ഇറാന്‍ ആണവനിര്‍വ്യാപന കരാറിന്‍റെ ഭാവി
അസ്വസ്ഥപൂര്‍ണ്ണമായ മദ്ധ്യപൂര്‍വ്വ ദേശത്തു നിന്നും സമീപ കാലത്ത് ഉയര്‍ന്നു കേട്ട ഏറ്റവും പ്രത്യാശാനിര്‍ഭരമായ വാര്‍ത്തയായിരുന്നു ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഇറാനും ലോക വന്‍ശക്തികള്‍ക്കുമിടയില്‍ സമീപകാലത്തായി സജീവമായിരുന്ന ചര്‍ച്ചകളുടെ പ്രാഥമിക ഘട്ടത്തിന്‍റെ പ്രതീക്ഷാജനകമായ പൂര്‍ത്തീകരണം. ശാന്തപൂര്‍ണ്ണവും ശുഭോദര്‍ക്കവുമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രത്യാശകള്‍ പങ്കു വെച്ചു കൊണ്ടുള്ള വാര്‍ത്തകളും വിശകലനങ്ങളുമാണ് പ്രസ്തുത കരാറിനെക്കുറിച്ച് പ്രാദേശിക-അന്തര്‍ദേശീയ മാധ്യമങ്ങളൊന്നടങ്കം അനുവാചകര്‍ക്ക് നല്‍കിയതെങ്കിലും ശുഭപ്രതീക്ഷകള്‍ക്കിടയിലും തലപൊക്കിയിരുന്ന ആശങ്കകളുടെയും ഉത്‌ക്കണ്‌ഠകളുടെയും പാഴ്ച്ചെടികള്‍ പ്രതീക്ഷാ കിരണങ്ങളെ ഒന്നായി വിഴുങ്ങുന്ന വനപ്പടര്‍പ്പായി പടര്‍ന്നു പന്തലിക്കുമെന്ന കയ്പേറിയ യാഥാര്‍ത്ഥ്യം തന്നെയാണ് നാടകാന്ത്യം തെളിഞ്ഞ് വരുന്നത്.
ചരിത്രപ്രധാനമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബറാക്ക് ഒബാമ തന്നെ വിശേഷിപ്പിച്ച കരാറിന് ജൂണ്‍ 30ഓടെ അന്തിമ രൂപമാകുമെന്നാണ് അനുമാനിക്കപ്പെടുന്നതെങ്കിലും കടമ്പകളൊരുപാട് ചാടിക്കടന്നു വേണം അസാദ്ധ്യമെന്ന വിശേഷണം ഇപ്പോഴും മാഞ്ഞു പോകാത്ത ഈ ബൃഹദ് ഉദ്യമത്തിന് പൂര്‍ണ്ണതയുടെ ബിന്ദു തൊടാന്‍. ദശകങ്ങള്‍ നീണ്ട പടിഞ്ഞാറിന്‍റെയും ഇറാന്‍റെയും പരസ്പര അവിശ്വാസം മാത്രമല്ല ഇത്തരമൊരു അവസ്ഥ സംജാതമാക്കുന്നത്. മറിച്ച് അമേരിക്കക്കും ഇറാനുമിടയിലെ അനുരജ്ഞനവും നയതന്ത്ര സൗഹൃദവും ഭയക്കുന്ന സൗദി അറേബ്യയും ഇസ്രായേലുമടങ്ങുന്ന അമേരിക്കയുടെ പരമ്പരാഗത മിത്രങ്ങളുടെ സാന്നിദ്ധ്യവും അമേരിക്കന്‍ സെനറ്റില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാരുടെ അതിതീവ്രമായ ഇറാന്‍വിരുദ്ധതയും കൂടിയാണ്.
1979-ലെ ഇസ്ലാമിക വിപ്ലവാനന്തരം രാഷ്ട്രീയ വൈരത്തിന്‍റെ മൂര്‍ത്തരൂപങ്ങളായിരുന്ന അമേരിക്കയുടെയും ഇറാന്‍റെയും നയതന്ത്ര പുനസ്സമാഗമമെന്ന നിലക്ക് വാര്‍ത്താ പ്രാധാന്യം നേടിയ ഈ കരാറിന്‍റെ പ്രാഥമികഘട്ട വിജയത്തിനു ശേഷമുള്ള ഇരു രാഷ്ട്രത്തലവന്മാരുടെയും പ്രതികരണങ്ങള്‍ മറ്റേതു വസ്തുതകളേക്കാളും ഉപരിയായി പ്രതിഫലിപ്പിച്ചത് ദശകങ്ങള്‍ നീണ്ട അവിശ്വാസ പാരമ്പര്യത്തെത്തന്നെയായിരുന്നുവെന്നത് പ്രസ്തുത കരാറുയര്‍ത്തുന്ന പ്രത്യാശയുടെ കിരണങ്ങള്‍ക്ക് തെല്ലൊന്നുമല്ല മങ്ങലേല്‍പ്പിച്ചത്. മറുകക്ഷി കരാര്‍ അംഗീകരിച്ചു മുന്നോട്ടു പോകുന്നിടത്തോളം കാലം തങ്ങളും ഉപാധികളംഗീകരിക്കുന്നതില്‍ വൈമനസ്യം കാണിക്കില്ലെന്നും എതിര്‍ഭാഗത്ത് നിന്നും കരാര്‍ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ തങ്ങളും മറുവഴി തേടാന്‍ മടിക്കില്ലെന്നുമുള്ള ഇരു വിഭാഗം നേതാക്കളുടെയും പ്രസ്താവനകള്‍ ഒരുപാട് അസ്വസ്ഥതകളുടെ ശുഭാന്ത്യമെന്നതിനപ്പുറം കൂടുതല്‍ അസ്വാരസ്യങ്ങളിലേക്ക് തുറക്കുന്ന ഒരു കിളിവാതിലായാണ് അനുഭവപ്പെടുന്നത്.
ഇറാന്‍ ആണവ കരാര്‍ ഒരിക്കലും വിജയകരമായിത്തീരാന്‍ പോകുന്നില്ലെന്ന് നിരീക്ഷിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ ഈയിടെ വന്ന ഒരു ലേഖനം ഇവിടെ പ്രസ്താവ്യമാണ്. ബ്രിട്ടനും നാസി ജര്‍മ്മനിയും ഇതര യൂറോപ്യന്‍ ശക്തികളുമടങ്ങുന്ന സാമ്രാജ്യത്വ ശക്തികളെയൊന്നാകെ അക്കമിട്ട് എണ്ണുന്ന പ്രസ്തുത ലേഖനത്തില്‍, 1500-കള്‍ മുതല്‍ അധിനിവേശ താല്‍പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ഒരു സാമ്രാജ്യമായാണ് ഇറാന്‍ വിശേഷിപ്പിക്കപ്പെടുന്നതെങ്കില്‍ ആധുനിക സാമ്രാജ്യ താല്‍പര്യക്കാരെയൊന്നടങ്കം നിലക്ക് നിര്‍ത്താനുതകും വിധമുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുകയും സംരക്ഷിച്ച് പോരുകയും ചെയ്യുന്ന വിശുദ്ധ മാലാഖയായിട്ടാണ് അമേരിക്ക അവതരിപ്പിക്കപ്പെടുന്നത്. സാര്‍വ്വദേശീയ ജനാധിപത്യത്തിന്‍റെ അപ്രഖ്യാപിത സംരക്ഷകരായ അമേരിക്കയുമായി സാമ്രാജ്യത്വത്തിന്‍റെ പ്രതീകസ്ഥാനത്ത് വരെ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന ഇറാന്‍ നടത്തുന്ന കരാര്‍ വിശ്വാസത്തിലെടുക്കുക തീര്‍ത്തും അസാദ്ധ്യമെന്നു തന്നെയാണ് അവര്‍ വിളിച്ചു പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍റെ അതേ അഭിപ്രായം തന്നെയാണ് ഇറാന്‍റെ മേലുള്ള ഉപരോധം ഒഴിവാക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന റിപ്പബ്ലിക്കന്മാര്‍ക്കുമുള്ളത്. എതിര്‍കക്ഷിയെ വിശ്വാസത്തിലെടുക്കുകയെന്ന സാമാന്യ മര്യാദ പോലും പാലിക്കപ്പെടാത്ത ഒരു കരാറിന്‍റെ ഭാവിയെക്കുറിച്ച് കൂടുതല്‍ ചര്‍വ്വിത ചര്‍വ്വണങ്ങള്‍ നടത്തേണ്ടതിന്‍റെ ആവശ്യമില്ലല്ലോ....
കരാറിനെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രതികരണം മദ്ധ്യപൂര്‍വ്വ ദേശത്തെ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയെന്ന നിലക്കുള്ള തങ്ങളുടെ നിലനില്‍പ്പിനപ്പുറം ലോകസമാധാനത്തോടുള്ള ഇസ്രായേല്‍ രാഷ്ട്രത്തിന്‍റെ പ്രതിപത്തി വട്ടപ്പൂജ്യമാണെന്ന് തെളിയിക്കുന്നതായിരുന്നു. പ്രസ്തുത കരാര്‍ നടപ്പില്‍ വരുന്നതോടെ ഇറാന്‍റെ അണ്വായുധ നിര്‍മ്മാണ ശേഷി അടുത്ത ഒന്ന് രണ്ട് പതിറ്റാണ്ടു കാലത്തേക്കെങ്കിലും മരവിപ്പിക്കപ്പെടാനുള്ള സാദ്ധ്യതകളാണ് തെളിഞ്ഞ് വരുന്നത് എന്നിരിക്കെ കരാറിനെതിരെയുള്ള നെതന്യാഹുവിന്‍റെ രോഷം, അന്താരാഷ്ട്ര സുരക്ഷാ വിഷയങ്ങളില്‍ സ്പെഷലൈസ് ചെയ്യുന്ന ആസ്ട്രേലിയയിലെ ദേശീയ സര്‍വ്വകലാശാലാ ലെക്ച്ചറര്‍ ഡോ. മരിയ റോസ്റ്റ് റുബ്ലി നിരീക്ഷിച്ചത് പോലെ, കരാറിലൂടെ ഇറാന് കൈവരുന്ന ആണവ നേട്ടങ്ങളെയല്ല മറിച്ച് കരാര്‍ പ്രാബല്യത്തില്‍ വരികയും ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ ഉപരോധം എടുത്തു കളയപ്പെടുകയും ചെയ്യുമ്പോള്‍ ഇറാന്‍ നേടിയെടുക്കാന്‍ പോകുന്ന സാമ്പത്തികാഭിവൃദ്ധിയെയാണ് ലക്ഷ്യമിടുന്നതെന്ന് കാണാന്‍ പ്രയാസമില്ല.
അറബ് മേഖലയിലെ സുന്നി-ശിയാ സംഘര്‍ഷങ്ങളുടെ നേതൃസ്ഥാനത്തുള്ള സൗദി അറേബ്യക്ക് വര്‍ഷങ്ങളായുള്ള അമേരിക്കന്‍ സൗഹൃദത്തിനൊപ്പം ഇറാന്‍റെ സഹായത്തോടെ യമനിലെ ഹൂത്തി വിഭാഗം അഴിച്ചു വിട്ടു കൊണ്ടിരിക്കുന്ന ഭരണ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വര്‍ത്തമാന സാഹചര്യവും കരാറിനെ പ്രതിരോധിക്കാനുള്ള ആയുധങ്ങളാകും. ജി.സി.സി രാഷ്ട്രങ്ങള്‍ സാമ്പത്തിക-സൈനിക-നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ ശക്തിനേടാനുള്ള ഉദ്യമങ്ങള്‍ പറയത്തക്ക സജീവതയോടെയല്ലെങ്കിലും ഒരു വശത്ത് പുരോഗമിച്ചു കൊണ്ടിരിക്കെ പുതിയ സൗദി ഭരണകൂടത്തിന്‍റെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ അമേരിക്ക നന്നേ പാടുപെടേണ്ടി വരും.
പ്രസ്തുത കരാറിന്‍റെ പൂര്‍ത്തീകരണത്തിനും തുടര്‍ച്ചക്കും ഒരു പരിധി വരെ തടസ്സം നില്‍ക്കുന്നത് അമേരിക്കയുടെ രാഷ്ട്രീയ താല്‍പര്യങ്ങളും മുന്‍ഗണനകളുമാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. അതു കൊണ്ടു തന്നെ മാറിക്കൊണ്ടിരിക്കുന്ന ആഗോള മേല്‍ക്കോയ്മാ സമവാക്യങ്ങളുടെ ഈ വേളയിലും അവഗണിക്കാനാവാത്ത ശക്തിയായ അങ്കിള്‍ സാമിന്‍റെ ഇത്തരം പിടിവാശികള്‍ മറികടക്കുക എന്നതിനേക്കാള്‍ അമേരിക്കയും ഇറാനും പ്രസ്തുത കരാറിനോട് പാലിക്കുന്ന സത്യസന്ധതയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു ഈ കരാറിന്‍റെ ഭാവി.



Leave A Comment