പശ്ചിമേഷ്യയില്‍ ഭീകരത വിതക്കുന്നതാരാണ്?
ഇസ്ലാമിക് സ്റ്റേറ്റ്, ഇസിസ്, ഇസില്‍ എന്നൊക്കെ പറയുന്ന സംഘങ്ങള്‍ എവിടെ നിന്നാണ് വരുന്നത് എന്നെനിക്കറിയില്ല. അവയുടെ അക്രമാസക്തമായ ആശയധാര ആശങ്കാജനകമാണ്. വൈവിധ്യം നിറഞ്ഞ ബ്രിട്ടനിലെ മുസ്ലിംകള്‍ക്കു വേണ്ടി സംസാരിക്കാന്‍ മറന്നിട്ടില്ല എന്നതു കൊണ്ടുതന്നെ, ഈ വിഭാഗങ്ങളുടെ വളര്‍ച്ച ആശങ്കയോടെ നോക്കിക്കൊണ്ടിരിക്കുന്ന അവരില്‍ ഭൂരിഭാഗത്തിനും എന്റെ അഭിപ്രായം തന്നെയായിരിക്കും പറയാനുണ്ടാകുക.
എന്നാലും, ഒരു വിഭാഗം ബ്രിട്ടീഷ് മാധ്യമങ്ങളുടെ പ്രചോദനത്താല്‍ ഏതൊക്കെയോ ചില ഇസ്ലാം ഭയക്കാരും വംശവെറിയന്മാരും ഭീകരവാദ വിദഗ്ദരെന്നു പറഞ്ഞുനടക്കുന്ന ഒരു കൂട്ടവും തൊടുത്തുകൊണ്ടിരിക്കുന്ന തരംതാണ അപവാദങ്ങളും കേട്ടുകേള്‍വിയില്ലാത്തതാണ്. മുസ്ലിമായ അല്ലെങ്കില്‍ മുസ്ലിമാണെന്നു തോന്നിപ്പിക്കുന്ന ആരും എത്രയും പെട്ടെന്ന് ഇസിസിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് അലമുറയിട്ട് ട്വിറ്ററിലൂടെ റോന്തുചുറ്റുന്ന ശല്യക്കാരെയൊക്കെ ഞാന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അതേ വാദങ്ങളുമായി മാധ്യമവര്ഗങ്ങളും തളളിക്കയറുന്നുവെന്നതാണ് ഏറെ ആശ്ചര്യകരമായ കാര്യം.
ഇസിസിനെതിരെ തുറന്നുസംസാരിക്കാതിരിക്കാന് എനിക്ക് ഒരുപാട് കാരണങ്ങളുണ്ട്. ആദ്യം ആരാണവരെന്നും എവിടെന്ന് വരുന്നെന്നും എന്താണ് അവരുടെ സാമ്പത്തിക സ്രോതസ്സെന്നുമൊക്കെ അറിയണം. വളരെ ചിട്ടയാര്‍ന്നതും ഏറെ ഭയപ്പെട്ടതുമായ ഹിസ്ബുല്ലയുടെ സൈനികമുന്നണിയൊഴികെ, ഇതിനു മുമ്പ് മറ്റൊരു സൈനികശക്തിയും മിഡിലീസ്റ്റില്‍ രൂപംകൊണ്ടതായിട്ട് എനിക്ക് അറിവില്ല. മറ്റു പലരെയും പോലെ, ഇസിസിനെ കുറിച്ച് ഒരു പരസ്യ പ്രസ്താവന നടത്താന്‍ അവരെ സംബന്ധിച്ച് കുറച്ചുകൂടി അറിയണമെന്നുണ്ട്.
രണ്ടാമതായിട്ട്, ഇസിസിനെതിരെ ഞാനെന്തിന് ഒരു മാര്‍ച്ച് സംഘടിപ്പിക്കണം? മധ്യേഷ്യയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന അതിക്രമ ഭ്രാന്തുകള്‍ക്ക് ജൂതസുഹൃത്തുക്കള്‍ ഉത്തരവാദിയല്ലെന്ന പോലെത്തന്നെ, ഇസിസിന്രെ പ്രവൃത്തികള്‍ക്ക് ഞാനും ഉത്തരവാദിയല്ല. ഇസിസ് ഉപയോഗിക്കുന്നത്, അംഗചിദ്രം വരുത്താവുന്ന വാളുകളാണെങ്കില്, ഇസ്രയേല്‍ ഡെയ്സി കട്ടറുകള്‍ എന്നു പേരുള്ള ബോംബുകളാണ് ഉപയോഗിക്കുന്നത്. അത് പതിച്ചവരുടെ തലതന്നെ പോകും. അതിന്റെ അണുപ്രസരത്തില്‍ അകപ്പെട്ടവര്‍ക്ക് വൈകല്യവും സംഭവിക്കും.
മൂന്നാമതായി, ഇസിസിനെ കുറിച്ച് ഞാന്‍ മൗനം കൊളളുന്നതു കൊണ്ട് അവരെ പിന്തുണക്കുന്നു എന്നര്‍ഥമില്ല. അങ്ങനെ ചില വിണ്ഢികളൊക്കെ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും. അവസാനമായി. ഇനി ഇസിസ് ഈ ഭൂമിയിലെ അഴുക്കാണെന്ന് ഞാന്‍ ചാടിപ്പറഞ്ഞതു കൊണ്ട് എന്തു മെച്ചമാണ് ലഭിക്കാന്‍ പോകുന്നത്? അവരുടെ നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിക്ക് അതുമൂലം ഉറക്ക് നഷ്ടപ്പെടാന്‍ പോകുമെന്ന് ഞാന്‍ കരുതുന്നില്ല.
ഇപ്പൊള്‍ മധ്യേഷ്യയില്‍ നിലനില്‍ക്കുന്ന കുഴഞ്ഞു മറിഞ്ഞ അവസ്ഥക്കു പിന്നില്‍ ചില നിശ്ചിത കാരണങ്ങളുണ്ട്. എന്തൊക്കെയായാലും, ഒരു കാര്യം എനിക്ക് ആധികാരികമായി പറയാനാകും. 2003ല്‍ അന്യായമായി ജോര്‍ജ് ഡബ്ല്യു ബുഷും ടോണിബ്ലയറും ചേര്‍ന്ന് ഇറാഖില്‍ ആക്രമണം അഴിച്ചുവിട്ടിട്ടില്ലായിരുന്നുവെങ്കില്, ഇസിസ് തീവ്രവാദികള്‍ വിധവകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത ലോകത്തിന് കേള്‍ക്കേണ്ടിവരുമായിരുന്നില്ല. കൃത്യമൊരു വര്‍ഷം മുമ്പ് സിറിയയില്‍ ബഷാറുല്‍ അസദ് സിവിലിയന്മാര്ക്കെതിരെ ആണവായുധങ്ങള്‍ കെട്ടഴിച്ചുവിട്ട ശേഷം പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ സിറിയയില്‍ വ്യോമനിരോധിത മേഖല ആവിഷ്കരിച്ചിരുന്നില്ലെങ്കില് ഇസിസ് ഇത്ര അപകടകാരിയാകുന്നത് ലോകത്തിന് കാണേണ്ടിവരുമായിരുന്നില്ല.
ഒരു കാര്യം ചോദിക്കാനുള്ളത്, ഇസിസിന്റെ ഇത്തരം കാട്ടിക്കൂട്ടലുകളില്‍ നിന്ന് ആര്‍ക്കാണ് നേട്ടമെന്നാണ്. അതില്‍ കാര്യമായി ലാഭംകൊയ്യുക അസദിന്റെ ഭരണകൂടത്തിലുള്ളവരാണ്. 2012 നവംബര്‍ പന്ത്രണ്ടിന് വടക്കു-പടിഞ്ഞാര്‍ സിറിയയില്‍ നിന്ന് കാണാതായ അമേരിക്കന്‍ ജേണലിസ്റ്റ് ജെയ്ംസ് ഫോളിയെ പിടിച്ചത് സിറിയന്‍ പട്ടാളമാണെന്ന് സംശയമുയര്‍ന്നിരുന്നു(ഐസിസുകാര്‍ ഫോളിയുടെ തലയറുക്കുന്നു ദ്യശ്യം അടുത്തിടെ പ്രചരിച്ചിരുന്നു). സിറിയന്‍ ഗവണ്മെന്റിന്റെ കരങ്ങളില്‍ നിന്നും എങ്ങനെയാണ് അവന് ഇസിസിന്റെ തലയറുപ്പന്‍ ഭ്രാന്തന്മാരുടെ കയ്യിലെത്തിയത്?
അസദുമായി കൂടിയിരുന്ന് പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ഇസിസിനെ ഇല്ലാതാക്കണമെന്ന് മുന്‍ ബ്രിട്ടീഷ് സൈന്യാധിപന് പറയുന്നുണ്ട്. എന്നാല്‍, സിറിയയും, സിറിയയുടെ പല ഭാഗങ്ങളിലും തങ്ങളുടെ റിപബ്ലിക്കന്‍ ഗാര്‍ഡ് മെമ്പര്‍മാരുള്ള അവരുടെ സഖ്യ രാഷ്ട്രം ഇറാനും ചേര്‍ന്ന് സൃഷ്ടിച്ചതാണെങ്കിലോ ഇസിസിനെ? നൂരി മാലിക്കിയുടെ സൈന്യം, മിലിറ്റന്റുകള്‍ക്ക് വന്‍ ആയുധശേഖരം ഒഴിച്ചിട്ട് വളരെ വേഗത്തില്‍ ചിത്രത്തില്‍ നിന്ന് മാഞ്ഞതാണ് ഏറ്റവും വിചിത്രകരമായ സംഗതി. പരിചയ സമ്പത്തുള്ളൊരു യുദ്ധസേന, യൂറോപിനും അതിനപ്പുറത്തു നിന്നും തീവ്രആശയപ്രചോദനമുള്ക്കൊണ്ട് കടന്നുവരുന്ന അച്ചടക്കമില്ലാത്ത വിമതകൂട്ടത്തില് നിന്ന് ഉയര്‍ന്നുവരാവുന്ന ഇസിസനെ പോലൊരു അപകടം പിടിച്ച പോര്മുന്നണിക്ക് മുന്നില്‍ തങ്ങളുടെ ആയുധങ്ങളൊക്കെ ഇട്ടുപോകുകയെന്നത് വളരെ ദുരൂഹമാണ്.
അമേരിക്കയും അതിന്റെ സഖ്യരാഷ്ട്രങ്ങളും പത്തുവര്‍ഷമെടുത്ത് പരാജയപ്പട്ടിടത്ത് ആഴ്ചകള്‍ക്കകമാണ് ഇസിസ് ഇറാഖ് പിടിച്ചെടുത്തതെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. ഇത് ആകസ്മികമായി സംഭവിച്ചതല്ല. ഇത്തരത്തിലുള്ള സൈനികവിജയത്തിന് നയതന്ത്രപരമായ നീക്കവും അകംസഹായവും ആവശ്യമാണ്. അതൊകൊണ്ടൊക്കെയാണ് ചോദിക്കുന്നത്, ആരാണ് യഥാര്‍ഥത്തില്‍ ഇസിസിനു പിറകില്‍?
Leave A Comment