റമദാന് 7 – നിസ്കാരങ്ങളും സമയത്ത് തന്നെ, അതും ജമാഅതായി

റമദാന് 7 – നിസ്കാരങ്ങളും സമയത്ത് തന്നെ, അതും ജമാഅതായി

നിസ്കാരം വിശ്വാസിയുടെ ജീവിതത്തിലെ അതിപ്രധാനമായ കര്‍മ്മമാണ്. ആദ്യസമയത്ത് തന്നെ നിസ്കരിക്കുന്നതും ജമാഅതായി നിസ്കരിക്കുന്നതും ഏറെ പുണ്യകരവും. നിര്‍ബന്ധ നിസ്കാരങ്ങള്‍ക്ക് പുറമെ ഐഛിക നിസ്കാരങ്ങളും ഏറെ പ്രധാനമാണ്. 
എന്നാല്‍, പലപ്പോഴും നമുക്ക് ഈ അതിപ്രധാനമായ കര്‍മ്മം പോലും കൃത്യസമയത്ത് നിര്‍വ്വഹിക്കാന്‍ സാധിക്കാറില്ലെന്നതല്ലേ സത്യം. അതിനായി നിരത്താന്‍ ഒരു പാട് ന്യായങ്ങളുമുണ്ടാവും. ജോലിത്തിരക്ക് എന്നോ കൃത്യാന്തരബാഹുല്യമെന്നോ ഒക്കെ നാം അതിന് പറയും. 
അതേ നാം തന്നെ, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇതിലും ചെറിയ തോതിലെങ്കിലും മാറിയില്ലേ. പരമാവധി ആദ്യസമയത്ത് തന്നെ നാം നിസ്കരിക്കാന്‍ ശ്രമിക്കുന്നു, ജമാഅതായി തന്നെ, അതും കഴിയുന്നത്ര പള്ളിയിലെത്തി. നിര്‍ബന്ധ നിസ്കാരങ്ങള്‍ക്ക് പുറമെ, സുന്നതുകളും തഹജ്ജുദ്, ദുഹാ പോലോത്ത നിസ്കാരങ്ങളും പലരും ഈ ഒരാഴ്ചയില്‍ നിര്‍വ്വഹിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ടാവണം. ഇവയെല്ലാം കൃത്യമായി പാലിക്കുന്നതിലൂടെ നേടാനാവുന്ന ആത്മസംതൃപ്തിയും പലരും അനുഭവിച്ചറിഞ്ഞുകാണും. 
എങ്ങനെ നമുക്കിത് സാധിച്ചു... ഇത് വരെ നാം തടസ്സമായി പറഞ്ഞിരുന്ന ജോലിത്തിരക്കും മറ്റു സാഹചര്യങ്ങളുമൊക്കെ ഇപ്പോഴും അങ്ങനെത്തന്നെയല്ലേ. പുറത്ത് എവിടെയും പറയത്തക്ക മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. 
അഥവാ, ഇവിടെയും മാറിയത് നാം തന്നെയാണ്. നോമ്പ് എടുക്കുന്നതോടെ, നിസ്കാരത്തില്‍ കൂടി ശ്രദ്ധ വേണ്ടിയിരിക്കുന്നു എന്ന് നാം സ്വയം തിരിച്ചറിഞ്ഞു, അത് പാലിക്കണമെന്ന് സ്വയം തീരുമാനമെടുത്തു. അതോടെ, അത് നടപ്പിലാക്കാന്‍ നമ്മുടെ മനസ്സ് സന്നദ്ധമായി, പിന്നെ, ശരീരത്തിനും തടസ്സം പറയാന്‍ സാധിച്ചില്ല. അതോടെ, ഇക്കാര്യത്തിലും മാറ്റം സംഭവിച്ചു. 
ചുരുക്കത്തില്‍ റമദാന്‍ ഇവിടെയും സൌമ്യമായി ഇടപെട്ട് നമ്മെ നാം പോലും അറിയാതെ മാറ്റി എടുത്തു എന്നര്‍ത്ഥം. നമുക്ക് തന്നെ സംഭവിക്കുന്ന ഇത്തരം ഓരോ മാറ്റങ്ങളും നാം തിരിച്ചറിയുമ്പോള്‍, അറിയാതെ പറഞ്ഞു പോകുന്നു.. റമദാന്‍ മാസമേ, നീയാണ് യഥാര്‍ത്ഥ അധ്യാപകന്‍.. ഏറ്റവും നല്ല പരിശീലകനും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter