പൊന്മള കെ.പി. ഫരീദ് മുസ്‌ലിയാര്‍: കര്‍മനിരതനായ മുദരിസ്

പൊന്മള കെ.പി. ഫരീദ് മുസ്‌ലിയാര്‍: കര്‍മനിരതനായ മുദരിസ്
ടി.എ. ഹുസൈന്‍ ബാഖവി

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിച്ച കാലത്ത് മദ്രസാ പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രയത്‌നിച്ച പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കൊപ്പം മലപ്പുറം ജില്ലക്കകത്തും പുറത്തും വയളുപരിപാടികളും മറ്റും നടത്തി കഠിനാധ്വാനം ചെയ്തിരുന്ന പണ്ഡിതന്‍ പൊന്മള മുഹമ്മദ് മുസ്‌ലിയാരുടെയും (മരണം 1972 ഫെബ്രുവരി 2)  കുഞ്ഞാത്തു ഹജ്ജുമ്മയുടെയും (മരണം 2000) മകനായി 1941-ല്‍ പൊന്‍മള കെ.പി. ഫരീദ് മുസ്‌ലിയാര്‍ ജനിച്ചു.
അക്കാലത്തെ പതിവുപോലെ ഓത്തുപ്പള്ളിയില്‍ നിന്ന് പ്രാഥമിക പഠനം. പൊന്മള സ്‌കൂളിള്‍ ഏഴാം ക്ലാസുവരെ ഭൗതിക പഠനവും. കുമരംപുത്തൂര്‍ കുഞ്ഞിപ്പു മുസ്‌ലിയാരുടെ മൈലപ്പുറം ദര്‍സില്‍ ചേര്‍ന്നതോടെ ദര്‍സ് പഠനത്തിനു തുടക്കം കുറിച്ചു. അവിടത്തെ 2 വര്‍ഷ പഠനത്തിനു ശേഷം ഇരിങ്ങല്ലൂര്‍ അലവി മുസ്‌ലിയാരുടെ അടുത്തും സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാരുടെ അടുത്തും പഠനം നടത്തി. ഫത്ഹുല്‍ മുഈന്‍ മുതല്‍ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിനു  പോകുന്നതുവരെ ചാലിയം, തലക്കടത്തൂര്‍ എന്നിവിടങ്ങളിലായി ഒതുക്കുങ്ങല്‍ ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ അടുത്ത് നിന്ന് അറിവ് നേടി. അബൂബക്കര്‍ ഹസ്രത്ത് മധുര, ശൈഖ് ഹസന്‍ ഹസ്രത്ത്, മുസ്തഫ ആലിം സാഹിബ് കൊല്ലം, കെ.കെ. അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയവര്‍ ബാഖിയാത്തിലെ പ്രധാന ഉസ്താദുമാരാണ്. ചെര്‍ള അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കുഞ്ഞാണി മുസ്‌ലിയാര്‍, കാപ്പ് ഉമര്‍ മുസ്‌ലിയാര്‍, എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മൊഗ്രാല്‍, പാറന്നൂര്‍ പി.പി. ഇബ്രാഹീം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളാണ്.
1964-ല്‍ 14 കുട്ടികളുമായി ഊരകത്ത് ദര്‍സ് തുടങ്ങിയതോടെ ഔദ്യോഗിക അധ്യാപന ജീവിതത്തിന് ആരംഭം കുറിച്ചു. ശേഷം 9 വര്‍ഷം കൊടുവള്ളിക്കടുത്ത കളരാന്തിരി, തുടര്‍ന്ന് മമ്പുറത്തിനടുത്ത കൊടിഞ്ഞിയില്‍ 13 വര്‍ഷം, പൊടിയാട് മേല്‍മുറിയില്‍ 2 വര്‍ഷം, സി.എച്ച്. ഹൈദ്രൂസ് മുസ്‌ലിയാരുടെയും കെ.ടി. മാനു മുസ്‌ലിയാരുടെയും ക്ഷണപ്രകാരം കരുവാരകുണ്ടില്‍ ഒരു വര്‍ഷം, വലിയുല്ലാഹി സി.എം. അന്ത്യവിശ്രമം കൊള്ളുന്ന മടവൂരില്‍ 3 വര്‍ഷം എന്നിങ്ങനെയുള്ള അധ്യാപന നാളുകള്‍ക്കൊടുവില്‍ വഫാത്തുവരെ ചെമ്മാട് വലിയ ജുമുഅത്തുപള്ളിയില്‍ ഒരു തലമുറക്ക് അദ്ദേഹം അറിവും തര്‍ബിയത്തും പകര്‍ന്നുകൊടുത്തു.
ഈ നീണ്ട കാലയളവിനിടയില്‍ എണ്ണമറ്റ ആളുകളാണ് ആ സാന്നിധ്യത്തില്‍നിന്നും അച്ചടക്കമുള്ള കാലത്തേക്ക് നടന്നുപോയത്. മുദരിസുമാര്‍, പ്രഭാഷകര്‍, എഴുത്തുകാര്‍, ഖതീബുമാര്‍, മദ്രസ അധ്യാപകര്‍, മുഫത്തിശുമാര്‍, ഹാഫിളുമാര്‍, സംഘാടകര്‍... അങ്ങനെ നീണ്ടു പോകുന്നു ആ സാത്വികന്‍ സമുദായത്തിനു സമര്‍പ്പിച്ച സംഭാവനയുടെ നിര.
വിയനം, സല്‍സ്വഭാവം, പണ്ഡിതോചിത പെരുമാറ്റം, മഹല്ലുകളിലെ പ്രശ്‌നങ്ങളിലും കാര്യങ്ങളിലും സൗമ്യമായ ഇടപെടല്‍. വിശേഷങ്ങള്‍ക്കപ്പുറത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായിരുന്നു കെ.പി. ഫരീദ് മുസ്‌ലിയാര്‍. ബാഖിയാത്തില്‍ നിന്ന് ബിരുദമെടുത്തു വന്നതിനുശേഷം നാല്‍പ്പത്തിയൊന്നു കൊല്ലത്തെ ദര്‍സ് അധ്യാപനത്തിനിടയില്‍ ശമ്പളക്കുറവിന്റെയോ മറ്റു അസൗകര്യങ്ങളുടെയോ പേരില്‍ ഒരു സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്ക് ഉസ്താദ് പോയിട്ടില്ല.
വേണ്ടത്ര വാഹനസൗകര്യങ്ങളില്ലാത്ത കാലത്ത് കാല്‍നടയായി മൈലുകള്‍ താണ്ടി സബ്ക്കുകളുടെ സമയം തെറ്റാതെ ദര്‍സില്‍ എത്തുക പതിവായിരുന്നു. ആരോഗ്യ സമയത്ത് വിവിധ പ്രദേശങ്ങളില്‍ പള്ളികളും മദ്രസകളും സ്ഥാപിക്കാനും അതിന്റെ വരുമാനമാര്‍ഗ്ഗത്തിനും വഅ്‌ള് പറഞ്ഞ് തിരിച്ചെത്തുമ്പോള്‍ പാതിരാത്രി കഴിഞ്ഞിട്ടും സുബ്ഹി സമയത്തുള്ള സബ്ഖ് മുടങ്ങാറില്ല.
പ്രശ്‌നങ്ങളുടെയും കുഴപ്പങ്ങളുടെയും പേരില്‍ പല മഹല്ല് കമ്മിറ്റിക്കാരും ഉസ്താദിന്റെ അടുത്ത് പ്രശ്‌നപരിഹാരത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടിയെത്താറുണ്ട്. ഖത്തീബുമാരെയും മുദരിസുമാരെയും ഗ്രൂപ്പുതിരിച്ചു ജനങ്ങള്‍ രണ്ട് ചേരിയായി. ഇനി എന്ത് എന്ന ചോദ്യമുയരുമ്പോള്‍ പ്രധാനികളായ മഹല്ല് ഭാരവാഹികള്‍ നമുക്ക് പൊന്മള ഫരീദുസ്താദിന്റെ അടുത്തു പോകാമെന്ന തീരുമാനത്തിലെത്തിച്ചേരുന്നു. ഉസ്താദിന്റെ യുക്തിപൂര്‍വ്വമായ ഇടപെടലും ഉപദേശ നിര്‍ദ്ദേശങ്ങളും ആ മഹല്ലുകളില്‍ ശാശ്വതമായ പരിഹാരത്തിനു കാരണമാകാറുണ്ട്. ദര്‍സുകളില്‍ പരീക്ഷ സമ്പ്രദായം അന്യമായിരുന്ന കാലഘട്ടത്തില്‍ തന്നെ മര്‍ക്കസുല്‍ ഉലമയില്‍ വര്‍ഷത്തില്‍ രണ്ട് പരീക്ഷകള്‍ മുടങ്ങാതെ നടക്കാറുണ്ട്.
തന്റെ ദര്‍സില്‍ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികളെ എല്ലാ വിഷയങ്ങളിലും പരിജ്ഞാനികളാക്കി ഉന്നത സ്ഥാനത്തെത്തിക്കുന്നതില്‍ ശൈഖുനക്കുള്ള കഴിവ് അപാരമാണ്. അതുകൊണ്ട് തന്നെ എന്റെ കുട്ടി നിശ്ചിത സമയത്തിനുള്ളില്‍ ഉന്നത സ്ഥാനത്തെത്തി ബിരുദധാരിയാകുമെന്നുള്ള പ്രതീക്ഷയിലാണ് പലരും മക്കളെ മര്‍ക്കസുല്‍ ഉലമയില്‍ ചേര്‍ക്കുന്നത്.
കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ത്വരീഖത്ത് വിതരണ കേന്ദ്രങ്ങളോടും കള്ള ശൈഖുമാരോടും വ്യാജ സിദ്ധന്മാരോടും ഔലിയ ചമയുന്നവരോടും അനര്‍ഹരുടെ പേരില്‍ മഖാമുകള്‍ ഉയര്‍ത്തിക്കെട്ടി കൊടികുത്തി പിരിവ് നടത്തി ജനങ്ങളെ കബളിപ്പിക്കുന്നവരോടും ഉറൂസുകളിലും മറ്റും കണ്ടുവരുന്ന അനിസ്‌ലാമിക പ്രവണതകളോടും എപ്പോഴും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, വന്ദ്യഗുരുവര്യന്മാരോടും മഹാന്മാരായ ഔലിയാക്കളോടും അഹ്‌ലുബൈത്തില്‍ പെട്ട എത്ര ചെറിയവരോടും കാണിക്കുന്ന ബഹുമാനവും താഴ്മയും തികച്ചും അനുകരണീയവുമാണ്.
കൊല്ലത്തില്‍ ചെറുതും വലുതുമായ രണ്ടു സിയാറത്തു യാത്രകള്‍ മര്‍ക്കസുല്‍ ഉലമ ദര്‍സി(ചെമ്മാട്)ന്റെ ശ്രദ്ധേയമായ പതിവുകളില്‍ പെട്ടതായിരുന്നു. മുമ്പ് കാലങ്ങളില്‍ ഇടിയങ്ങര ശൈഖ് മഖാമില്‍ നിന്നും പിന്നീട് മടവൂര്‍ മഖാമില്‍നിന്നുമായിരുന്നു തുടക്കം കുറിച്ചിരുന്നത്. വലിയ സിയാറത്ത് നാലു ദിവസം നീണ്ടു നില്‍ക്കുന്നതാണ്. മമ്പുറം, നാഗൂര്‍, മഞ്ഞക്കുളം, ഏര്‍വാടി, കീളക്കര, മുത്തുപ്പേട്ട, ചിലപ്പോള്‍ വെല്ലൂര്‍ ഉള്‍പ്പെടെ പ്രധാന മഖാമുകള്‍ മാത്രം സിയാറത്താക്കി തിരിച്ചെത്തുന്ന യാത്ര തികച്ചും പഠനാര്‍ഹവും ജീവിത്തിലുടനീളം  പ്രയോജനപ്രദവും ആത്മീയത മുറ്റിനില്‍ക്കുന്നതുമായിരിക്കും.
വര്‍ഷംതോറും നടത്തിവരാറുള്ള മൗലിദ് പരിപാടി മര്‍ക്കസുല്‍ ഉലമയുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിനുള്ള വേദിയാകാറുണ്ട്. വിവിധ ദിക്കുകളില്‍ ജോലി ചെയ്യുന്ന പലരും അന്നാണ് പരസ്പരം കണ്ടുമുട്ടാറുള്ളത്. ഈ സംഗമത്തിന്റെ 38-ാം വാര്‍ഷികമാണ് കഴിഞ്ഞ വര്‍ഷം കൊണ്ടാടിയത്. ദര്‍സ് നടത്തുന്ന നാട്ടുകാരുടെ സഹകരണത്തോടെ അതാത് കൊല്ലത്തെ വിദ്യാര്‍ത്ഥികളുടെ ചെലവില്‍ നടക്കുന്ന പ്രസ്തുത പരിപാടി എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സംരംഭമായിരുന്നു. അന്നത്തെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു പുണ്യം നേടാന്‍ പലരും എത്തിച്ചേരാറുണ്ട്.
അസാമാന്യ കൃത്യനിഷ്ഠയോടെ ഇശാനിസ്‌കാരത്തിനു ശേഷം നടന്നുവരുന്ന ഹദ്ദാദിലും മാസാന്തം നാരിയത്തുസ്സലാത്തിലും ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കു പുറമെ നൂറുക്കണക്കിനു സാധാരണക്കാരും പങ്കെടുക്കാറുണ്ടായിരുന്നു. ഉസ്താദിന്റെ ഇജാസത്തോട് കൂടി പല മഹല്ലുകളിലും സ്വലാത്തുകള്‍ വളരെ വിപുലമായിത്തന്നെ നടന്നുവരുന്നുണ്ട്.
തന്റെ മുതഅല്ലിമീങ്ങള്‍ നൂറു ശതമാനവും ഇസ്‌ലാമിക ചിട്ടയില്‍ വിശിഷ്യാ മുന്‍ഗാമികളായ ആലിമീങ്ങളുടെ വേഷത്തിലും ഭാവത്തിലും ജീവിക്കണമെന്ന നിര്‍ബന്ധം ശൈഖുനാക്കുണ്ടായിരുന്നു. തലപ്പാവിനു പകരം തൊപ്പിയോ ടവ്വലോ ഉപയോഗിക്കുന്നതും ഓപ്പണ്‍ ഷര്‍ട്ട് ധരിക്കുന്നതും ഇഷ്ടപ്പെടാത്ത ശൈഖുനാ ദര്‍സ് വിദ്യാര്‍ത്ഥികളുടെ പെരുമാറ്റച്ചട്ടങ്ങള്‍ നേരത്തെ തന്നെ പഠിതാക്കളായെത്തുന്ന വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ബോധ്യപ്പെടുത്താറുണ്ട്.
പഠനകാലത്ത് കിതാബ് നന്നാക്കലും മുതാലഅയും, തക്‌രീറാത്തുകള്‍ എഴുതലും ജംഉല്‍ജവാമിഇന്റെ മത്‌ന്, അല്‍ഫിയയുടെ ബൈത്തുകള്‍ തുടങ്ങിയവ മനപ്പാഠമാക്കലും വായിച്ചോത്തും നിര്‍ബന്ധമായതുകൊണ്ട് തന്നെ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സയമം ചെലവഴിക്കുന്നത് ശൈഖുന ഇഷ്ടപ്പെടാറില്ല. പ്രസംഗ പരിശീലനം നടക്കാറുണ്ടെങ്കിലും അതിനു പ്രത്യേക കമ്മിറ്റിയോ ഭാരവാഹികളോ ഉണ്ടാകാറില്ല. ഒഴിവ് ദിവസവമായ വ്യാഴം കാലത്ത് ഉസ്താദ് നാട്ടില്‍ പോകുമ്പോള്‍ മാത്രമാണ് സമാജത്തിനു പ്രാസംഗികരെയും വിഷയവും നിശ്ചയിക്കാറുള്ളത്. പഠനത്തില്‍ അമാന്തം കാട്ടുക, നാട്ടില്‍ പോയി നിശ്ചിത സമയത്ത് എത്താതിരിക്കുക, ദര്‍സീ ചട്ടങ്ങള്‍ ലംഘിക്കുക, വിശിഷ്യാ ജമാഅത്ത്, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയില്‍ ഉപേക്ഷ വരുത്തുക തുടങ്ങിയവക്ക് ശിക്ഷ നല്‍കുന്നതില്‍ യാതൊരു ഇളവും അനുവദിക്കാറില്ല. പ്രായഭേദമന്യെ എല്ലാവരെയും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും സ്‌നേഹാധിക്യം കൊണ്ട് വിദ്യാര്‍ത്ഥികളെയെല്ലാം പിടിച്ചു നിര്‍ത്തുവാനുള്ള കഴിവ് ശൈഖുനയുടെ പ്രത്യേകതയായിരുന്നു.
ജീവിതം മുഴുവന്‍ മുതഅല്ലിമീങ്ങള്‍ക്കു വേണ്ടി നീക്കിവെച്ച ശൈഖുനാ തന്റെ വിദ്യാര്‍ത്ഥികളില്‍ കഴിവില്ലാത്തവരെ പ്രത്യേകം പരിഗണിക്കാറുണ്ടായിരുന്നു. ശൈഖുനയെ വിവിധ ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുന്ന ഇഷ്ടജനങ്ങള്‍ സ്‌നേഹപൂര്‍വ്വം നല്‍കുന്ന പാരിതോഷികങ്ങളില്‍ വലിയ തുകയും ഇത്തരം മുതഅല്ലിമീങ്ങള്‍ക്ക് കൊടുക്കുകയായിരുന്നു.
ചെമ്മാട് മര്‍ക്കസുല്‍ ഉലമ ദര്‍സിലെ ഏഴോ എട്ടോ വര്‍ഷത്തെ ജീവിതം സന്തോഷപ്രദങ്ങളായിരിക്കും. ഓരോരുര്‍ത്തര്‍ക്കും. സരളമായ ശൈലിയിലുള്ള ശൈഖുനയുടെ ശ്രദ്ധേയമായ ക്ലാസുകള്‍, വ്യത്യസ്ത രീതിയിലുള്ള വസ്തുനിഷ്ഠമായ അവതരണങ്ങള്‍, ഉദാഹരണങ്ങള്‍ നിരത്തിയുള്ള വിശദീകരണങ്ങള്‍, തര്‍ക്കവിഷയങ്ങള്‍ വരുമ്പോള്‍ വിദ്യാര്‍ത്ഥികളെ മറുചേരിയിലാക്കി നിറുത്തി തല്‍വിഷയത്തിലെ എല്ലാ സംശയങ്ങളും ചോദിക്കാന്‍ അവസരം കൊടുക്കല്‍, പിന്നീട് ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി ശൈഖുനാ കുട്ടികളിലൊരാളായി ചേര്‍ന്നു വാചാലനാവുന്ന രംഗങ്ങള്‍ ഇന്നും ശിഷ്യരുടെ ഓര്‍മയില്‍ മായാതെ തങ്ങിനില്‍ക്കുകയാണ്.
1961-ല്‍ പൊന്‍മളയില്‍ കമ്മുഹാജിയുടെ മകള്‍ ഉമ്മാച്ചുവിനെ വിവാഹം ചെയ്തു. ഏഴു മക്കള്‍. മൂത്ത മകന്‍ അബ്ദുറഹ്മാന്‍ (ദര്‍സ് പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിനിടയില്‍ മരണപ്പെട്ടു), അബ്ദുല്‍കീരം ബാഖവി (മക്ക), മുഹമ്മദ് ബശീര്‍ ബാഖവി (ചെമ്മാട് രണ്ടാം മുദരിസ്), അബ്ദുറഹിമാന്‍, ആസ്യ, ഉമ്മു സുലൈമ, ഉമ്മുജമീല.
ജീവിതം മുഴുവന്‍ ഇല്‍മിനു വേണ്ടി സമര്‍പ്പിച്ച ആ സാത്വികനോടൊപ്പം നമ്മെയും അവന്റെ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ, ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter