ക്ഷമിക്കുക... പരിഹാരമുണ്ടാവുക തന്നെ ചെയ്യും തീര്‍ച്ച...
ചികില്‍സാര്‍ത്ഥം ജോര്‍ദ്ദാനിലെ ആശുപത്രിയിലായിരുന്ന എന്റെ ഒരു സുഹൃത്ത് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. രോഗവിവരങ്ങളെല്ലാം അന്വേഷിച്ച്, ക്ഷമിക്കാനും സഹിക്കാനുമുള്ള ഉപദേശങ്ങള്‍ നല്‍കി. ഉടനെ അദ്ദേഹം പറഞ്ഞു, ആശുപത്രിയിലെത്തുന്നത് വരെ എന്റെ രോഗത്തെകുറിച്ചും വന്നു പെട്ട വിഷമത്തെകുറിച്ചും എനിക്ക് വലിയ പ്രയാസം തോന്നിയിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തി അവിടെയുള്ള മറ്റു രോഗികളെയും അവരുടെ വിഷമങ്ങളും കണ്ടപ്പോഴാണ്, നമുക്കൊന്നും ജീവിതത്തില്‍ കാര്യമായ പ്രയാസങ്ങളൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞത്.
അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തി. അവര്‍ മക്കളെയും കൊണ്ട് ആശുപത്രിയിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു. ഓരോ തവണയും ഓരോ മക്കളെയുമായിട്ടാണ് അവര്‍ വരിക. ഏതെങ്കിലും ശിശു പരിചരണ കേന്ദ്രത്തിലെ ജോലിക്കാരിയാവുമോ അവരെന്നാണ് ആദ്യം ഞാന്‍ സംശയിച്ചത്. പക്ഷേ, കുട്ടികളോടുള്ള പെരുമാറ്റവും സ്നേഹവും കണ്ടപ്പോള്‍, ഉമ്മയും മക്കളുമാണെന്നേ തോന്നുകയുമുള്ളൂ. അതോടൊപ്പം, ആ സ്ത്രീ വരുമ്പോഴും പോകുമ്പോഴും വെറുതെ നില്‍ക്കുമ്പോഴുമൊക്കെ, അല്ലാഹുവേ നിനക്കാണ് സര്‍വ്വസ്തുതിയും, നിനക്ക് നന്ദി എന്നിങ്ങനെ മനസ്സറിഞ്ഞ് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതും പതിവായിരുന്നു.
ഏതാനും ദിവസം ഇതേ രംഗം തുടര്‍ന്നപ്പോള്‍, ഞാന്‍ അവിടത്തെ നഴ്സിനോട് അവരെ കുറിച്ചന്വേഷിച്ചു. നഴ്സ് പറഞ്ഞത് കേട്ട് ഞാന്‍ വല്ലാതെ അല്‍ഭുതപ്പെട്ടുപോയി, ആ സ്ത്രീയുടെ അഞ്ച് മക്കളും വികലാംഗരാണത്രെ. നടക്കാനോ സ്വന്തമായി ഇരിക്കാനോ കഴിയാതെ, വീല്‍ചെയറില്‍ ഇരുന്നാണ് അവര്‍ കാര്യങ്ങളെല്ലാം ചെയ്യുന്നത്. അതിനിടയില്‍ ഇടക്കിടെ ബാധിക്കുന്ന അസുഖങ്ങള്‍ വേറെയും. ഭര്‍ത്താവ് ഉപേക്ഷിച്ച ആ സ്ത്രീക്ക്, സഹായത്തിന് പിതാവോ സഹോദരങ്ങളോ ആരുമില്ല താനും. എല്ലാം നോക്കുന്നത് അവര്‍ ഒറ്റക്ക്. എല്ലാം സഹിക്കേണ്ടിവന്നിട്ടും, അവരുടെ നാവില്‍ നിന്ന് സദാ പുറപ്പെടുന്നത്, പടച്ച തമ്പുരാനോടുള്ള നന്ദിയും സ്തുതി കീര്‍ത്തനങ്ങളും മാത്രം. ഇപ്പോഴും വീല്‍ചെയര്‍ ഉന്തി കടന്നുവരുന്ന ആ പ്രസന്ന മുഖം എന്റെ മനസ്സിലുണ്ട്. വല്ലാത്ത ഊര്‍ജ്ജമാണ് ആ മാതാവ് എനിക്ക് സമ്മാനിച്ചത്.
കേട്ടുകൊണ്ടിരുന്ന ഞാന്‍ എന്ത് പറയണമെന്നറിയാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു, ഒപ്പം, എല്ലാമുണ്ടായിട്ടും നമുക്കൊക്കെ പടച്ചതമ്പുരാനോട് നന്ദി പറയാന്‍ സമയം കണ്ടെത്താനാവാത്തതിലുള്ള ജാള്യതയും മനസ്സില്‍ തികട്ടി വന്നു.
അന്ന് ഞാന്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങി. ഏതാനും മാസങ്ങള്‍ കഴിഞ്ഞുപോയി. ഒരു ദിവസം ആ സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ച് വലിയൊരു വിശേഷം പറയാനുണ്ടെന്ന മുഖവുരയോടെ ഇങ്ങനെ പറഞ്ഞു, ഞാന്‍ കഴിഞ്ഞ ഏതാനും ദിവസമായി തുടര്‍പരിശോധനക്കായി ജോര്‍ദ്ദാനിലായിരുന്നു. അന്ന് ഞാന്‍ പറഞ്ഞ സ്ത്രീയെ എനിക്ക് കാണാനേ സാധിച്ചില്ല. അവസാനം ഞാന്‍ നഴ്സിനോട് അന്വേഷിച്ചപ്പോഴാണ് ഞാനാ വിവരമറിഞ്ഞത്, അവരുടെ മക്കളുടെ അസുഖമെല്ലാം മാറിയത്രെ. വൈകല്യങ്ങളും ഓരോന്നോരോന്നായി സുഖപ്പെട്ട്, മക്കളൊക്കെ സ്വന്തമായി നടക്കാനും കാര്യങ്ങളൊക്കെ ചെയ്യാനും പ്രാപ്തരായിക്കൊണ്ടിരിക്കുകയാണത്രെ. ആ സ്ത്രീയുടെ ക്ഷമക്കും വിധിയിലുള്ള സംതൃപ്തിക്കും അല്ലാഹു നല്‍കിയ പ്രതിഫലം തന്നെയായിരിക്കും അല്ലേ.
അത് പറയുമ്പോള്‍, ആ സുഹൃത്തിന്റെ ശബ്ദം ഇടറുന്നത് ഞാനറിഞ്ഞു. അതെ, അല്ലാതെ വേറെ എന്താവാനാണ് എന്ന് മറുപടി പറയുമ്പോള്‍, അറിയാതെ എന്റെ ശബ്ദവും ഇടറിയിരുന്നു.
ഡോ. ആഇദുല്‍ഖുറനിയുടെ ‘അവസാനം വിജയരഹസ്യം കണ്ടെത്തി’ എന്ന പുസ്തകത്തില്‍ നിന്ന്
വിവ:മജീദ് ഹുദവി പുതുപ്പറമ്പ്
Leave A Comment