ഇസ്‌ലാമിലെ ഭക്ഷണം
ജീവിതം നിലനിര്‍ത്തുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം ഇസ്‌ലാം ചില ഭക്ഷണങ്ങള്‍ അനുവദിക്കുകയും ചിലത് വിരോധിക്കുകയും ചെയ്‌തിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യപരവും സാമൂഹികവുമായ നന്മ മുന്നില്‍ കണ്ട് കൊണ്ടാണ് ചിലത് കഴിക്കരുതെന്ന് ഇസ്‌ലാം ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും കഴിക്കരുതെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മനുഷ്യന് ഹാനി വരുത്താത്ത സസ്യ- മാംസ ഭക്ഷണങ്ങള്‍ അനുവദിക്കുന്ന ഇസ്‌ലാം ഭക്ഷിക്കാവുന്ന ജീവികളുടെ മാംസം അനുവദനീയമാവണമെങ്കില്‍ അവയെ ഇസ്‌ലാമിക മാനദണ്‌ഡപ്രകാരം അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് കൊണ്ട് മൂര്‍ച്ചയുളള കത്തിയുപയോഗിച്ച് കഴുത്ത് മുറിയുന്ന രൂപത്തില്‍ ഒരു മുസ്‌ലിം അറുക്കണമെന്ന് കല്‍പ്പിക്കുന്നു.
നിഷിദ്ധമായ ഭക്ഷണങ്ങള്‍
മദ്യം മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍
മത്സ്യം, വെട്ടുകിളികള്‍ എന്നിവയുടേതല്ലാത്ത ശവങ്ങള്
ജീവികളുടെ രക്തം നായ, പന്നി, കുരങ്ങ്, കഴുത തുടങ്ങിയ മൃഗങ്ങള്
മാംസ ഭുക്കുകളായ മൃഗങ്ങള്‍
കാലു കൊണ്ട് ഇരപിടിക്കുന്ന പക്ഷികള്‍
പൂച്ച- എലി വര്‍ഗ്ഗങ്ങള്‍, ഇഴജന്തുക്കള്‍
മ്ലേച്ഛതയുമായി ബന്ധപ്പെടുന്ന ജീവികള്‍
കരയിലും വെളളത്തിലും ജീവിക്കാന്‍ കഴിയുന്ന ഉഭയ ജീവികള്‍
ഭക്ഷണ രീതി
ഭക്ഷണം കഴിക്കുന്നതിന് ഇസ്‌ലാം ചില നിയമങ്ങളും മര്യാദകളും പഠിപ്പിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും കൈ രണ്ടും കഴുകുക, തുടങ്ങുമ്പോള്‍ അല്ലാഹുവിന്റെ നാമത്തില്‍ ചെയ്യുക (ബിസ്‌മില്ലാഹിര്‍ റഹ്‌മാനിര്‍ റഹീം എന്ന് ഉരുവിടുക) വിരമിക്കുമ്പോള്‍ അല്ലാഹുവിനെ സ്‌തുതിക്കുക (അല്‍ ഹംദു ലില്ലാഹ് എന്ന് പറയുക), വലത് കൈകൊണ്ട് കഴിക്കുക, ഒരുമിച്ചിരുന്നു ഭക്ഷിക്കുക, മിതത്വം പാലിക്കുക തുടങ്ങിയവയെല്ലാം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്യുന്ന കാര്യങ്ങളാണ്.