മൃഗസമീപനത്തിലെ ഇസ്‌ലാമിക പരിപ്രേക്ഷ്യം
മനുഷ്യകുലത്തിനാകമാനമുള്ള വിശുദ്ധമതം അവരുടെ ജീവിതരേഖ കൃത്യമായി വരച്ചു കാണിച്ചിട്ടുണ്ട്. വൈയക്തിക, സാമൂഹിക, കൗടുംബിക ഇടപെടലുകളിലെ രീതി ശാസ്ത്രം പഠിപ്പിക്കുന്നതോടൊപ്പം പ്രപഞ്ചത്തോടും മനുഷ്യേതര ജീവികളോടുമുള്ള അവന്റെ നിലപാടും വളച്ചു കെട്ടില്ലാതെ ആ മതം വിശദീകരിക്കുന്നു. ജീവികളോടുള്ള ഇസ്‌ലാമിന്റെ സമീപനമാണ് ഇവിടെ നാം ചര്‍ച്ചയാക്കുന്നത്. മൃഗങ്ങളെയും പക്ഷികളേയും മനുഷ്യവര്‍ഗത്തെ പോലെ ഒരു വിഭാഗമായി ഗണിക്കാനാണ് ഇസ്‌ലാം വിപാവനം ചെയ്യുന്നത്. ''ഭൂമിയിലുള്ള ഏതൊരു മൃഗവും രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലിലേക്ക് അവര്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്''(അല്‍അന്‍ആം 38). മനുഷ്യരുടെ പരസ്പര പെരുമാറ്റത്തിലുണ്ടാവേണ്ട ലാളിത്യവും കാരുണ്യവുമെല്ലാം ഈ ജീവികളോടുമുണ്ടാവണമെന്ന വലിയ പാഠമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്.
ജീവനുള്ള ഏതൊരു വസ്തുവിനോടും നിങ്ങള്‍ നല്ല രീതിയില്‍ വര്‍ത്തിക്കണമെന്ന ഇസ്‌ലാമികാധ്യാപനത്തില്‍ നിന്ന് തന്നെ മൃഗങ്ങളോടുള്ള ഇസ്‌ലാമിക സമീപനം കൃത്യമായി വായിക്കാവുന്നതാണ്. വിശുദ്ധ ഇസ്‌ലാമിന്റെ ആധികാരിക ഗ്രന്ഥമായ ഖുര്‍ആനില്‍ 114 അധ്യായങ്ങളില്‍ ഏറ്റവും വലിയ അധ്യായത്തിന് അല്‍ബഖറ(പശു)യെന്നും മറ്റൊരധ്യായത്തിന് അല്‍അന്‍ആം(മൃഗങ്ങള്‍)എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. മൃഗങ്ങള്‍ മനുഷ്യവിഭാഗത്തിനുള്ള വലിയ അനുഗ്രഹങ്ങളാണെന്നും അവയോടുള്ള പെരുമാറ്റം കാരുണ്യത്തോടെയായിരിക്കണമെന്നും ഉത്‌ബോധിപ്പിക്കുന്ന സൂറതുല്‍അന്‍ആമില്‍ അവയോടുള്ള മോശമായ സമീപന രീതി ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു.
പ്രപഞ്ചത്തേയും അതിലുള്ള വസ്തുക്കളെയും അല്ലാഹു സംവിധാനിച്ചത് മനുഷ്യന് വേണ്ടിയാണെന്ന് നാം സൂചിപ്പിച്ചു. മൃഗങ്ങളേയും അവന്‍ സൃഷ്ടിച്ചത് അവര്‍ക്ക് വേണ്ടിയാണെന്ന് ഖുര്‍ആന്‍ പ്രസ്പഷ്ടമാക്കുന്നുണ്ട്. അവയില്‍ അവന് വാഹനമായി ഉപയോഗിക്കാനുള്ളതും അറുത്തു ഭക്ഷിക്കാവുന്നതും കുടിക്കാനുള്ള പാല്‍ നല്‍കുന്നവയും കമ്പിളിപ്പുതപ്പും മറ്റും നിര്‍മിക്കാനുള്ള രോമം നല്‍കുന്നവയുമെല്ലാമുണ്ട്. ''അവര്‍ ചിന്തിക്കുന്നില്ലേ?!, നാം സ്വന്തമായിത്തന്നെ അവര്‍ക്ക് വേണ്ടി കാലികളെ സൃഷ്ടിക്കുകയും അവര്‍ക്കവ ഉടമപ്പെടുത്തുകയും കീഴ്‌പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ചിലതിലവര്‍ യാത്ര ചെയ്യുന്നു. ചിലത് ആഹാരമാക്കുന്നു. വേറെയും ഉപകാരങ്ങളും പാനീയങ്ങളും അവര്‍ക്കതിലുണ്ട്, ഇതിനൊന്നും കൃതജ്ഞരാകുന്നില്ലേ അവര്‍?''(യാസീന്‍ 71-73). ''കാലികളേയും അവന്‍ പടച്ചു. ചൂടേല്‍ക്കാനുള്ള കമ്പിളിയും മറ്റുപകാരങ്ങളും നിങ്ങള്‍ക്കവയില്‍ നിന്നു കിട്ടും. അവയില്‍ നിന്ന് തന്നെ നിങ്ങള്‍ ആഹരിക്കുന്നു. സന്ധ്യക്കും പ്രഭാതത്തിലും (അവയെ)തെളിച്ചു കൊണ്ടു പോകുമ്പോള്‍ നിങ്ങള്‍ക്കവയില്‍ കൗതുകം ജനിക്കുന്നുണ്ട്. സാഹസപ്പെട്ടല്ലാതെ ചെന്നെത്താന്‍ കഴിയാത്ത നാടുകളിലേക്ക് നിങ്ങളുടെ ചുമടുകള്‍ വഹിക്കുന്നതവയാണ്. നിങ്ങളുടെ നാഥന്‍ ഏറെ ദയാലുവത്രെ. കുതിര, കോവര്‍ കഴുത, കഴുത എന്നിവയുമവന്‍ സൃഷ്ടിച്ചു. നിങ്ങള്‍ക്ക് വാഹനമാക്കാനും അലങ്കാരത്തിനുമായി''(നഹ്‌ല് 5-8). കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും അറുത്ത് ഭക്ഷിക്കാനുള്ളവയും(അവന്‍ സൃഷ്ടിച്ചിരിക്കുന്നു)- (അന്‍ആം 147).
ഇത്രയേറെ മനുഷ്യന് ഉപകാരം ലഭിക്കുന്ന ജീവികള്‍ പവിത്രവും അവരോട് മൃതുസമീപനമാണ് സ്വീകരിക്കേണ്ടതെന്നുമാണ് ഇസ്‌ലാമികാധ്യാപനം. അവയുടെ മേല്‍ വാഹനം കയറുമ്പോഴും ചരക്കുകള്‍ കൊണ്ടുപോകുമ്പോഴും അറുക്കാന്‍ കൊണ്ടു പോകുമ്പോഴും അറുക്കുമ്പോഴുമെല്ലാം കരുണയോടെ സമീപിക്കണം. ഇത്‌വഴി റബ്ബിന്റെ പൊരുത്തവും പ്രീതിയും നേടുവാന്‍ സാധിക്കും. ''കരുണ കാണിക്കുന്നവരോട് കാരുണ്യവാന്‍ കരുണ ചെയ്യും; നിങ്ങള്‍ ഭൂമിയിലുള്ളവര്‍ക്ക് കൃഫ ചെയ്താല്‍ ആകാശത്തുള്ളവര്‍ നിങ്ങളോട് കൃഫ കാണിക്കും'' എന്ന തിരുവചനത്തിന്റെ സാരാംശത്തില്‍ കൊല്ലപ്പെടണമെന്ന് കല്‍പിക്കപ്പെടാത്ത ജീവികളോട് കരുണ കാണിക്കുന്നതും ഉള്‍പെടുമെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്(ഔനുല്‍മഅ്ബൂദ്).
മനുഷ്യര്‍ പരസ്പരം ശാപവാക്കുകളെറിയരുതെന്ന് പഠിപ്പിച്ച ഇസ്‌ലാം ജീവികളെ ശപിക്കരുതെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. നബിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരു അന്‍സ്വാരി സ്ത്രീ യാത്രക്കിടയില്‍ താന്‍ വാഹനമായി ഉപയോഗിച്ച മൃഗത്തെ ശപിച്ചപ്പോള്‍ കൂടെയുള്ള സ്വഹാബികളോട് അതിന് മുകളിലുള്ള വസ്തുക്കള്‍ മാറ്റിവെക്കുവാനും ശപിക്കപ്പെട്ട ആ മൃഗത്തെ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇംറാനുബ്‌നുല്‍ഹുസൈ്വന്‍(റ) പറയുന്നു. പിന്നീട് ആ ഒട്ടകം ആളുകള്‍ക്കിടയില്‍ ആരുടേയും പരിഗണന ലഭിക്കാതെ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്(സ്വഹീഹ് മുസ്‌ലിം).
അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) പറയുകയുണ്ടായി ഒരു വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന് കടുത്ത ദാഹമനുഭവപ്പെടുകയും വഴിയരികില്‍ കണ്ട കിണറിലിറങ്ങി വെള്ളം കുടിച്ച് ദാഹം തീര്‍ത്ത് പുറത്തു കടന്ന അദ്ദേഹം ശക്തമായ ദാഹത്താല്‍ നാവ് പുറത്തേക്ക് നീട്ടി മണ്ണ് കപ്പുന്ന നായയെ കാണുകയുമുണ്ടായി. അല്‍പം മുമ്പ് താനനുഭവിച്ച ദാഹം ഈ നായക്കുമുണ്ടെന്ന് ചിന്തിച്ച് ഉടനെ കിണറ്റിലിറങ്ങി തന്റെ ഷൂവില്‍ വെള്ളം നിറച്ച് വായ കൊണ്ട് കടിച്ച് പിടിച്ച് കയറിവന്ന് ആ നായയെ കുടിപ്പിച്ചു. ആ മനുഷ്യന്റെ ഈ പ്രവര്‍ത്തനം അല്ലാഹു ഇഷ്ടപ്പെടുകയും അവന് പൊറുത്തു കൊടുക്കുകയുമുണ്ടായി. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മൃഗങ്ങളോടുള്ള സമീപനത്തിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?! ജീവനുള്ള ഏത് വസ്തുവിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്. നബി(സ്വ) പ്രതിവതിച്ചു(അല്‍ മുവത്വ) മൃഗങ്ങളോട് കാരുണ്യ രഹിതമായി വര്‍ത്തിച്ചതിന്റെ പേരില്‍ നരകാവകാശിയായി മാറിയ പെണ്ണിന്റെ ചരിത്രം പഠിപ്പിച്ച മുത്ത് നബി(സ്വ) തന്നെയാണ് തന്നെ സമീപിച്ച് ഉടമസ്ഥനെ സംബന്ധിച്ച് പരാതിപ്പെട്ട ഒട്ടകത്തിന്റെ ഉടമയായ അന്‍സ്വാരീ യുവാവിനെ വിളിച്ച് ''ഈ ജീവിയുടെ കാര്യത്തില്‍ അതിനെ നിനക്ക് ഉടമപ്പെടുത്തിത്തന്ന അല്ലാഹുവിനെ നീ സൂക്ഷിക്കുന്നില്ലേ?. നീ അതിന് വേണ്ടത്ര ഭക്ഷണം നല്‍കുന്നില്ലെന്നും അമിതഭാരം എടുപ്പിക്കുന്നെന്നും എന്നോടത് ആവലാതി പറഞ്ഞിട്ടുണ്ട്'' എന്ന് ശാസിച്ചതും. ഈ രണ്ട് സംഭവങ്ങള്‍ തന്നെ കാര്യത്തിന്റെ ഗൗരവം സൂചിപ്പിക്കാന്‍ ധാരാളമാണ്.
ഭക്ഷ്യയോഗ്യമായ മൃഗങ്ങളെ അറുക്കാനനുവദിച്ച മതം തദവസരത്തിലും അവയോട് സ്വീകരിക്കേണ്ട രീതി വ്യക്തിമാക്കുന്നുണ്ട്. അറവ് ശാലയിലേക്ക് മാന്യമായി തെളിച്ച് കൊണ്ടുപോകണമെന്നും, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ മാത്രം അറുക്കാനുപയോഗിക്കണമെന്നും, അവയുടെ കണ്‍മുന്നില്‍ വെച്ച് കത്തി മൂര്‍ച്ച കൂട്ടരുതെന്നും ഒരു ജീവിയുടെ മുന്നില്‍ വെച്ച് മറ്റൊന്നിനെ അറുക്കരുതെന്നുമെല്ലാം അവയില്‍ ചിലത് മാത്രം.
മൃഗങ്ങളെ കൊല്ലാമോ?
ശരീഅത്തിന്റെ വീക്ഷണത്തില്‍ ഭക്ഷ്യ യോഗ്യമായ മൃഗങ്ങളെ നിര്‍ദിഷ്ഠ രൂപത്തില്‍ അറുത്ത് ഭക്ഷിക്കാനും, വേട്ടയാടിപ്പിടിക്കേണ്ട ജീവികളെ നിയമങ്ങള്‍ സ്വീകരിച്ച് വേട്ടയാടുന്നതിനും മനുഷ്യര്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ കളിവിനോദങ്ങള്‍ക്ക് വേണ്ടിയോ മറ്റോ ഒരു ജീവിയെയും നോവിക്കാന്‍ പോലും മനുഷ്യന് അനുമതി ഇല്ല തന്നെ. ഇബ്‌നുഉമര്‍(റ) നടന്നു പോകുമ്പോള്‍ ഖുറൈശികളിലെ ഒരു കൂട്ടം യുവാക്കള്‍ ജീവനുള്ള പക്ഷിക്കുഞ്ഞിനെ നാട്ടക്കുറിയാക്കി വെച്ച് അതിന് നേരെ അമ്പെയ്യുന്നത് കണ്ടു. ഇബ്‌നു ഉമറിനെ കണ്ടപ്പോള്‍ അവര്‍ പലയിടങ്ങളിലേക്കായി ഒഴിഞ്ഞു. അന്നേരം ഇബ്‌നുഉമര്‍(റ) ഇങ്ങനെ പറഞ്ഞു: ഇത് ചെയ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ജീവനുള്ള വസ്തുവിനെ നാട്ടക്കുറിയാക്കിയവനെ നബി(സ്വ) ശപിച്ചിരിക്കുന്നു(സ്വഹീഹ് മുസ്‌ലിം). ജീവനുള്ള വസ്തുക്കളെ കാരണമേതുമില്ലാതെയും നന്‍മയൊന്നും പ്രതീക്ഷിക്കാതെയും വധിക്കാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പറയുന്നത്. ജീവനുള്ള വസ്തുക്കളെ കൊന്നു കളയുന്നത് നബി(സ്വ) നിരോധിച്ചിട്ടുണ്ടെന്ന ഇബ്‌നുഅബ്ബാസ്(റ) ഉദ്ധരിക്കുന്ന തിരുവചനത്തിന്റെ വിശാലാര്‍ത്ഥത്തില്‍ നമുക്കങ്ങനെ മനസ്സിലാക്കാം. മാത്രവുമല്ല, അകാരണമായി ഒരു ജീവിയെ വധിച്ചു കളയുന്നതിലൂടെ അല്ലാഹുവിന് സ്തുതി ചെയ്തു കൊണ്ടിരിക്കുന്ന ഒരു ജീവിയെയാണവന്‍ നിഷ്‌കാസനം ചെയ്യുന്നത്. പ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹുവിനെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന ഖുര്‍ആനിക സൂക്തത്തിന്റെ വിശാലതയില്‍ ഈ ജീവികളുമുണ്ട്. 'ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ മഹത്വം പ്രകീര്‍ത്തിക്കുന്നുണ്ട്. അവനെ സ്തുതിച്ചു കൊണ്ട് വിശുദ്ധി വാഴ്ത്താത്തതായി യാതൊരു വസ്തുവുമില്ല തന്നെ. എന്നാല്‍ അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്കു മനസ്സിലാവില്ല. അവന്‍ സഹീഷ്ണുവും ഏറെ പൊറുക്കുന്നവനുമത്രെ'(ഇസ്‌റാഅ് 44).മനുഷ്യ ജീവന് ഭീഷണിയുള്ളതും ബുദ്ധിമുട്ട് വരുത്തുന്നതുമായ ജീവികളെ കൊല്ലുന്നത് മതവീക്ഷണത്തില്‍ പുണ്യകര്‍മ്മ(സുന്നത്ത്)മാണ്. കാരണം, അല്ലാഹുവിന്റെ സൃഷ്ടികളില്‍ ബുദ്ധിയും വിവേകവും നല്‍കി അവനാദരിച്ച മനുഷ്യനാണ് പ്രഥമസ്ഥാനീയന്‍. നാഥന്റെ കല്‍പനകള്‍ അക്ഷരംപ്രതി അനുസരിച്ച് ജീവിക്കുന്ന മനുഷ്യന്റെ ജീവനേക്കാള്‍ മറ്റൊരു ജീവികള്‍ക്കും പവിത്രതയില്ല.
റബ്ബിന്റെ യഥാര്‍ത്ഥ അടിമയായി ജീവിക്കുന്ന വ്യക്തികളുമായി ബന്ധമുള്ള പല ജീവികള്‍ക്കും ആ മനുഷ്യന്‍ കാരണം പല മഹത്വങ്ങളും പവിത്രതകളും ഉണ്ടായതായി ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഗുഹാവാസികളുടെ നായയും, സ്വാലിഹ് നബിയുടെ ഒട്ടകവും സുലൈമാന്‍ നബിയുടെ ഹുദ്ഹുദും ഉദാഹരണം മാത്രം. ആ മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന, ജീവന് ഭീഷണിയാവുന്ന ജീവികളെ കൊന്നു കളയാം.
ഭക്ഷണാവശ്യാര്‍ത്ഥം മനുഷ്യന് മൃഗങ്ങളെ അറുത്ത് കഴിക്കാമെങ്കില്‍ അവ മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെങ്കില്‍ ഏതായാലും വധിച്ചു കളയാമല്ലോ. അഞ്ച് ജീവികളെ ഹറമിലാണെങ്കില്‍ പോലും കൊല്ലാമെന്ന് മുഹമ്മദ് നബി(സ്വ) പറയുന്നുണ്ട്. കടിക്കുന്ന നായ, കറുപ്പും വെളുപ്പും നിറമുള്ള കാക്ക, പാമ്പ്, കഴുകന്‍, എലി എന്നിവയാണത്. ബുദ്ധിമുട്ടുണ്ടാക്കുന്ന ഹൃംസ്ര ജന്തുക്കളെയും കൊല്ലല്‍ സുന്നത്താണെന്നാണ് മതവീക്ഷണം(തുഹ്ഫ 9/ കിതാബുല്‍ അത്വ്ഇമത്). പല്ലിയെ കൊല്ലുന്നതില്‍ പ്രത്യേക പ്രതിഫലം തന്നെ ഓഫര്‍ ചെയ്യപ്പെട്ടതായി ഹദീസുകളില്‍ കാണാം.
ഈയിടെയായി നമ്മുടെ കേരളത്തിലെ പലയിടങ്ങളിലും പുലിഭീതിയും തെരുവ് നായകളുടെ ശല്യവും രൂക്ഷമാവുകയും നിരവധി ജീവികള്‍ അക്രമിക്കപ്പെടുകയും മനുഷ്യ വാസത്തിന് പോലും ഭീഷണിയുയരുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ ഇവയെ എന്ത് ചെയ്യണമെന്നതില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. പലരും പല അഭിപ്രായങ്ങള്‍ ഉന്നയിച്ച കൂട്ടത്തില്‍ മനുഷ്യജീവനുകള്‍ക്ക് ഭീഷണിയുണ്ടായ സാഹചര്യത്തില്‍ തെരുവ് നായകളേയും മറ്റും വധിച്ച് കളയണമെന്ന് പറഞ്ഞതിന്റെ പേരില്‍ കേരളത്തിനെതിരെ പ്രകടനങ്ങള്‍ നടക്കുകയുമുണ്ടായി. അവസാനം ഇത്തരം ജീവികളെ ഷണ്ഢീകരിക്കാനും മനുഷ്യ വാസമില്ലാത്ത ഇടങ്ങളില്‍ അധിവസിപ്പിക്കാനുമുള്ള തീരുമാനത്തിലൂടെ ഗവണ്‍മെന്റ് മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. ഓരോ കോര്‍പറേഷനുകളും ഇത്തരം ജീവികളോട് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ ഗവണ്‍മെന്റിനെ അറിയിക്കാനും നിര്‍ദേശമുണ്ട്.
മൃഗങ്ങളെ ഷണ്ഡീകരിക്കുന്നതില്‍ മതവിരുദ്ധതയൊന്നുമില്ല. എന്നാല്‍ ഈ പദ്ധതിയിലൂടെ നിലനില്‍ക്കുന്ന അപകട ഭീഷണിയില്‍ നിന്ന് ജനങ്ങള്‍ക്ക് എത്രമാത്രം മുക്തമാകാന്‍ കഴിയുമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. നിലവിലെ അക്രമാസക്തരായ ജീവികളെ ഷണ്ഢീകരിച്ചത് കൊണ്ട് അവയിലൂടെ പുതിയ തലമുറ വളര്‍ന്ന് വരില്ലെങ്കിലും നിലവിലുള്ള ജീവിയുടെ അക്രമം ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നില്ല. മാത്രവുമല്ല, ഷണ്ഢീകരണം എന്നത് ആണ്‍ വര്‍ഗത്തില്‍ നടപ്പിലാവുമെങ്കിലും പെണ്‍ വര്‍ഗത്തില്‍ അത് നടപ്പിലാവുകയില്ലല്ലോ!?.
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഇവയെ താമസിപ്പിക്കുകയെന്നതും നമ്മുടെ നാടുകളില്‍ എത്രമാത്രം ഉചിതമാണെന്നു കൂടി നാം ചിന്തിക്കേണ്ടതുണ്ട്.
എന്നാല്‍, ഉപദ്രവകാരികളായ ജീവികളെ കൊല്ലാമെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാമികാധ്യാപനത്തില്‍ കൊല്ലേണ്ട ജീവികളുടെ കൂട്ടത്തില്‍ കടിക്കുന്ന/ അക്രമകാരിയായ നായയെയും എണ്ണിയിട്ടുണ്ട്. ദാഹിച്ച നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ തന്റെ സ്വര്‍ഗ്ഗം നല്‍കിയ നാഥനാണ് ഈ നിയമം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഏത് വശത്തിലൂടെ ചിന്തിച്ചാലും ഈ നിയമം എന്നും കാലികവും പ്രസക്തവുമാണെന്ന് നമുക്ക് മനസ്സിലാക്കാം.
Leave A Comment