അവള്‍ വീട് വിട്ടുപോവാന്‍ കാരണം നിങ്ങള്‍ തന്നെയാണ്!

ഒളിച്ചോട്ടം: വിമര്‍ശിക്കേണ്ടത് വീട്ടമ്മമാരെയല്ല, പ്രതിസ്ഥാനത്ത് പുരുഷന്‍ തന്നെയാണ്.

വാര്‍ത്തകള്‍ വാട്സ് ആപ്പില്‍ ആഘോഷിക്കപ്പെടും മുമ്പ് വിലയിരുത്തേണ്ടത് സ്വന്തം സഖിയോടുള്ള നമ്മുടെ സമീപനങ്ങളാണ്.

അവള്‍ മറ്റൊരാളില്‍ അഭയം പ്രാപിക്കുന്നത് ലൈംഗിക ദാഹം കൊണ്ടല്ല. കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകള്‍ കൊണ്ട് ഹൃദയം നുറുങ്ങുമ്പോഴാണ്.

മലബാറിലെ ഒരു പ്രവാസി വീട്ടമ്മയുടെ അധികമൊന്നും പ്രചരിക്കപ്പെടാത്ത ദയനീയമായൊരു വോയ്സ് ക്ലിപ്പ് ജിദ്ദയിലെ സൗഹൃദ കൂട്ടായ്മയുടെ ഗ്രൂപ്പില്‍ നിന്നും കേള്‍ക്കേണ്ടി വന്നപ്പോള്‍ എനിക്ക് തോന്നിയ നിരീക്ഷണമാണ് ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ചത്.

ഇത്രകാലമായിട്ടും നിങ്ങളെന്നെ മനസ്സിലാക്കിയില്ല

അറിയാന്‍ ശ്രമിച്ചില്ല,കൂടെകിടന്നും,കിടപ്പറപങ്കിട്ടും എനിക്കുള്ളതെല്ലാം പകര്‍ന്നുതന്നിട്ടും അറിയാതെ പോയെല്ലോ നിങ്ങളെന്നെ....

ദാമ്പത്യജീവിതത്തിന്റെ പാതിദൂരം പിന്നിടും മുമ്പേ പല പത്‌നിമാരും പറയുന്ന പരിഭവങ്ങളാണിത്. ഇത്തരം പരാതികളുടെ നേരും പതിരും 

പരിശോധിക്കപ്പെടേണ്ടതില്ലേ....?

പെണ്ണിന്റെ ഹൃദയപ്പുസ്തകം വായിക്കുന്നതില്‍ വിദ്യാസമ്പന്നരായ പുരുഷന്മാര്‍ക്ക് പോലും വീഴ്ച്ചകള്‍ വന്നു പോയിട്ടുണ്ട്. അക്കാദമിക് ബിരുദങ്ങള്‍കൊണ്ട് അവളെ അറിയാനാവില്ല.ഒരായുസ്സ് മുഴുവന്‍ നിഴലായ് കൂടെനിന്നാലും ചിലപ്പോ അരവരി പോലും ഗ്രഹിക്കാനുമാവില്ല.

പൊടിമീശ മുളച്ചു തുടങ്ങുന്ന കൗമാരകാലത്ത് തന്നെ സങ്കല്‍പ്പത്തിലെ പങ്കാളിയെ നമ്മളും സ്വപ്നം കണ്ടിട്ടില്ലേ..പ്രായം പതിനേഴിന്റെ 

പടിവാതില്‍ കടന്നാല്‍ വരവേല്‍ക്കാനുള്ള വരനെ അവരും കിനാക്കാണും. കട്ടിമീശയും തുടുത്തകവിളും വേണമെന്നും എന്നെ പൊന്നു പോലെ നോക്കണമെന്നും ആരോരുമറിയാതെ മനസ്സ് പറയുന്നത് സ്വാഭാവികമായ സ്വപ്നം മാത്രമാണ്.

സത്യത്തില്‍ സ്ത്രീ മനസ്സിലിപ്പോള്‍ സാഗരസമാനമായ സ്വപ്നങ്ങളില്ല. പിന്നെ ആണില്‍ നിന്ന് അവള്‍ ആഗ്രഹിക്കുന്നതെന്താണ്..?

അലിവിന്റെ ഒരു നോട്ടം മതി.

സ്‌നേഹത്തിന്റെ നേര്‍ത്തൊരു ശ്വാസം മതി.

നമ്മുടെ മാറില്‍ തലചാഴ്ക്കാനൊരിടം.

ആര്‍ദ്രമായൊരു സ്പര്‍ശം. 

ഞാന്‍ സ്‌നേഹിക്കപ്പെടുന്നു. 

എന്റെ പ്രിയന് ഞാനേറേ പ്രിയപ്പെട്ടവളാകുന്നു. ഇത്തരമൊരു തോന്നല്‍ വേലിയേറ്റത്തോടെ നിലനിര്‍ത്തിയാല്‍ മാത്രം മതി. 

ദാമ്പത്യജീവിതത്തില്‍ വിജയിക്കാം.

ഏതൊരു പെണ്ണിലും വേഗമെത്തുന്ന രോഗമാണ് 'സംശയം'. മനസ്സില്‍ നിന്നും മസ്തിഷ്‌ക്കത്തിലേക്ക് പകരുന്ന സംശയരോഗത്തിന്റെ അണുബാധ കോപത്തിന് കാരണമായിത്തീരും.                     

താന്‍ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നല്‍ അവളെ ഭ്രാന്തിയാക്കും.' ചക്കരെന്നു'വിളിച്ചപെണ്ണ്     

യക്ഷിയും രാക്ഷസിയുമായി പരിണാമം പ്രാപിക്കുന്നത് ഇങ്ങനെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് നമ്മെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിചാരണ ചെയ്യാന്‍ സാധിക്കണം. എങ്കില്‍ ഒരിക്കലും വാടാത്ത അനുരാഗത്തിന്റെ ആയിരം പൂക്കള്‍ ഒന്നിച്ചുവിടരുന്ന വര്‍ണ്ണോദ്യാനമാകും ജീവിതം.

മുനിഞ്ഞു കത്തുന്ന പിണക്കം കാട്ടുതീ പോലെ പടര്‍ന്നു പിടിക്കാന്‍ അനുവദിക്കരുത്.

അര്‍ബുദംപോലെ നിശബ്ദമായെത്തുന്ന മിഥ്യാധാരണകളെ മുഖവിലക്കെടുക്കുകയുമരുത്. ഗൈനഗോളജിസ്റ്റിനെ കാണുന്നതിന് മുമ്പ് മന:ശാസ്ത്രവിദഗ്ദ്ധന്മാരെ തേടിയിറങ്ങേണ്ട ഗതികേട് വരുതിവെക്കരുത്.

പുരുഷന്റെ വാരിയെല്ലുകൊണ്ട് തീര്‍ത്ത നേര്‍ത്തൊരു ശില്‍പ്പമാണ് സ്ത്രീ. 

നേരയാക്കാന്‍ ശ്രമിക്കുമ്പോള്‍ ശരിക്കും ശ്രദ്ധിക്കണം.ഒട്ടകകട്ടിലിന്റെ പിന്നില്‍ പെണ്ണിനെയിരുത്തി വേഗത്തില്‍ തെളിച്ചു പോകുന്ന യാത്രക്കാരനെ കണ്ടപ്പോള്‍ പ്രവാചകന്‍(സ)പറഞ്ഞു 'സഹോദരാ....

ഒന്നു പതിയെ...പിന്നിലിരിക്കുന്നത് പളുങ്കുപാത്രമാണ് താഴെവീണുടഞ്ഞു പോകും'

ചരിത്രത്തില്‍ ഞാന്‍ വായിച്ച ഏറ്റവും ഉത്തമരായ മാതൃകാ ദമ്പതികള്‍ പുണ്യനബി(സ)യും പത്‌നി ഖദീജാ ബീവിയുമാണ്.

കണ്ണന്റെ രാധയില്‍,രാമന്റെ സീതയില്‍ പുരാണകഥയിലെ പാഞ്ചാലിയില്‍ ഓരോ പുരുഷനും പഠിക്കേണ്ട അനേകം പാഠങ്ങളുണ്ട്            

ആണത്തം ഒരിക്കലും പണയപ്പെടുത്തരുത് 'പെങ്കൂസ'നായിത്തീര്‍ന്നാല്‍ പിന്നെ കാര്യങ്ങള്‍ പിടുത്തം വിട്ടുപോകും.നമ്മുടെ മേധാവിത്വം അടിച്ചേല്‍പ്പിക്കാതെ നടപ്പില്‍ വരുത്താന്‍ കഴിയുന്നിടത്താണ് പൗരുഷം വിജയിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter