ഭക്ഷ്യക്ഷാമം
 width=ഭക്ഷ്യക്ഷാമം ലോകം കേട്ടു തഴമ്പിച്ച ഒരു സമസ്യയായിത്തീര്‍ന്നിരിക്കുകയാണ്. ലോക ജനസംഖ്യയുടെ അനിയന്ത്രിതമായ വളര്‍ച്ചയുടെ പരിണാമ ഫലമായിട്ടാണ് ഭക്ഷ്യക്ഷാമത്തെ വര്‍ണ്ണിക്കപ്പെടുന്നത്. വിശന്നുവലഞ്ഞ കുരുന്നുകള്‍ക്കും പാവപ്പെട്ടവന്റെ അഷ്ടിക്കും വഴിതേടി ലോകത്ത് കാലങ്ങളായി ഉടമ്പടികളുടെയും ഭക്ഷ്യനിയന്ത്രണ പദ്ധതികളുടെയും കൊത്തൊഴുക്കുകള്‍ക്ക് സാക്ഷ്യം വഹിച്ചെങ്കിലും പട്ടിണിയും പരിവട്ടവും ലോകത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇനിയും അകന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഉയരുന്ന ഇന്ധന വിലയും കാലാവസ്ഥാ വ്യതിയാനവും, ജൈവ ഇന്ധനോപയോഗത്തിലെ വര്‍ധനവും ആഗോളീകരണം, ഉദാരവല്‍ക്കരണം എന്നിവ ലോകസമ്പദ് വ്യവസ്ഥയില്‍ വരുത്തിയ മുന്‍ഗണനാ ക്രമത്തിലെ മാറ്റങ്ങളും, ഭക്ഷ്യധാന്യ സംരക്ഷണത്തില്‍ നിന്നും വിതരണത്തില്‍ നിന്നുമുള്ള ഗവണ്‍മെന്റിന്റെ പിന്മാറ്റവും കുത്തക മുതലാളിത്വത്തിന്റെ കടന്നുകയറ്റവും ഭക്ഷ്യക്ഷാമത്തിന്ന് മുഖ്യകാരണങ്ങളായി എണ്ണപ്പെടുന്നു. ഉല്‍പാദനക്കുറവും വിലക്കയറ്റവും കാരണം ലോകമെങ്ങും 458 മില്യനോളം ജനങ്ങള്‍ പട്ടിണിയിലാണ്. ദിവസവും പതിനാറായിരം കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിക്കുന്നു. ലോകത്ത് ചൈനയുള്‍പ്പെടെ നാല്‍പതോളം രാഷ്ട്രങ്ങള്‍ ഭക്ഷണക്കമ്മിയുടെ പിടിയിലാണ്. അത് ലോകത്ത് കലാപങ്ങള്‍ക്ക് വരെ വഴി വെച്ചു തുടങ്ങി. ഇങ്ങനെ പോയാല്‍ ലോകം താമസിയാതെ ഒരു ഭക്ഷ്യയുദ്ധത്തിന് വേദിയൊരുങ്ങുമെന്ന് യു.എന്‍.ഒ മുന്നറിയിപ്പു തരുന്നു. 1970 ന്റെ തുടക്കത്തിലാണ് ഭക്ഷ്യക്ഷാമത്തെക്കുറിച്ച് ലോകം ചര്‍ച്ച ചെയതു തുടങ്ങിയത്. എണ്‍പതുകളില്‍ ഭക്ഷ്യക്ഷാമം ലോകജനശ്രദ്ധയില്‍ നിന്ന് അകന്നു നിന്നിരുന്നുവെങ്കിലും തൊണ്ണൂറിന്റെ തുടക്കത്തില്‍ നടന്ന ലോകഭക്ഷ്യ സമ്മേളനത്തോടെയാണ് ഇതിന്റെ തീവ്രതയെയും വരുംവരായ്കകളെ കുറിച്ചും സമഗ്രമായ അപഗ്രഥനം ലോകത്തിന് മുന്നില്‍ തെളിഞ്ഞു വന്നത്. ലോകത്തിന്റെ ഭക്ഷണക്രമം ഒരിക്കല്‍ പോലും ആവശ്യത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. യന്ത്രസാമഗ്രികളുടെ യുഗമായ നവീന യുഗത്തില്‍ ദ്രുതഗതിയില്‍ ഉല്‍പാദനക്ഷമതയില്‍ വര്‍ദ്ധനവ് കാണുന്നുണ്ടെങ്കിലും അവ വിതരണം നടത്തുകയാണെങ്കില്‍ ലോകത്തിലെ പട്ടിണിയുടെ നൂറിലൊരംശം പോലും തീര്‍ക്കാവതല്ല. വികസ്വര രാഷ്ട്രങ്ങളിലെ എഴുന്നൂറു മില്യണിലധികവും പട്ടിണി അനുഭവിക്കുന്നവരാണെന്ന യാഥാര്‍ത്ഥ്യത്തിന്റെ മറുവശത്ത് ലോകജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗവും ഉള്‍ക്കൊള്ളുന്നത് വികസ്വര രാഷ്ട്രങ്ങളാണെന്ന യാഥാര്‍ത്ഥ്യം കൂടി കൂട്ടിവായിക്കുമ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന ഭീകരതയുടെ ഭീപല്‍സ മുഖം ദര്‍പ്പണമത്രെ കാണാന്‍ നമുക്കു സാധിക്കും. വിത്തുല്‍പാദനത്തിലെ വര്‍ദ്ധനവാണ് ലോകഭക്ഷണക്രമത്തെ നിയന്ത്രിക്കുന്നത്.ആഫ്രിക്കയല്ലാത്ത മറ്റു വികസ്വര രാജ്യങ്ങളിലെല്ലാം കൃഷി തന്നെയാണ് മുഖ്യ ഭക്ഷണോല്‍പാദന മാര്‍ഗമായി സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ധാന്യോല്‍പാദനത്തില്‍ നേരിയ വളര്‍ച്ച കൈവരിച്ചെങ്കിലും പെര്‍കാപ്പിറ്റ ഉല്‍പാദനരംഗത്ത് ഉദയം ചെയ്ത പുത്തന്‍ സംരംഭങ്ങള്‍ വികസ്വര രാജ്യങ്ങളുടെ മൊത്തോല്‍പാദനത്തില്‍ കാര്യമായ ന്യൂനത കൊണ്ടുവന്നു. ഇത് ലോക ജനസംഖ്യയുടെ ഭക്ഷണക്രമത്തെ കാര്യമായി സ്വാധീനിച്ചു. നാണ്യപ്പെരുപ്പ നിരക്കിന്റെ വര്‍ധനവും ഇന്ധന വിലയിലെ കുതിച്ചു ചാട്ടവും ലോക ഭക്ഷ്യവിലയെ വാനോളം ഉയര്‍ത്തി. ലോകത്തിലെ ഒരു മില്യണിലധികവും ദിവസേനെ ഒരു ഡോളറിനു പോലും വകയില്ലാത്തവരാണ്. അതിനാല്‍ മാര്‍ക്കറ്റിലെ ഉയര്‍ച്ചക്കനുസരിച്ച് തങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. സാമ്പത്തിക രംഗത്തെ പുത്തന്‍ നയങ്ങളും സാമ്പത്തിക വളര്‍ച്ചയും നഗരവല്‍ക്കരണവും ഗ്രാമീണ പദ്ധതികളും കാര്‍ഷികോല്‍പന്ന സാങ്കേതിക വിദ്യകളും പ്രകൃതി സംരക്ഷണ പദ്ധതികളും മാത്രമേ ഭാവിയിലെ ഭക്ഷ്യസംരക്ഷണത്തിന് ഉണര്‍വേകുകയുള്ളൂവെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോക ഭക്ഷ്യോല്‍പാദന രംഗത്തിന്റെയും ഭക്ഷണ ആവശ്യത്തിന്റെയും ഇടയില്‍ കാര്യമായ വിടവ് കാത്തുസൂക്ഷിച്ചിട്ടില്ലെങ്കില്‍ ഭാവിയിലെ സാമ്പത്തിക രംഗത്ത് മാത്രമല്ല, സബ്-സഹാറ മേഖലയിലെ തകര്‍ന്നു പോയ സാമ്പത്തിക രംഗം ഒരിക്കല്‍ പോലും കരകയറുകയില്ല എന്ന് പോലും വന്നേക്കാം. അതിനാല്‍ ദേശീയവും അന്തര്‍ദേശീയവുമായ കാര്‍ഷിക നിരീക്ഷണങ്ങള്‍ സാങ്കേതികവും മികവുറ്റതുമായ കാര്‍ഷിക പദ്ധതികള്‍ കര്‍ഷകര്‍ക്ക് ആധുനിക കാര്‍ഷിക സാമഗ്രികള്‍ പ്രകൃതി സ്രോതസ്സുകളുടെയും, പ്രകൃതി നശീകരണം തടയാനുതകുന്ന നവീന പരിഷ്‌കാര പദ്ധതികള്‍ക്കും മാത്രമേ സാമ്പത്തിക രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ. 1970 ലും 80 ലും ലോകം പ്രവചിച്ച പട്ടിണിയെ ഏഷ്യക്ക് മറികടക്കാനായത് കാര്‍ഷിക മുന്നേറ്റങ്ങള്‍ കൊണ്ട് വിത്തുല്‍പാദന രംഗത്ത് സ്വീകരച്ച നവീന ശാസ്ത്ര പരിഷ്‌കാരങ്ങള്‍ കൊണ്ടായിരുന്നു. അന്നു ജനം സ്വീകരിച്ച മുന്‍കരുതലുകള്‍ ഒന്നു കൊണ്ടു മാത്രമാണ് ഏഷ്യ ആകമാനം ഗ്രസിച്ചില്ലാണ്ടാക്കുമെന്ന് ലോകമൊന്നടങ്കം പ്രവചിച്ച ഭക്ഷ്യക്ഷാമത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞത്. പക്ഷെ, കാര്‍ഷികരംഗത്തെ ഇന്നു കാണുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ അവഗണന, ഭാവിയിലെ പട്ടിണിയുടെ പ്രവചന ഘടകങ്ങളാണെന്നാണ് ലോക കാര്‍ഷിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 1976 ല്‍, നോബല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ മുഹമ്മദ് യൂനുസ് ബംഗ്ലാദേശില്‍ കൊണ്ടുവന്ന 'ഗ്രാമീണ്‍ ബാങ്ക് സംരംഭം' ലോക കാര്‍ഷിക രംഗത്തെ അല്‍ഭുതകരമായ മുേന്നറ്റമായിരുന്നു. ബംഗ്ലാദേശിലെ പട്ടിണി അനുഭവിക്കുന്നവര്‍ക്കും കര്‍ഷക ഭൂമി ഇല്ലാതെ കഷ്ടപ്പെടുന്ന കാര്‍ഷിക കുടുംബങ്ങള്‍ക്കും സാമ്പത്തികമായ സഹായവും സ്രോതസ്സും നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചു. പാവപ്പെട്ടവര്‍ക്ക് ബാംങ്കിംങ് സൗകര്യമൊരുക്കുക, വട്ടപ്പലിശക്കാരുടെയും ഭൂജന്മികളുടെയും ചൂഷണം തടയുക, വ്യക്തിഗത ഉല്‍പാദന രംഗം കൊഴുപ്പിക്കുക, താഴ്ന്ന വരുമാനം താഴ്ന്ന ഉപഭോഗം താഴ്ന്ന നിക്ഷേപം എന്ന നിലവിലുള്ള സ്ഥിതിയെ ഉയര്‍ന്ന വരുമാനം ഉയര്‍ന്ന നിക്ഷേപം ഉയര്‍ന്ന ഉപഭോഗം എന്ന നിലയിലെത്തിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍. ബാങ്ക് ഷെയറിന്റെ എണ്‍പത്തി എട്ട് ശതമാനത്തോളം കടക്കാരുടെ കൈകളിലായ ഗ്രാമീണ ബാങ്ക് ഇന്ന് മുപ്പത്തി ഒന്നായിരത്തി നാല്‍പത്തി ഒന്ന് ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. പതിനൊന്നായിരത്തിലധികം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന ഈ ബാങ്കില്‍ തൊണ്ണൂറ്റി നാല് ശതമാനത്തോളം ഉപഭോക്താക്കളും സ്ത്രീകളാണ്. നിര്‍മാണ രംഗം, കാര്‍ഷിക രംഗം, വനം, കന്നുകാലി, ഫിഷറീസ്, കച്ചവടം തുടങ്ങി സാമ്പത്തികവും അല്ലാത്തതുമായ എല്ലാ മേഖലയിലും കാര്യമായി ഊന്നല്‍ നല്‍കാന്‍ ഈ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. തവണ വ്യവസ്ഥയില്‍ പണം തിരിച്ചടക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന ബാങ്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തിന്റെ തന്നെ വിശ്വാസ്യത നേടിയെടുത്തു. ജനങ്ങളുടെ ശരാശരി ഭക്ഷണം 7.06 ഗ്രാമില്‍ നിന്നും 8.75 ഗ്രാമിലേക്കുയര്‍ത്തിയും കര്‍ഷകര്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും പോഷകാഹാര പദ്ധതികള്‍ ആസൂത്രണം ചെയ്തും, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ് എന്നിവയടങ്ങിയ ഭക്ഷണം ജനങ്ങള്‍ക്ക് കൂടുതലായി വിതരണം നടത്തുന്നതില്‍ ബാങ്ക് സംരംഭം വിജയിച്ചതോടെ ലോകത്തിലെ പല രാജ്യങ്ങളും ഗ്രാമീണ്‍ ബാങ്ക് പദ്ധതികള്‍ വളരെ ക്രമീകരണത്തോടെ സജ്ജീകരിക്കാന്‍ മുന്നോട്ടുവന്നു. ഇന്ന് ലോകത്തിലെ അറുപതോളം രാഷ്ട്രങ്ങളില്‍ ഗ്രാമീണ്‍ ബാങ്ക് സൗകര്യം ലഭ്യമാണ്. 1974 ലെ ലോകഭക്ഷ്യ സമ്മേളനത്തിന് ശേഷം എത്ര ഭക്ഷണം ഉല്‍പാദിപ്പിക്കണം, അവയെ ക്രമാതീതമായി എങ്ങനെ വിതരണം നടത്താം എന്നീ ചോദ്യങ്ങള്‍ ലോകത്തിന് മുന്നില്‍ ഉത്തരം കിട്ടാത്തതായി അവശേഷിച്ചു. അതിനു ശേഷം ഭക്ഷണോല്‍പാദനത്തിലും വിതരണത്തിലുമായിരുന്നു ലോകശ്രദ്ധ. അതോടെ, ഉപഭോക്താവിന് വിതരണം നടത്തുന്ന ഭക്ഷ്യോല്‍പന്നങ്ങളുടെ ഗുണമേന്മയും സുരക്ഷയും അവതാളത്തിലായി. ക്രമാതീതമായി ഉയര്‍ന്ന ജനസംഖ്യയും നഗരവല്‍ക്കരണവും സാധാന നിലയിലുള്ള ഭക്ഷ്യോല്‍പാദനത്തെ കാര്യമായി സ്വാധീനിച്ചതോടെയാണ് ലോകത്തിന്റെ പത്തായപ്പുരയിലെ ധാന്യത്തിന് കോട്ടം വന്നു തുടങ്ങിയത്. ലോക സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ മാറ്റം വരുത്തുകയോ, കിഴക്കന്‍ യൂറോപ്പിലും മുന്‍ സോവിയറ്റ് രാഷ്ട്രത്തിലും നടത്തിയ ഭക്ഷ്യവിപ്ലവം പിന്തുടരുകയോ, അല്ലെങ്കില്‍ ഗാട്ട് (Gatt) ഉടമ്പടിയില്‍  സൂചിപ്പിക്കുന്ന പ്രകാരം ഭക്ഷ്യവിപണിയില്‍ കാര്യമായ ഉടച്ചുവാര്‍ക്കലുകള്‍ നടത്തുകയോ വേണം. അതു പോലെ കാര്‍ഷിക നിരീക്ഷണങ്ങള്‍ക്കും സുരക്ഷിതമായ നിക്ഷേപങ്ങള്‍ക്കും ലോക പട്ടിണിയെ അല്‍പമെങ്കിലും അയവു വരുത്താന്‍ സാധിക്കും. വിഭവ ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട കര്‍ഷകന് ഭൂമിപരവും സാമൂഹികപരവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഉല്‍പാദനത്തില്‍ കോട്ടം തട്ടാതെ സംരക്ഷിക്കുക വഴിയും ഭക്ഷണക്ഷാമം നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും. ഇന്ത്യയടക്കം ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ ഈയടുത്ത് അനുഭവപ്പെട്ട 'അരിക്ഷാമം' ലോകത്ത് തന്നെ ചര്‍ച്ചാവിശയമായിത്തീര്‍ന്നിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തെക്കനേഷ്യയിലും തെക്കു കിഴക്കന്‍ ഏഷ്യയിലും കൈവന്ന 'ഭക്ഷ്യസുഭിക്ഷത'യാണ് മുഖ്യപ്രതിയായി കണക്കാക്കപ്പെടുന്നത്. ആഗോളവല്‍ക്കരണം ഏഷ്യന്‍ വയലുകളെയും പാടങ്ങളെയും കവര്‍ന്നെടുത്തത് ജനം കൂടുതല്‍ കൊഴുപ്പടങ്ങിയ കോഴിയിറച്ചി, മീന്‍ എന്നിവക്ക് പിന്നാലെ പോയതും അവ വളര്‍ത്തുന്നതിനായി കൃഷിഭൂമി ഉപയോഗപ്പെടുത്തിയതും അരിക്ഷാമത്തിന്റെ മുഖ്യകാരണമായി പറയപ്പെടുന്നു. പട്ടിണി ഇന്ന് വളരെ വിരളമാണ്. ലോകത്ത് സംഭവിച്ച മിക്ക പട്ടിണികളും ഗവണ്‍മെന്റിന്റെ മോശമായ നയങ്ങളുടെ പരിണിതഫലമായിരുന്നു. 1960 ല്‍ ചൈനയിലും 1990 ല്‍ വിയറ്റ്‌നാമിലും, ഈ വര്‍ഷം ദക്ഷിണ കൊറിയയിലും സിംബാവ്‌വെയിലും അരങ്ങേറിയ പട്ടിണി മരണങ്ങളെല്ലാം അത്തരത്തിലുള്ളതായിരുന്നു. പക്ഷെ, ഇന്ന് മ്യാന്‍മര്‍ അനുഭവിക്കുന്ന പട്ടിണി, പ്രകൃതി ദുരന്തത്തിന്റെ ബാക്കിപത്രമാണ്. നൂറു വര്‍ഷത്തോളം പട്ടിണിയിലും തൊഴിലില്ലായ്മയിലും കഷ്ടത അനുഭവിച്ചിരുന്ന ഇന്ത്യ ഇന്ന് ലോകസാമ്പത്തിക രംഗത്തെ ഒഴിച്ചു നിര്‍ത്താനാകാത്ത ഘടകമായിത്തീര്‍ന്നിരിക്കുകയാണ്. ഇന്ത്യയിലെ മധ്യവര്‍ഗത്തിന് കൈവന്ന ജീവിത സുഭിക്ഷതയാണ് പട്ടിണിയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചതെന്ന് ലോകം വിലയിരുത്തുന്നു. ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെയും ഭക്ഷ്യ ധാന്യത്തിന്റെയും വില വര്‍ധിച്ചു. രണ്ടു ഡോളറില്‍ താഴെ വരുമാനക്കാരായവര്‍ക്ക് തന്റെ വരുമാനം മുഴുവന്‍ ഭക്ഷണത്തിന് വേണ്ടി നീക്കി വെച്ചാലും മതിവരാത്ത അവസ്ഥ കൈവന്നിരിക്കുന്നു. രാജ്യത്തെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ഇറക്കുമതി തീരുവയില്‍ വര്‍ധനവ് വരുത്തുകയും ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കുറക്കുകയും ചെയ്തപ്പോഴാണ് ഇന്ത്യയില്‍ നാണ്യപ്പെരുപ്പം രൂക്ഷമാകാന്‍ തുടങ്ങിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വളര്‍ച്ച എട്ടു ശതമാനത്തിന്റെ മുകളിലായിട്ടും കാര്‍ഷിക രംഗത്ത് 2.5 ശതമാനം മാത്രമേ വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുള്ളൂ. രാജ്യ സമ്പത്തിന്റെ അറുപത് ശതമാനവും കൃഷിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ജി.ഡി.പി ഉല്‍പന്നങ്ങളില്‍ കൃഷിയുല്‍പന്നങ്ങള്‍ വെറും പതിനെട്ട് ശതമാനമായി കുറഞ്ഞത് സര്‍വരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യന്‍ മധ്യവര്‍ഗത്തിനിടയില്‍ രൂപപ്പട്ട ഭക്ഷ്യസുഭിക്ഷത ലോകത്തിലെ ഭക്ഷ്യവിലയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണെന്നാണ് ലോക സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ഇന്ത്യയില്‍ ഏകദേശം മുന്നൂറ്റി അമ്പത് മില്യണ്‍ മധ്യവര്‍ഗങ്ങള്‍ അധിവസിക്കുന്നു. ഇത് അമേരിക്കയുടെ മൊത്തം ജനസംഖ്യയെക്കാള്‍ എത്രയോ വലുതാണ്. അതിനാല്‍ അമേരിക്കയിലെ മൊത്തം ആള്‍ക്കാര്‍ തിന്നുമുടിക്കുന്നതിന്റെ എത്രയോ ഇരട്ടി വേണം ഇന്ത്യന്‍ വയറുകള്‍ നിറയുവാന്‍. ഇനി ഇന്ധന ക്ഷാമത്തിന്റെ കാര്യത്തിലായാലും ശരി, മുന്നൂറ്റി അമ്പത് മില്യണ്‍ ഇന്ത്യക്കാരാണോ അതോ മുന്നൂറു മില്യണ്‍ അമേരിക്കക്കാരാണോ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്നത്. ഇന്ത്യ ഒരുപാടുകാലം മൂന്നാംകിട ചേരിചേരാ പ്രസ്ഥാനത്തിന്റെ കേന്ദ്ര ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. 1970 കളില്‍ 'ഗരീബീ ഹാതോ' (Abolish Poverty) നയവും 2004 ല്‍ 'ആം ആദ്മി' (The Common Man) പദ്ധതിയും നിലവില്‍ വന്നെങ്കിലും എഴുപതു ശതമാനത്തോളം ഇന്ത്യക്കാരും രണ്ടു ഡോളറില്‍ താഴെ വരുമാനമുള്ളവരും മുപ്പതു ശതമാനത്തോളം ഒരു ഡോളറില്‍ താഴെ വരുമാനമുള്ളവരുമാണ്. ലോക സമ്പദ്ഘടനയില്‍ ഇന്ത്യ അഭിവാജ്യ ശക്തിയായിത്തീര്‍ന്നിരിക്കുകയാണ്. ഫോബ്‌സ് മാസികയുടെ കോടീശ്വരന്‍മാരില്‍ മുപ്പത്തി ആറു പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ജി.ഡി.പി യുടെ ഇരുപത്തഞ്ചു ശതമാനവും കോടീശ്വരന്‍മാരുടെ സമ്പത്തില്‍ നിന്ന് വന്നെത്തുന്നതാണ്. അതു പോലെ ലോക ജി.ഡി.പി ഉല്‍പാദനത്തിന്റെ 6.7 ശതമാനം സമ്പാവന നല്‍കുന്നതും ഇന്ത്യക്കാര്‍ തന്നെയാണ്. ആം ആദ്മി റൂള്‍ ഇന്ത്യക്ക് നല്‍കിയ മറ്റൊരു മുഖമാണ് റിയല്‍ എസ്റ്റേറ്റ് വിപണിയിലെ മുതലാളിത്ത വികസനം. കാര്‍ഷിക നെല്‍പാടങ്ങള്‍ കമ്പോളവല്‍ക്കരണത്തിന്റെ ഇരകളായിത്തീരുന്നു. ഭൂവുടമകള്‍ തന്നെ തങ്ങളുടെ ഭൂമി വമ്പന്‍ ലാഭത്തിന് കമ്പോള മുതലാലിമാര്‍ക്ക് മറിച്ചു വില്‍ക്കുന്നു. ഇങ്ങനെ ഇന്ത്യന്‍ കൃഷിഭൂമി അല്‍പാല്‍മായി അപ്രത്യക്ഷമാകുന്നു. 'ഇന്ക്രഡിബ്ള്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇന്ത്യ ലോകത്തിന്റെ തന്നെ അല്‍ഭുത ശക്തിയായി മാറാന്‍ പോകുകയാണ്. പക്ഷെ, ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന ഭക്ഷ്യക്കമ്മിയും വിലക്കയറ്റവും, ഇതേക്കുറിച്ച് ഗൗരവ ചര്‍ച്ച നടത്താനോ പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനോ ഇന്ത്യയിലെ രാഷ്ട്ര നേതാക്കള്‍ സന്നദ്ധരാകാത്തത് സാമ്പത്തിക രംഗത്തെ ഒരു ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. ഉല്‍പാദനത്തെ ലാഭം നേടാന്‍ മാത്രം കാണുകയെന്ന ആധുനിക ശൈലി കൈവന്നതോടെ ഭക്ഷ്യധാന്യോല്‍പാദനം ഗണ്യമായി കുറഞ്ഞു. ഭക്ഷ്യസബ്‌സിഡി വെട്ടിക്കുറച്ചതും അമേരിക്കന്‍ ഡോളറിന് സംബന്ധിച്ച വിപണി മാന്ദ്യവുമാണ് മറ്റു പ്രധാന കാരണങ്ങള്‍. പാശ്ചാത്യന്റെ സാമ്പത്തിക നയം കടമെടുത്ത ഇന്ത്യയിലും ഉള്ളവന് എല്ലാം ഉണ്ട്, ഇല്ലാത്തവന് ഒന്നുമില്ല എന്ന ചിന്ത കടന്നുവന്നിരിക്കുന്നു. പണക്കാരനെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് സമ്പത്ത് നികുതി (wealth income) യില്‍ നിന്ന് ഷെയറുകളെയും വാണിജ്യ കേന്ദ്രങ്ങളെയും ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളെയും     ഒഴിവാക്കപ്പെട്ടത്. പക്ഷെ, പാവപ്പെട്ടവന്റെ നികുതികള്‍ക്കോ ലാഭ വിഹിതങ്ങള്‍ക്കോ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇളവും ലഭിച്ചുകാണുന്നില്ല. അതു പോലെ സെന്റ് വാറ്റ്, വാറ്റ് പോലുള്ള നികുതികള്‍ പാവപ്പെട്ടവന്റെ നെഞ്ചിലേക്ക് എയ്തു വിട്ട കൂരമ്പുകളായിട്ടാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പാവപ്പെട്ടവന്‍ സെന്റ് വാറ്റ് ഡ്യൂട്ടി അടച്ചു കഴിഞ്ഞിട്ടും മൂന്നു മുതല്‍ ആറു മാസക്കാലത്തോളം കാത്തു നില്‍ക്കേണ്ട അവസ്ഥ. വാണിജ്യ നികുതി, എക്‌സൈസ് ഡ്യൂട്ടി എന്നിവയില്‍ ഗവണ്‍മെന്റിന് ഏല്‍ക്കുന്ന ആഘാതങ്ങള്‍ എന്നിവയെല്ലാം ആസൂത്രിത മായ നിലയിലുള്ള പദ്ധതികളിലൂടെ മാത്രമേ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. സമ്പദ്ഘടനയുടെ അടിസ്ഥാന മേഖലയായ കാര്‍ഷികരംഗം സജീവമാക്കുന്നതിനായി കൂടുതല്‍ മുതല്‍ മുടക്കുകയും അടിസ്ഥാന കാര്‍ഷിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആസൂത്രിത കാര്‍ഷിക വിപ്ലവങ്ങള്‍ കര്‍ഷകന് പൂര്‍ണ്ണ പിന്തുണയും സൗകര്യവുമൊരുക്കി സാമ്പത്തികവും സാമൂഹികവുമായ ഇടപാടുകളില്‍ അവനെ പ്രോല്‍സാഹിപ്പിക്കുകയും നല്ലയിനം വിത്തുകള്‍ കൃഷിയിറക്കുകയും ഭക്ഷ്യധാന്യോല്‍പാദനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനത്തെ ബോധവല്‍ക്കരിക്കുകയും ചെയ്താലേ ഇനി രക്ഷ കിട്ടുള്ളൂ. അല്ലെങ്കില്‍ ലോകം വളരെ ഹീനവും മാരകവുമായ ഒരു വിപത്തിന് കൂടി സാക്ഷിയാകേണ്ടി വരും അതിനാല്‍ ഒരു കാര്‍ഷിക വിപ്ലവം ലോകത്ത് അരങ്ങേറേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. (അനസ് വി.സി)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter