നാല് മദ്ഹബിലും ഫത്‌വ നല്‍കാന്‍ കഴിവുണ്ടായിരുന്ന  ശിഹാബുദ്ദീന്‍ അഹ്മദ് കോയശ്ശാലിയാത്തി

ഇസ്‌ലാമിലെ നാല് മദ്ഹബുകളിലും ഫത്‌വ നല്‍കാന്‍ കഴിവുണ്ടായിരുന്ന വലിയ പണ്ഡിതരും ഖാദരിയ്യ നഖ്ശബന്ദി ത്വരീഖത്ത് സ്വീകരിച്ച പ്രമുഖ സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാല നേതൃനിരയില്‍പെട്ടവരും വലിയ പ്രതിഭയും രചയിതാവും വാഗ്മിയുമായിരുന്ന ശൈഖ് അഹ്മദ് കോയശ്ശാലിയാത്തിയുടെ (1885-1954) വഫാത്ത് ദിനമാണ് മുഹര്‍റം 27.

ജനനവും  വിദ്യഭ്യാസവും

ഹിജ്റ 1302 ജമാദുല്‍ ആഖിര്‍ 22 ന് ഇമാദുദ്ദീന്‍ കുഞ്ഞാലിക്കുട്ടി മുസ്‌ലിയാരുടെയും ചാലിയം തേപ്പാളത്ത് കുട്ടി ഹസന്‍ എന്നവരുടെ മകള്‍  ഫരീദയുടെയും മകനായി ചാലിയം പൂതാമ്പറത്താണ് അഹ്മദ്‌കോയശ്ശാലിയാത്തിയുടെ ജനനം. മഹാപണ്ഡിതനും, സൂഫി വര്യനുമായ പിതാവിന്റേയും, സദവൃത്തയായ മാതാവിന്റേയും ശിക്ഷണത്തില്‍ വളര്‍ന്ന അദ്ദേഹം  ഭക്തിയുടെയും വിജ്ഞാനത്തിന്റെയും നിറകുടമായിത്തീര്‍ന്നു. പിതാവില്‍ നിന്നു തന്നെയായിരുന്നു പ്രാഥമിക വിദ്യഭ്യാസം നുകര്‍ന്നത്.  ശേഷം സുപ്രസിദ്ധ പണ്ഡിതനും ഖിലാഫത്ത് നായകനുമായിരുന്ന നെല്ലിക്കുത്ത്ആലി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ദര്‍സില്‍ ചേരുകയായിരുന്നു. അക്കാലത്തായിരുന്നു പ്രസിദ്ധമായ ഖിബ്‌ല തര്‍ക്കവുമായ ബന്ധപ്പെട്ട വാദങ്ങളും ഗ്രന്ഥരചനകളും നടന്നത്.അവയെ കുറിച്ച് സൂക്ഷ്മമായി പഠിക്കുകയും ഐനുല്‍ഖിബ്‌ല, ജിഹത്തുല്‍ ബിഖ്‌ല വിഷയത്തില്‍ മാത്രം നിരവധി ഗ്രന്ഥങ്ങള്‍ ശാലിയാത്തി രചിക്കുകയും ചെയ്തു. 

ചാലിലകത്തെ പഠനത്തിന് ശേഷം ഉപരിപഠനാര്‍ത്ഥം ശാലിയാത്തി മദ്രാസിലെത്തി, മദ്രാസിലെ പ്രമുഖ പണ്ഡിതനും മുഫ്തിയുമായ ശംസുദ്ദീന്‍ ഉലമ മൗലാന മുഫ്തി മഹ്മൂദ് സാഹിബിന്റെ അടുത്ത് പഠനം തുടര്‍ന്നു. വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹം നേടി. ശേഷം പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം വെല്ലൂര്‍ ലത്വീഫിയ കോളേജിലേക്ക് പോവുകയായിരുന്നു.

വെല്ലൂര്‍ ലത്വീഫിയ്യയില്‍ വിദ്യാര്‍ത്ഥിയായും അധ്യാപനായും

പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ലത്വീഫിയ്യയിലെത്തി. ലത്വീഫിയ്യ കോളേജില്‍ അല്ലാമ ഹുസൈന്‍ അഹ്മദുല്‍ ഖാദിരി, സയ്യിദ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ലത്വീഫില്‍ ഖാദിരി തുടങ്ങിയ മഹോന്നതരായ ഗുരുനാഥരുടെ അടുത്ത് നിന്ന് നിസാമിയ കോഴ്‌സ് പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ അഹ്മദ് കോയശ്ശാലിയാത്തിയുടെ കഴിവുകള്‍ മനസ്സിലാക്കിയ ഉസ്താദുമാര്‍ ശാലിയാത്തിയെ ദാറുല്‍ ഇഫ്താഅ് എന്ന ഫത്‍വ ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തു. പിന്നീട് ചില വിഷയങ്ങള്‍ ക്ലാസ്സെടുക്കാന്‍ ഏല്‍പ്പിക്കപ്പെടുകയും ആ അവസരം അദ്ദേഹം ഫലപ്രദമായി തന്നെ വിനിയോഗിക്കുകയും ചെയ്തു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അധ്യാപനത്തിനും ഫത്‌വ നല്‍കാനും അങ്ങനെ ശാലിയാത്തിക്ക് കഴിഞ്ഞു. 1909 ലാണ് ലത്വീഫിയ്യയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയത്. അതിന്റെ മൂന്ന് വര്‍ഷം മുമ്പ് ഫത് വ ബോര്‍ഡിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു. ലത്വീഫിയ്യയില്‍ നിന്ന് നിസാമി പഠനത്തിന് ശേഷം തമിഴ്നാട് തിരുനെല്‍വേലിയിലെ റിയാള ജിയാന്‍ കോളേജില്‍ സദര്‍ മുദരിസായിട്ടായിരുന്നു സേവനം ഏറ്റെടുത്തത്. ദീര്‍ഘകാലം അവിടെ സേവനം തുടര്‍ന്നു. ശേഷം ഗുരുനാഥന്മാരുടേയും മറ്റും ക്ഷണം സ്വീകരിച്ചു വീണ്ടും ലത്വീഫിയ്യയില്‍ തന്നെ അധ്യാപനായി. അല്‍പകാലത്തിന് ശേഷം പ്രാഗത്ഭ്യവും പാണ്ഡിത്യവും ഒത്തുച്ചേര്‍ന്ന ശാലിയാത്തിയില്‍ ലത്വീഫിയ്യയുടെ പ്രിന്‍സിപ്പാള്‍ സ്ഥാനം അധികൃതര്‍ ഏല്‍പ്പിച്ചു. 

വെല്ലൂരില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ തന്റെ പ്രഥമ ഗുരുവായ  നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ ഹിജ്റ 1331-ല്‍ ഹജ്ജ് കര്‍മത്തിനു പോകുന്ന സന്ദര്‍ഭത്തില്‍ തിരൂരങ്ങാടിയിലെ  ദര്‍സ് നടത്താനും മറ്റു കാര്യങ്ങള്‍ നോക്കുവാനും ഏല്‍പ്പിച്ചത് ശാലിയാത്തിയെയായിരുന്നു. അതിനുശേഷം അഞ്ചു വര്‍ഷം കൊടിയത്തൂര്‍ ജുമാ മസ്ജിദില്‍ ദര്‍സ് നടത്തി. വീണ്ടും ലത്വീഫിയ്യയില്‍ മുദരിസായി.  ശേഷം മദ്രാസ്, നാഗൂര്‍, ഭട്കല്‍, തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി സേവനം ചെയ്തു. ശൈഖു മുഫ്തി ഉബൈദുള്ളാഹില്‍ മദിരാസിയുടെ ക്ഷണ പ്രകാരമാണ് ഭട്കലിലെത്തി ദീര്‍ഘകാലം ദര്‍സ് നടത്തിയിരുന്നത്. പിന്നീട് പ്രമേഹ രോഗം  ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് വരികയും വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയും ചെയ്തു. 

മുഫ്തിയായി
വിജ്ഞാനത്തിന്റെ വൈവിധ്യ മേഖലകളില്‍ അവഗാഹം നേടിയ ശാലിയാത്തിയെ പഠനകാലത്ത് തന്നെ ലത്വീഫിയ്യ ഫത്‍വ ബോര്‍ഡില്‍ തെരഞ്ഞെടുത്തിരുന്നുവല്ലോ, എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പാണ്ഡിത്യം മനസ്സിലാക്കിയ ഹൈദരാബാദ് നൈസാം സുല്‍ത്താന്‍ ഉസ്മാന്‍ അലീഖാന്‍ തന്റെ കൊട്ടാര മുഫ്തിയായി അഹ്മദ് കോയ ശാലിയാത്തിയെ നിയമിച്ചു. ഹിജ്‌റ 1245 ലായിരുന്നു ഈ നിയമനം. നാലു മദ്ഹബുകളിലും ഫത്‍വ നല്‍കാന്‍ പാണ്ഡിത്യവും ശേഷിയമുണ്ടായിരുന്ന അദ്ദേഹത്തിന് മാസം തോറും 100 രൂപ ശമ്പളമായി അന്ന് നൈസാം നല്‍കിയിരുന്നു. മരണം വരെ ശാലിയാത്തിക്ക് നൈസാം ഭരണകൂടം പെന്‍ഷന്‍ നല്‍കുകയും ചെയ്തു. അല്‍ഫതാവല്‍ അസ്ഹരിയ്യ ഫില്‍ അഹ്കാമിശ്ശര്‍ഇയ്യ വല്‍ ഫുനൂനില്‍ ഇല്‍മിയ്യയും അല്‍ഫതാവദ്ദീനിയ്യ ബിതനക്കുബില്‍ ഹഫ്‌ലത്തില്‍ അയ്കിയ്യയുമാണ് മഹാനവര്‍കളുടെ ഫത് വാ സമാഹാരങ്ങള്‍.

സമസ്തയിലേക്ക്
സമസ്ത കേരള ജമഇയ്യത്തുല്‍ ഉലമായുടെ ആദ്യകാല നേതാക്കളില്‍ പെട്ടവരായിരുന്നു അഹ്മദ്കോയ ശാലിയാത്തി. സമസ്ത രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പത്താമത്തെ അംഗമായിരുന്നു. സമസ്തയുടെ ഫ്തവാ കാര്യങ്ങള്‍ നോക്കുകയും മതവിധികള്‍ നല്‍കുകകയും ചെയ്തിരുന്നത് ശാലിയാത്തിയായിരുന്നു. സമസ്തയുടെ പല സമ്മേളനങ്ങള്‍ക്കും നേതൃത്വം നല്‍കിയ അദ്ദേഹം 1933 ലെ ഫറോക്ക് സമ്മേളനത്തില്‍ അധ്യക്ഷം വഹിക്കുകയും പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയും ചെയ്തു. പുത്തന്‍വാദികളുടെ ആശയങ്ങളോട് തെളിവുകള്‍ സഹിതം മറുപടി നല്‍കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ വാഗ്മിയായി അദ്ദേഹം നിലകൊണ്ടു.

ത്വരീഖത്തും സൂഫിസവും
സൂഫിവര്യനും, ആദ്ധ്യാത്മജ്ഞാനിയുമായിരുന്ന ശാലിയാത്തി ഖാദിരിയ്യാ, നഖ്ശബന്ദി ത്വരീഖത്തുകളുടെ ശൈഖായിരുന്നു. മക്കയിലെ മുഫ്തിയും, പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖ് ഹിസ്ബുല്ലാഹിബ്‌നു സുലൈമാനുല്‍ മക്കിയില്‍ നിന്നാണ് അദ്ദേഹം ഖാദിരിയ്യാ ത്വരീഖത്തിന്റെ ഇജാസത്ത് (അനുമതി) സ്വീകരിച്ചത്. 

വിവാഹം
മഹാനവര്‍കളുടെ ആദ്യ വിവാഹം ചാലിയത്ത് നിന്നായിരുന്നു. രോഗം മൂലം ഭാര്യ മരണപ്പെട്ടതിനാല്‍ പിതൃവന്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. മഹ്മൂദ്, അബ്ദുല്‍ ഖാദിര്‍ എന്നീ പുത്രന്മാര്‍ അതിലുണ്ടായെങ്കിലും ആ ബന്ധം നീണ്ടു നിന്നില്ല. അനിവാര്യമായ ചില കാരണങ്ങളാല്‍ അവരെ ത്വലാഖ് ചൊല്ലി. പിന്നീട് നാദാപുരം മേനക്കോല്‍ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ പൗത്രി മറിയം എന്നവരെ വിവാഹം ചെയ്തു. അവരില്‍ നിന്നു സന്താനങ്ങള്‍ ഉണ്ടായിട്ടില്ല. 

രചനാലോകം
നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായിയിരുന്നു അഹ്മദ് കോയശ്ശാലിയാത്തി. വിവിധ ഫന്നുകളിലായി നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നുവെങ്കിലും അവയെല്ലാം പ്രസിദ്ധീകൃതമായിരുന്നില്ല.പലതും കയ്യെഴുത്ത് പ്രതികളായിരുന്നു. ശാലിയാത്തിയുടെ വീടിന്നടുത്ത് നിര്‍മ്മിച്ച പള്ളിയോടനുബന്ധിച്ചുള്ള അസ്ഹരിയ്യ ഖുതുബ്ഖാനയില്‍ അനേകം അമൂല്യ ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികളും അപൂര്‍വ്വ രചനകളുമുണ്ട്. പരപ്പനങ്ങാടി ഹാജി കുഞ്ഞഹ്മദ്കുട്ടി നഹയുടെ ശ്രമഫലമായാണ് 1946 ല്‍ ശാലിയാത്തിയുടെ വീടിനരികില്‍ ഒരു പള്ളിയും ദാറുല്‍ ഇഫ്താഇല്‍ അസ്ഹരിയ്യ ലൈബ്രറിയും സ്ഥാപിച്ചത്. 

വഫാത്ത്
1954 സെപ്റ്റംബര്‍ 24 ഹിജ്റ വര്‍ഷം 1374 മുഹര്‍റം 27 ഞായറാഴ്ചയാണ് 72- ാം വയസ്സില്‍ കാല്‍നൂറ്റാണ്ട് കാലം വിജ്ഞാന പ്രഭചൊരിഞ്ഞ ആ മഹാനുഭാവാന്‍ നാഥനിലേക്ക് യാത്രയായത്. അസ്ഹരിയ്യ ഖുതുബ്ഖാനയു അടുത്താണ് മഹാനുഭാവന്‍ അന്ത്യവിശ്രമം കൊള്ളുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter