ലൗ ജിഹാദ്: സ്വന്തം മതംമാറ്റങ്ങള്‍ മറച്ചുപിടിക്കാന്‍ ആര്‍.എസ്.എസ് പടച്ച കെട്ടുകഥ

മുസ്‌ലിംകളില്‍നിന്നും നിരന്തരമായി തങ്ങള്‍ നടത്തുന്ന മതം മാറ്റങ്ങളെ മറച്ചുപിടിക്കാന്‍ ആര്‍.എസ്.എസ് മെനഞ്ഞുണ്ടാക്കിയ കെട്ടുകഥയായിരുന്നു മുസ്‌ലിം ചെറുപ്പക്കാര്‍ക്കു നേരെയുള്ള ലൗ ജിഹാദ് ആരോപണം. ഈ ആരോപണം തികച്ചും വസ്തുതാവിരുദ്ധവും ഈ അജണ്ട സത്യസന്ധവുമാണെന്നു തെളിയിക്കുന്നതാണ് ഇന്ന് ഉയര്‍ന്നുകേട്ടുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും. 

ഇന്ന് ഉണ്ടാകുന്ന പല സംഭവങ്ങളും ഒരു വര്‍ഷം മുമ്പ് ഇന്ത്യയെ ഇളക്കിമറിച്ച ലൗജിഹാദിന്റെ യഥാര്‍ത്ഥ പൊരുള്‍ പുറത്ത് കൊണ്ടുവന്നുകൊണ്ടിരിക്കയാണ്. പ്രണയത്തിന് ഭീകര മുഖം നല്‍കി ഒരു സമുദായത്തെ സംശയത്തിന്റെ നിഴലിലാക്കുന്നതിനു പിന്നില്‍ കളിച്ചത് ഹൈന്ദവ മത തീവ്രവാദം തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മറ്റു ചില മതവിഭാഗങ്ങളെ കൂട്ടുപിടിച്ച് ആസൂത്രിതമായി നടത്തിയ കള്ളപ്രചരണത്തിന്റെ പൂച്ച് പുറത്താകുമ്പോള്‍ അതിന് വേണ്ട പ്രാധാന്യം നല്‍കാന്‍ നമ്മുടെ സമൂഹം തയ്യാറാകുന്നില്ലായെന്നതാണ് ഏറെ അപകടകരം. ഇത്തരുണത്തില്‍, ഇവിടെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്. ലൗജിഹാദ് ആരോപണങ്ങള്‍ക്ക് ഇരകളായവരുടെ മുറിവുകള്‍ക്ക് ആര് മറുപടി നല്‍കും, എന്നതാണത്. ലൗ ജിഹാദ് കൊണ്ടാടിയവര്‍ ഇതിന് മറുപടി നല്‍കേണ്ടതുണ്ട്.

2009 ലാണ് ലൗ ജിഹാദ് ആദ്യമായി ഇവിടെ വിഷയകമാകുന്നത്. വിവാഹ വാഗ്ദാനം നല്‍കി മുസ്‌ലിം യുവാക്കള്‍ ഇതര സമുദായങ്ങളിലെ യുവതികളെ മതം മാറ്റുന്നു എന്നായിരുന്നു ആരോപണം. കോളേജിലെ രണ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായി എന്ന പരാതിയായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമായത്. പ്രണയിതാക്കള്‍ക്കൊപ്പം സ്വന്തം ജീവിതം കണ്ടെത്തിയ ഇവര്‍ പിന്നീട് രക്ഷിതാക്കളുടെ ഹരജിയെ തുടര്‍ന്ന് കോടതില്‍ ഹാജരായി. ഈ പ്രണയ വിവാഹങ്ങള്‍ ലൗ ജിഹാദാണെന്ന ആരോപണം വ്യാപകമായതോടെ പോലീസ് പ്രത്യേക അന്വേഷണം തുടങ്ങി. നിരവധി യുവാക്കളെ ചോദ്യം ചെയ്തു. ജിഹാദികള്‍ തട്ടിയെടുത്ത യുവതികളുടെ കണക്കുകള്‍ സഹിതം മാധ്യമങ്ങളില്‍ കണക്കുകള്‍ വന്നുകൊണ്ടിരുന്നു. അന്വേഷണത്തിനൊടുവില്‍ ഇങ്ങനെയൊരു സംഭവംതന്നെയില്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു പോലീസ്. 

2009 ല്‍ കേസുകള്‍ അവസാനിച്ചിട്ടും ലൗ ജിഹാദ് പ്രചരണം ഓണ്‍ലൈനില്‍ തുടര്‍ന്നു. സോഷ്യല്‍ മീഡിയകള്‍ ഇത് ഏറ്റെടുത്തു. എന്നാല്‍, ഇതിനെക്കുറിച്ച് ഗൗരവമായി പഠിച്ച അന്വേഷണ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഹൈന്ദവ വെബ്‌സൈറ്റായ ഹിന്ദു ജാഗ്രുതി ഡോട്ട് ഓര്‍ഗാണത്രെ ഈ വ്യാജപ്രചരണങ്ങള്‍ക്കു പിന്നിലെല്ലാം. ഇല്ലാത്ത വാര്‍ത്തകള്‍ മെനഞ്ഞ് ഓണ്‍ ലൈന്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയായിരുന്നു ഇത്. ഈ ഹൈന്ദവ തീവ്രവാദ വെബ്‌സൈറ്റ് തങ്ങളുടെ അജണ്ടകളെ നടപ്പാക്കാന്‍ ഇല്ലാത്ത ലൗജിഹാദ് കഥകള്‍ ഉണ്ടാക്കി വിടുകയായിരുന്നു. ജിഹാദികളുടെതെന്ന പേരില്‍ പോസ്റ്ററുകള്‍ ഇറക്കിവിടാനും ഇവര്‍ മടിച്ചില്ല. കര്‍ണാടകത്തിലെ ബീജാപൂരില്‍ സര്‍ക്കാര്‍ ഓഫീസില്‍ പാക് പതാക ഉയര്‍ത്തിയത് ശ്രീ രാമ സേനയാണെന്ന് വ്യക്തമായതിനോടൊപ്പം തന്നെയാണ് ഈ വിഭാഗം ഇത് ചെയ്തിരിക്കുന്നത്. 

ചുരുക്കത്തില്‍, ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ആര്‍.എസ്.എസ്സിന്റെ ആസൂത്രിത ശ്രമമായി മാത്രം വേണം ഈ പ്രവര്‍ത്തികളെ മനസ്സിലാക്കാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter