ലോട്ടറിയുടെ കര്‍മശാസ്ത്ര മാനം

സമകാലിക കേരളീയ സാഹചര്യത്തില്‍ ലോട്ടറി ഉയര്‍ത്തിയ അലയൊലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. കുടം തുറന്നുവിട്ട ഭൂതത്തെ പോലെ ഭരണമുന്നണിയിലും പ്രതിപക്ഷത്തും ഒരുപോലെ തലവേദന സൃഷ്ടിക്കുകയാണ് ലോട്ടറിയും അനുബന്ധ വിവാദങ്ങളും. മാര്‍ട്ടിനും ഭൂട്ടാനും സിങ്‌വിയും സിക്കിമും അന്യസംസ്ഥാന ലോട്ടറികളും ലോട്ടറി സംവാദങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ ഓരോന്നും. ഇവിടെ നികുതിപ്പണം പോലും കൊടുക്കാതെ കള്ള ലോട്ടറി നടത്തി തടിച്ചു കൊഴുക്കുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരും ലക്ഷങ്ങളുടെ കോഴവാങ്ങി നികുതി വെട്ടിക്കുന്ന കപട രാഷ്ട്രീയ നേതാക്കളും ലോട്ടറി എന്ന ചൂതാട്ട മാമാങ്കത്തിന്റെ ചിലവില്‍ വയറ്റുപിഴപ്പ് തീര്‍ക്കുന്നവരാണ്.

 

ചരിത്രം
ലോട്ടറിയെ കുറിച്ച് പറയുമ്പോള്‍ ഇനി അല്‍പം ചരിത്രവര്‍ത്തമാനമാവാം. ഇന്ന് നിലവിലുള്ള ലോട്ടറിയുടെ രൂപം ആദ്യമായി തുടങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടിലാണ്. ബല്‍ജിയം, ബര്‍ഗുണ്ടി എന്നിവിടങ്ങളില്‍ പട്ടണങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇതിന് തുടക്കം കുറിച്ചത്. പ്രതിരോധച്ചിലവിലേക്കുള്ള ഫണ്ട്, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. 1520, 1539 കാലഘട്ടങ്ങളില്‍ ഫ്രാന്‍സിലെ രാജാവായിരുന്ന ഫ്രാന്‍സിസ് ഒന്നാമന്‍ രാജ്യത്തുടനീളം സ്വകാര്യ പൊതു ലോട്ടറികള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കി. ‘ലോട്ടോ’ എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്നാണ് ലോട്ടറിയുടെ വരവ്. ആദ്യം പണം സമ്മാനമായി നല്‍കിയത് 1530 ലെ La lotto de firenze എന്ന ഇറ്റാലിയന്‍ ലോട്ടറിയാണ്. തുടര്‍ന്ന് ഇറ്റിലിയില്‍ ഇത് വളരെ വേഗം പ്രാചാരം നേടി. 1863 ല്‍ ആദ്യത്തെ നാഷണല്‍ ലോട്ടറി സ്ഥാപിച്ചത് ഇറ്റലിയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ലോട്ടറി വിറ്റഴിക്കപ്പെടുന്നത് ഓസ്‌ട്രേലിയയിലാണ്. പ്രതിവാരം പത്ത് ലക്ഷം ടിക്കറ്റുകളാണ് അവിടെ ചിലവാകുന്നത്. അവിടത്തെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണിത്.

കേരളത്തില്‍
യഥാര്‍ത്ഥത്തില്‍ ഇന്ന് മലയാളി സമൂഹത്തിന്റെ നിത്യജീവതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു ലോട്ടറി. തെരുവില്‍ നാഴികക്ക് നാല്‍പത് എന്നോണം ഉയര്‍ന്ന് കേള്‍ക്കുന്ന ലോട്ടറി പരസ്യങ്ങള്‍ മലയാളിയുടെ കര്‍ണപുടങ്ങളില്‍ ലബ്ധ പ്രതിഷ്ഠ നേടിക്കഴിഞ്ഞു. മുസ്‌ലിം മതസമൂഹമുള്‍പ്പടെ വലിയൊരു ജനസമൂഹം ഈ അപകടകാരിയായ ചൂതാട്ടലോകത്തിന്റെ ഇരകളായി മാറുകയും ചെയ്തു.
കേരളീയ പശ്ചാത്തലത്തില്‍ നാം അന്വേഷിച്ചാല്‍ ഏത് കവലയിലും ഒരു ലക്കി സെന്റര്‍ എങ്കിലും ഇല്ലാത്ത പ്രദേശമുണ്ടാവില്ല. എന്നുവേണ്ട, പലയിടങ്ങളിലും ലോട്ടറി വില്‍പന ഏജന്‍സികള്‍ക്ക് വേണ്ടി ഒരു ഭാഗം തന്നെ നീക്കിവെക്കുക പോലും ചെയ്തിട്ടുണ്ട്. എന്തു പറഞ്ഞാലും ലോട്ടറിക്ക് കൈവന്ന സ്വാധീനത്തെ ഇത് സൂചിപ്പിക്കുന്നു.
കേരളീയ മുസ്‌ലിം സമൂഹം ലോട്ടറി ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്നും മുക്തമല്ല എന്നു നാം പറഞ്ഞു. സമുദായത്തില്‍ ഒരു വൈറസ് പോലെ ലോട്ടറി പടര്‍ന്ന് പിടിക്കുമ്പോള്‍ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലോട്ടറിയുടെ കര്‍മ്മശാസ്ത്ര വിധി എന്താണെന്ന് പരിശാധിക്കുകയാണ് ഇവിടെ.
വളരെ വ്യാപകമായി സമൂഹം ലോട്ടറിയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും അവരില്‍ അധികപേരും അതിന്റെ ഗൗരവം ഉള്‍കൊണ്ടിട്ടില്ല. ഇപ്പോഴും ലോട്ടറിയുടെ ഇസ്‌ലാമിക വിധിയെക്കുറിച്ച് മുസ്‌ലിം പൊതു സമൂഹം അജ്ഞരോ അബോധവാന്മാരോ ആണ്. ഇവിടെ പണ്ഡിത സമൂഹം ആപത്കരമായ മൗനം വിട്ടൊഴിയേണ്ട നിര്‍ബന്ധ സാഹചര്യമാണ് നിലവിലുള്ളത്.

കര്‍മ്മശാസ്ത്ര നിലപാട്
ലോട്ടറി എന്താണെന്നും അതേക്കുറിച്ചുള്ള കര്‍മ്മശാസ്ത്ര നിലപാട് എന്താണെന്നും പരിശോധിക്കാം. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ടിക്കറ്റുകള്‍ വില്‍പന നടത്തി നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്ന നമ്പറിന്റെ ടിക്കറ്റ് വാങ്ങിയവര്‍ക്ക് മാത്രം സമ്മാനം ലഭിക്കുന്ന ഇടപാടാണ് ലോട്ടറി. തനിക്ക് ലഭിക്കാനിരിക്കുന്ന വലിയ തുകയെയോ സമ്മാനത്തെയോ പ്രതീക്ഷിച്ച് ചെറിയ സംഖ്യ ചിലവഴിക്കാന്‍ ഇത് ജനങ്ങളെ പ്രേരിപ്പിക്കുന്നു.
ഈ രീതിയിലുള്ള ലോട്ടറികള്‍ക്ക് ഇസ്‌ലാം നിഷിദ്ധമാക്കിയ ചൂതാട്ട (മൈസിര്‍)വുമായി ഏറെ സാദൃശ്യമുണ്ട്. എന്നാല്‍ മൈസിറി(ചൂതാട്ടം)നെ വിശുദ്ധ ഖുര്‍ആന്‍ തന്നെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ മൈസിര്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന ചോദ്യം പ്രസക്തമാണ്.
മൈസിറിനെ ചൂതാട്ടം (ഖിമാര്‍) എന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നത്. ചില ഉദാഹരണങ്ങള്‍:
മൈസിര്‍ എന്നാല്‍ ഖിമാര്‍ (ചൂതാട്ടം) ആകുന്നു. (റാസി: 6/46)
മൈസിര്‍ ഒട്ടകങ്ങളെ കൊണ്ട് ജാഹിലിയ്യ കാലത്ത് നിലനിന്നിരുന്ന ചൂതാട്ടമാണ്. (റാസി: 11/79)
ജാഹിലിയ്യ കാലത്ത് നിന്നിരുന്ന മൈസിറി(ചൂതാട്ടം)നെ പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം.
‘അവര്‍ (അറബികള്‍) ഒരു ഒട്ടകത്തെ അറുത്ത് ഇരുപത്തി എട്ട് ഓഹരി ആക്കി വീതിക്കുന്നു. ശേഷം, ശകുനം നോക്കുന്ന പത്ത് അമ്പുകള്‍ എടുത്ത് അതിലെ മൂന്ന് എണ്ണത്തിന് 0 എന്നു നമ്പറിടുന്നു. ബാക്കി ഏഴെണ്ണെത്തിന് ഏഴു വരെ നമ്പറിടുന്നു. എന്നിട്ട് ഈ അമ്പുകള്‍ ഒരു വ്യക്തിയെ ഏല്‍പിക്കുന്നു. ശേഷം അദ്ദേഹം ഓരോരുത്തരുടെയും പേരു പറഞ്ഞ് ഓരോ അമ്പും സഞ്ചിയില്‍ നിന്നെടുക്കുന്നു. അങ്ങനെ ആ അമ്പിലുള്ള നമ്പര്‍ അനുസരിച്ച് അവന് മാംസം ലഭിക്കുന്നു. പൂജ്യം ലഭിക്കുന്നവര്‍ക്ക് ഒന്നും കിട്ടില്ല. അവര്‍ ആ ഒട്ടകത്തിന്റെ മുഴുവന്‍ പണവും എടുക്കണം ഇതായിരുന്നു വ്യവസ്ഥ.’
ജാഹിലിയ്യത്തില്‍ നിലനിന്നിരുന്ന ഈ ചൂതാട്ടത്തെ ഖുര്‍ആന്‍ അതിശക്തമായി വമര്‍ശിച്ചു. എന്നാല്‍ അറബികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന മാംസം അവിടത്തെ പാവപ്പെട്ട ഫഖീറുകള്‍ക്ക് നല്‍കി അതിന്റെ പേരില്‍ അഹങ്കരിക്കുമായിരുന്നുവെന്ന് പണ്ഡിതന്‍മാല്‍ വിശദീകരിക്കുന്നുണ്ട്. എന്നിട്ടുകൂടി അല്ലാഹു മൈസിറിനെ ശക്തമായി നിരോധിച്ചുവെങ്കില്‍ കുത്തക മുതലാളിമാരുടെ പോക്കറ്റുകളിലേക്ക് പോകുന്ന ലോട്ടറിപ്പണം എത്രമാത്രം നിഷേധാര്‍ഹമല്ല?!
ലോട്ടറി ഇത് പോലുള്ള ഒരു ചൂതാട്ടമാണെന്ന് പറയാന്‍ കാരണം, ഇവിടെ പണം മുടക്കുന്നവര്‍ക്ക് മിക്കപ്പോഴും ഒന്നും ലഭിക്കുന്നില്ല. അതേ സമയം കിട്ടുന്നവര്‍ക്ക് ലഭിക്കുന്നത് എത്രയോ വലിയ തുകയും. യഥാര്‍ത്ഥത്തില്‍ ഇത് മറ്റുള്ളവരുടെ അവകാശവുമാണ്.
ചൂതാട്ടത്തെ പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നുണ്ട്:
ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള എല്ലാ കളികളും ചൂതാട്ടമാണ്. (ശര്‍വാനി: 10/217)
ഇവിടെ ലോട്ടറിയില്‍ എല്ലാവരും ലാഭത്തെയും നഷ്ടത്തെയും പ്രതീക്ഷക്കുന്നു. ഇമാം നവവി(റ) പറയുന്നു:
ജയിച്ചവന് എടുക്കാമെന്ന വ്യവസ്ഥയില്‍ രണ്ട് പേര്‍ പണം ചെലവഴിക്കുന്നുവെങ്കില്‍ അതും ചൂതാട്ടമാണ്. (മജ്മൂഅ്: 20/228)
വിജയിച്ചവന് ഇത്ര സംഖ്യ മറ്റേ ആള്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്താല്‍ അത് സ്വഹീഹാകുന്നതല്ല, കാരണം അയാള്‍ക്ക് ലാഭമാണോ നഷ്ടമാണോ സംഭവിക്കുക എന്ന് ഉറപ്പില്ല. ഇത് നിഷിദ്ധമായ ചൂതാട്ടമാണ്. (തുഹ്ഫ: 9/402)
വീണ്ടും പറയുന്നു:
പരാജയപ്പെട്ട ആള്‍ വിജയിക്ക് ഇത്ര സംഖ്യ നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നത് ചൂതാട്ടമാണ്. (മുഗ്‌നി, ശര്‍വാനി: 10/217)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ചതുരംഗവും പകിട കളിയും അടക്കം ചൂതാട്ടമുള്ള എല്ലാം മൈസിര്‍ ആകുന്നു.
പണ്ഡതന്മാരുടെ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് ലോട്ടറി എങ്ങനെ നിഷിദ്ധമാകുന്നുവെന്ന് നാം മനസ്സിലാക്കി ഇനിയും ഒരുപാട് വശങ്ങളിലൂടെ ലോട്ടറി നിഷിദ്ധമാകുന്നുവെന്ന് നമുക്ക് കാണാം.

മറ്റു വശങ്ങള്‍
കര്‍മ്മ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ശരിയായ പകരം (മുഖാബല) കൂടാതെ, പണം നേടല്‍ നിഷിദ്ധമാണ്. ലോട്ടറിയില്‍ കുറഞ്ഞ വിലയുടെ ടിക്കറ്റ് വാങ്ങുന്നവന് സമ്മാനം ലഭിക്കുന്നത് വലിയ തുകയാണ്. അവന്റെ ചെറിയ തുക ഈ സമ്മാനത്തിന് ഒരിക്കലും പകരമാവുന്നില്ല എന്ന് പറയേണ്ടതില്ലല്ലോ.
ലോട്ടറി നിഷിദ്ധമാവുന്ന മറ്റൊരു വശം ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം പണം അനാവശ്യമായി ചിലവഴിക്കുക (ഇത്‌ലാഫുല്‍ മാല്‍) എന്നത് ഹറാം ആണ്. ഇവിടെ ചിലവഴിക്കുന്ന പണത്തിന് മിക്കപ്പോഴും പകരമായി ഒന്നും ലഭിക്കുന്നില്ല എന്ന കാരണത്താല്‍ ഇതും അനാവശ്യമായ പണം ചിലവഴിക്കല്‍ ആണെന്നതില്‍ സംശയമില്ല.
നിഷിദ്ധമാവാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. എന്നുവെച്ചാല്‍, അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്കെല്ലാം (ടിക്കറ്റ് വാങ്ങിയ മറ്റുള്ളവര്‍) തൃപ്തി ഉണ്ടാവാന്‍ ഇടയില്ല. കാരണം അവരും ടിക്കറ്റ് എടുക്കുന്നത് തങ്ങള്‍ക്ക് സമ്മാനം ലഭിക്കാന്‍ വേണ്ടി ആണല്ലോ. ഇവിടെ മറ്റുള്ളവരുടെ സമ്പത്ത് എടുക്കുന്നവന്‍ അവരുടെ തൃപ്തി (രിള) കൂടാതെ എടുക്കുന്നതും അനുവദനീയമല്ല.

സാമൂഹിക തലം
ലോട്ടറിയുടെ മതകീയ കാഴ്ചപ്പാടെന്താണെന്ന് അതിന്റ വ്യത്യസ്ത വശങ്ങളും നാം പറഞ്ഞു. എന്നാല്‍ സാമൂഹിക തലത്തിലും ലോട്ടറി അനഭിലഷണീയമാവുകയാണെന്ന് സമകാലിക സാഹചര്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
സാമൂഹിക ജീവിതത്തില്‍ ലോട്ടറി ‘വെറുക്കപ്പെട്ടതാ’വാന്‍ കാരണം, ഒന്നാമതായി അതു മനുഷ്യന്റെ അദ്ധ്വാന ശീലത്തിന് കോട്ടം വരുത്തുന്നു എന്നതാണ്. അദ്ധ്വാനിക്കുന്ന സമൂഹത്തെ മുഷിപ്പിച്ച് സ്വപ്നം കണ്ടിരിക്കാന്‍ ലോട്ടറി പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞാല്‍ അധികമാവില്ല. ഇതിലൂടെ സാമ്പത്തികമായ നഷ്ടം സംഭവിക്കുന്നു എന്നത് മറ്റൊരു കാരണമാണ്. മാത്രമല്ല നമുക്ക് ചുറ്റും പല തരത്തിലും ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്ന് എല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. പലപ്രാവശ്യം ടിക്കറ്റ് എടുത്തിട്ടും ഭാഗ്യം തുണക്കാത്തവര്‍ തങ്ങളുടെ തലവരയെയും ഭാഗ്യദോഷത്തെയും പഴിച്ച് വിഷാദ രോഗികളാവുന്നതും അവഗണിക്കപ്പെടാനാവാത്ത സാമൂഹിക പ്രശ്‌നമാണ്. ഈ അടുത്ത് കേരള ഹൈക്കോടതി സര്‍ക്കാറിനോട് ‘ലോട്ടറി നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ അത് നിരോധിച്ചു കൂടേ’ എന്നു ചോദിച്ചത് ചേര്‍ത്തുവായിക്കണം.
അഹിതകരമായ ഈ ചൂതാട്ടം ചിലപ്പോള്‍ സര്‍ക്കാറിന്റെ രൂപത്തിലും കടന്നുവരാറുണ്ട്. സര്‍ക്കാര്‍ നിയന്ത്രിത പൊതു ലോട്ടറികള്‍ക്ക് പുറമെ വേറെ ചിലതും നമുക്ക് കാണാം. സുനാമി ദുരിതാശ്വാസ ഫണ്ടിനും സ്‌പോര്‍ട്‌സ് ഫണ്ടിനും ഇപ്പോള്‍ ലോട്ടറികളാണ്. നമ്മുടെ സ്‌കൂള്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഇരകളാക്കി ഇത്തരം ലോട്ടറികള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ സമുദായം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ ചതിക്കുഴികള്‍ക്കെതിരെ വിവേക പൂര്‍വം പ്രതികരിക്കാന്‍ നേതൃത്വം പക്വത കാണിക്കണം. ദുരതാശ്വാസത്തിനെയല്ല അത് ലോട്ടറിയിലൂടെയാവുന്നതിനെയാണ് നാം എതിര്‍ക്കുന്നത്.
ഇവിടെ ആഗോള മുസ്‌ലിം സമൂഹത്തിന്റെ സമകാലിക സാഹചര്യവും നിലപാടുകളും തീര്‍ത്തും ആശങ്കാ ജനകമാണ്. ലോകവ്യാപകമായി ഇതൊരു തെറ്റല്ലാത്ത വിധം പരിണമിക്കുമ്പോള്‍ അസ്തിത്വ പ്രതിസന്ധി നേരിടുകയാണ് ആഗോള ഇസ്‌ലാം. പാശ്ചാത്യ സംസ്‌കാരിത്തിന്റെ തടുക്കാനാവാത്ത കുത്തൊഴിക്കില്‍ ഇസ്‌ലാമിക നിലപാടുകള്‍ തന്നെ ഒലിച്ച് പോയേക്കാവുന്ന ദുരന്ത ഭീതിയിലാണ് ഇന്ന് നാം നിലനില്‍ക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കടക്കം ഇന്ന് ദേശീയ ലോട്ടറികള്‍ നിലവിലുണ്ട് എന്നത് ആശങ്കാജനകമാണ്. മാത്രമല്ല അറബ് രാഷ്ട്രങ്ങില്‍ പോലും ലോട്ടറിയുടെ ചൂതാട്ട ലോകം ശക്തമായി വലവിരിച്ച് കഴിഞ്ഞു.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
‘സത്യവിശ്വാസികളെ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്ണാസ്ത്രങ്ങളുമെല്ലാം പൈശാചികമായ മ്ലേചവൃത്തികളില്‍ പെട്ടതാകുന്നു. അതിനാല്‍ അവയൊക്കെയും പാടെ നിങ്ങള്‍ വര്‍ജ്ജിക്കുനക. നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി’ (സൂറതുല്‍ മാഇദ: 90)
പലപേരിലും ഭാവത്തിലും ഭാഗ്യപരീക്ഷണങ്ങള്‍ സര്‍വ വ്യാപിയാകുമ്പോള്‍ സമൂഹം അമ്പരന്ന് നില്‍ക്കരുത്. തിന്മയുടെ വാതായനങ്ങള്‍ എപ്പോഴും ചടുലവും ആകര്‍ഷകവുമായിരിക്കും. സത്യത്തില്‍ അതൊരു വെല്ലുവിളിയാണ്, സമുദായത്തെ സംബന്ധിച്ചെടത്തോളം. രാവിലെ മുതല്‍ വൈകുന്നേരം വരെ അധ്വാനിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരു ലോട്ടറി ടിക്കറ്റും വാങ്ങി സ്വപ്ന ജീവികളായി മാറുന്ന ഒരു സമൂഹം ആദ്യന്തികമായി പറഞ്ഞാല്‍ സമുദായത്തിന്‍ ശാപമാണ്. പുനര്‍നിര്‍മ്മാണം ത്വരിത ഗതിയിലല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോയേക്കും.

 

തെളിച്ചം മാസിക, ഫെബ്രുവരി, 2010, ദാറുല്‍ഹുദാ, ചെമ്മാട്)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter