ബിറ്റ്‌കോയിന്‍ ഉപയോഗത്തിലെ ഇസ്‌ലാമിക വശം

ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ വ്യവസ്ഥയിലെ ഒരു ഇനമാണ് (bitcoin) ബിറ്റ്കോയിന്‍. Litecoin, Dash, Ethereum, Monero, OmaseGo, Ripple, Zcash, NEO, Stellar, Qtum, Torn, EOS തുടങ്ങിയ ധാരാളം ക്രിപ്റ്റോ കറന്‍സികള്‍ വേറെയുമുണ്ട്. ബിറ്റ് കോയിനിന്റെ ഇസ്ലാമിക വിധി എന്താണെന്നറിയാന്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഒന്ന് ഇത് എങ്ങനെയാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്, അങ്ങനെ ഒരു ഉല്‍പ്പാദന രീതി ഇസ്ലാമികമായോ മാനുഷികമായോ സാമൂഹികമായോ ശരിയാണോ എന്നതാണ്. രണ്ടാമതായി ഏതെങ്കിലുമൊരു വസ്തു ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ട വിനിമയോപാധിയാവുകയും വസ്തുക്കളുടെ വിലയാവകുയും യഥാർത്ഥ നാണയങ്ങളെപ്പോലെയോ അതിൽ കൂടുതലോ മൂല്യമുള്ളതാവുകയും നിത്യജീവിതത്തില്‍  ഉപോയഗിക്കല്‍ അനിവാര്യവുകയും ചെയ്താല്‍ അത് ഉപയോഗിക്കാമോ എന്നതാണ്.

ആദ്യമായി ബിറ്റ്കോയിനിന്റെ ഉല്‍പ്പാദന രീതിയെക്കുറിച്ച് അതുമായി ബന്ധപ്പെട്ടവർ എന്താണ് പറയുന്നത് എന്ന് നോക്കാം. സ്വര്‍ണ്ണവും വെള്ളിയും പോലയുള്ള ലോഹങ്ങള്‍ ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്നത് പോലെ ചുരുളഴിയാന്‍ പ്രയാസമുള്ള സങ്കീര്‍ണ്ണമായ ഒരു കണക്കു കൂട്ടല്‍ പ്രക്രിയ എന്ന ഖനനത്തിലൂടെ കണ്ടെത്തുന്ന ഓരോ ഉത്തരങ്ങൾക്കും പകരമായി സൃഷ്ടിക്കപ്പെടുന്നതാണ് ഓരോ ബിറ്റ് കോയിനുകള്‍. ഇവിടെ ബിറ്റ് കോയിന്‍ ശൃംഖലയിലെ അംഗങ്ങള്‍ നിക്ഷേപിക്കുകയും വിനിമയം നടത്തുകയും ചെയ്യുന്ന ബിറ്റ്കോയിന്‍ ഇടപാടുകള്‍ രേഖപ്പെടുത്തപ്പെടുന്ന ബ്ലോക്ക് ചെയ്ന്‍ എന്ന പബ്ലിക് ഇലക്ടോണിക് ലഡ്ജറില്‍ ഓരോ ഇടപാടും ശരിയാണോയെന്ന് നോക്കാന്‍ വേണ്ടി നല്‍കപ്പെടുന്ന സങ്കീര്‍ണ്ണമായ കണക്കുകളെ ക്രിപ്റ്റോഗ്രാഫിക് സങ്കേതങ്ങളുപയോഗിച്ച് അപഗ്രഥിച്ച് അഥവാ ഹാഷിങ് നടത്തി ഉറപ്പു വരുത്തുന്ന ഏര്‍പ്പാടാണ് മൈനിങ്ങ്.

ഈ ശൃംഖലയിൽ അംഗമായ ആർക്കും ഇത്തരത്തിലുള്ള മൈനിങ് നടത്താം. ഇങ്ങനെ നിര്‍വ്വഹിക്കപ്പെടുന്ന ഒരോ മൈനിങ്ങിനും (അഥവാ ഓരോ ഇടപാടിന് ശേഷവും ലഡ്ജറില്‍ പ്രത്യക്ഷപ്പെടുന്ന ഗണിതപ്രഹേളികയെ സോള്‍വ് ചെയ്യുന്നതിനും) പകരമായി ഓരോ ബിറ്റ് കോയിനുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ രീതിയില്‍ ബിറ്റകോയിന്‍ ലഡ്ജറിലെ കണക്കുകള്‍ കുറ്റമറ്റതാക്കുന്ന കണക്കെഴുത്തുകാരാണ് മൈനേഴ്സ്. സ്വർണ്ണവും വെള്ളിയും കൽക്കരിയുമൊക്കെ ഖനനം ചെയ്യുന്നത് ആദ്യമാദ്യം വളരെ എളുപ്പത്തിലും പിന്നീട് ഖനിയുടെ ആഴം കൂടുന്നതിനനുസരിച്ച് വളരേ പ്രയാസകരവുമായിരിക്കുമല്ലോ,  അവയുടെ ഖനനം കുറേ കാലം കഴിയുമ്പോൾ ഖനിയിലെ അയിര് കഴിയുന്നതോടെ നിലക്കുകയും ചെയ്യും. അതു പോലെ ബിറ്റ് കോയിൻ ഉൽപാദനവുമായി ബന്ധപ്പെട്ട് ഹാഷിങ് മുഖേന നടക്കുന്ന മൈനിങ്ങും തുടക്കത്തിൽ വളരേ എളുപ്പവും പിന്നീടങ്ങോട്ട് വളരേ പ്രയാസകരവുമായിരിക്കും. ഒരു ഘട്ടം കഴിഞ്ഞാൽ ബിറ്റ് കോയിനുകളുടെ ഉൽപാദനവും നിൽക്കും.

 210 ലക്ഷം ബിറ്റ്കൊയിൻ ഉൽപാദിപ്പിച്ചു കഴിഞ്ഞാൽ പിന്നെ മൈനിങ്ങ് സാധ്യമല്ല. അഥവാ അതിനു ശേഷം ബിറ്റ്കോയിന്‍ ലഡ്ജറിലെ വിവരങ്ങള്‍ക്ക് സങ്കീര്‍ണ്ണങ്ങളായ പ്രശ്നോത്തരികള്‍ കണ്ടെത്തി പുതുക്കുന്ന മൈനിങ്ങിന് പ്രതിഫലമായി പുതിയ നാണയങ്ങള്‍ സൃഷ്ടിക്കപ്പെടില്ല. പകരം ബിറ്റ്കോയിന്‍ ശൃഖലയില്‍ വിനിമയം നടത്തുന്നുവ‍ര്‍ ഈ മൈനൈര്‍സിന് ഒരു നിശ്ചിത ശതമാനം തുക പ്രതിഫലമായി നല്‍ക്കുകകയാകും ചെയ്യുക. ഏതായാലും 210 ലക്ഷം ബിറ്റ് കോയിനുകള്‍ ഉല്‍പ്പാദിപ്പിച്ച് മൈനിങ്ങ് പ്രോസസ്  പൂർത്തിയാകാൻ 2140 വരേ കാത്തിരിക്കണം എന്നാണ് പറയപ്പെടുന്നത്.

ഇനി നമുക്ക് നോക്കാം എന്താണീ പറഞ്ഞതെന്ന്. സതോഷി നക്കാമൊട്ടോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഏതോ ഒരാളോ ഒരു സംഘം ആളുകളോ.(അദ്ദേഹം /അവർ ആരാണെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല. ജപ്പാനീസ് ഗണിത, സാമ്പത്തിക ശാസ്ത്രജ്ഞനും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമെല്ലാമായ ഷിനിച്ചി മൊചിസുകി ആകാം എന്ന് പറയപ്പെടുന്നു) കമ്പ്യൂട്ടറുകളുപയോഗിച്ച് മാത്രം ചുരളഴിക്കാവുന്ന ഒരു ഗണിത പ്രഹേളികയുണ്ടാക്കി അതിലെ ഓരോ സങ്കീർണ്ണതക്കും പരിഹാരം കണ്ടെത്തുന്നതിന് കൂലിയെന്നോണം അവർ നൽകേണ്ട വേതനം നിലവിലെ ഏതെങ്കിലും കറൻസികളായി നൽകാതെ ഒരു സാങ്കൽപിക കറൻസി സൃഷ്ടിച്ച് അത് നൽകുകയാണിവിടെ ചെയ്യുന്നത്. ഏതൊരു കറൻസിക്കും സ്വർണ്ണമായും വെള്ളിയും മറ്റു നിക്ഷേപങ്ങളായും ഒരു മൂല്യമുണ്ടാകുമല്ലോ.

അതില്ലാതെ അതിനു പകരം ഇവിടെ പ്രോബ്ലം സോള്‍വിങ്ങിനായി ഉപയോഗിക്കപ്പെടുന്ന കമ്പ്യൂട്ടർ വിഭവ ശേഷിയും അതുപയോഗിച്ച് കണക്കു കൂട്ടലുകൾക്കാവശ്യമായ വൈദ്യുതിയുടെ വിലയും അതിന് കഠിനാധ്വാനം ചെയ്യുന്ന മനുഷ്യ ഊർജ്ജവുമാണ് ബിറ്റ് കോയിനിന്റെ മൂല്യം എന്നാണ് പറയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇത് കേവലമൊരു വാചകമടി മാത്രമാണെന്ന് മനസ്സിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടതില്ല, കാരണം. ഏതൊരു ജോലിക്കും മനുഷ്യ ഊർജ്ജവും അത് ചെയ്യാനുപയോഗിക്കുന്ന  കമ്പ്യൂട്ടറടക്കമുള്ള വിഭവ ശേഷിയും അതിന് വൈദ്യുതി ആവശ്യമെങ്കിൽ അതും ഉപയോഗിക്കുക സാധാരണമാണ്. ആരാണോ ഈ തൊഴിലെടുപ്പിക്കുന്നത് അവരാണ് ഈ ചെലവുകൾ വഹിക്കുന്നതും അതിന് ശമ്പളമായും വൈദ്യുതി കുടിശ്ശികയായും മറ്റും പണം നൽകുന്നതും. (2140 ന് ശേഷം ബിറ്റ്കോയിന്‍ മൈനേഴ്സിന് കൂലി നല്‍കപ്പെടുന്നതും ഇവ്വിധമായിരിക്കും എന്ന് നാം പറഞ്ഞല്ലോ, എന്നാല്‍ അത് വരേ)  അത് ചെയ്യാതെ അതിന് പകരം ഒരു ബ്ലാങ്ക് പേപ്പറെടുത്ത് അതിൽ ഒരു നമ്പറെഴുതിയോ ഒരു നാണയത്തിന്‍റെ രൂപം ഡിസൈന്‍ ചെയ്തോ ഇതാണ് നിങ്ങൾ അധ്വാനിച്ചതിന്റെ പ്രതിഫലം, നിങ്ങൾ ഈ അധ്വാനം പൂർത്തിയാക്കിയതോടെ അതിന്റെ വിലയായി ഞാനിതാ/ ഞങ്ങളിതാ ഒരു പുതിയ നാണയം ഉണ്ടാക്കിയിരിക്കുന്നു, ഇത് നിങ്ങൾ സ്വീകരിച്ചാലും എന്ന് പറയുന്നതിൽ എന്ത് യുക്തിഹീനതയാണോ ഉള്ളത് അത് തന്നെയാണ് ഇവിടെയുമുള്ളത്.

ചുരുക്കത്തിൽ ഒരു മൂല്യവും അടിത്തറയും  ഇല്ലാത്ത ഒരു സാങ്കൽപ്പിക നാണയ രൂപമുണ്ടാക്കി അതിന് മൂല്യം ഉള്ളതായി വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇത് ചതിയാണ്, തെറ്റിദ്ധരിപ്പിക്കലാണ്, യഥാർത്ഥ സമ്പത്തിന്റെ മൂല്യം ഇടിച്ച് സാങ്കൽപ്പിക സമ്പത്തിന് മൂല്യം നൽകി പ്രകൃതി സമ്പത്തും മനുഷ്യ സമ്പത്തും ചിലരിലേക്ക് മാത്രം ഒതുക്കാനുള്ള ചെപ്പടി വിദ്യയാണ്.

അതിലുപരി ഇല്ലായ്മയിൽ നിന്ന് ഒന്നിനെ സൃഷ്ടിക്കുകയെന്നത് അല്ലാഹുവിന്റെ പരിധിയിൽ മാത്രം വരുന്ന ഒരു കാര്യമാണ്. അതിനെ മറികടക്കാൻ മനുഷ്യർക്ക് സാധിക്കും എന്ന് വരുത്തിത്തീർക്കാൻ ഒരു നിക്ഷേപ മൂല്യവുമില്ലാത്ത സാങ്കൽപിക നാണയങ്ങൾ ഉണ്ടാക്കിയതായി സ്ഥാപിച്ച് ഒന്നുമില്ലായ്മയിൽ നിന്ന് ഞാനിതാ/ ഞങ്ങളിതാ മൂല്യമുള്ള നാണയത്തെ വരേ സൃഷ്ടിക്കുകുയും അതു കൊണ്ട് ലോകത്തെ സകല വിനിമയങ്ങളും സകല ഇടപാടുകളും നിയന്ത്രിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് അല്ലാഹുവിനേയും അവന്റെ നിയമങ്ങളേയും അവൻ നിശ്ചയിച്ച പരിധികളേയും ലംഘിക്കലുമാണത്. അതിനാൽ ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസി നെറ്റവർക്കിൽ അംഗമാകലും അതിലെ ഇടപാടുകൾ രേഖപ്പെടുത്തപ്പെടുകയും നിയന്ത്രക്കപ്പെടുകയും ചെയ്യുന്ന ബ്ലോക്ക് ചെയ്ന്‍ എന്ന പബ്ലിക് ഇലക്ട്രോണിക് ലഡ്ജറില്‍ കാണുന്ന ഗണിത പ്രഹേളികകൾക്ക് ഹാഷിങ്ങിലൂടെ മൈനിങ്ങ് നടത്തി അത് അനു നിമിഷം അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കലും അതിന് പകരമായി സ്വയം കൽപിത മൂല്യ രഹിത സാങ്കൽപിക ബിറ്റ്കോയിൻസിന്റെ സൃഷ്ടിപ്പിലെ ശിൽപികളിലൊരാളായി തുടരലും നിഷിദ്ധമാണ്. സത്യവിശ്വാസി ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്തതാണ്.

രണ്ടാമതായി ഇന്ന് ലോകത്ത് പല കാര്യങ്ങളും  നാം വിചാരിക്കുന്നത് പോലെയോ പ്രത്യക്ഷത്തില്‍ കാണുന്നത്  പോലെയോ അല്ല. അന്ത്യനാൾ അടുക്കും തോറും എല്ലാ കാര്യത്തിലും മൂല്യവും ധാർമ്മികതയും സദാചാരവും സത്യസന്ധതയും ഇല്ലാതായിക്കൊണ്ടിരിക്കുമല്ലോ. വിനിമയ രംഗത്ത് ഈ മൂല്യ ശോഷണം വന്നിട്ട് കാലമേറെയായി. അത് അതിന്റെ അപകടകരമായ തലത്തിലേക്ക് എത്തിയത് 1971 ൽ ഡോളറിന്റെ സ്വർണ്ണ മൂല്യം എടുത്തു കളഞ്ഞ നിക്സൺ ഷോക്കോടെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ലോകത്തെ വാണിജ്യ വിനിയങ്ങൾ നിയന്ത്രിച്ചിരുന്നത് ബ്രിട്ടിഷ് പൗണ്ടായിരുന്നു. ഒരു നിശ്ചിത അളവ് സ്വര്‍ണ്ണം നീക്കി വെച്ചിട്ടായിരുന്നു അന്ന് ബാങ്കുകളും രാജ്യങ്ങളൂം കറൻസിയുടെ/ നാണയത്തിന്റെ മൂല്യം കണക്കാക്കിയിരുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടൺ സാമ്പത്തികമായി തകർന്നതോടെ രംഗ പ്രവേശം ചെയ്ത അമേരിക്ക ലോകത്തെ റഷ്യ ഒഴികെയുള്ള രാജ്യങ്ങളിലെ ഏറെക്കുറേ സ്വര്‍ണ്ണ സമ്പത്തും കൈക്കലാക്കുകയും അതുവഴി ലോക വാണിജ്യ വിനിമയം തങ്ങളുടെ നാണയമായ ഡോളറിലേക്ക് മാറ്റുകയും തുടർന്ന് ഡോളര്‍ ലോക മേധാവിത്വ കറന്‍സിയായി തീരുകയും ചെയ്തു. പിന്നീട്  1970 കളില്‍ ജര്‍മ്മനിയുടേയും ജപ്പാന്റേയും സാമ്പത്തിക വളര്‍ച്ചയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നപ്പോള്‍ ഡോളറിന്‍റെ വിപണന മൂല്യത്തെ അത് സാരമായി ബാധിച്ചു. എന്നാല്‍  സ്വര്‍ണ്ണത്തിലധിഷ്ഠിതമായ മുല്യമുള്ള ഡോളറിനെ പെട്രോളിനടിസ്ഥാനമാക്കി കൊണ്ടുള്ള ഒരു പുതിയ തന്ത്രവുമായി 1971 ൽ അമേരിക്കൻ പ്രസിഡന്റ്  റീച്ചാര്‍ഡ് നിക്‌സണ്‍ അതിനെ നേരിടുന്ന അശുഭകരമായ കാഴ്ചക്കാണ് ലോകം സാക്ഷിയായത്..  ഡോളറിനെ  നേരിട്ട് സ്വര്‍ണ്ണത്തിലേക്കു മാറ്റുന്നത് നിരോധിച്ചുകൊണ്ടു അദ്ദേഹം ഇറക്കിയ ഉത്തരവാണ് നിക്‌സണ്‍ ഷോക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ കുടില തന്ത്രം നടപ്പാക്കാൻ അമേരിക്കയെ സഹായിച്ചത് എണ്ണ ഉൽപാദക രാഷ്ട്രങ്ങളാണ്.

അവർക്ക് എണ്ണക്ക് പകരം ആയുധങ്ങൾ നൽകാമെന്നും അതിന് പ്രത്യുപകാരമായി അവർ ഒരു രാജ്യത്തിനും ഡോളറിലല്ലാതെ എണ്ണ കൊടുക്കരുതെന്നും കരാറുണ്ടാക്കി. എണ്ണയുല്‍പാദക രാജ്യങ്ങളെല്ലാം ആ ചതിയില്‍ വീണ് കരാര്‍ പ്രാബല്യത്തിലാക്കിയതോടെ ഡോളര്‍ പെട്രോ ഡോളറായി രൂപാന്തരം പ്രാപിക്കുയും പിന്നീട് ഏതു രാജ്യത്തിനും എണ്ണ ലഭിക്കണമെങ്കില്‍ ഡോളര്‍ കൂടിയേ തീരു എന്ന നില വന്നപ്പോൾ ഇന്തയുൾപ്പെടേയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾ ഡോളറിനായി നെട്ടോട്ട മോടാന്‍ നിര്‍ബ്ബന്ധിതമാകുകയും ചെയ്തു.. ഇത് ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിക്കുകയും അതിന്റെ വില ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇടയാക്കുകയും ചെയ്തു.

ഇവിടെ ഡോളറിന്റെ അടിസ്ഥാന മൂല്യം എന്ത് എന്നതിലുപരി അതിന്റെ പൊതു സ്വീകാര്യതയും ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളുടേയം പല അത്യാവശ്യങ്ങളുടേയും നിർവ്വഹണത്തിന് ഡോളർ വിനിമയത്തിന്റെ ഡിമാന്റുമാണ് അതിന്റെ യഥാർത്ഥ മൂല്യം/വില നിശ്ചയിക്കുന്ന ഘടകമായത്. ഇന്ന് ലോകത്ത് കാണുന്ന സകല സാമ്പത്തികാപചയങ്ങൾക്കും സമ്പത്ത് ചില പ്രത്യേക രാജ്യങ്ങളിലേക്കും വ്യക്തികളിലേക്കും കേന്ദ്രീകരിക്കപ്പെട്ടതിനും പ്രകൃതി സമ്പത്തുള്ള രാജ്യങ്ങളെ ചില രാജ്യങ്ങൾ പിഴിയുന്നതിനും മറ്റുമൊക്കെയുള്ള പ്രധാന കാരണം ഡോളറിനെ അതിന്റെ സ്വർണ്ണ മൂല്യത്തിൽ നിന്നും എടുത്തു മാറ്റി ചെലവില്ലാത്ത മൂല്യ രഹിത സ്വഭാവത്തിലേക്ക് പുനരവതരിപ്പിച്ച് ലോക രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ് എന്ന ഭീകര സത്യം അധികമാരും ഗൌരവത്തോടെ ശ്രദ്ധിക്കാറില്ല. യഥാര്‍ത്ഥത്തില്‍ ഇസ്ലാമിക രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഈ മൂല്യ രഹിത ചൂഷക ഡോളര്‍ വ്യവസ്ഥയെ തള്ളി പകരം പഴയതു പോലെ വിപണന മൂല്യമുള്ള സ്വര്‍ണ്ണത്തിലും വെള്ളിയിലും അധിഷ്ഠിതമായ നാണയ വ്യവസ്ഥ പുനസ്ഥാപിച്ച് ഇസ്ലാമിക നാണയ വ്യവസ്ഥ സംഘടിതമായി നടപ്പാക്കി ലോകത്തെ മുച്ചൂടും കരവലയത്തിലൊതുക്കിയ ഈ ചൂഷണത്തെ പ്രതിരോധിച്ച് പരാജയപ്പെടുത്തേണ്ട കാലം അതിക്രമിച്ചുവെന്ന് പറയാതെ വയ്യ.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കാന്‍ വക കാണുന്നുമില്ല. കാരണം അവരുടെ കൂടി ശക്തമായ പിന്തുണയിലാണ് ഡോളറിന്റെ ഈ നീരാളിപ്പിടുത്തം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാധ്യമായതും പിന്നീടതിന്‍റെ അനന്തര ഫലമായി അവരെ ഡോളര്‍ മേലാളന്മാര്‍ ദയനീയമാം വിധം പിച്ചിച്ചീന്തുന്നിടത്തേക്ക് വരേ കാര്യങ്ങള്‍ എത്തിയതും. അതു കൊണ്ട് തന്നെ ഉപര്യുക്ത രീതിയിലൊക്കെ ന്യൂനതകൾ നിറഞ്ഞതാണ് ഡോളറെങ്കിലും പ്രധാന വിനിമയോപാധിയെന്ന നിലയിലും മറ്റു വസ്തുക്കളുടെ വിലയെന്ന നിലയിലും ഇന്ന് അതിന് പൊതു സ്വീകര്യത കൈവന്നതിനാൽ നാമും അത് നാണയമായി/കറൻസിയായി ഉപയോഗിക്കാൻ നിർബ്ബന്ധിതരായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നാണയത്തിന്റെ സകാത്തും പലിശയും അടക്കമുള്ള എല്ലാ ഹുക്മുകളും  അതിന് ബാധകമാണെന്ന് നാം അംഗീകരിക്കുന്നുമുണ്ട്.

അതുപോലെ ബിറ്റ്കോയിൻ ഒരു സാങ്കൽപിക കറൻസിയാണെങ്കിലും അത് നിയന്ത്രിക്കുന്നത്  നമ്മുടെ നാട്ടിലെപ്പോലെ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന റിസർവ്വ് ബാങ്ക് പോലെയുള്ള കേന്ദ്രീകൃത ഏജെൻസിയൊന്നുമല്ലെങ്കിലും ഒരു വിധപ്പെട്ട രാജ്യങ്ങളൊന്നും അതിന് അംഗീകരം നൽകിയിട്ടില്ലെങ്കിലും ഉത്തര കൊറിയയെപ്പോലെയുള്ള ഭീകര രാജ്യങ്ങളുടെ കയ്യിലെ പാവയായി അത് മാറിയെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തി ഇടപാടികൾ ദിനം പ്രതി വർദ്ധിച്ചു വരികയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സോഫ്റ്റ്‌വേര്‍ വാലറ്റ്, മൊബൈല്‍ വാലറ്റ്, വെബ് വാലറ്റ് എന്നിങ്ങനെ മൂന്നു തരത്തിലുള്ള ബിറ്റ്‌കോയിന്‍ വാലറ്റുകളിലൂടെ ധാരാളം പേർ തങങളുടെ കയ്യിലുള്ള മറ്റു കറൻസികളും ബിറ്റ്കോയിനും പരസ്പരം മാറ്റിയെടുക്കലും കൈവശമുള്ള വസ്തക്കൾക്കോ സേവനങ്ങൾക്കോ പകരമായി ബിറ്റ്കോയിൻ എക്സ്ചെയ്ഞ്ചും ബിറ്റ്കോയിൻ ഖനി തൊഴിലാളിയായോ മുതലാളിയായോ (അഥവാ പബ്ലിക് ഇലക്ട്രണിക് ലെഡ്ജർ അപ്ഡേറ്റ് ചെയ്യുന്നവരോ ചെയ്യിക്കുന്നവരോ) ആയി ഖനനം ചെയ്തും ഓൺലൈൻ രംഗത്ത് സജീവമാണ്.

പലപ്പോഴും ഇത് ദുരുപയോഗം ചെയ്യുന്നത് കള്ളപ്പണക്കാരും ആയുധ വ്യാപാരികളും ഭീകരവാദികളും മയക്കുമരുന്ന് മാഫിയകളും വരുമാനത്തിൽ കവിഞ്ഞ് സ്വത്തുള്ളവരും രാജ്യത്തിന്റെ നിയമങ്ങളെ ഭയക്കുന്നവരുമാണ് എന്ന ആക്ഷേപം ബിറ്റ്കോയിനിനെക്കുറിച്ച് ശക്തമാണ്.

ഇന്ന് ലോകത്തെ രാഷ്ട്രീയമായും സാമ്പത്തികമായുമെല്ലാം നിയന്ത്രിക്കുന്നത് ഇത്തരം ഇരുട്ടിന്റെ ശക്തികളായതിനാൽ അനതിവിദൂരമല്ലാത്ത കാലത്ത് ബിറ്റ്കോയിനോ മറ്റേതെങ്കിലും ക്രിപ്റ്റോ കറൻസിയോ ലോകാടിസ്ഥാനത്തിൽ സ്വീകാര്യമായ ഒരു വിനിമയ മാധ്യമായും വസ്തുക്കളുടേയും മറ്റു കറൻസികളുടേയും വിലയായുമുള്ള യഥാർത്ഥ നാണയമായി അംഗീകരിക്കപ്പെടുകുയം ആശ്രയിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആ നിബ്ബന്ധിത ഘട്ടത്തിൽ നമുക്കും അതിനെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയുണ്ടാകില്ലെങ്കിൽ അപ്പോൾ അതിന് വിനിമയത്തിലും വ്യാപാരത്തിലും സകാത്ത്, പലിശ അടക്കമുള്ള മറ്റു കാര്യങ്ങളിലും നാണയത്തിന്റെ ഹുക്മായിരിക്കും ഉണ്ടാകുക എന്നാണ് നാലു മദ്ഹബിലേയും ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.  (അൽ മുദവ്വനഃ, അൽഹിദായ, നിഹായത്തുൽ മത്ലബ്, അൽഫിഖ്ഹുൽ മൻഹജീ അലാ മദ്ഹബിൽ ഇമാം അശ്ശാഫിഈ, അൽമുഅ്തമദ് ഫിൽ ഫഖ്ഹിശ്ശാഫിഈ)

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter