വാട്ട്‌സപ്പ്  ഉപയോഗത്തിലെ  ഇസ്‌ലാമിക മര്യാദകള്‍

(വാട്ട്‌സപ്പ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട കാര്യങ്ങള്‍)

നിങ്ങള്‍ ഒരു പോസ്റ്റ് ചെയ്യുമ്പോള്‍ ഉള്ള നിങ്ങളുടെ നിയ്യത്ത് (ഉദ്ദേശ്യം) എന്താണ്?.  അതിന് അനുസരിച്ച് അല്ലാഹുവിന്റെ മുന്നില്‍  ഉത്തരം ചെയ്യാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന് ആലോചിക്കാറുണ്ടോ?

നാം ഒരു കാര്യം പോസ്റ്റ് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം അത് ലോകം മുഴുവന്‍ എത്തുമെന്നും പിന്നെ അത് തിരിച്ചെടുക്കാന്‍ ഒരിക്കലും സാധ്യമല്ല എന്നുമുള്ള  ഉത്തമ ബോധ്യത്തോട് കൂടിയാണോ നിങ്ങളുടെ ഓരോ പോസ്റ്റുകളും?

വാട്ട്‌സപ്പ് ഉപയോഗം നിമിത്തം നിങ്ങളുടെ നിര്‍ബന്ധ കടമകളും ഇസ്ലാമിക കാര്യങ്ങളും (ഓഫീസ് ജോലി, പഠനം, ഖുര്‍ആന്‍ പാരായണം, നമസ്‌കാരം, കുടുംബവും കുട്ടികളും മാതാപിതാക്കളുമായി സമയം ചിലവഴിക്കല്‍  മുതലായവ) താളം തെറ്റുന്നുണ്ടോ?

നിങ്ങള്‍ വാട്ട്‌സപ്പ് വഴി അയക്കുന്ന ഇസ്ലാമിക കാര്യങ്ങള്‍ (ഖുര്‍ആന്‍, ഹദീസ്,  പ്രാര്‍ത്ഥനകള്‍  മുതലായവ) പൂര്‍ണമായും ശരിയാണ് എന്ന് നിങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താറുണ്ടോ?  അത്തരം കാര്യങ്ങളുടെ ഉറവിടം കൂടി നിങ്ങളുടെ പോസ്റ്റില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കാറുണ്ടോ?

ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാം (ഉദാ: രാഷ്ട്രീയം, മതം തുടങ്ങിയ കാര്യങ്ങളില്‍). എന്നാല്‍ അഭിപ്രായ വ്യത്യാസം ഉള്ള കാര്യങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ നേരിടാറുണ്ടോ ? അല്ലെങ്കില്‍ ഇത്തരം അവസരങ്ങളില്‍ മറുപക്ഷത്തെ പരിഹസിക്കുന്ന പ്രവണത നിങ്ങള്‍ക്ക് ഉണ്ടോ?

ഗ്രൂപ്പില്‍ ഏതെങ്കിലും രണ്ടു പേര് മാത്രം പരസ്പരം ചാറ്റ് ഒഴിവാക്കുക. ഏതെങ്കിലും ചില വ്യക്തികളോട് മാത്രം ചാറ്റ് ചെയ്യണം എങ്കില്‍ പേഴ്‌സണല്‍ മെസ്സേജ്  അയക്കാന്‍ ശ്രദ്ധിക്കാറുണ്ടോ?

നിങ്ങള്‍ക്ക്  ലഭിച്ച ഏതെങ്കിലും ലിങ്കുകള്‍ (ന്യൂസ്, വീഡിയോ തുടങ്ങിയവ) ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് സ്വയം പരിശോധിക്കാറുണ്ടോ?

ഉപയോഗപ്രദമായ പോസ്റ്റ് ചെയ്യുന്നവരെ അഭിനന്ദിക്കാറുണ്ടോ? (അനാവശ്യമായ പോസ്റ്റ് ചെയ്യുന്നവരെ പബ്ലിക് ആയി ഗ്രൂപ്പില്‍ വിമര്‍ശിക്കാതെ അവരോടു സൗമ്യമായി പേഴ്‌സണല്‍ മെസ്സേജ് അയക്കാന്‍ ശ്രദ്ധിക്കാറുണ്ടോ?)

വളരെ നീളം കൂടിയ പോസ്റ്റുകള്‍ പൂര്‍ണമായും വായിക്കാന്‍ പലരും മടി കാണിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് അത്തരം മെസ്സേജുകള്‍  നിങ്ങള്‍ക്ക്  മറ്റുള്ളവക്ക്  നല്‍കണമെങ്കില്‍,  അത് പൂര്‍ണമായും നിങ്ങള്‍ വായിച്ച്, അതിന്റെ ആശയം സംഗ്രഹിച്ച്, ചുരുക്കി, പോസ്റ്റ് ചെയ്താല്‍ കൂടുതല്‍ ആളുകള്‍ക്ക് ആ മെസ്സേജ്  എത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന കാര്യം ശ്രദ്ധിക്കാറുണ്ടോ?

വാട്ട്‌സപ്പ് ഉപയോഗിക്കുന്ന എല്ലാവരും വൈഫൈ സംവിധാനം ഉപയോഗിക്കണമെന്നില്ല. പലരും മൊബൈല്‍ ഡാറ്റ ആയിരിക്കും ഉപയോഗിക്കുന്നത്. പലരുടെയും മൊബൈല്‍ മെമ്മറി വളരെ കുറവും ആയിരിക്കും. അതിനാല്‍ ആവശ്യം ഇല്ലാത്ത വീഡിയോ പരമാവധി ഒഴിവാക്കുക.  ഇത് നിങ്ങള്‍ പരിഗണിക്കാറുണ്ടോ?

ഒരു വീഡിയോ പോസ്റ്റ് ചെയുമ്പോള്‍ അത് എന്തിനെ കുറിച്ച് ആണ് എന്ന് അതിന്റെ കൂടെ നിര്‍ബന്ധമായും ചേര്‍ക്കുക.  എങ്കില്‍ വീണ്ടും വീണ്ടും ഒരേ വീഡിയോ  ഡൗണ്‍ലോഡ് ചെയ്തുണ്ടാകുന്ന ഡാറ്റാ നഷ്ടം തടയാം എന്ന്  മനസ്സിലാക്കിയിട്ടുണ്ടോ?

ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോള്‍ ആ കാര്യം പോസ്റ്റ് ചെയ്യാന്‍ പറ്റിയ സമയം ആണ് അത് എന്ന് ഉറപ്പു വരുത്താറുണ്ടോ ? (ഒരാളുടെ മരണ വാര്‍ത്ത വന്ന ഉടനെ ഒരു ഹാസ്യം പോസ്റ്റ് ചെയ്യുന്നതിലെ  അനൗചിത്യം നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ)

അപകടം, കൊലപാതകം തുടങ്ങിയവയുടെ വീഡിയോ, ഫോട്ടോ, നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങള്‍, സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന കാര്യങ്ങള്‍, അശ്ലീലതയുള്ള സിനിമ/മ്യൂസിക്   മുതലായവ ഒരു കാരണവശാലും പോസ്റ്റ് ചെയ്യില്ല അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്യില്ല  എന്ന് ഉറപ്പു വരുത്താറുണ്ടോ? 

നിങ്ങള്‍ ഒരു ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് ചെയ്യുമ്പോള്‍ ആ കാര്യം ഗ്രൂപ്പില്‍ ഉള്ള അംഗങ്ങളെ അറിയിച്ചതിനു ശേഷം മാത്രം എക്‌സിറ്റ് ചെയ്യുക.  അല്ലെങ്കില്‍ അനാവശ്യമായ  തെറ്റിദ്ധാരണകള്‍ക്കു കാരണമായേക്കാം എന്ന് ഓര്‍ക്കാറുണ്ടോ?

പോസ്റ്റ് ചെയ്യുന്ന കാര്യം ഗ്രൂപ്പിലെ ആളുകള്‍ക്ക്  ഒരു പുതിയ വിവരം കൊടുക്കുന്നത് ആകാം (ഉദാ: ബ്രേക്കിംഗ് ന്യൂസ്, മരണ-ജനന വാര്‍ത്തകള്‍, പുതുതായി നിലവില്‍ വന്ന ഒരു നിയമം, മുതലായവ), അല്ലെങ്കില്‍ രസിപ്പിക്കുന്നത് (ഇസ്ലാമിക  മൂല്യങ്ങള്‍ക്കു  കോട്ടം തട്ടാത്ത രീതിയിലുള്ള  നര്‍മ്മങ്ങള്‍, രസകരമായ അനുഭവങ്ങള്‍, കൗതുക വാര്‍ത്തകള്‍ മുതലായവ), അല്ലെങ്കില്‍ ഉല്‍ബോധനങ്ങള്‍  (ഇസ്ലാമിക  ഉപദേശങ്ങള്‍, ഫാമിലി കൗണ്‍സലിങ്, കുട്ടികളെ വളര്‍ത്തല്‍, കരിയര്‍ ഗൈഡന്‍സ്, ആരോഗ്യ രക്ഷ മുതലായവ), അല്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ലതും കളഞ്ഞു കിട്ടിയതോ നിങ്ങളുടെ വല്ലതും നഷ്ടപ്പെട്ടതോ തുടങ്ങി, നമുക്ക് ഈ ലോകത്ത്  ഉപകാരപ്രദവും പരലോകത്ത് ഗുണം ലഭിക്കുന്നതുമായ കാര്യങ്ങള്‍ മാത്രം പോസ്റ്റ് ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയ എന്ന അല്ലാഹുവിന്റെ ഈ മഹത്തായ അനുഗ്രഹത്തെ നന്മ ലഭിക്കാനും, നന്മ പ്രചരിപ്പിക്കാനും വേണ്ടി മാത്രം ഉപയോഗിക്കും എന്ന് ഓരോരുത്തരും ഉറപ്പു വരുത്താറുണ്ടോ? (from whatsapp)

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter