പരലോക വിശ്വാസം

ഈ ലോകത്തിന്‌ ആദ്യമെന്ന പോലെ ഒരു അന്ത്യമുണ്ടെന്നും ഈ ജീവിതത്തിന്‌ ശേഷം മറ്റൊരു ജീവിതം വരാനുണ്ടെന്നും ഈ ലോകത്ത്‌ നന്‍മകള്‍ ചെയ്‌തവര്‍ക്ക്‌ അവിടെ സ്വര്‍ഗവും തിന്‍മകള്‍ ചെയ്‌തവര്‍ക്ക്‌ അവിടെ നരകവുമുണ്ടെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഈ ലോകം ഒരു പരീക്ഷണ സ്ഥലമാണ,്‌ ഇവിടെ തന്നില്‍ വിശ്വസിക്കുന്നവരോടും വിശ്വസിക്കാത്തവരോടും തന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നവരോടും അനുസരിക്കാത്തവരോടും ദൈവം ഒരേ നീതിയോടെയാണ്‌ വര്‍ത്തിക്കുന്നത്‌. എന്നാല്‍ മരണാനന്തര ജീവിതത്തില്‍ തന്നില്‍ വിശ്വസിക്കുകയും കല്‍പ്പനകള്‍ അനുസരിക്കുകയും ചെയ്‌തവര്‍ക്ക്‌ സ്വര്‍ഗവും തന്നില്‍ അവിശ്വസിക്കുകയും കല്‍പ്പനകള്‍ തിരസ്‌കരിക്കുകയും ചെയ്‌തവര്‍ക്ക്‌ നരകവും നല്‍കുന്നു. ഭൂമിയില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്‌ അവിടെ അര്‍ഹമായ നീതി നല്‍കപ്പെടുകയും ചെയ്യുന്നു. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ഈ പുനര്‍ജന്മ, നരക-സ്വര്‍ഗ വിശ്വാസങ്ങളെ മനുഷ്യ ബുദ്ധിക്കതീതമായ കേവലം അഭൗതിക കാര്യമെന്ന്‌ പറഞ്ഞ്‌ തളളിക്കളയേണ്ടതില്ല. മനുഷ്യരേയും മറ്റു സൃഷ്‌ടികളേയും ഇല്ലായ്‌മയില്‍ നിന്ന്‌ സൃഷ്‌ടിച്ച ദൈവത്തിന്‌ ഉണ്ടായിരുന്നതിനെ വീണ്ടും മടക്കിക്കൊണ്ടുവരിക എന്നത്‌ പ്രയാസമുളള കാര്യമല്ല. മാത്രമല്ല നന്മ തിന്മകള്‍ ചെയ്യാന്‍ ഒരുപോലെ അവസരവും കഴിവുമുളള മനുഷ്യന്‍ തിന്മകളുപേക്ഷിച്ച്‌ നന്മകള്‍ മാത്രം ചെയ്യുന്നതിന്റെ പ്രയോജനവും നന്മകള്‍ ചെയ്യാതെ തിന്മകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലവും അറിയാന്‍ ഒരു പരലോക ജീവിതം ആവശ്യമാണ്‌.

എന്നാല്‍ മാത്രമേ മനുഷ്യന്റെ ജീവിത ലക്ഷ്യം സാര്‍ത്ഥകമാവുകയുളളു. നീതി നടപ്പിലാക്കുന്നതില്‍ ഐഹിക ലോകത്തെ ഭരണകൂടങ്ങളും നീതിപീഠങ്ങളും വഹിക്കുന്ന പങ്ക്‌ വളരെ ചെറുതാണ്‌. പണവും പ്രതാപവുമുളള കുറ്റവാളികള്‍ സ്വാധീനമുപയോഗിച്ച്‌ രക്ഷപ്പെടാനും പ്രതികള്‍ക്ക്‌ കുറ്റങ്ങളുടെ വലുപ്പത്തിനും ഗൗരവത്തിനുമനുസരിച്ചുളള ശിക്ഷകള്‍ ലഭിക്കാതിരിക്കാനും ഇവിടെ സാധ്യതയുണ്ടാവുന്നു. നൂറ്‌ പേരെ കൊന്നവനും പരമാവധി ഒരു വധശിക്ഷ നല്‍കാനേ ഐഹിക കോടതികള്‍ക്ക്‌ സാധിക്കുന്നുളളു. എന്നാല്‍ ഒരേ സമയം മരിപ്പിക്കാനും ജീവിപ്പിക്കാനും കഴിവുളള ദൈവത്തിന്‌ അത്തരം പ്രതികള്‍ക്ക്‌ നൂറ്‌ മരണവേദനകള്‍ നല്‍കാനാവും. ഈയൊരു നീതി സാക്ഷാല്‍ക്കാരമാണ്‌ പരലോക ജീവിതത്തിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്‌. പരലോകത്തെ രക്ഷാശിക്ഷകള്‍ ശക്തമായ വിചാരണക്കും നീതിനിഷ്‌ഠമായ വിധിക്കും ബോധ്യപ്പെടുത്തലിനും ശേഷമായിരിക്കും ലഭിക്കുക. രക്ഷ ലഭിക്കുന്നവന്‌ താന്‍ ചെയ്‌ത ഏത്‌ സല്‍കര്‍മ്മത്തിന്റെ പേരിലാണ്‌ അത്‌ ലഭിക്കുന്നതെന്നും ശിക്ഷ ലഭിക്കുന്നവന്‌ താന്‍ ചെയ്‌ത ഏത്‌ പാപത്തിന്റെ പേരിലാണ്‌ അത്‌ ലഭിക്കുതെന്നും അറിയാനുളള അവകാശമുണ്ടായിരിക്കും.

എന്നാല്‍, ഭൂമിയില്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ ഉന്നത ജാതിയില്‍ പെട്ടവരായും ദൂഷ്‌കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ താഴ്‌ന്ന ജാതിയില്‍ പെട്ടവരായോ നികൃഷ്‌ട ജീവികളായോ വീണ്ടും ഭൂമിയില്‍ തന്നെ ജന്മം കൊളളുന്നുവെന്ന ‘പുനര്‍ജന്മ സങ്കല്‍പം’ ഈയൊരു അവകാശം നിഷേധിക്കുന്നുണ്ട്‌. അതായത്‌ കഴിഞ്ഞ ജന്മത്തില്‍ എന്ത്‌ തെറ്റ്‌ ചെയ്‌തതിന്റെ ഫലമായാണ്‌ ഈ ജന്മത്തില്‍ കീഴ്‌ജാതിയില്‍ ജനിക്കേണ്ടി വന്നത്‌ എന്നോ കഴിഞ്ഞ ജന്മത്തില്‍ ഏത്‌ പുണ്യ കര്‍മങ്ങള്‍ ചെയ്‌തതിന്റെ ഫലമാണ്‌ ഇപ്പോള്‍ ഉയര്‍ന്ന ജാതിയില്‍ ജനിക്കാനിടയായത്‌ എന്നോ അതാത്‌ വ്യക്തികള്‍ക്ക്‌ അറിയാന്‍ കഴിയുന്നില്ല. അത്‌ കൊണ്ട്‌ തന്നെ �പുനര്‍ജന്മ സങ്കല്‍പം� യഥാര്‍ത്ഥ കര്‍മഫല സിദ്ധാന്തമല്ലെന്ന്‌ പറയേണ്ടി വരുന്നു. പരലോക വിശ്വാസത്തോടുളള പല മതവിഭാഗങ്ങളുടെയും സംശയാസ്‌പദമോ നിഷേധാത്മകമോ ആയ നിലപാട്‌ അതിന്റെ അനുയായികളെ മതകല്‍പ്പനകള്‍ സ്വകരിക്കുന്നതില്‍ നിന്നും സംശുദ്ധമായ ജീവിതം നയിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ച്‌ കൊണ്ടിരിക്കുന്നുവെന്നത്‌ പരമയാഥാര്‍ത്ഥ്യമാണ്‌. മതാനുശ്വാസനകള്‍ അനുസരിക്കാതെ ഇഷ്‌ടാനുസരണം ജീവിതം നയിക്കുകയും ആവശ്യം വരുമ്പോള്‍ മാത്രം മതക്കുപ്പായമണിയുകയും ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച്‌ കൊണ്ടിരിക്കുന്നത്‌ ഇതാണ്‌ സൂചിപ്പിക്കുന്നത്‌. അനുയായികളെ മതവൃത്തത്തിനുളളില്‍ കൊണ്ട്‌ വരാനോ അവരെ നിയന്ത്രിക്കാനോ കഴിയുന്നില്ല എന്നത്‌ ഇന്ന്‌ പല മത നേതാക്കളേയും അലട്ടുന്ന പ്രശ്‌നമാണ്‌. ഇവിടെ താരതമ്യേന ഇസ്‌ലാംമതത്തിന്റെ അനുയായികള്‍ തങ്ങളുടെ മതത്തോട്‌ കൂറ്‌ പുലര്‍ത്തുകയും വലിയൊരളവോളം മതകല്‍പ്പനകള്‍ അനുസരിക്കാന്‍ മുന്നോട്ട്‌ വരുകയും ചെയ്യുന്നത്‌ പരലോക വിശ്വാസം അവരിലുണ്ടാക്കുന്ന സ്വാധീനം നിമിത്തമാണ്‌. (നാഥന്റെ മാര്‍ഗം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter