മുസ്‌ലിം വ്യക്തിനിയമവും സ്ത്രീ അവകാശങ്ങളും
വ്യക്തിമുസ്‌ലിം വ്യക്തിനിയമത്തെക്കുറിച്ച ചില അഭിഭാഷകരുടെ പ്രസ്താവനകള്‍ ഒരിക്കല്‍ കൂടി വിവാദ വിഷയമാവുകയാണ്. ബഹുഭാര്യത്വം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നുണ്ടോ എന്നാണ് അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍. മുമ്പും മുസ്‌ലിം വ്യക്തിനിയമത്തിലെ ബഹുഭാര്യത്വം, വിവാഹ മോചനം എന്നീ കാര്യങ്ങളിലുള്ള ഉപാധികള്‍ ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരുമെന്ന ഒരു ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. അന്ന്‌ ഇന്ത്യയിലെ മുസ്‌ലിം സംഘടനകള്‍ സുപ്രിംകോടതിയുടെ നിലപാട് മുസ്‌ലിം വ്യക്തിനിയമത്തിലുള്ള ഇടപെടലാണ് എന്ന് പ്രതിഷേധിക്കുകയുണ്ടായി. ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം ഇസ്‌ലാമിക ശരീഅത്താണ് എന്നു കരുതുന്നവരാണ് മിക്ക മുസ്‌ലിം സംഘടനകളും. എന്നാല്‍ ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം ഇന്ത്യന്‍ നിയമസംഹിതയുടെ 26ാം ചട്ടമാണ്. 1937 മുതല്‍ നിലവിലുള്ളതാണ്. പിന്നീട് ഭേദഗതികളോടെ അതേചട്ടത്തില്‍ നിലനില്‍ക്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാസാക്കേണ്ടത് സര്‍ക്കാരുകളാണ്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യേണ്ടത് ഇന്ത്യയിലെ കോടതികളുമാണ്. മുസ്‌ലിം കര്‍മശാസ്ത്രം, വിശിഷ്യ ഹനഫി കര്‍മശാസ്ത്രം അടിസ്ഥാനപ്പെടുത്തി സമാഹരിക്കപ്പെട്ട ഈ വ്യക്തിനിയമത്തില്‍, പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹമോചനം, വഖഫ് തുടങ്ങി പത്തോളം വിഷയങ്ങളാണ് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിലെ ശിക്ഷാവിധികള്‍ ക്രിമിനല്‍ നിയമത്തിന്റെ ഏകീകരണത്തിന് വേണ്ടി ഉപേക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ സമ്പൂര്‍ണമായൊരു ശരീഅത്ത് നിയമമുണ്ടെന്നവകാശപ്പെടാനാവില്ല. ഉള്ളത് വ്യക്തിനിയമമാണ്. അത് നടപ്പിലാക്കാന്‍ സര്‍ക്കാരിനും വ്യവഹാരത്തിന് കോടതികള്‍ക്കുമാണ് അധികാരം. യഥാര്‍ഥത്തില്‍ ഇതൊരു ദൗര്‍ബല്യമാണ്. ഇവിടെ ഒരു ശരീഅത്ത് കോടതി നിലവിലില്ല. അതുകൊണ്ടാണ് കോടതികള്‍ വ്യക്തിനിയമത്തില്‍ യഥേഷ്ടം ഇടപെടുന്നത്. ശരീഅത്ത് നിയമം ഉടച്ചുവാര്‍ക്കണമെന്ന വാദത്തിന് ആരില്‍ നിന്നും അനുകൂലമായ പ്രതികരണം ഉണ്ടാകുന്നില്ല. 1985 ല്‍ ഷാബാനു കേസിന്റെ വിധിയില്‍ ഈ ദുര്‍ബലത വ്യക്തമായതാണ്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി സാങ്കേതികമായി ദുര്‍ബലമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിധിയില്‍ അടങ്ങിയ നല്ലൊരംശം, വിധിയെ എതിര്‍ക്കുന്നതിനിടയില്‍ എല്ലാവരും മറന്നിരുന്നു. വിവാഹമോചനം, അതോടനുബന്ധിച്ച നഷ്ടപരിഹാരം തുടങ്ങിയ ശരീഅത്ത് പ്രശ്‌നങ്ങളില്‍ ഇന്ത്യയിലെ വ്യക്തിനിയമത്തെ മാത്രം ആശ്രയിച്ചാല്‍ പോരെന്നും, അക്കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രമാണമാക്കണമെന്നുമായിരുന്നു അദ്ദേഹം തെളിയിച്ചത്. എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട മതിയായ അധികാരി സുപ്രിംകോടതി ജഡ്ജ് അല്ല എന്നതുകൊണ്ട് അക്കാര്യം അതിലന്തര്‍ലീനമായ ഒരു നിര്‍ദേശം വിസ്മരിക്കപ്പെട്ട് വിമര്‍ശിക്കപ്പെടുകയാണുണ്ടായത്. ഇന്ത്യയിലെ നിയമങ്ങള്‍, ലോകത്തിലെ മറ്റു നിയമങ്ങളെല്ലാം തന്നെയും കര്‍ക്കശമായതാണ്. എന്നാല്‍ ഇസ്‌ലാമിക നിയമങ്ങളില്‍ താരതമ്യേന അയവ് കാണാവുന്നതാണ്. ഒരേകാര്യത്തില്‍ തന്നെ സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി വിവിധ തീരുമാനങ്ങള്‍ എടുത്തതായി പ്രവാചകചര്യയില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഒരുദാഹരണത്തിന് കൊലപാതകിക്ക് കൊലചെയ്യപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പു കൊടുത്താല്‍ ശിക്ഷാ ഇളവ് കിട്ടുന്നത് ഇസ്‌ലാമിലെ ശിക്ഷാനിയമത്തിലെ വ്യതിരിക്തതയാണ്. അതുപോലെ തന്നെയാണ് മറ്റുപല കാര്യങ്ങളിലും. ഇസ്‌ലാമിക നിയമമനുസരിച്ച് വിധി നടപ്പിലാക്കുമ്പോള്‍ പ്രശ്‌നത്തിന്റെ ഇരുവശങ്ങളും വിശകലനം ചെയ്ത് എന്ത് ഇസ്‌ലാമിക നിലപാടെടുക്കാമെന്ന് തീരുമാനിക്കുന്ന ഒരു പണ്ഡിത ജൂറിയുടെ ആവശ്യമുണ്ട്. വ്യക്തിനിയമത്തിന്റെ കീഴില്‍ വരുന്ന കേസുകള്‍ ഈ ജൂറിക്ക് മുമ്പിലായിരിക്കണം വിചാരണ ചെയ്യപ്പെടേണ്ടത്. ഇത്തരമൊരു സംവിധാനത്തിന്റെ അഭാവത്തിലാണ് ഇന്ത്യയിലെ വ്യക്തിനിയമം നടപ്പാക്കുന്നതില്‍ വീഴ്ചകളുണ്ടാകുന്നത്. 1973 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍, ഇത്തരമൊരാവശ്യം നിറവേറ്റപ്പെടുമെന്ന പ്രത്യാശയിലാണ് പേഴ്‌സണല്‍ ലോ ബോര്‍ഡ് രൂപീകരിച്ചത്. എന്നാല്‍ 43 അംഗങ്ങളുള്ള ഈ ബോര്‍ഡ് കുറേപേരുടെ തന്‍പോരിമ കാണിക്കുന്ന ഒരു പ്രഹസനമായി അധഃപതിച്ചുപോയി. മുസ്്‌ലിം വ്യക്തിനിയമത്തിലെ ഉപാധികളെ ദുരുപയോഗം ചെയ്യുമ്പോള്‍ ദുരുപയോഗം ചെയ്യുന്ന അത്തരം ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു ശിക്ഷിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്. അല്ലാതെ നിയമത്തെ തന്നെ പാടേ മാറ്റി ഉടനെ തന്നെ ഏകീകൃത സിവില്‍കോഡ് കൊണ്ടുവരണമെന്ന കോടതികളുടെ നിലപാട് മൗഢ്യമാണ്. ഇന്ത്യയിലെ തന്നെ പല നിയമങ്ങളും പരാജയപ്പെടുന്ന കാഴ്ചയാണുള്ളത്. അതുകൊണ്ട് അത്തരം നിയമങ്ങളെയൊക്കെ നിഷ്‌കാസനം ചെയ്യണമെന്ന് പറയുന്നത് പോലെയുള്ള മൗഢ്യമാണ് വ്യക്തിനിയമം മാറ്റി ഏകീകൃത സിവില്‍കോഡ് കൊണ്ടുവരണമെന്ന നിലപാടിലുള്ളത്. മുസ്‌ലിം വ്യക്തിനിയമത്തെ ദുരുപയോഗപ്പെടുത്താതെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാം ഉദ്ദേശിക്കുന്ന നീതി ലഭ്യത ഉറപ്പാക്കാനുള്ള ശ്രമമാണ് കോടതിയുടെ ഭാഗത്തു വേണ്ടത്. ഇന്ത്യയിലെ പലയിടങ്ങളിലെ സാമൂഹികാചാരങ്ങള്‍ ഇസ്‌ലാമിക നിയമങ്ങളുമായി ദ്വന്ദമുണ്ടാകുന്ന സാഹചര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ വിവാഹം, വിവാഹമോചനം, സ്വത്തുവിഭജനം എന്നിവയിലുണ്ടാകാറുണ്ട്. അത്തരം കേസുകളില്‍ നീതി നടപ്പിലാക്കാന്‍ കൂടിയാലോചനകളിലൂടെ തീരുമാനമാകേണ്ടതുണ്ട്. അതിനാണ് പണ്ഡിതരടങ്ങുന്ന ഒരു ജൂറിയുടെ മുമ്പിലാണ് അത്തരം കേസുകള്‍ കേള്‍ക്കേണ്ടതും വിധിപറയേണ്ടതുമെന്നഭിപ്രായപ്പെടുന്നത്. മുസ്‌ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട കേസുകളില്‍, ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ അവഗാഹമുള്ള ഒരു ജൂറി ഹൈക്കോടതികളിലും, സുപ്രിംകോടതിയിലും നടപ്പിലാക്കാനാണ് യഥാര്‍ഥത്തില്‍ സുപ്രിംകോടതി നിര്‍ദേശിക്കേണ്ടത്. ഇക്കാര്യങ്ങളില്‍ മുസ്‌ലിം പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനുള്ള പോംവഴി അതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter