മസ്ജിദ് തകർത്ത ഭൂമിയിൽ ക്ഷേത്ര മന്ദിരം ഉയരുമ്പോൾ: ചില ഓർമ്മകൾ

2019 നവംബറിലെ ഒരു ശനിയാഴ്ചയാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി വന്നത്. ബാബരി മസ്ജിദ് തകർത്തത് തെറ്റായിരുന്നു എന്ന് പ്രസ്താവിച്ച വിധിന്യായത്തിൻ്റെ ഒടുവിൽ അവിടെ ക്ഷേത്രം പണിയാൻ വിട്ട് കൊടുക്കണമെന്ന വിധി.വിധിയിൽ നിരാശ തോന്നിയവരും അല്ലാത്തവരും സംയമനത്തോടെ നേരിട്ട ദിനം.

 അന്ന് ഞാൻ കാസർക്കോട് കേരള കേന്ദ്ര സർവകലാശാലയിലായിരുന്നു.മൂന്നരക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വെച്ച്  തിരുവനന്തപുരം എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് വണ്ടി കയറി.സ്ലീപർ ക്ലാസ് യാത്ര.ട്രെയിൻ പയ്യന്നൂരെത്തി.കാവി മുണ്ടും നീണ്ട കാവി ഷർട്ടും ധരിച്ച നെറ്റിയിൽ കുറിയിട്ട ഒരു മനുഷ്യൻ വണ്ടിയിൽ കയറി.പൊതുവെ യാത്രക്കാർ കുറവായിരുന്നു. ഞാൻ വാട്ട്സപ്പ് നോക്കിയിരിക്കുകയായിരുന്നു. ബാബരി വിധിയുടെ വ്യത്യസ്ത പ്രതികരണങ്ങൾ.
കാവി വസ്ത്രം ധരിച്ച മാന്യനായ സന്യാസി തൊപ്പി ധരിച്ച എന്നെ നോക്കി. എൻ്റെ വാട്ട്സപ്പിലെ നോട്ടവും വാർത്തയും അദ്ദേഹം കണ്ടിരിക്കണം. സൗമ്യതയോടെ പറഞ്ഞു:
"കുട്ടീ,വിഷമിക്കേണ്ട,കാലം ഇങ്ങനെയൊക്കെയാണ് "
ആമുഖമില്ലാതെ  അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ ക്ഷേത്രം പണിയാൻ വന്ന വിധിയിൽ സങ്കടം തോന്നുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതിനിധിയായി എന്നെ അദ്ദേഹം കണ്ടിരിക്കണം.
ഞാനൊന്ന് പുഞ്ചിരിച്ചു. പേരും നാടും വീടും ചോദിക്കുന്നതിന് പകരം നല്ല വർത്തമാനം പങ്ക് വെക്കാൻ താൽപര്യപ്പെടുന്ന ചിലരെ നാം കണ്ട് മുട്ടാറില്ലേ? അങ്ങനെത്തെ ഒരാൾ.

"ഇതൊന്നും രാമനോടുള്ള ഭക്തിയല്ല. ഓരോരോ കാട്ടിക്കൂട്ടലകൾ....." അദ്ദേഹം തുടർന്നു.
ചിലകാര്യങ്ങളൊക്കെ അദ്ദേഹം പറഞ്ഞു.സംസ്കൃതത്തിലെ ചില വാക്യങ്ങളും മറ്റും പറഞ്ഞു.ശ്രീരാമനെപ്പറ്റിയും.

എനിക്കൊരു കാര്യം ബോധ്യമായി.മഹാഭൂരിപക്ഷം വരുന്ന കളങ്കമില്ലാത്ത ഹിന്ദുക്കളുടെ പ്രതിനിധിയാണദ്ദേഹം.

വണ്ടി കണ്ണൂരിലെത്തി."ചായ കുടിച്ചാലോ"
എൻ്റെ ചോദ്യം.
പുഞ്ചിരിയോടെ "വേണ്ട, മോൻ കുടിച്ചോളൂ". സ്വാമിജി കുടിക്കാതെ ഞാനെങ്ങനെ കുടിക്കാനാ എന്ന് ചിന്തിച്ച് വേണ്ട എന്ന് വെച്ചു.
വണ്ടി തലശ്ശേരി പിന്നിട്ടു.മാഹിയിലെത്താറായി.
അദ്ദേഹം പറഞ്ഞു:
"അവർ പണിയുന്ന ആ മന്ദിരത്തിൽ ഒരിക്കൽ ഞാൻ പോകും"

"നിങ്ങളെന്തിനാ ശ്രീരാമ ക്ഷേത്രത്തിൽ പോണത്"  എൻ്റെ സംശയം

" ശ്രീരാമ ക്ഷേത്രമെന്ന് പറയരുത്. ഒത്തുതീർപ്പ് മന്ദിരമാണത്" അദ്ദേഹം തിരുത്തി.
എൻ.എസ് മാധവൻ്റെ കഥയിൽ സബ് എഡിറ്ററായ സുഹറയെ തിരുത്തിയ ചുല്യാട്ടിനെ ഓർമ്മ വന്നു.

"എന്തിനാ പോകുന്നത് "?

" അവിടെ പോയിട്ട് ശ്രീരാമനോടും ഇന്ത്യയിലെ മുസ്ലിംകളോടും മാപ്പ് ചോദിക്കണം..."
"ഒരിക്കൽ ഞാൻ പോകുക തന്നെ ചെയ്യും." അദ്ദേഹം പറഞ്ഞ് നിർത്തി.
വണ്ടി മാഹിയിലെത്തി. അദ്ദേഹം വേഗത്തിൽ ഇറങ്ങി.

ശ്ശേ, ആ നല്ല ഭാരതീയൻ്റെ മൊബൈൽ നമ്പർ ചോദിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് മൊബൈൽ നമ്പർ ഉണ്ടാകുമോ?അതും അറിയില്ല.കൂടെയിരുന്ന് ഒരു സെൽഫിയെടുത്ത് "നല്ല ഭാരതീയൻ്റെ കൂടെ" എന്ന അടിക്കുറിപ്പോടെ സ്റ്റാറ്റസിടാനും കഴിഞ്ഞില്ല...യാത്ര കഴിയും വരെ നമ്മുടെ കൂടെയുണ്ടാവണമെന്ന് നാമാഗ്രഹിക്കുന്ന ചിലർ അപ്രതീക്ഷിതമായി പിരിഞ്ഞ് പോകുമ്പോൾ വേദന തോന്നാറില്ലേ?
പക്ഷേ ഒരിന്ത്യക്കാരനായതിൽ  വല്ലാത്ത അഭിമാനം തോന്നി.
കാർമേഘങ്ങൾ ചില കാലത്തുണ്ടാകും.അത് നീങ്ങും. നമ്മൾ വ്യത്യസ്തത പുലർത്തി ഇവിടെ കഴിയും.ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ആയിട്ട് തന്നെ. 

സഹിഷ്ണുതയാണ് ഭാരതത്തിൻ്റെ ആത്മാവ്.ഇത് എല്ലാർക്കും ബാധകമാണ്.
കഴിഞ്ഞാഴ്ചയാണല്ലോ ബലി പെരുന്നാൾ ആഘോഷിച്ചത്.
ബലി മൃഗത്തെ അറുത്ത് മാംസം ദാനം ചെയ്യൽ ബലി പെരുന്നാൾ ദിനത്തിൽ പുണ്യകർമ്മമാണ്.
 പശുവിനെ ബലിയറുക്കാൻ തീരുമാനിച്ച നിങ്ങളോട്  വീടിനടുത്തെ ഹിന്ദു സഹോദരൻ വന്നു കളങ്കമില്ലാതെ പറയുന്നുവെന്ന് സങ്കൽപ്പിക്കുക. "പശു എൻ്റെ ദൈവമാണ്, പ്ലീസ്, ഇതിനെ അറുക്കരുത്"
അപ്പോൾ, "ഇന്ത്യ മതേതര രാജ്യമാണ്. എനിക്ക് അതിനുള്ള സ്വാതന്ത്രമുണ്ട് " എന്ന് വാശി പിടിച്ച് പറഞ്ഞാൽ നിങ്ങൾ ഒരു നല്ല മുസ്ലിമല്ല. കാരണം, വാശി പിടിച്ച് ബലിയറുത്താൽ അല്ലാഹു പ്രതിഫലം തരില്ലല്ലോ.നല്ല ചിന്തയിലാന്ന് ബലി അർപ്പിക്കേണ്ടത് എന്ന് ഖുർആൻ പറയുന്നുണ്ടല്ലോ.അയൽ വീട്ടുകാരനെ പരിഗണിച്ച് ബലിമൃഗത്തെ മാറ്റി പോത്തിനെയോ ആടിനേയോ അറുക്കുന്ന നിങ്ങളെയാകും ദൈവത്തിന് കൂടുതലിഷ്ടം. അത്തരം സമയങ്ങളിൽ അറുക്കാതിരുന്നാൽ അതും ഒരു പക്ഷേ ഇഷ്ടമാകും. പശുവിൻ്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവരെ സപ്പോർട്ട് ചെയ്യുകയാണ് എന്ന് കരുതില്ല എന്ന വിശ്വാസത്തിലാണിത് പറയുന്നത്.

മസ്ജിദും അമ്പലവും ചർച്ചും വാശിയിൽ മത്സരിച്ച് പണിതിട്ട് ആർക്ക് നേട്ടം?ഏത് ദൈവത്തിനാണ് തൃപ്തമാവുക?

അതെ, സഹിഷ്ണുതയും സംയമനവും പാലിച്ച് എല്ലാ വൈറസുകളേയും അതിജീവിച്ച് നാം മുന്നോട്ട് പോകും. കാരണം ഭാരത മണ്ണിനേക്കാൾ പവിത്രമായ മനസ്സുള്ള കോടിക്കണക്കിന് നല്ല ഭാരതീയരുരുണ്ടീ മണ്ണിൽ.

ശ്രീരാമന് തൃപ്തമാകുന്ന മന്ദിരങ്ങൾ ഒരുപാട് ഉയരട്ടെ...!

മസ്ജിദ് തകർത്ത ഭൂമിയിൽ ക്ഷേത്രം പണിയുമ്പോൾ  സങ്കടം അനുഭവിക്കുന്ന കോടിക്കണക്കിന് നിഷ്കളങ്കരായ ശ്രീരാമ ഭക്തരുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു.


 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter