മഹമ്മദലി ജിന്ന ഉയര്‍ത്തിയ ചോദ്യങ്ങള്‍
ബി.ജെ.പി നേതാവും അലിഗഢ് എം.പിയുമായ സതീഷ്‌കുമാര്‍ ഗൗതം സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ താരീഖ് മന്‍സൂറിനയച്ച കത്തില്‍ നിന്നാണ് അലിഗഡിലെ പ്രശ്‌നങ്ങളുടെ തുടക്കം. ജിന്നയുടെ ചിത്രം സര്‍വ്വകലാശാല ഹാളില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു കത്തിലെ ആവശ്യം. 1938 ലാണ് ജിന്നയുടെ ചിത്രം സര്‍വകലാശാലയുടെ ചുമരില്‍ ഇടം പിടിക്കുന്നത്. ഇതേ ആവശ്യവുമായി ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ ക്യാംപസില്‍ എത്തിയതോടെ കാര്യങ്ങള്‍ വഷളായി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ചിത്രം നീക്കില്ലെന്ന തീരുമാനത്തില്‍ സര്‍കലാശാല അധികൃതര്‍ ഉറച്ചു നില്ക്കുന്നു. അലിഗഢ് സര്‍വകലാശാല കോര്‍ട്ടിന്റെ സ്ഥാപകാംഗവും വിദ്യാര്‍ഥി യൂണിയനിലെ ആജീവനാന്ത അംഗവുമായിരുന്ന ജിന്നയുടെ ചിത്രം സ്ഥാപിച്ചതില്‍ അപാകതയില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്.
സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം എഴുപത് വര്‍ഷം പിന്നിട്ടെങ്കിലും ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലരെയും വിറളി പിടിപ്പിച്ച് കൊണ്ടിരിക്കുന്ന ഒരു പേരാണ് ജിന്നാ സാഹിബിന്റേത്. അലിഗഢിലെ സംഭവ വികാസങ്ങളില്‍ നിന്നും, ഇതിന് മുമ്പ് 2005 ല്‍ അദ്വാനി ജിന്നയുടെ ഖബറിടം സന്ദര്‍ശിച്ചപ്പോഴുള്ള കോലാഹലങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കിയെടുക്കാവുന്നതാണിത്.
ജിന്നയെന്ന പേര് നിലവിലെ രാഷ്ട്രീയ ബോധങ്ങളെ വലിയൊരളവോളം ഭീതിപ്പെടുത്തുന്നുണ്ട്. ജിന്നയോടുള്ള ഈ വിദ്വേഷം കേവലം ഹൈന്ദവ ഭീകരതയുടെയോ ബി.ജെ.പി യുടെയോ തലയിലിട്ട് തടിയൂരാന്‍ നമുക്കാവില്ല. ഇന്ത്യയിലെ മുസ്‌ലിംകള്‍ ജിന്നയുടെ പേര് പ്രത്യക്ഷപ്പെടുമ്പോള്‍ സ്വീകരിക്കുന്ന നിലപാടും പ്രശ്‌നയുക്തമാണ്. മതവാദി, വിഭജനത്തിനുത്തരവാദി തുടങ്ങിയ സ്ഥിരം സംജ്ഞകളുപയോഗിച്ച് ജിന്നയെ മാറ്റി നിര്‍ത്തുന്ന പ്രവണത മുസ്‌ലിം നേതാക്കള്‍ക്കിടയില്‍ തന്നെ കാണപ്പെടുന്നു.
ഇന്ത്യന്‍ ദേശീയ നേതാക്കളുടെ ചരിത്രം ജിന്നയുടെ അഭാവത്തില്‍ അപൂര്‍ണമാണെന്ന് പറഞ്ഞത് സരോജിനി നായിഡുവാണ്. ഒരു പക്ഷേ ഇന്ന് ഇത്തരമൊരു വാദമാവര്‍ത്തിക്കാന്‍ മുസ്‌ലിം പ്രതിനിധികളെന്ന് സ്വയം പ്രഖ്യാപിക്കുന്ന പലര്‍ക്കും ധൈര്യമുണ്ടാവില്ല. ഇന്ത്യന്‍ ദേശീയതയുടെ ചരിത്രത്തില്‍ ജിന്നക്കൊരു സ്ഥാനവുമില്ലെന്നാണ് ഭൂരിപക്ഷം പേരും ധരിച്ചിരിക്കുന്നത്. ജിന്നയെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന പൊതുബോധത്തിന്റെ പ്രശ്‌നമാണിത്.
പാകിസ്ഥാന്റെ ഗവര്‍ണര്‍ ജനറല്‍ എന്നതിനപ്പുറത്തേക്ക് ജിന്നയുടെ വീക്ഷണങ്ങളെ പറ്റി നമുക്കറിയില്ല. അത് കൊണ്ടാണ് വിഭജനാനന്തര ഇന്ത്യയില്‍ ജിന്നക്കെന്ത് പ്രസക്തിയെന്ന് മുസ്‌ലിംകള്‍ പോലും സ്വയം ചോദിക്കുന്നത്. മതം, വിഭജനം, തുടങ്ങിയ കേവല സംജ്ഞകളിലേക്ക് ജിന്നയുടെ രാഷ്ട്രീയത്തെ ഒതുക്കി നിര്‍ത്തിയാണ് നാം ജിന്നയെ മനസ്സിലാക്കിയത്. ജിന്ന മുസ്‌ലിം സ്വത്വ ബോധത്തിന് നല്‍കിയ പുതിയ മാനങ്ങള്‍, ഇന്ത്യന്‍ സെക്കുലറിസത്തെ പറ്റിയുള്ള ജിന്നയുടെ ധാരണകള്‍, ഭരണഘടനാ രൂപീകരണത്തില്‍ ജിന്നയുടെ പങ്ക്, രാഷ്ട്രീയ വ്യവസ്ഥകളിലെ ജിന്നയുടെ കാഴ്ചപ്പാടുകള്‍ എന്നിവ തദവസരത്തില്‍ വിസ്മരിക്കപ്പെടുന്നു.
ജിന്ന എന്ന വ്യക്തിയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്ന ആരോപണങ്ങള്‍. സത്യത്തില്‍ ആരോപണങ്ങളുടെ വെളിച്ചത്തില്‍ ജിന്നയെ നോക്കിക്കാണുകയെന്ന പ്രതിലോമപരമായ പ്രവര്‍ത്തനമാണ് ജിന്നയുടെ ജീവചരിത്രകാരന്മാര്‍ ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്നത്. ജിന്ന മത വര്‍ഗീയ വാദിയാണെന്നുള്ള ആരോപണം ഒരു വശത്ത്, കള്ളു കുടിയനും മതദ്വേഷിയുമാണെന്നുള്ള ആരോപണം മറു ഭാഗത്ത്, വിഭജനത്തിന്റെ ഉത്തരവാദിയെന്നാരോപണം മറ്റൊരു വശത്ത്. ഈ ആരോപണങ്ങളുടെ ആര്‍ക്കിടൈപിനുള്ളില്‍ വെച്ചല്ലാതെ ജിന്നയെ പറ്റി ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ വളരെ കുറവാണ്. അത് തന്നെയാണ് വലതുപക്ഷ തീവ്ര ഹിന്ദുത്വ വാദികള്‍ക്കും വേണ്ടത്. കേവല ആരോപണങ്ങളിലേക്കും അവക്കുള്ള മറുപടിയിലേക്കും ജിന്നയുടെ വ്യക്തിത്വത്തെ ഒതുക്കി നിര്‍ത്തുകയും അവക്കപ്പുറത്തേക്കുള്ള ജിന്നയുടെ വീക്ഷണങ്ങളെയും ജീവിതത്തെയും ഇല്ലാതാക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ ഗൂഢ തന്ത്രമാണവര്‍ പയറ്റുന്നത്.
സത്യത്തില്‍ സ്വതന്ത്ര പൂര്‍വ ഇന്ത്യയിലെന്ന പോലെ സ്വതന്ത്ര്യാനന്തര ഇന്ത്യയിലെയും മുസ്‌ലിം പ്രശ്‌നങ്ങളെ പറ്റി മനസ്സിലാക്കാന്‍ ജിന്നയുടെ വീക്ഷണങ്ങള്‍ വളരെ പ്രയുക്തമാണ്. എന്നാല്‍ അവ തിരിച്ചറിഞ്ഞവര്‍ വളരെ കുറവാണെന്ന് മാത്രം. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പോലും ഖാഇദേ അഅ്‌സമിനെ ഉദ്ദരിച്ച് പ്രസംഗിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍ സി.എച്ച് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു ‘1900 മുതല്‍ 1947 വരെ ഖാഇദെ അഅ്‌സം ഞങ്ങളുടെ ഇന്ത്യന്‍ മുസ്‌ലിംകളുടെ നേതാവായിരുന്നു. ഒരു കൊല്ലം മാത്രമാണദ്ദേഹം പാകിസ്ഥാന്റെ രാഷ്ട്ര പിതാവായി ജീവിച്ചത്.’
നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ അവസാന രണ്ട് വര്‍ഷങ്ങള്‍ വെച്ച് മുഴുവന്‍ രാഷ്ട്രീയ വീക്ഷണങ്ങളെയും നിര്‍ണയിക്കുക എന്നത് ഉചിതമായ രീതിയല്ല. അതിനാല്‍ തന്നെ വിഭജനത്തിനുത്തരവാദി, മതതീവ്രവാദി തുടങ്ങിയ സ്ഥിരം സംജ്ഞകളെ മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്താല്‍ മാത്രമേ ജിന്നയുടെ പ്രസക്തി നമുക്ക് പൂര്‍ണമായി ഗ്രഹിക്കാനാവൂ. ജിന്ന ഇന്ത്യന്‍ ദേശീയ ബോധത്തിന് നല്‍കിയ സംഭാവനയെന്തെന്ന് മനസ്സിലാക്കാന്‍ മുന്‍ധാരണകളില്ലാത്ത വീക്ഷണങ്ങളാണ് നമുക്ക് വേണ്ടത്. എന്ത് കൊണ്ട് അലിഗഡില്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചു? , എന്ത് കൊണ്ട് സരോജിനി നായിഡു ജിന്നയെ ഇന്ത്യന്‍ ദേശീയ നേതാക്കളില്‍ പെടുത്തി? ഇവക്കുള്ള ഉത്തരം ലഭിക്കണമെങ്കില്‍ ജിന്നയെ പറ്റി ചര്‍ച്ച ചെയ്യപ്പെടുന്ന നിലവിലെ ആര്‍ക്കിടൈപിനെ പൊളിച്ചുപുറത്തുകടക്കേണ്ടതുണ്ട്. പകരം വ്യവസ്ഥാപിതവും കൃത്യമായ മറ്റൊരു വിശകലന രീതി പുനരവതരിപ്പിക്കണം. അത് ജിന്നയുടെ വീക്ഷണങ്ങളെ അതിന്റെ സമഗ്രാര്‍ഥത്തിലും അതിന്റെയായ സാഹചര്യങ്ങളിലും വെച്ച് പഠിക്കുന്നതാവണം, അല്ലാതെ പഴയ പല്ലവികള്‍ അതേ പടി ആവര്‍ത്തിക്കുന്നവയാവരുത്.
വിഭജനത്തെപ്പറ്റിയുള്ള ജിന്നയുടെ വീക്ഷണങ്ങളെ അതിന്റേയായ സാഹചര്യങ്ങളില്‍ വെച്ചാണ് പഠിക്കേണ്ടത്. അല്ലാതെ ‘വിഭജനത്തിനുത്തരവാദി ജിന്ന’ എന്ന കേവല വാദത്തിലേക്കത് ചുരുക്കിക്കൂടാ. കാരണം 1913 മുതല്‍ 1920 വരെയുളള നീണ്ട കാലം മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും ഐക്യപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു ജിന്ന നടത്തിയിരുന്നത്. ഇതിന്റെ തുടര്‍ഫലമായിരുന്നു 1915ല്‍ ബോംബൈയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗിന്റെ സമ്മേളനം. കോണ്‍ഗ്രസിന്റെ സമ്മേളനവും അതേ കൊല്ലം ബോംബൈയില്‍ വെച്ച് അതേ തിയതിക്ക് നടത്തപ്പെട്ടു. കോണ്‍ഗ്രസിനെയും ലീഗിനെയും രഞ്ജിപ്പിക്കാനുള്ള ജിന്നാ സാഹിബിന്റെ ശ്രമമായിരുന്നു ഇതിന് പിന്നില്‍. ഇതിന്റെ തുടര്‍ ഫലമായിരുന്നു പിറ്റേ വര്‍ഷം ലഖ്‌നൗവില്‍ ചേര്‍ന്ന ലീഗ് കോണ്‍ഗ്രസ് കമ്മിറ്റി സമ്മേളനം. പ്രസ്തുത സമ്മേളനത്തിലാണ് മുസ്‌ലിംകള്‍ക്ക് പ്രത്യേക മണ്ഡലം അനുവദിച്ചുള്ള ലക്‌നൗ പാക്ട് പാസ്സാക്കപ്പെടുന്നത്.
ജിന്നയുടെ രാഷ്ട്രീയ ലക്ഷ്യം ഒരിക്കലും മതാത്മകമായിരുന്നില്ല. മതകീയമായൊരു ലക്ഷ്യത്താല്‍ പ്രചോദിതമായാണ് ജിന്ന പ്രവര്‍ത്തിച്ചതെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നത് അസാദ്ധ്യമാവുമായിരുന്നു. മാനവിക ലക്ഷ്യങ്ങളായിരുന്നു ജിന്നയുടെ രാഷ്ട്രീയത്തെ നയിച്ചിരുന്നത്. 1895 ല്‍ ലണ്ടനില്‍ പഠിക്കുന്ന കാലം മുതലേ ജിന്ന രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ലണ്ടനില്‍ വെച്ചാണ് ദാദാബായി നവറോജിയുമായി ബന്ധപ്പെടുന്നതും തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കുന്നതും. ജിന്ന പിന്നീട് കോണ്‍ഗ്രസ്സില്‍ നിന്ന് മാറി നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെ കപട മതാത്മകതയുടെ പേരിലാണ്. പ്രസ്തുത സംഭവത്തെ പറ്റി എ.ഐ തങ്ങള്‍ പറയുന്നതിപ്രകാരം: ജിന്ന സാഹിബ് ആദ്യ കാലത്ത് കോണ്‍ഗ്രസ്സിനെയും ലീഗിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഇതധികകാലം തുടര്‍ന്ന് പോകാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം അനുവദിച്ചില്ല.
1920-ല്‍ അദ്ദേഹം കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെച്ചു. ഖിലാഫത്ത് പ്രക്ഷോഭം കോണ്‍ഗ്രസ്സ് ഇന്ത്യയിലെ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ ഭാഗമാക്കുന്നത് അപകടമാണെന്ന അഭിപ്രായമായിരുന്നു ജിന്നാസാഹിബിനുണ്ടായിരുന്നത്. തികച്ചും മുസ്‌ലിംകളുടെ മതപരമായ ഒരു പ്രശ്‌നമായിരുന്നു ഖിലാഫത്ത്. വൈകാരികമായ ഈ പ്രശ്‌നം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുവരുന്നതും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രക്ഷോഭം നടത്തുന്നതും അപകടമാണെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ സി.ആര്‍ ദാസിനെപ്പോലുള്ളവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ നാഗ്പൂരിലെ വികാരമൂര്‍ച്ചമുറ്റി നിന്ന അന്തീരക്ഷത്തില്‍ ഒറ്റപ്പെടുമോ എന്ന ഭയം. കാരണം അവരാരും ഇത് സംബന്ധിച്ച പ്രമേയത്തെ എതിര്‍ക്കാന്‍ മുന്നോട്ടുവന്നില്ല. ജിന്നാ സാഹിബ് മാത്രമാണ് അമ്പതിനായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത ആ യോഗത്തില്‍ ബഹളങ്ങളെ അവഗണിച്ചു കൊണ്ട് പ്രമേയത്തെ എതിര്‍ത്തത്. ഇതേക്കുറിച്ചദ്ദേഹം പറഞ്ഞു ‘ഞാന്‍ ഗാന്ധിയുമായും കോണ്‍ഗ്രസ്സുമായും പിരിയുന്നു. എന്തുകൊണ്ടെന്നാല്‍ രാഷ്ട്രീയത്തോട് കപടമതാത്മക സമീപനം സ്വീകരിക്കുന്നതില്‍ പങ്കാളിയാകാന്‍ എനിക്ക് സാധ്യമല്ല. രാഷ്ട്രീയം മാന്യന്മാരുടെ കളിക്കളമാണ്.’ ഖിലാഫത്ത് വിഷയത്തിലെ കോണ്‍ഗ്രസ്സിന്റെ കപടമതാത്മകതയെ എതിര്‍ത്ത ഒരു മനുഷ്യനാണ് കേവല മത വര്‍ഗീയ വാദത്തിന്റെ തുലാസ്സില്‍ വെച്ച് മാത്രം അളക്കപ്പെടുന്നത്!. ജിന്നയെ സംബന്ധിച്ചിടത്തോളം മതമെന്നത് ബാഹ്യപ്രകടനങ്ങളായിരുന്നില്ല.
ആസാദിനെപ്പോലെ പ്രത്യക്ഷമായി അദ്ദേഹം മതചിഹ്നങ്ങളെ പ്രകടിപ്പിച്ചിരുന്നില്ല. മതം ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഹൈന്ദവ സനാതന മൂല്യങ്ങളെയും ബൗദ്ധവിശ്വാസങ്ങളെയും കൂട്ടിക്കലര്‍ത്തി ഗാന്ധി ധാര്‍മ്മിക ബഹുസ്വരതയുമായി മുന്നോട്ട് വന്നപ്പോള്‍ അതിന്റെ പ്രായോഗികതയില്‍ ജിന്ന സംശയിച്ചത്. അത്തരം ഒരു ബഹുസ്വരത പ്രായോഗികമാവില്ലെന്നും ഹൈന്ദവരാഷ്ട്രീയത്തിലേക്കാണത് ആത്യന്തികമായി അത് നയിക്കുകയെന്നും ജിന്ന വിശ്വസിച്ചിരുന്നു.
പ്രത്യേക മുസ്‌ലിം പ്രവിശ്യയെപറ്റിയുള്ള ജിന്നയുടെ കാഴ്ചപ്പാട് ഒരു മുസ്‌ലിം രാഷ്ട്രീയത്തിന് വേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നല്ല, പകരം സെക്കുലര്‍ ഭരണ വ്യവസ്ഥയുടെ വിമര്‍ശത്തില്‍ നിന്നുയര്‍ന്ന് വന്നതാണ്. പാന്‍ ഇസ്‌ലാമിസം, പുതിയ മദീന തുടങ്ങിയ ആശയ തലങ്ങളല്ല പ്രത്യേക നിയോജക മണ്ഡലത്തിന് വേണ്ടി വാദിക്കാന്‍ ജിന്നയെ നിര്‍ബന്ധിച്ചത്. പകരം മുസ്‌ലിം പ്രതിനിധാനം എന്ന പ്രായോഗിക പ്രശ്‌നമായിരുന്നു. ഡല്‍ഹി കേന്ദ്രമാക്കിയുള്ള ഒരു ഭരണ കൂടമായിരുന്നു കോണ്‍ഗ്രസ്സിന് വേണ്ടിയിരുന്നത്. കോണ്‍ഗ്രസ്സിലൂടെ പാര്‍ലമെന്റില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം നേരിടാന്‍ ഹിന്ദു സാമാജികര്‍ക്ക് എളുപ്പം സാധിക്കുമായിരുന്നു.
ഏതെങ്കിലും ബില്‍ അവതരിപ്പിക്കുന്ന പക്ഷം ഹിന്ദു സാമാജികര്‍ മുഴുവന്‍ അനുകൂല വോട്ട് ചെയ്യുകയും മുസ്‌ലിം സാമാജികര്‍ മുഴുവന്‍ വിട്ട് നില്‍ക്കുകയും ചെയ്താലും, നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ബില്‍ അനായാസം പാസ്സാവുമായിരുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ എതിര്‍പ്പിന് ഇന്ത്യന്‍ സെക്കുലറിസമെന്ന മെജോറിട്ടി പൊളിറ്റിക്‌സില്‍ സഥാനമില്ലെന്ന് ഇതുവഴി വരുന്നു. അതിനാല്‍ സംവരണമെന്ന രാഷ്ട്രീയവകാശം അപ്രായോഗികമാണെന്ന് കണ്ടാണ് ജിന്ന പ്രത്യേക ഭരണ പ്രവിശ്യകള്‍ക്ക് വേണ്ടി ആവശ്യപ്പെട്ടത്. ദലിത് മുന്നേറ്റങ്ങളെപ്പോലെ കേവല രാഷ്ട്രീയാധികാരങ്ങളാല്‍ മാത്രം പരിഹരിക്കപ്പെടുന്നതല്ല മുസ്‌ലിം പ്രശ്‌നങ്ങളെന്ന് ജിന്ന വളരെ കൃത്യമായി മനസ്സിലാക്കിയിരുന്നു. അതിനാല്‍ തന്നെ മുസ്‌ലിംകളെന്നത് സാംസ്‌കാരികമായി തന്നെ വേറിട്ട് നില്‍ക്കുന്ന സമൂഹമാണെന്നും, കേവല രാഷ്ട്രീയ പ്രതിനിധാനത്തിലൂടെ മുസ്‌ലിം പ്രശ്‌നങ്ങളെ പരിഹരിക്കാനാവില്ലെന്നും ജിന്ന മനസ്സിലാക്കിയിരുന്നു. ജിന്നയുടെ വീക്ഷണങ്ങള്‍ സെക്കുലറിസമെന്ന അടിസ്ഥാന സംജ്ഞയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു.
സെക്കുലറിസമെന്ന പേരില്‍ നടത്തപ്പെടുന്ന മെജോറിറ്റേറിയന്‍ പൊളിറ്റിക്‌സില്‍ ജിന്നയുടെ വിശ്വാസം നഷ്ടപ്പെട്ടതാണ് പിന്നീട് പ്രത്യേക പ്രവിശ്യയെന്ന വാദത്തിലേക്കദ്ദേഹത്തെ കൊണ്ടു ചെന്നത്തിച്ചത്. അല്ലാതെ മുസ്‌ലിംകള്‍ക്ക് വേണ്ടി പ്രത്യേക രാജ്യമെന്ന ഒരു സ്വപ്‌ന പദ്ധതിയിലേക്കല്ല. ജിന്ന തന്റെ നിലപാടുകളില്‍ ‘നാഷന്‍’ എന്ന വാക്കുപയോഗിച്ചത് ജിയോഗ്രഫിക്കലായ അതിര്‍ത്തികളുള്ള രാജ്യമെന്നര്‍ത്ഥത്തിലല്ല. പകരം അതിനപ്പുറം ഖൗം (സമുദായം) എന്ന സാംസ്‌കാരികാര്‍ത്ഥത്തിലാണ്. ഇന്ത്യന്‍ സെക്കുലറിസത്തെ തന്നെ പുതിയൊരര്‍ത്ഥത്തില്‍ നിര്‍വ്വചിക്കാനും മാറ്റി നിര്‍ത്താനും സാധിക്കുമായിരുന്ന സാമുദായിക രാഷ്ട്രീയം (കമ്മ്യൂണല്‍ പൊളിറ്റിക്‌സ്) എന്ന വിശാലമായൊരു വീക്ഷണമായിരുന്നു ജിന്ന മുന്നോട്ട് വച്ചത്. അതിനെ വിഭജനത്തില്‍ കൊണ്ടെത്തിച്ചത് കോണ്‍ഗ്രസ്സും ബ്രിട്ടനുമായിരുന്നു. ജിന്നയുടെ കമ്യൂണല്‍ പൊളിറ്റിക്‌സ് നിര്‍മാണാത്മകമായിരുന്നു.
കമ്യൂണലിസം എന്ന വാക്ക് കേള്‍ക്കുമ്പോഴേക്ക് വര്‍ഗീയവാദമെന്നും തീവ്രവാദമെന്നും പറഞ്ഞതിനെ മുദ്ര കുത്തി മാറ്റിനിര്‍ത്തേണ്ടതില്ല. ബഹുസ്വര ഭൂരിപക്ഷ ഭരണത്തിന്റെ കുറവുകളെ പരിഹരിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ പ്രയോഗമായിരുന്നു കമ്യൂണല്‍ പൊളിറ്റിക്‌സ്. അത് ജിന്ന തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രയോഗവത്കരിച്ചിട്ടുമുണ്ട്. കാരണം ജിന്നയുടെ വരവില്‍ മുസ്‌ലിം വോട്ടുകള്‍ യൂണിയനിസ്റ്റ് പാര്‍ട്ടി, മുസ്‌ലിം ഇന്‍ഡിപെന്റെന്റ് പാര്‍ട്ടി, കൃഷക് പ്രജാ പാര്‍ട്ടി തുടങ്ങിയ പല പാര്‍ട്ടികളിലുമായാണ് ചിതറിക്കിടന്നിരുന്നത്.
എന്നാല്‍ ഹൈന്ദവ വോട്ടിന്റെ എഴുപത് ശതമാനത്തോളം കോണ്‍ഗ്രസ് നേടിയെടുത്തു. കോണ്‍ഗ്രസിനുള്ളിലെ ഹൈന്ദവ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ ജിന്ന തന്നെയാണ് അതിനൊരു ബദല്‍ മാര്‍ഗമെന്ന നിലയില്‍ കമ്യൂണല്‍ പൊളിറ്റിക്‌സിനെ വികസിപ്പിച്ചത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകാന്‍ തയ്യാറെടുക്കുന്ന 1946 കാലത്ത് ഇന്ത്യയിലാകെയുള്ള മുസ്‌ലിം വോട്ടര്‍മാരില്‍ എണ്‍പത് ശതമാനവും ജിന്നയോടൊപ്പമായിരുന്നു.
ജിന്നയുടെ വീക്ഷണങ്ങളെ മുന്‍ നിര്‍ത്തി ഇന്ത്യന്‍ സെക്കുലറിസത്തിന് പ്രായോഗികമായൊരു രൂപരേഖ ചമക്കാമായിരുന്നു. എന്നാല്‍ അതിന് പകരം കോണ്‍ഗ്രസ് സ്വീകരിച്ചതാവട്ടെ സ്വപ്‌നങ്ങളിലും സാങ്കല്‍പികതയിലുമൂന്നിയ ഗാന്ധിയന്‍ സമീപനമായിരുന്നു. അപ്രായോഗികമായ ഗാന്ധിയന്‍ നിലപാടുകളോട് ജിന്നയ്‌ക്കെന്നും എതിര്‍പ്പായിരുന്നു. ജനകീയമാവാന്‍ വേണ്ടി ഗാന്ധി സ്വീകരിച്ച നിലപാടുകളെ ജിന്ന ശക്തിയുക്തം എതിര്‍ത്തിരുന്നു. പ്രായോഗികയിലൂന്നിയ രാഷ്ട്രീയ പദ്ധതിയാണ് ജിന്ന മുന്നോട്ട് വച്ചത്. ഇന്ത്യന്‍ സെക്കുലറിസത്തെ പുതിയൊരു തലത്തിലേക്ക് മാറ്റിത്തീര്‍ക്കാനുള്ള സാധ്യതകള്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലുണ്ടായിരുന്നു. ഗാന്ധിയുടെ ദേശ സങ്കല്‍പത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിനിധാനം, പ്രത്യേക നിയോജക മണ്ഡലം, ഫെഡറല്‍ ഭരണം തുടങ്ങിയ പ്രായോഗിക മാര്‍ഗങ്ങളിലൂന്നിയ ദേശ വീക്ഷണങ്ങളാണ് ജിന്ന മുന്നോട്ട് വച്ചത്. ഗാന്ധിയന്‍ കപട മതാത്മകതയില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ള ഹൈന്ദവ ദേശീയതയെ പറ്റി ജിന്ന ബോധവാനായിരുന്നു എന്നതാണിതിന് കാരണം. അതിന് വേണ്ട കൃത്യമായ പ്രായോഗിക പദ്ധതിയാണ് ജിന്ന അവതരിപ്പിച്ചത്. അത് കൃത്യമായൊരു രാഷ്ട്രീയ മുന്നേറ്റമായിരുന്നു. ആ രാഷ്ട്രീയ പദ്ധതിയെ മറച്ച് വെക്കാനാണ് ജിന്നയുടെ വിഗ്രഹ ഭജ്ഞകര്‍ ശ്രമിക്കുന്നത്.
ഇന്നും പ്രസക്തമായ നിരവധി ചോദ്യങ്ങളാണ് ജിന്ന ഉയര്‍ത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമെന്ന നിലയില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍, ഭൂരിപക്ഷ ജനാധിപത്യത്തിന്റെ ഇരകളാണ്. കോടിക്കണക്കിന് വരുന്ന മുസ്‌ലിംകളുടെ രാഷ്ട്രീയപോരാട്ടമാണ് വരും നൂറ്റാണ്ടിലെ ബഹുസ്വര ജനാധിപത്യത്തിന്റെ അര്‍ഥം നിര്‍വചിക്കുകയെന്ന ബോധം ജിന്നക്കുണ്ടായിരുന്നു.
ജിന്നയുടെ ചിത്രങ്ങള്‍ പ്രതിഷ്ഠിക്കുകയും ജിന്നയുടെ രാഷ്ട്രീയ വീക്ഷണങ്ങളെ പുനര്‍നിര്‍വചിക്കുകയുമാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. കാരണം ബഹുസ്വരമായൊരു സമൂഹത്തിന് വേണ്ടിയുള്ള പ്രായോഗിക പദ്ധതികളാണ് ജിന്നയുടെ വീക്ഷണങ്ങള്‍.
(കടപ്പാട്- തെളിച്ചം മാസിക)
Leave A Comment