മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്
മണി ചെയിന്‍ ബിസിനസുകളും നെറ്റ് മാര്‍ക്കറ്റിങ് കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളുടെയും ചൂഷണത്തിന്റെയും ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയും അവയൂടെ എം.ഡിമാരും പ്രമോട്ടര്‍മാരും പോലീസിന്റെ വലയിലകപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ഇടപാടിന്റെ കര്മശാസ്ത്രപക്ഷം വിശകലനവിധേയമാക്കുകയാണിവിടെ. മനുഷ്യവംശത്തിന് ആരോഗ്യകരമായ നിലനില്പിനും വികാസത്തിനും മഹത്തരമായ നിര്‍ദ്ദേശങ്ങളടങ്ങിയ തത്വസംഹിതയെന്ന നിലക്ക് ചൂഷണരഹിതവും വഞ്ചനാമുക്തവുമായ സാമ്പത്തിക ഇടപാടുകള്‍ ഇസ്ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം അനാരോഗ്യകരമായ സകല പ്രവണതകളെയും ഇസ്ലാം നിരോധിക്കുന്നു.
മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും പരിഷ്കാരങ്ങള്‍ സംഭവിക്കുന്നത് പോലെ കച്ചവടത്തിലും പല നൂതനമായ സംവിധാനങ്ങളും കടന്നുവന്നിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അമേരിക്കയില്‍ രൂപംപ്രാപിച്ച എം.എല്‍.എം (multi level marketting) ഈ ഗണത്തില്‍ ഏറെ പ്രചാരത്തിലുള്ള ബിസിനസ് രീതിയാണ്. പരമ്പരാഗത കച്ചവട രീതിയുടെ വളര്‍ച്ച പത്ത് ശതമാനത്തില്‍ താഴെ മാത്രമാണെങ്കില്‍ ഈ പുതിയ മാര്‍ക്കറ്റിംഗ് സിസ്റ്റത്തിന്റെ വളര്‍ച്ച 57 ശതമാനമാണ് രേഖപ്പെടുത്തപ്പെടുന്നത്. പരമ്പരാഗത കച്ചവട രീതിയില്‍ കാണപ്പെടുന്ന ന്യൂനതകള്‍ക്കുള്ള പരിഹാരമായിട്ടാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് അവതരിക്കുന്നത്.
പരമ്പരാഗത കച്ചവട രീതിയില്‍ കമ്പനിയുടെയും ഉല്പാദകന്റെയും ഉപഭോക്താവിന്റെയും ഇടയില്‍ മൊത്ത വ്യാപാരി, ചില്ലറ വ്യാപാരി തുടങ്ങിയ മധ്യവര്‍ത്തികള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ഒരു വസ്തു കൈപ്പറ്റാന്‍ ഉപഭോക്താവിന് അമിത വില നല്‍കേണ്ടിവരും. ഇതിന് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിലൂടെ പരിഹാരം കാണാന്‍ സാധിക്കും എന്നാണ് വാദം. ഈ വ്യാപാര സമ്പ്രദായമനുസരിച്ച് കമ്പനി നേരിട്ട് വസ്തു ഉപഭോക്താവിന് എത്തിച്ച് കൊടുക്കുകയാണ്. നേരിട്ടുള്ള കൈമാറ്റം വഴി വസ്തുവിന്റെ ഗുണനിലവാരം തിരിച്ചറിയാനും സാധിക്കും. ഈ വിപണനരീതി പിന്തുടരുന്ന കമ്പനികള്‍ വിതരണം ചെയ്യുന്ന ഉല്പന്നങ്ങള് വാങ്ങി ബിസിനസില്‍ കണ്ണിചേരാനും ശേഷം താന്‍വഴി കടന്നുവരുന്ന വിതരണക്കാരുടെ പ്രവര്‍ത്തനത്തിന്റെ നിശ്ചിത വിഹിതം കൈപ്പറ്റാനും അവസരമൊരുക്കുന്നുവെന്നതാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ പ്രധാന പ്രത്യേകത.
എം.എല്‍.എമിന്റെ പ്രവര്‍ത്തന രീതി
കമ്പനി നിശ്ചയിക്കുന്ന തുക നല്കി സ്റ്റാര്‍ട്ടര്‍ കിറ്റ് കൈപറ്റുന്നതോടെ ഒരു വ്യക്തിക്ക് കമ്പനിയുടെ അംഗമായി മാറാനും തുടര്‍ന്ന് കമ്പനിയുടെ പ്രചാരകന്, ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരന് എന്നീ നിലകളില്‍ പണം സമ്പാദിക്കാനും സാധിക്കും . സ്വതന്ത്ര വ്യാപാരി, ഡീലര്‍, അസോസിയേറ്റ് തുടങ്ങിയ പേരുകളിലാണ് അദ്ദേഹം അറിയപ്പെടുക.
ഒരു ഡീലറെ സംബന്ധിച്ചിടത്തോളം പ്രധാനമായും മൂന്ന് ആനുകൂല്യങ്ങളാണ് ലഭിക്കുക. ഒന്ന്: ഹോള്‍സൈല്‍ വിലക്ക് വില്പന വസ്തു ലഭിക്കും. രണ്ട്: മൊത്തവിലക്ക് ലഭിക്കുന്ന വസ്തുവകകള്‍ ചില്ലറ വിലക്ക് വില്‍ക്കുക വഴി ലാഭമുണ്ടാക്കാം. മൂന്ന്: പുതിയ ആളുകള്‍ക്ക് കമ്പനിയെ പരിചയപ്പെടുത്തി, അവരുടെ കച്ചവടത്തിനനുസരിച്ച് ലാഭവിഹിതം നേടാം.
കര്‍മശാസ്ത്ര മാനം
മനുഷ്യരാശിയുടെ സുസ്ഥിര നിലനില്പിനാവശ്യമായ ചിട്ടവട്ടങ്ങള്‍ ദൈവീക മതമായ ഇസ്ലാം നിര്‍ദേശിക്കുന്നുണ്ട്. മനുഷ്യ വര്‍ഗ്ഗത്തിന് അന്ത്യനാള്‍ വരെ പിന്തുടരാനുള്ള മതമെന്ന നിലക്ക് നൂതന സംരംഭങ്ങളില്‍ മുസ്ലിമിന്റെ നിലപാട് എങ്ങനെയായിരിക്കണമെന്നും ഇസ്ലാം വിശദീകരിക്കേണ്ടിയിരിക്കുന്നു.
ബഹുമാനപ്പെട്ട ഇമാം നവവി(റ) തന്റെ മജ്മൂഇന്റെ ആമുഖത്തില്‍ പറയുന്നു; 'ഏത് വിഷയമായാലും അവയെക്കുറിച്ച് വളരെ സ്പഷ്ടമായോ, അത്രയും വ്യക്തമല്ലാതെയോ മദ്ഹബുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതുമല്ലെങ്കില്‍ പൊതുനിയമത്തിന്റെ കീഴില്‍ പരാമര്‍ശ വിധേയമാകാത്തതായി ഒന്നുമില്ല എന്ന് ഇമാമുല്‍ ഹറമൈനി അഭിപ്രായപ്പെട്ടിട്ടുണ്ട്' (മജ്മൂഅ്). ഈ അടിസ്ഥാനത്തിലാണ് ഇന്ന് ലോകത്ത് വരുന്ന മുഴുവന്‍ വിഷയങ്ങളെയും നാം സമീപിക്കുന്നതും അവക്ക് തീരുമാനം കണ്ടെത്തുന്നതും. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റി ങിന്റെ മതകീയമാനം വിശകലന വിധേയമാക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്നത് മതമൂല്യങ്ങള്‍ക്ക് നിരക്കാത്ത പലതും എം.എല്‍.എമിന്റെ രീതിയലടങ്ങയിട്ടുണ്ട് എന്നതാണ്. എം.എല്‍.എമിന്റെ ആകര്‍ഷകങ്ങളായ ഹോള്‍സൈല്‍ വിലകൊടുത്ത് വസ്തുവകകള്‍ കൈപറ്റുന്നതും അവ ചില്ലറ വിലക്ക് മറിച്ച് വില്‍ക്കുന്നതും പ്രഥമ ദൃഷ്ടിയില് തന്നെ അനുവദനീയമാണ്.
പക്ഷേ, മുഖ്യ ആകര്‍ഷകമായ സ്പോണ്സറിങ്് (അഥവാ കമ്പനിയുടെ പ്രചാരണ ദൗത്യം ഏറ്റെടുത്ത് കൂടുതല്‍ സഹകാരികളെ സൃഷ്ടിക്കുക വഴി കമ്പനിക്ക് ലഭിക്കുന്ന ലാഭങ്ങളില്‍ നിന്ന് വിഹിതം പറ്റുക) ഗഹനമായി പഠനവിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിരചിതമായ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ എം.എല്‍.എമിനെക്കുറിച്ച് തന്നെ വ്യക്തമായി പ്രതിപാദിക്കാത്തത് കൊണ്ട് അതിനോട് സദൃശ്യമായ, കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള കൂലിവേല (ഇജാറത്ത്)യുമായി തുലനം ചെയ്ത് പഠനം മുന്നോട്ട് പോകാവുന്നതാണ്. കൂലി ആവശ്യാര്‍ഥം മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്ത്കൊടുക്കലാണ് ഇജാറത്ത്. എം.എല്‍.എമില്‍ ഒരു ഡീലറുടെ സേവനം കൂലി ആവശ്യാര്‍ഥമാണ്. ഇസ്ലാം നിഷ്കര്‍ഷിക്കും വിധം കൂലിവേല സാധുവാകണമെങ്കില്‍ കൂലി വ്യക്തമായി അറിഞ്ഞിരിക്കണം (കൂലിയുടെ ഇനം, തോത്, വിശേഷണം, അളവ്)- നിഹായ 5/266. കൂലി അജ്ഞാതമാണെങ്കില്‍ ഇടപാട് അസാധുവാണെന്നര്‍ഥം. അബൂസഈദില്‍ ഖുദ്രി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവാചകവചനം ഇതിന് തെളിവാണ്: 'ആരെങ്കിലും തൊഴിലാളിയെ കൂലിക്ക് വിളിച്ചാല്‍ അവന്റെ വേതനം അറിയിച്ച്കൊള്ളട്ടെ'. പ്രസ്തുത വാക്യമാണ് മതവിധിയുടെ അടിസ്ഥാനം.
എം.എല്‍.എമില്‍ ഡീലര്‍ തന്റെ തൊഴില്‍ ഏറ്റെടുക്കുമ്പോള്‍ തനിക്ക് ലഭിക്കുന്ന വേതനത്തെക്കുറിച്ച് അജ്ഞനാണ്. കാരണം ഇദ്ദേഹം കാരണമായി കമ്പനിയില്‍ അംഗമാകുന്നവര്‍ നടത്തുന്ന കച്ചവടത്തിന്റെ ലാഭവിഹിതമാണ് ഇദ്ദേഹത്തിന്റെ വേതനം. ഭാവിയില്‍ നടക്കാനിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടാകുന്നതിനെ ഇടപാടുസമയത്ത് കണ്ടെത്തുക അസാധ്യമായതുകൊണ്ടുതന്നെ വേതനം അവ്യക്തമായിരിക്കും. കൂലിവേല സാധുവാകാന്‍ പണ്ഡിതമഹത്തുക്കള്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു നിബന്ധന; കൂലിക്കാരന്റെ വേതനം അദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാകരുത് എന്നാണ്- റൗള:4/251.
അറുക്കപ്പെട്ട ജീവിയുടെ തോല് പ്രതിഫലമായി നിശ്ചയിച്ച് തൊലി ഉരിയാന്‍ ഏല്‍പ്പിക്കുന്നതും പൊടിച്ച ഗോതമ്പിന്റെ ഉമിയോ നിശ്ചിത ഭാഗമോ നല്‍കാമെന്ന നിലക്ക് പൊടിക്കാന്‍ ഏല്പിക്കുന്നതും പണ്ഡിതര്‍ ഇതിനുദാഹരണമായി എണ്ണിയിട്ടുണ്ട്. നികുതി പിരിക്കുന്നവന്ന് അവന് പിരിച്ചെടുത്ത തുകയുടെ നിശ്ചിത ശതമാനം വേതനമായി നിശ്ചയിച്ചിരുന്ന പതിവ് ഈ ഗണത്തില്‍ ഉള്‍പ്പെടുമെന്നും അത് തെറ്റായ രീതിയാണെന്നും ഇമാം സുബുകി വിശദീകരിച്ചതായി മിക്ക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
എം.എല്‍.എം കമ്പനികള്‍ ഡീലര്‍ക്ക് നല്കുന്ന വേതനവും ഈ രീതിയില്‍ അറിയപ്പടാത്തതാണ്. കാരണം അദ്ദേഹത്തിന്റെ സേവന, പ്രചരണ പ്രവര്‍ത്തനങ്ങളുടെ വേതനം പുതുതായി കടന്നുവരുന്ന ഡീലര്‍മാരുടെ കച്ചവടത്തിനനുസരിച്ചാണ്. ഇത് ഇസ്ലാമിക കര്‍മശാസ്ത്ര നിലപാടുകളെ നിരാകരിക്കുന്നു. മാനവചരിത്രത്തില്‍ പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുള്ള തൊഴിലാളിയുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള മതമാണ് ഇസ്ലാം. തൊഴിലാളിയുടെ അവകാശങ്ങള്‍ പൂര്‍ണമായി വകവെച്ചുകൊടുക്കാന്‍ ഇസ്ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. തൊഴിലാളിക്ക് തന്റെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി നല്‍കണം എന്ന പ്രവാചാകാഹ്വാനം ശ്രദ്ധേയമാണ്. ഇവിടെ പ്രതിപാദിക്കപ്പെട്ട വിപണന രീതിയില്‍ ഈ അവകാശം ഹനിക്കപ്പെടുന്നതായി കാണാം.
അഥവാ പല കമ്പനികളും പുതിയ കണ്ണികളെ ചേര്ക്കുന്നതിന്ന് വാഗ്ദാനം ചെയ്തിട്ടുള്ള തുക നല്കണമെങ്കില് പല നിബന്ധനകളും മുന്നോട്ട് വെക്കുന്നു. എല്ലാ മാസവും നിശ്ചിത തുകക്ക് സാധനം വാങ്ങുക, വര്‍ഷത്തില്‍ പണം നല്കി അംഗത്വം പുതുക്കുക, ബൈനറി സിസ്റ്റമാണെങ്കില്‍ അംഗത്തിന്റെ ഇരുവശങ്ങളിലും കണ്ണികള്‍ തുല്യമാക്കുക എന്നിങ്ങനെ നീളുന്നു കമ്പനികള്‍ മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍. ഇടപാടുകളുടെ സാധ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന നിബന്ധനകള്‍ പ്രവാചകര്‍ വിലക്കിയിരിക്കുന്നു എന്ന ഹദീസ് വചനം ഈ കമ്പനികള്‍ അവഗണിക്കുന്നു എന്നര്‍ഥം. ഇത് ജോലി ചെയ്ത വ്യക്തികളോട് കാണിക്കുന്ന തികഞ്ഞ അവകാശ നിഷേധമായത് കൊണ്ട് തന്നെ അംഗീകരിക്കാന്‍ ഇസ്ലാമിനാകില്ല. എം.എല്‍.എമിലെ സ്റ്റെയര്‍ സ്റ്റപ് രീതിയില്‍ ഡീലര്‍മാരുടെ ഓരോ ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഓരോ ഗ്രൂപ്പുകളുടെയും കച്ചവടത്തിന്റെ തോതനുസരിച്ച് ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ വേതനം വിതരണം ചെയ്യും. ഈ രീതിയില്‍ തീരേ ജോലി ചെയ്യാത്തവനും വേതനം ലഭ്യമാകും. ഇസ്ലാം നിരസിച്ച ശിര്‍ക്കത്തുല്‍ അബ്ദാന് (ശരീരത്തിലെ പങ്കാളിത്തം) ഇവിടെ കടന്നുവരുന്നുണ്ട്.
കൂടാതെ ഓരോ വ്യക്തിയുടെയും സേവനം വ്യത്യസ്ഥമായിക്കണ്ട് അതിനനുസരിച്ച വേതനം നല്കാന് കമ്പനി തയ്യാറാകുന്നുമില്ല. ഇതും തൊഴിലാളിയോട് ചെയ്യുന്ന അവകാശ നിഷേധമായി ഇസ്ലാം കാണുന്നു. സുതാര്യവും ചൂഷണരഹിതവുമായ കച്ചവടരീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇസ്ലാം ഇവ്വിധം നിഗൂഢവും വഞ്ചനാത്മകവുമായ വിപണന രീതിയെ കര്‍ശനമായി നിരോധിക്കുന്നു. പ്രവാചകന് അപകടം പതിയിരിക്കുന്ന കച്ചവടങ്ങളെ നിരോധിച്ചിരിക്കുന്നു എന്ന അബൂഹുറൈറ(റ)യുടെ വാക്യം ഇതാണ് വ്യക്തമാക്കുന്നത്. ഇവിടെ ഉപയോഗിക്കപ്പെട്ട ഗറര്‍ (റിസ്ക്) എന്ന പദത്തിന്റെ വിവക്ഷ നഷ്ട സാധ്യത കൂടുതലുള്ള കച്ചവടങ്ങളാണെന്ന് ഇബ്നുഹജര്‍(റ) തുഹ്ഫയിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ വിശദീകരിക്കപ്പെടന്ന മാര്‍ക്കറ്റിംഗ് രീതി ഈ ഗണത്തില്‍ പെടുമെന്ന് ആര്‍ക്കും ബോധ്യമാകും. കാരണം താഴെ വരുന്ന കണ്ണികളുടെ പ്രവര്‍ത്തന ഫലം മുകളിലുള്ളവര്‍ ആസ്വദിക്കുമ്പോള്‍ തന്നെ പുതിയ കണ്ണികളെ കണ്ടെത്താന്‍ സാധിക്കാതെ അവസാന കണ്ണികള്‍ വഞ്ചിക്കപ്പെടുമെന്നവര്‍ മനസ്സിലാക്കുന്നുണ്ട്. ടൈക്കൂണും ബിസേറും നാനോ എക്സലും തുടങ്ങി പല കമ്പനികളും ഇതിനകം പിടിക്കപ്പെട്ടതും ഇവയില്‍ കണ്ണിചേര്‍ന്ന ആയിരങ്ങള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് പോലീസിന് മൊഴി നല്കിയതും ഈ രംഗത്തെ വഞ്ചനയുടെയും ചൂഷണത്തിന്റെയും ഏറ്റവും പുതിയ തെളിവുകളാണ്.
ഇത്രയും വലിയ വസ്തുതകള്‍ പകല്‍ വെളിച്ചം പോലെ പുറത്ത് വന്നിട്ടും കമ്പനികള്‍ നല്കുന്ന മോഹന വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വെക്കുന്നവര്‍ തികഞ്ഞ മണ്ടന്മാരെന്നേ വിലയിരുത്താനാവൂ. തൂച്ഛമായ നാനൂറ് രൂപ മുടക്കി കോടികളുടെ ഉടമയായി മാറിയ മൊഡികെയറിന്റെയും മറ്റും എം. ഡികള്‍ വിലസുന്ന ഇക്കാലത്ത് ദുരിതമനുഭവിക്കുന്നവന്റെ യാതനകള്‍ യാഥാര്‍ഥ്യ ബോധത്തോടെ ദര്‍ശിക്കാന്‍ ഇസ്ലാമിന് മാത്രമേ സാധിച്ചിട്ടുള്ളൂ. അത് കൊണ്ടുതന്നെ ചൂഷണാത്മകവും നിഗൂഢവുമായ കച്ചവടരീതികളെ ഇസ്ലാം അതിശക്തമായി തന്നെ നിരുത്സാഹപ്പെടുത്തുന്നു.
തെളിച്ചം മാസിക
Leave A Comment