ബംഗാളികള്‍ കാത്തത് ഇന്ത്യന്‍ മുസ്‍ലിമിന്‍റെ മാനം
bengal idris mpബംഗാള്‍ എന്ന് കേട്ടാല്‍ യാതനയുടെ ചിത്രവൈവിധ്യങ്ങളാണ് മനസ്സില്‍ ഓടിയെത്തുക. അവരെ ആശ്വസിപ്പിക്കാനും പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു, കേരളത്തിലടക്കമുള്ള മുസ്‍ലിം കൂട്ടായ്മകള്‍. വിരോധാഭാസമെന്നോണം ബംഗാളിലെ അധസ്ഥിത മുസ്‍ലിം സമൂഹം തന്നെ വരേണ്ടി വന്നു, ഇന്ത്യയിലെ മൊത്തം മുസ്‍ലിം സമുദായത്തിന്‍റെ കണ്ണീരൊപ്പാന്‍. സ്വയം നില്‍ക്കാന്‍ കെല്‍പില്ലെങ്കിലും ബംഗാള്‍ മുസ്‍ലിംകള്‍ തങ്ങളുടെ എട്ട് പ്രതിനിധികളെയാണ് ഇത്തവണ പാര്‍ലമെന്‍റിലേക്കയച്ചത്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ആകാംക്ഷയോടെ ചാനലുകളില്‍ വീക്ഷിച്ച മുസ്‍ലിംകള്‍ക്ക് കണ്ണുംനട്ടിരിക്കാനേ  കഴിഞ്ഞിരുന്നുള്ളൂ. കേരളത്തില്‍ സീറ്റ് നിലനിര്‍ത്താനായതില്‍ അഭിമാനിക്കാമെങ്കിലും നിലം വിട്ടാഘോഷിക്കുന്നത് മൌഢ്യമാണ്. ഭരണം ആരുടെ കയ്യിലാണെന്നോര്‍ക്കുമ്പോഴുള്ള കടുത്ത ആശങ്കക്കപ്പുറം, കഴിഞ്ഞ വര്‍ഷം മുപ്പത് പ്രതിനിധികളുള്ളിടത്ത് പുതിയ സഭയില്‍ കഷ്ടിച്ച് 23 കൊണ്ട് മുസ്‍ലിംകള്‍ക്ക് സായൂജ്യമടയേണ്ടി വന്നുവെന്നത് ഓര്‍ക്കാപുറത്തേറ്റ പ്രഹരമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ നിന്നും ബംഗാളില്‍ നിന്നും മുസ്‍ലിം സമുദായത്തെ പ്രതിനിധീകരിച്ച് ഏഴ് വീതം എം.പിമാരായിരുന്നു നിയമ നിര്‍മാണ സഭയിലെത്തിയിരുന്നത്. 2001-ലെ സെന്‍സസ് പ്രകാരം രാജ്യത്തെ 18.5 % മുസ്‍ലിംകളുടെ ആവാസ കേന്ദ്രമായ 80 സീറ്റുള്ള യു.പിയില്‍ ഇതിപ്പോള്‍ വട്ടപ്പൂജ്യമാണ്. ബംഗാളിലെ പ്രകടനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ചുനില്‍ക്കുകയും ചെയ്യുന്നു. ബീഹാറിലും കഴിഞ്ഞ വര്‍ഷം മൂന്ന് എം.പിമാരുള്ളത് ഇപ്പോള്‍ നാലായിക്കൂടിയതും പൊരിവെയ്‍ലത്ത് ഒരു തുള്ളിവെള്ളമെന്ന പോലെ തെല്ല് ആശ്വാസം പകര്‍ന്നു.
celertn
മറ്റാരെക്കാളും മുസ്‍ലിം സമുദായത്തെ ഗൌരവമായി ബാധിക്കുന്ന ഏക സിവില്‍ കോഡും രാമക്ഷേത്രവും, ബി.ജെ.പിക്ക് തനിച്ചുതന്നെ വേണ്ടുവോളം ആള്‍ബലമുള്ള സഭയില്‍ ചര്‍ച്ചക്കെത്തുമ്പോള്‍ ഒരു മൂലയില്‍ നിന്നും വലിയ മതേതര കക്ഷികളുടെ ചെറിയ സംഘം നടത്തുന്ന ദയനീയമായ ഈര്‍ക്കിളി പ്രതിഷേധം സഭയുടെ അങ്ങേതല എത്താന്‍ തന്നെ പാടുപെടുമോ എന്നത് കണ്ടറിയണം. പ്രതിഷേധങ്ങളുടെ കരു നീക്കാനാണെങ്കില്‍ പുതിയ സഭയില്‍ പ്രതിപക്ഷ നേതാവുമില്ല.
28 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്ള ഇന്ത്യയില്‍ ഏഴ് സംസ്ഥാനത്തും ഒരു കേന്ദ്ര ഭരണ പ്രദേശത്തും മാത്രമാണ് മുസ്‍ലിം പ്രതിനിധികള്‍ ഇന്ദ്രപ്രസ്ഥത്തിലെത്തിയത്. ശേഷിക്കുന്ന 21 സംസ്ഥാനങ്ങളില്‍ നിന്നും ലോക്സഭയില്‍ മുസ്‍ലിം ന്യൂനപക്ഷത്തിന് വേണ്ടി ശബ്ദിക്കാന്‍ ആളില്ലെന്ന് ചുരുക്കം.
തമിഴ്നാട്ടിലും മുസ്‍ലിം ഭൂരിപക്ഷമുള്ള ജമ്മുകശ്മീരിലും കഴിഞ്ഞ തവണയുള്ളതിനേക്കാള്‍ കുറവാണ് മുസ്‍ലിം എം.പിമാരുടെ എണ്ണമെന്നത് വേറെക്കാര്യം. കശ്മീരില്‍ നാലുണ്ടായിരുന്നത് മൂന്നും തമിഴ്നാട്ടില്‍ രണ്ടുണ്ടായിരുന്നത് ഒന്നുമാണിപ്പോള്‍.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിച്ച 428 സ്ഥാനാര്‍ത്ഥികളില്‍ വെറും ഏഴ് സീറ്റാണ് മുസ്‍ലിംകള്‍ക്കായി നല്‍കിയതെന്നും അവരില്‍ ഒരാളും പച്ച തൊട്ടില്ലെന്നതും മതേതര ഭാരതത്തിന് നല്‍കുന്ന കടുത്ത സൂചനകളില്‍ ഒന്ന് മാത്രം. യു.പി പോലെയുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റ് നല്‍കി മുസ്‍ലിംകളെ പ്രീണിപ്പിക്കാന്‍ തയ്യാറാവാതെ തങ്ങളുടെ വര്‍ഗീയ മുഖം കൊണ്ട് തന്നെ ബി.ജ.പിക്ക് വിജയിക്കാനായി എന്നത് ജനാധിപത്യ ഭാരതത്തിന്‍റെ അശുഭകരമായ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് കൊണ്ടാണല്ലോ പ്രകടനപത്രികയിലടക്കം ന്യൂനപക്ഷങ്ങളെ തറപറ്റിക്കുന്ന വര്‍ഗീയവും സാമൂഹ്യ വിരുദ്ധവുമായ പദ്ധതികള്‍ സധൈര്യം ചേര്‍ക്കാന്‍ പാര്‍ട്ടിക്കായത്.
bengalis
 
മുസ്‍ലിംകള്‍ക്ക് എന്തുപറ്റി ?
അമിത്ഷായായിരുന്നു ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ നയിച്ചത്. തീവ്രഹിന്ദുത്വഭാവമുള്ള അമിത്ഷായെ മാത്രമെ ഇന്ത്യക്ക് സുപരിചിതമുള്ളൂ. പലപ്പോഴായി വര്‍ഗീയ പ്രസ്താവനകള്‍ ഷായുടെ കഴുത്തില്‍ കുരുങ്ങിയിട്ടുമുണ്ട്. പിന്നെയും യു.പിയിലെ മുസ്‍ലിം വോട്ടുകള്‍ ബി.ജെ.പി കൌണ്ടറില്‍ പോയതെങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്.
പൊതു ലക്ഷ്യത്തിന് വേണ്ടി ബി.എസ്.പി, എസ്.പി, എ.എ.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മില്‍ അങ്കം തീര്‍ത്തതിലൂടെ പലയിടത്തും  മതേതര വോട്ടുകള്‍ ഭിന്നിച്ചുവെന്നത് കാരണങ്ങളിലൊന്ന് മാത്രമാണ്. വിലിയൊരു ശതമാനം മുസ്‍ലിംകള്‍ ബോധപര്‍വം ബി.ജെ.പിയെ തെരഞ്ഞെടുത്തുവെന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തിയത്. മുസ്‍ലിംകള്‍ക്ക് ശക്തിയുള്ള ചാന്ദ്നി ചൌകില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എം.പിയായ കപില്‍ സിബലിനോട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹര്‍ഷ് വര്‍ധന്‍ പൊരുതി നേടിയത് മിന്നുന്ന വിജയമാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം വോട്ടുകള്‍ കെജ്രിവാളിനെ തുണച്ചിരുന്നെങ്കിലും ലോക്സഭയില്‍ അത് പണ്ടേ പോലെ ഫലിച്ചില്ല എന്നു തന്നെ വണം പറയാന്‍.
യു.പിയിലെ മുസ്‍ലിംകളില്‍ സര്‍ക്കാര്‍ വരുദ്ധ തരംഗം (Anti incumbecy factor) ഏറെ സ്വാധീനിച്ചിരുന്നതായാണ് വിലയിരുത്തല്‍. തുടരെ വന്ന കോണ്‍ഗ്രസിന് യു.പിയിലെ മുസ്‍ലിംകളുടെ പള്‍സ് അറിഞ്ഞ് പ്രവര്‍ത്തിക്കാനോ അവരുടെ മൌലികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ ആയില്ലെന്നത് മോദിയില്‍ പുതിയ പ്രതീക്ഷകളര്‍പിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കി.  അത് കൊണ്ട് തന്നെയാണ് മുസ്‍ലിംകള്‍ അവിഭാജ്യ ഘടകമായ യു.പിയിലെ 27 മണ്ഡലങ്ങളിലടക്കം ബി.ജെ.പിക്ക് തൂത്തുവാരാനായതും. അഞ്ച് വോട്ടര്‍മാരില്‍ ഒരാള്‍ മുസ്‍ലിം എന്ന അനുപാതമുള്ള 102 മണ്ഡലങ്ങളില്‍ 47 സീറ്റും ബി.ജെ.പിക്ക് വിജയം കൊയ്യാനായതും ഇതിന്‍റെ ഭാഗമാണ്.
യു.പിയിലേതടക്കമുള്ള മുസ്‍ലിം പുരോഹിതര്‍ മോദിക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയതും പൊതുരംഗത്ത് പൊതുവെ സാന്നിധ്യമറിയിക്കാത്ത പര്‍ദ്ധ ധാരികളായ സ്ത്രീകള്‍ വരെ മോദിക്കായി പ്രവര്‍ത്തിച്ചതും വോട്ടുകള്‍ മറിയാന്‍ കാരണമായിട്ടുണ്ട്.
62 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മുസ്‍ലിംകള്‍ക്ക് പാര്‍ലമെന്‍റില്‍ പ്രാതിനിധ്യം ഇത്രയും കുറയുന്നത്. മൊത്തം അംഗങ്ങളുടെ 4.3 ശതമാനമാണിത്. 1980-ല്‍ 9.3 ശതമാനത്തോടെ 49 അംഗങ്ങള്‍ ഇന്ത്യയുടെ നിയമ നിര്‍മാണ സഭയിലിരുന്നത് പോലെ മറ്റൊരു അഭിമാന മുഹൂര്‍ത്തം കൂടി ഭാവിയില്‍‍ നമുക്ക് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter