"
ശഖീഖുൽ ബൽഖീ പറഞ്ഞു:
" ഇത് മതി ഒരു മനുഷ്യന് വിജയിക്കാൻ.
രണ്ടു ലോകങ്ങളുടെയും രത്നങ്ങളാണിത്.
ഗുരു തന്റെ ശിഷ്യനെ നെഞ്ചോട് ചേർത്തു.
ആ കവിളിണകളിൽ അശ്രുകണങ്ങൾ തുള്ളി തുളുമ്പി ഒഴുകി തുടങ്ങിയിരുന്നു..!!
സഹോദരന്മാരെ ഇവ നമ്മുടെ ജീവിതത്തിനു പ്രകാശമാകട്ടെ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter