Arabi malayalam
അറബി-മലയാളം: മലബാറിന്റെ പ്രതിരോധ ഭാഷ ബദ്‌റുദ്ദീന്‍ തച്ചണ്ണ ഇസ്‌ലാമികാഗമനത്തിന് മുമ്പ് തന്നെ കേരളം അറബി കച്ചവടക്കാരുടെ ഇഷ്ട സങ്കേതമായിരുന്നു എന്ന യാഥാര്‍ത്ഥ്യം അവിതര്‍ക്കിതമാണ്. കച്ചവടാവശ്യാര്‍ത്ഥം കേരളത്തിലെത്തിയ അറബ് വാണിജ്യ സമൂഹം മലബാറിന്റെ സമ്പന്നമായ പൈതൃകം പണിതെടുക്കുന്നതില്‍ നിസ്തുല്ലമായ പങ്ക് വഹിച്ചിട്ടുണ്ട്. അറബ്-മലബാര്‍ സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആദാനപ്രധാനങ്ങളിലൂടെ സമന്വയ സംസ്‌കാരം ഉയിര്‍കൊണ്ടു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സഹസ്രാബ്ദങ്ങളുടെ കൊണ്ടുകൊടുക്കലിലൂടെ വളര്‍ന്നു പുഷ്പിച്ച സമന്വയാത്മകമായ അറബി-മലയാളം ഭാഷ. ഉത്തരേന്ത്യയിലെ ആഗതരുടെ ഭാഷയായ ഫാരിസിയും തദ്ദേശീയരുടെ ഭാഷയായ ഹിന്ദിയുടെ പ്രാഗ് രൂപവും ഒന്നിച്ച് സമന്വയിച്ചപ്പോഴാണ് ഉറുദു ഭാഷ ഉടലെടുത്തതെന്നപോലെ അറബ് കച്ചവടക്കാരുടെ അറബിയും തദ്ദേശീയമായ മലയാളവും ചേര്‍ന്നപ്പോഴാണ് അറബ്-മലയാളം രൂപം കൊള്ളുന്നത്. ഭാഷകള്‍ കൊണ്ട് പല കാലത്തും വിവിധ ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. സ്വാതന്ത്ര സമരകാലത്ത് ഭാഷകള്‍ പ്രതിരോധമായിട്ടാണ് ഉപയോഗപ്പെട്ടതെങ്കില്‍ ഇക്കാലത്ത് അവ ഉപയോഗിക്കപ്പെടുന്നത് പ്രധാനമായിട്ടും സംസ്‌കാരിക സംവേദനത്തിന്റെ മാധ്യമമായിട്ടാണ്. സമരാഗ്നിയിലേക്ക് ജനങ്ങളെ എടുത്തെറിയുന്നതിനും അടിച്ചമര്‍ത്തലുകള്‍ക്കെതിരെ അവരെ ബോധവല്‍ക്കരിക്കാനും സമരനേതാക്കള്‍ സമര്‍ത്ഥമായി ഭാഷകളെ ഉപയോഗിച്ചിരുന്നു. വികാരം സ്ഫുരിക്കുന്ന കവിതകളിലൂടെയും വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളിലൂടെയും അധര്‍മ്മങ്ങള്‍ക്കെതിരെ രംഗത്ത് വരാന്‍ സമുദായ നേതാക്കള്‍ നിരന്തരം ജനങ്ങളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ധാരാളം പൈതൃക മൂല്യങ്ങളുള്ള മലബാര്‍ മാപ്പിള സമുദായത്തിന്റെ ഭാഷയായിരുന്നു അറബി-മലയാളം. അറബി ലിപിയും മലയാളത്തിന്റെ പദസമ്പത്തും ചേര്‍ത്തു വെച്ചപ്പോഴാണ് അറബി മലയാളം രൂപം കൊള്ളുന്നത്. അറബി കച്ചവടക്കാരുടെ സാനിദ്ധ്യവും മുസ്‌ലിം മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളുമാണ് അറബി-മലയാളം മാപ്പിളമാര്‍ക്കിടയില്‍ വ്യാപകമാക്കുന്നത്. സംസ്‌കൃതാധിപത്യത്തിന് കീഴില്‍ ചത്തു മലര്‍ന്ന് കിടന്നിരുന്ന മലയാളത്തിന്റെ അതിപന്മാര്‍ അക്കാലത്തെ വരേണ്യരായ ബ്രഹ്മണ സാനുക്കളായിരുന്നു. ക്ഷൂദ്ര കീഴാള സമൂഹത്തിന് പഠിക്കുക മാത്രമല്ല മലയാളം കേള്‍ക്കല്‍ പോലും കൊലക്കത്തി വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു അക്കാലത്ത്. ഇത്തരം ജാതീയ വ്യവസ്ഥകള്‍ കണിശമായി പാലിക്കപ്പെട്ടപ്പോള്‍ മരവിച്ച് പോയത് മലയാളം ഭാഷയുടെ കാലോചിത പുരോഗതിയായിരുന്നു. ഈയൊരവസ്ഥയില്‍ നിര്‍ജ്ജീവമായ മലയാള ഭാഷയെ കീഴാളര്‍ക്കിടയില്‍ ജനപ്രിയമാക്കാന്‍ ഒരളവോളം അറബി-മലയാളത്തിന് സാധിച്ചിട്ടുണ്ട്. സമ്പന്നമായ പാരമ്പര്യമാണ് അറബി-മലയാള ഭാഷാ പൈതൃകത്തിനുള്ളത്. ആത്മീയം, ബൗദ്ധികം, ചരിത്രം തുടങ്ങിയ പല മേഘലകളിലും അറബി-മലയാള ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിരുന്നു എന്ന് കാണാന്‍ സാധിക്കും. ആത്മീയ ചിന്താധാരകള്‍ക്ക് പലപ്പോഴും ചൂട് പകര്‍ന്നത് അറബി-മലയാളത്തിലൂടെയായിരുന്നു. ഖാളി മുഹമ്മദിന്റെ മുഹ്‌യുദ്ധീന്‍ മാലയും മോയിന്‍ കുട്ടി വൈദ്യരുടെ ഉഹ്ദ് മാല, ബദ്ര്‍ മാല തുടങ്ങിയവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. അറബി ഭാഷയില്‍ വിഖ്യാതമായ കൃതികള്‍ പലതും അക്കാലത്ത് തന്നെഅറബി-മലയാളത്തില്‍ തര്‍ജുമ ചെയ്യപ്പെട്ടിരുന്നു. മോയിന്‍ കുട്ടി വൈദ്യരുടെ \\\'ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലു\\\'മെന്ന വിവാദ കൃതി ഇതിന്റെ സത്യ സാക്ഷ്യമാണ്. പക്ഷെ, ക്രൂരതയുടെ രൗദ്ര ഭാവം പൂണ്ട് കച്ചവടം ലാക്കാക്കി കാപ്പാട് കപ്പലിറങ്ങിയ പോര്‍ച്ചുഗീസുകാരുടെ ആഗമനം മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം വരെയുള്ള ചരിത്രം ഉല്ലേഖനം ചെയ്യപ്പെട്ടത് അഗതികളുടെ കണ്ണീരും പോരാളികളുടെ ചോരയുമായിട്ടാണ്. അതിനിവേശ ക്ഷുദ്ര ജീവികള്‍ ഭരതത്തിലേക്ക് കാല്‍ കുത്തിയത് മുതല്‍ ശൂരരായ മുസ്‌ലിംകള്‍ അവര്‍ക്കെതിരെ പടഹധ്വനി ഉയര്‍ത്തിയിട്ടുണ്ട്. പില്‍ക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിന്നും ഈ ഏടുകളൊക്കെ തമസ്‌കരിക്കപ്പെട്ടു എന്നത് ഒരു ദുഃഖ സത്യം തന്നെ. മലബാറിലെ മാപ്പിള മുസ്‌ലിംകളുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല. വൈദേശിക ശക്തികള്‍ക്കെതിരെ തുല്യതയില്ലാത്ത പ്രതിരോധ മതിലാണ് അവര്‍ സുശക്തമായി കെട്ടിപ്പൊക്കിയത്. വൈദേശിക ശക്തികളുടെ ദുഷ്ട ലാക്ക് തുറന്ന് കാണിക്കാനും അവര്‍ക്കെതിരെ സമൂഹത്തെ സജ്ജരാക്കാനും അക്കാലത്തെ ഉന്നത ശീര്‍ശരായ പണ്ഡിതര്‍ അറബി-മലയാളത്തെ ഉപയോഗിച്ചു. അറബിയില്‍ സൈനുദ്ധീന്‍ മഖ്ദൂം (റ)വിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍, മമ്പുറം തങ്ങളുടെ സൈഫുല്‍ ബത്താര്‍ തുടങ്ങിയ കൃതികള്‍ അറബിയില്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ സിംഹഭാഗവും വിരചിതമായത് അറബി മാലയാളത്തിലായിരുന്നു. ബഹുജനങ്ങളുടെ ഇടയില്‍ കൂടുതല്‍ വേരോട്ടമുണ്ടായിരുന്നത് അറബി-മലയാളത്തിനായിരുന്നു എന്നതാണ് കാരണം. താളാത്മകമായി എഴുതപ്പെട്ട ഇത്തരം കൃതികള്‍ സമൂഹത്തിനിടയില്‍ നല്ല പ്രചാരം ലഭിച്ചു. അഭ്യസ്ത വിദ്യരല്ലാത്തവര്‍ പോലും കവിതാത്മകമായ ശൈലിയുള്ള ഇത്തരം സാഹിത്യ കൃതികളെ മനപാഠമാക്കിയിരുന്നു. ഫത്‌വകളടക്കം പ്രഖ്യാപിച്ചിരുന്നത് അറബി-മലയാളത്തിലായിരുന്നു. വൈദേശിക ശക്തികളെ ബഹിഷ്‌കരിക്കള്‍ തുടങ്ങി സഹജീവികളുമായുള്ള ബന്ധങ്ങള്‍ വരെയുള്ള കാര്യങ്ങളിലൊക്കെ പണ്ഡിതിന്മാര്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നത് അറബി-മലയാളം ഭാഷ മുഖേനയായിരുന്നു. ഏറെ കോലിളക്കം സൃഷ്ടിച്ച മമ്പുറം സയ്യിദ് പൂക്കോയ തങ്ങളുടെ സാമൂഹിക ഫത്‌വകള്‍ അറബിയിലും ശേഷം തര്‍ജുമ ചെയ്ത് അറബി-മലയാളത്തിലും ഇറക്കിയതായി കാണാന്‍ സാധിക്കുന്നതാണ്. മാപ്പിളമാരെ സമരാഗ്നിയില്‍ കൊഴിപ്പിച്ചു നിര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച ഘടകം അറബി-മലയാളത്തില്‍ എഴുതപ്പെട്ട പടപ്പാട്ടുകളായിരുന്നു. പൂര്‍വ്വ സൂരികളായ ശുഹദാക്കളെ സ്മരിച്ചോ അല്ലെങ്കില്‍ മറക്കാനാവാത്ത ഏതെങ്കിലം സംഭവത്തെ അധികരിച്ചുമായിരുന്നു പ്രധാനമായും പടപ്പാട്ടുകള്‍ എഴുതപ്പെട്ടിരുന്നത്. രക്ത സാക്ഷികളെ പ്രകീര്‍ത്തിച്ചു കൊണ്ടെഴുതപ്പെട്ട ഇത്തരം കൃതികള്‍ ശത്രുക്കളോട് ഏറ്റുമുട്ടി വീരമൃത്യു വരിക്കാനുള്ള മാപ്പിളമാരുടെ അഭിനിവേശത്തെ ആളിക്കത്തിക്കുകയുണ്ടായി. അതിനാലാണ് ഇത്തരം വിപ്ലവകാവ്യങ്ങള്‍ പലയിടങ്ങളിലും നിരോധിക്കപ്പെട്ടതും ബ്രിട്ടീഷ് ഭരണകൂടം കണ്ടുകെട്ടിയതും. പോര്‍ച്ചുഗീസ് കാലത്ത് ഏറെ പ്രസിദ്ധിയാര്‍ജിച്ച രണ്ട് പടപ്പാട്ടുകളാണ് കൊട്ടപ്പള്ളി മാലയും രാമന്തള്ളി മാലയും.പോര്‍ച്ചുഗീസ് വിരുദ്ധ തരംഗം ജ്വലിപ്പിച്ചു നിര്‍ത്തുകയായിരുന്നു ഇത്തരം പടപ്പാട്ടുകളുടെ ലക്ഷ്യം. ഒരു മുസ്‌ലിം പെണ്‍കുട്ടിയെ പോര്‍ച്ചുഗീസ് നരമേധക്കാര്‍ പിടിച്ചുകൊണ്ട് പോയതറിഞ്ഞ് തന്റെ കല്യാണ തലേന്ന് അവരുമായി ഏറ്റുമുട്ടി വീരമരണം വരിച്ച കുഞ്ഞാലി മരക്കാരുടെ കഥയാണ് രാമന്തള്ളി പടപ്പാട്ടിന്റെ ഇതിവൃത്ത്യം. ഹാജിമാരെ നിഷ്ഠൂരമായി കടലില്‍ കൊന്ന് തള്ളിയ ഒരു ദുഃഖ സംഭവത്തിന്റെ പുനരാവിഷ്‌കാരമാണ് കൊട്ടപ്പള്ളി മാല. പ്രാദേശികമായി ഓരോ സംഘട്ടത്തിനു ശേഷം അതിലെ രക്ത സാക്ഷികളെ പ്രകീര്‍ത്തിച്ചു ധാരാളം മാലപ്പാട്ടുകള്‍ രചിക്കപ്പെട്ടിരുന്നു എന്ന് വിസ്മരിക്കാവുന്നതല്ല. ബ്രിട്ടീഷുകാരുടെ നരഹത്യകള്‍ക്കെതിരെയും അസംഖ്യം പടപ്പാട്ടുകള്‍ വിരചിതമായിട്ടുണ്ട്. മമ്പുറം തങ്ങളുടെ കാലത്തു നടന്ന കലാപങ്ങളെ കുറിച്ച് എഴുതപ്പെട്ട പടപ്പാട്ടുകളാണ് മമ്പുറം പടപ്പാട്ട്,ചേറൂര്‍ ശുഹദാക്കള്‍ പാട്ട്,ഓമാനൂര്‍ പടപ്പാട്ട് പൂക്കോട്ടൂര്‍ പടപ്പാട്ട് തുടങ്ങിയവ. മനസ്സുകളെ ആകര്‍ഷിക്കുന്ന ശൈലികളിലാണ് ഇവ എഴുതപ്പെട്ടത് എന്നതിനാല്‍ തക്ബീര്‍ ധ്വനികളുമായി പടക്കളത്തിലേക്ക് ചാടിവീണ മാപ്പിള സമൂഹം ഒപ്പം ഇത്തരം പടപ്പാട്ടുകളും പാടിയിരുന്നതായി കാണാം. ശഹീദിന്റെ മഹത്വവും, ലഭിക്കാന്‍ പോകുന്ന സ്വര്‍ഗ്ഗീയ സ്ഥാന മാനങ്ങളും ഈ പടപ്പാട്ടുകളില്‍ പലയിടത്തും വര്‍ണ്ണാഭമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ആമിനുമ്മാന്റെ കത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ 1021ല്‍ രചിച്ച കൃതിയാണ് മുഹിമ്മാത്തുല്‍ മുഅ്മിനീന്‍. ബ്രിട്ടീഷുകാരുമായുള്ള സമ്പര്‍ക്കം പാടേ നിരാകരിക്കണമെന്നും മതസാഹോദര്യം നിലനിര്‍ത്തണമെന്നെല്ലാമാണ് ഇതിന്റെ ഇതിവൃത്തം. ഇത്തരം മാലപ്പാട്ടുകള്‍ക്ക് മാപ്പിള സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗണ്‍ വ്യക്തമാക്കുന്നുണ്ട്. വളരെ വലിയ ആദരവോടെയായിരുന്നു അവര്‍ ഇത്തരം കൃതികളെ കണ്ടിരുന്നതെന്നും വീരമൃത്യു വരിച്ച ശുഹദാക്കളുടെ ആണ്ടുകള്‍ വരുമ്പോള്‍ അവരെ സ്മരിച്ചു കൊണ്ടുള്ള പടപ്പാട്ടുകള്‍ പാടാറുണ്ടായിരുന്നെന്നും അദ്ധേഹം വ്യക്തമാക്കുന്നുണ്ട്. നടേ പ്രസ്താവിച്ചതെല്ലാം കവിതാ ശൈലിയിലാണ് എഴുതപ്പെട്ടതെങ്കില്‍ പ്രസംഗ രൂപത്തിലും അറബി മലയാളം കൃതികള്‍ വ്യാപകമായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുഹ്‌യുദ്ധീന്‍ മാലയുടെ രചയിതാവും കോഴിക്കോട് ഖാളിമായുമായിരുന്ന ഖാളി മുഹമ്മദിന്റെ ഖുതുബത്തുല്‍ ജിഹാദിയ്യയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പോര്‍ച്ചുഗീസ് പട്ടാളക്കാര്‍ ചാലിയം പള്ളി പൊളിച്ചു തരിപ്പണമാക്കിയതിന്റെ പശ്ചാതലത്തിലാണിത് ഇത് ഏഎഴുതപ്പെട്ടത്. എല്ലാ പള്ളികളിലും ഇത് വായിക്കപ്പെട്ടിരുന്നു എന്നും ചരിത്ര രേഖകളില്‍ കാണാം. പക്ഷെ ആധുനിക മലയാള ചരിത്രത്തില്‍ നിന്നും അറബി മലയാളത്തിന്റെ പങ്ക് വിസ്മരിക്കപ്പെട്ടിരിക്കുന്നു.സംസ്‌കാര ശൂന്യരായിരുന്ന പ്രാക്ത മാപ്പിളയുടെ വാമൊഴി ഭാഷയായിട്ടാണ് വര്‍ഗീയ തിമിരം ബാധിച്ച ചരിത്രകാരന്മാര്‍ അറബി മലയാളത്തെ കാണുന്നത്. ചരിത്ര വക്രീകരണത്തിനുള്ള തരം താഴ്ന്ന ശ്രമമായേ ഇതിനെ മനസ്സിലാക്കാന്‍ പറ്റൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter