കര്‍മശാസ്ത്രത്തിന്റെ ഉല്‍ഭവം
ഭൂമിയില്‍ അല്ലാഹുവിന് ആരാധനകള്‍ തുടങ്ങിയതു മുതല്‍ തന്നെ കര്‍മ്മശാസ്ത്രമോ കര്‍മ്മശാസ്ത്രത്തിന്റെ ആശയപരമായ ഉള്ളടക്കങ്ങളോ ആവശ്യമായി വന്നിട്ടുണ്ട്. കാരണം, ദൈവ കല്‍പ്പനക്ക് വിധേയരായി എല്ലാ മനുഷ്യരുടെയും ആരാധനാകര്‍മ്മങ്ങളുടെ സാധുത നിര്‍ണ്ണയിക്കുകയാണ് കര്‍മ്മശാസ്ത്രം ചെയ്യുന്നത്. ഒരേ വിശ്വാസമായിരുന്നെങ്കിലും കാലാകാലങ്ങളില്‍ കടന്നുവന്ന അല്ലാഹുവിന്റെ അടിമകള്‍ക്ക് വ്യത്യസ്ത കര്‍മ്മരീതികളായിരുന്നു നിലനിന്നിരുന്നത്. അവസാന ഉമ്മത്തിനു നല്‍കിയ കര്‍മ്മങ്ങളത്രയും ആദ്യസമുദായങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. മിക്ക സമുദായങ്ങള്‍ക്കും നിസ്‌കാരമുണ്ടായിരുന്നെങ്കിലും തിരുനബി(സ)യുടെ ഉത്തമ സമുദായത്തിനാണ് അഞ്ചു നിസ്‌കാരവും ഒന്നിച്ചു നിര്‍ബന്ധമാക്കപ്പെട്ടത്.
വിവിധ കാലഘട്ടങ്ങളിലുണ്ടായ പ്രവാചക സമുദായങ്ങളുടെ പ്രായോഗിക ജീവിതത്തിനു വേണ്ട നിയമങ്ങളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ആദംനബി(അ)ന്റെ സമുദായത്തിന് സഹോദരിയെ വിവാഹം കഴിക്കുന്നത് നിഷിദ്ധമല്ലായിരുന്നു. ഒരേ പിതാവിന്റെയും മാതാവിന്റെയും (ആദം-ഹവ്വ(അ)) മക്കള്‍ക്ക് സ്വന്തം സഹോദരിയെ വിവാഹം കഴിക്കുക എന്നതായിരുന്നു മനുഷ്യകുലത്തിന്റെ തുടര്‍ച്ച കാത്തുപോരാനുള്ള ഏക മാര്‍ഗ്ഗം. പിതാവും മാതാവുമായി ആദം(അ)മും ഹവ്വ(റ)യും മാത്രമായിരുന്നു അന്നു ഭൂമിയിലുണ്ടായിരുന്നത്. പിന്നീട് നൂഹ് നബി(അ)ന്റെ വരവോടെ അതു നിഷിദ്ധമാക്കപ്പെട്ടു.
ഇങ്ങനെ വിവിധ കാലങ്ങളില്‍ മാറിവന്ന കര്‍മ്മരീതികള്‍ക്കൊക്കെ അല്ലാഹുവിന്റെ വിധിയും വിലക്കും ബാധകമായിരുന്നു. ഇസ്‌ലാമിന്റെ ഉത്ഭവം മുതലേ ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തിന്റെ വളര്‍ച്ചയും തുടങ്ങിയെന്നു പറയുന്നത് അതുകൊണ്ടാണ്. ഇസ്‌ലാമിക തത്വസംഹിതയുടെ പ്രധാനപ്പെട്ടൊരു ഭാഗം വിശ്വാസിയുടെ കര്‍മ്മമാണെന്നതാണ് ഈയൊരു അനിവാര്യതക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.
ഏറ്റവും ഉത്തമമായ ഒടുവിലത്തെ ഉമ്മത്തിനെയാണ് അല്ലാഹു ഏറ്റവും സമ്പൂര്‍ണ്ണമായ നിയമപദ്ധതി നല്‍കി ശ്രേഷ്ഠപ്പെടുത്തിയത്. മറ്റേതു സമുദായത്തേക്കാളും ജീവിതത്തിന്റെ എല്ലാ തുറകളിലും അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ ജിബ്‌രീല്‍(അ) മുഖേന അല്ലാഹുവിന്റെ റസൂലിന്(സ) പറഞ്ഞുകൊടുത്തു. കര്‍മ്മത്തിന്റെ രീതികളും (കൈഫിയ്യത്തുല്‍ അഅ്മാല്‍) ശരിക്ക് കാണിച്ചുകൊടുത്തു. കൈഫിയ്യത്ത് കൂടി മനസ്സിലാക്കിയിട്ടേ കര്‍മ്മശാസ്ത്രപരമായ വിധികള്‍ ബാധകമായിരുന്നുള്ളൂ. അഞ്ചു വഖ്ത് നിസ്‌കാരം നിര്‍ബന്ധമാക്കിയ ഇസ്‌റാഇന്റെ രാത്രിയിലെ സുബ്ഹ് നിസ്‌കാരം നിര്‍ബന്ധമാക്കപ്പെടാതിരുന്നത് അതിന്റെ കൈഫിയത്തും അറിഞ്ഞിരുന്നില്ല എന്നതു കൊണ്ടായിരുന്നു. (2)
അല്ലാഹുവില്‍ നിന്നുള്ള വഹ്‌യനുസരിച്ച് തിരുനബി(സ) ഒരു വിശ്വാസി ചെയ്യേണ്ട കര്‍മ്മങ്ങളുടെ ആദ്യാന്തം തന്റെ അനുചരവൃന്ദത്തിനു പകര്‍ന്നു നല്‍കി. സ്വഹാബാക്കളും ഒരു ശാരിഅ് എന്ന നിലയില്‍ നബി(സ)യുടെ ശബ്ദവും നിശ്ശബ്ദവും ചലനവും നിശ്ചലനവും ഒക്കെ വീക്ഷിച്ചു പോന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ നിര്‍മ്മാണ കാലഘട്ടമായിരുന്ന (അസ്വറുത്തശ്‌രീഅ്) തിരുനബി(സ)യുടെ ഇക്കാലത്ത്, ഖുര്‍ആനും ഹദീസും മാത്രം ഇസ്‌ലാമിക ജീവിതത്തിന്റെ മാനദണ്ഡങ്ങളായി സ്വീകരിച്ചുപോന്നു. പ്രവാചക കാലത്തിനു ശേഷം, പുതിയ വിഷയങ്ങള്‍ പൊതുവിലും ഉടലെടുത്തു. തിരുനബി(സ)യ്ക്ക് ശേഷമുള്ള ഖിലാഫത്ത്, സക്കാത്ത് നിഷേധം, ഫാത്വിമ(റ)യുടെ അനന്തരാവകാശവാദം, ഖുര്‍ആന്‍ ക്രോഡീകരണം, കള്ള് കുടിയുടെ ശിക്ഷ, തറാവീഹ് നിസ്‌കാരത്തിന്റെ സംഘടിത രൂപം, മുത്തലാഖ് പ്രശ്‌നം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് പരിഹാരം കാണേണ്ടിവന്നു. പല വിഷയങ്ങളും ഖുര്‍ആനിലും സുന്നത്തിലും നസ്സ്വായി (വ്യക്തമായി) കാണാത്ത സ്ഥിതി വന്നപ്പോള്‍ നബി(സ) തന്നെ പറഞ്ഞുതന്ന പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ സ്വഹാബാക്കള്‍ നിര്‍ബന്ധിതരായി. ഇക്കാലത്ത് ഖുര്‍ആനിനും ഹദീസിനും പുറമെ ഇജ്മാഅ്, ഖിയാസ് എന്ന രണ്ടു മാനദണ്ഡങ്ങള്‍കൂടി കര്‍മ്മശാസ്ത്ര സാധുതക്ക് പരിഗണിക്കപ്പെട്ടു. എന്നാല്‍, ഇതൊരിക്കലും ഖുര്‍ആനിനെയും ഹദീസിനെയും വിട്ട് പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുകയായിരുന്നില്ല. ഖുര്‍ആനില്‍ നിന്നും ഹദീസില്‍നിന്നും സ്വാംശീകരിച്ചെടുത്ത ആശയങ്ങള്‍ തന്നെയാണ് പുതിയ മാനദണ്ഡങ്ങള്‍ക്ക് പ്രായോഗിക സാധുത നല്‍കിയത്. ഇജ്തിഹാദിന്റെ സാധ്യത ഉപയോഗപ്പെടുത്തി ഫിഖ്ഹ് എന്ന ഒരു ജ്ഞാനശാഖ തന്നെ തദ്വാര വളര്‍ന്നുവന്നു.
ഇസ്‌ലാമിക ഖിലാഫത്തിന്റെ ശക്തമായ വ്യാപനം കാരണം ലോകത്തിന്റെ പല ദിക്കുകളില്‍ നിന്നും മസ്അലാന്വേഷണങ്ങള്‍ വന്നു. അതുവഴി ഫത്‌വകളുടെ ആദ്യ നിര്‍വ്വഹണത്തിനുള്ള ഭാഗ്യം സ്വഹാബികള്‍ക്ക് തന്നെ കിട്ടി. സ്വഹാബാക്കളില്‍ പൊതുവിലും വിശേഷിച്ചും ഫത്‌വ കൊടുക്കാന്‍ യോഗ്യരായ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ (ഫുഖഹാഅ്) രംഗത്തുവന്നു. മദീനയില്‍ നാല് ഖലീഫമാര്‍, സൈദുബ്‌നു സാബിത്(റ), ഉബയ്യുബ്‌നു കഅ്ബ്(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), ആഇശ(റ) എന്നിവരും മക്കയില്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസും(റ) കൂഫയില്‍ അലിയ്യുബ്‌നു അബീത്വാലിബും(റ) അബ്ദുല്ലാഹിബ്‌നു മസ്ഉൗദൂം(റ) ബസ്വറയില്‍ അനസ് ബ്‌നു മാലിക്(റ), അബൂ മൂസല്‍ അശ്അരി(റ) എന്നിവരും ശാമില്‍ മുആദ്ബ്‌നു ജബല്‍(റ) ഉബാദത്തു ബ്‌നു സ്വാമിദ്(റ) എന്നിവരും ഈജിപ്തില്‍ അബ്ദുല്ലാഹിബ്‌നു അംറുബ്‌നു ആസ്വ(റ)ഉം പാണ്ഡിത്യത്തിന്റെ വിധി പ്രസ്താവങ്ങള്‍ നടത്തിപ്പോന്നു.
ശേഷം വന്ന ഒട്ടേറെ താബിഉകള്‍ മുന്‍ഗാമികളുടെ പാത ഏറ്റുപിടിച്ചു ഇസ്‌ലാമിക കര്‍മ്മശാസ്ത്രത്തെ എല്ലാതരം വിഘടന വാദങ്ങളില്‍ നിന്നും സംരക്ഷിച്ചു നിറുത്തി. സുഫ്‌യാനുബ്‌നു ഉയൈയ്‌ന(റ), നാഫിഅ് മൗലാ ഇബ്‌നു ഉമര്‍(റ) ഇക്‌രിമ മൗലാ ഇബ്‌നി അബ്ബാസ്(റ) അത്യാഅ് ബ്‌നു അബീറബാഹ്(റ) മുജാഹിദ് ബ്‌നു ജബര്‍(റ), അല്‍ഖമത്തുബ്‌നു ഖൈസ്(റ), ഇബ്‌നു ശിഹാബ് സ്സുഹ്‌രി(റ), ഹസനുല്‍ ബസ്വരി(റ), ബസ്വരി(റ)യുടെ സ്വാഹിബായ മുഹമ്മദ് ബ്‌നു സീരീന്‍(റ), ത്വാഊസുബ്‌നു കൈസാന്‍ എന്നിവര്‍ ഫിഖ്ഹിന് വലിയ സംഭാവനകള്‍ ചെയ്തവരാണ്. സഈദു ബ്‌നുല്‍ മൂസയ്യുബ്(റ), ഉര്‍വത്തുബ്‌നു സുബൈര്‍(റ), അല്‍ഖാസിമുബ്‌നു മുഹമ്മദ്(റ), ഖാരിജത്തുബ്‌നു സൈദ്(റ), സാലിം ബ്‌നു അബ്ദില്ലാഹ്(റ), ഉബൈദുല്ലാഹി ബ്‌നു അബ്ദില്ലാഹ്(റ), സുലൈമാനുബ്‌നു യസാര്‍(റ) എന്നിവര്‍ മദീനയിലെ സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് കര്‍മ്മ ശാസ്ത്രപരമായ തീര്‍പ്പുകള്‍ നല്‍കി. സപ്ത കര്‍മ്മശാസ്ത്ര പണ്ഡിതര്‍ (ഫുഖഹാഉസ്സബ്അ) എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്.
മദ്ഹബിന്റെ നാലു ഇമാമുകള്‍ വന്നതോടെയാണ് ഫിഖ്ഹിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള വികാസവും ഉണ്ടാകുന്നത്. ഓരോ ഇമാമുകളും ഇജ്തിഹാദ് ചെയ്തു കര്‍മ്മശാസ്ത്രത്തെ വിപുലപ്പെടുത്തുകയും സ്വന്തമായ കര്‍മ്മശാസ്ത്ര നിദാനങ്ങള്‍ (ഉസ്വൂലുല്‍ ഫിഖ്ഹ്) കൊണ്ടുവരികയും ചെയ്തു. ആദ്യമായി കടന്നുവന്ന ഇമാമുല്‍ അഅ്‌ളം അബൂ ഹനീഫ(റ) (80-150) വിന്റെ മദ്ഹബ് കൂഫ ആസ്ഥാനമാക്കി വളര്‍ന്നു പന്തലിച്ചു. വിശുദ്ധ ഖുര്‍ആന്‍, ഹദീസ് സ്വീകരണത്തിലെ കണിശത, ഖിയാസിലെ ഉദാരത, ഇസ്തിഹ്‌സാന്‍, അല്‍ ഫിയലുശ്ശര്‍ഇയ്യ എന്നിവയായിരുന്നു അബൂ ഹനീഫ(റ)വിന്റെ പ്രധാന ഉസ്വൂലുകള്‍.
മാലിക്കി മദ്ഹബിന്റെ ഇമാമായ ഇമാം മാലിക്ബ്‌നു അനസ് ബ്‌നു മാലിക് (93-179) മദീന ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. മദീനക്കാരുടെ ആരാധനാരീതികള്‍ക്കാണ് മറ്റുള്ളവരുടേതിനാക്കള്‍ അദ്ദേഹം പ്രാധാന്യം നല്‍കിയത്. വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, മദീനക്കാരുടെ പ്രവൃത്തി, സ്വഹാബിയുടെ വാക്ക്, മാസ്വാലി ഹുല്‍ മുര്‍സല, ഖിയാസ്, സുദുദ്ദറാഇഅ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കര്‍മ്മശാസ്ത്ര നിദാനങ്ങള്‍. ശേഷം വന്ന ഇമാം ശാഫിഈ (റ) (150-204) യുടെ മദ്ഹബ് ബ്ഗദാദും ഈജിപ്തും ആസ്ഥാനമാക്കിയാണ് വളര്‍ന്നുവന്നത്. വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, സ്വഹാബിയുടെ വാക്ക്, ഖിയാസ് എന്നിവയാണ് ശാഫിഈ മദ്ഹബിന്റെ പ്രധാന ഉസ്വൂലുകള്‍. ഇമാം അഹ്മദ് ബ്‌നു ഹമ്പലും (റ) (164-241) സ്വന്തമായ മദ്ഹബ് വികസിപ്പിച്ചെടുത്ത് കര്‍മ്മശാസ്ത്ര നിദാനങ്ങള്‍ കൊണ്ടുവന്നു. നസ്സ്വുകള്‍ (ഖുര്‍ആന്‍, ഹദീസ്) സ്വഹാബാക്കളുടെ ഫത്‌വകള്‍, ഫത്‌വകള്‍ വിഭിന്നമായാല്‍ ഇഖ്തിയാര്‍, മുര്‍സലും ളഈഫുമായ ഹദീസ് സ്വീകരിക്കല്‍ എന്നിവയാണ് അദ്ദേഹത്തിന്റെ നിദാനങ്ങള്‍.
ഇവര്‍ക്ക് ശേഷം തങ്ങളുടെ ശിഷ്യഗണങ്ങളും അസ്വ്ഹാബുമാണ് ഈ മദ്ഹബുകളെ ക്രോഡീകരിച്ചതും ചിട്ടപ്പെടുത്തിയതും. അബൂയൂസുഫ്(റ), മുഹമ്മദ് ബ്‌നുല്‍ ഹസനുശ്ശൈബാനി(റ) ഇവര്‍ അബൂഹനീഫ(റ)യുടെ രണ്ട് സ്വഹാബുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സഫര്‍ ബ്‌നുല്‍ ഹുദൈല്‍(റ), ഹസനു ബ്‌നു സ്സയ്യാദ്(റ) എന്നിവര്‍ ഹനഫീ ഫിഖ്ഹിനെയും അബ്ദുല്ലാഹിബ്‌നു അബ്ദില്‍ ഹകം(റ), അസ്വബഗ് ബ്‌നുല്‍ ഫറജ്(റ) തുടങ്ങിയവര്‍ മാലിക്കീ ഫിഖ്ഹിനെയും വിപുലപ്പെടുത്തി. ഇമാം മുസ്‌നി(റ), ഇമാം ബൂവൈത്വി തുടങ്ങിയ ശാഫിഈ ഇമാമി(റ)ന്റെ അസ്വ്ഹാബുകളാണ് ശാഫിഈ ഫിഖ്ഹിനെ ത്വരിതപ്പെടുത്തിയത്. ഇസ്ഹാഖ് ബ്‌നു റാഹവൈഹി(റ), അഹ്മദ്ബ്‌നു മുഹമ്മദ് ബ്‌നുല്‍ ഹജ്ജാജ്(റ) പോലോത്തവര്‍ ഹമ്പലീ ഫിഖ്ഹിന്റെ വികാസത്തില്‍ നേതൃപരമായ പങ്കുവഹിച്ചു.
എന്നാല്‍, ഇക്കാലത്ത് ഈ നാലു ഇമാമുകളുടെ മദ്ഹബുകള്‍ക്ക് പുറമെ മറ്റു കര്‍മ്മശാസ്ത്ര ധാരകളും കടന്നുവന്നിട്ടുണ്ട്. എന്നാല്‍, അവയില്‍ പലതും ക്രോഡീകരിക്കപ്പെടാത്തതും നിബന്ധനകള്‍ അവ്യക്തമായവയുമാണ്. ലൈംഗികാവശ്യത്തിന് വേണ്ടി അടിമസ്ത്രീകളെ വായ്പ വാങ്ങല്‍ അനുവദനീയമാണെന്ന് അത്യാഉം(റ), ഫജ്‌രിന് ശേഷവും സൂര്യോദയത്തിന് മുമ്പുമായി റമളാനില്‍ ഭക്ഷണം കഴിക്കുന്നതില്‍ തെറ്റില്ലെന്ന് അഅ്മശും(റ) അഭിപ്രായപ്പെട്ടതായി കാണാം. ഇവയൊന്നും അവലംബിക്കാന്‍ പറ്റില്ലെന്ന കഫ്ഫുര്‍റുആഇല്‍ ഇബ്‌നു ഹജര്‍(റ) പറയുന്നുണ്ട്.
എന്നാല്‍ പ്രസിദ്ധമായ നാല് മദ്ഹബുകളുള്‍പ്പെടെ ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെട്ട, ആളുകള്‍ അനുധാവനം ചെയ്യുന്ന പത്തോളം മദ്ഹബുകളുണ്ടായിരുന്നെന്ന് ഇമാം സുയൂത്വി(റ) ഇഅ്‌ലാമില്‍ പറയുന്നുണ്ട്. 4 മദ്ഹബുകള്‍ക്ക് പുറമെ സുഫ്‌യാനു സ്സൗരി(റ)യുടെ മദ്ഹബ്, ലൈസുബ്‌നു സഅ്ദ്(റ)വിന്റെ മദ്ഹബ്, ഇസ്‌റാഖ് ബ്‌നു റാഹവൈഹി(റ)യുടെ മദ്ഹബ്, ഇബ്‌നു ജരീര്‍(റ)വിന്റെ മദ്ഹബ്, ദാവൂദ്(റ)വിന്റെ മദ്ഹബ് എന്നീ അഞ്ച് മദ്ഹബുകളെ അതില്‍ എണ്ണുന്നുള്ളൂ. എന്നാല്‍, ജംഉല്‍ ജവാമിഇല്‍ പറഞ്ഞ പത്തില്‍ ലൈസും(റ) ഇബ്‌നു ജരീദും(റ) ഉള്‍പ്പെടുന്നില്ല. പകരം സുഫ്‌യാനുബ്‌നു ഉയൈയ്‌ന(റ), ഔസാഈ(റ) എന്നിവരുടെ മദ്ഹബുകളെയാണ് എണ്ണിയിട്ടുള്ളത്. അപ്പോള്‍ നിരവധി വര്‍ഷക്കാലം പിന്തുടര്‍ന്നു പോന്നിരുന്ന മദ്ഹബുകള്‍ ആകെ പതിനൊന്നെണ്ണമുണ്ടായിരുന്നെന്ന് വരുന്നു. എന്നാല്‍ പ്രസിദ്ധമായ നാല് മദ്ഹബുകളൊഴിച്ചുള്ളതെല്ലാം പണ്ഡിതരുടെ വിയോഗവും ആളുകളുടെ വീഴ്ചയും മൂലം സംരക്ഷിക്കപ്പെടാതെ പോകുകയാണ് ചെയ്തത്.3
കര്‍മ്മശാസ്ത്രത്തിന്റെ മൗലികമായ ഉള്ളടക്കങ്ങളെയും മാനദണ്ഡങ്ങളെയും ഇമാമുകള്‍ തന്നെ പറഞ്ഞുവെച്ചെങ്കിലും കാലാന്തരങ്ങളില്‍ കടന്നുവന്ന പുതിയ പ്രശ്‌നങ്ങള്‍ക്ക് പില്‍കാല കര്‍മ്മശാസ്ത്രപണ്ഡിതര്‍ തീര്‍പ്പു നല്‍കുകയായിരുന്നു. ഗ്രന്ഥരചന നടത്തിയും സംവാദത്തിലേര്‍പ്പെട്ടും ഓരോരുത്തരും തങ്ങളുടെ കര്‍മ്മശാസ്ത്ര ധാരയെ പ്രബലപ്പെടുത്തി. കര്‍മ്മശാസ്ത്രത്തിന്റെ വികാസത്തിലും വളര്‍ച്ചയിലും പില്‍ക്കാല പണ്ഡിതന്മാര്‍ തങ്ങളുടെ നേതൃത്വം ഒരു ബാധ്യതയെന്നോണം ഓരോ കാലത്തും ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ ഒരു ജ്ഞാനശാഖയുടെ എല്ലാ മാനദണ്ഡങ്ങളും ഒത്തുവന്ന് കര്‍മ്മശാസ്ത്രം, ഇസ്‌ലാമിക തത്വസംഹിതയുടെ ഭാഗമായിത്തീര്‍ന്നു.
ഫിഖ്ഹ് എന്ന അറബി ശബ്ദത്തിന്റെ മലയാള ഭാഷാന്തരമായാണ് കര്‍മ്മശാസ്ത്രം എന്ന വാക്ക് പൊതുവെ വ്യവഹരിക്കപ്പെടുന്നത്. ഗ്രഹിക്കല്‍ (ഫഹ്മ്) എന്നാണ് ഫിഖ്ഹിന്റെ ഭാഷാപരമായ അര്‍ത്ഥം.4 സാങ്കേതികമായി പറഞ്ഞാല്‍ വിശാലമായ തെളിവുകളില്‍ നിന്നും സ്വാംശീകരിച്ചെടുത്ത പ്രായോഗിക ശര്‍ഈ വിധികളെ കുറിച്ചുള്ള അറിവാണ് കര്‍മ്മശാസ്ത്രം (ഫിഖ്ഹ് / Jursiprudence) ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവ അതിന്റെ നാല് ആശയര സ്രോതസ്സുകളാണ്. ദൈവിക കല്‍പ്പനകളോടുള്ള വിധേയത്വവും എതിര്‍പ്പുകളോടുള്ള വിരോധവുമാണ് അതിന്റെ നേട്ടം. (ഫാഇദ)5. എന്തു വിധി ബാധകമാകും എന്നര്‍ത്ഥത്തില്‍ കല്‍പ്പിക്കപ്പെട്ടവന്റെ പ്രവൃത്തി (ഫിഅ്‌ലുല്‍ മുക്കല്ലഫ്)യാണ് ഫിഖ്ഹിന്റെ വിഷയ തന്തു. (മൗളൂഅ്)
ഫിഖ്ഹിന്റെ അസ്തിവാരം (മബ്‌നല്‍ ഫിഖ്ഹ്) പ്രധാനമായും നാല് കാര്യങ്ങളിലാണെന്ന് പറയപ്പെടാറുണ്ട്. 1- ബുദ്ധിമുട്ട് അനായാസം നല്‍കും. (അല്‍ മശഖ്ഖത്തുല്‍ തജ്‌ലിബുത്ത യ്‌സീറ) ഉദാ: യാത്ര ഒരു ബുദ്ധിമുട്ടായപ്പോള്‍ ജംഉം ഖസ്വറും അനുവദിക്കപ്പെട്ടു. 2- ക്ലേശങ്ങള്‍ നീക്കപ്പെടും. (അള്ളററു യുസാലു) ഉദാ: മഴ ക്ലേശമാണെങ്കില്‍ ജമാഅത്ത് ഒഴിവാക്കാം. 3- നാട്ടുനടപ്പ് വിധി നല്‍കുന്നതാണ് (അല്‍ ആദത്തു മുഹ്കമത്തുന്‍) ഉദാ: കുഫ്അ് ഒക്കുന്നതില്‍ മിക്കയിടത്തും നീങ്ങിപ്പോകില്ല. (അല്‍ യഖീനു ലാ യുസാലു ബി ശക്കിന്‍) ഉദാ: വുളൂ മുറിഞ്ഞോ എന്ന് സംശയം. വുളൂ ഉണ്ട് എന്ന ഉറപ്പിനെ അസാധുവാക്കുകയില്ല.6
ഗ്രന്ഥസൂചി 1- തുഹ്ഫ / ഇബ്‌നു ഹജരില്‍ ഹൈതമി(റ) -416/1 2. ഫത്ഹുല്‍ മുഈന്‍ / ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍(റ) -പേ. 5 3. അല്‍ ഫവാഇദുല്‍ മദനിയ്യ / ശൈഖ് മുഹമ്മദ് ബ്‌നു സുലൈമാന്‍ അല്‍ കുര്‍ദി (റ) -പേ. 237 4. അല്‍ ഖാമൂസുല്‍ മുഹിത്വ -291/4 5. ഫത്ഹുല്‍ മുഈന്‍, പേജ് 4 6. മര്‍ഹൂം അബ്ദുല്‍ അസീസ് ബാഖവി വറ്റലൂരുമായുള്ള സംസാരത്തില്‍ നിന്ന്.
Leave A Comment