അനുഷ്‌ഠാന കാര്യങ്ങള്‍ (ഇസ്‌ലാം കാര്യങ്ങള്‍)
1) ശഹാദത്ത് (സാക്ഷ്യ വചനം) 2) നിസ്‌കാരം (നിര്‍ബന്ധ പ്രാര്‍ത്ഥന) 3) സകാത്ത് (നിര്‍ബന്ധ ദാനം) 4) നോമ്പ് (വ്രതം) 5) ഹജ്ജ് (കഅ്‌ബ ലക്ഷ്യമാക്കിയുളള തീര്‍ത്ഥയാത്ര)
ശഹാദത്ത്-രണ്ട് സാക്ഷ്യങ്ങള്‍
സാക്ഷ്യ വചനങ്ങളെക്കുറിച്ച് നാം തുടക്കത്തില്‍ പറഞ്ഞു. ഒരു അമുസ്‌ലിം മുസ്‌ലിമായിത്തീരുന്നത് രണ്ട് സാക്ഷ്യ വചനങ്ങള്‍ ഉരുവിടുമ്പോഴാണ്. സാക്ഷ്യവചനങ്ങള്‍ ഹൃദയത്തില്‍ വിശ്വസിച്ച് നാവു കൊണ്ട് പറയേണ്ടതാണ്. അവ 1) അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. 2) മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.
നിസ്‌കാരം
ഒരു മുസ്‌ലിം ദിവസവും അഞ്ച് നേരം കൃത്യനിഷ്‌ഠയോടെ അനുഷ്‌ഠിക്കേണ്ട നിര്‍ബന്ധ പ്രാര്‍ത്ഥനയാണ് നിസ്‌കാരം എന്നത്. നില്‍ക്കല്‍, കുനിയല്‍, സാഷ്‌ടാംഗം, ഇരുത്തം തുടങ്ങിയ ചില ശാരീരിക പ്രകടനങ്ങളും ഇസ്‌ലാമിക ജപനങ്ങളുമടങ്ങിയതാണ് നിസ്‌കാരത്തിന്റെ രൂപം. നിസ്‌കാരങ്ങളിലെ ഒരു പൂര്‍ണമായ ഘട്ടത്തെ ഒരു റക്‌അത്ത് (ഒരു വണക്കം) എന്ന് പറയുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം രണ്ടോ മൂന്നോ നാലോ റക്ക്‌അത്തുകള്‍ (വണക്കങ്ങള്‍) കൂടിച്ചേര്‍ന്നവായാണ് അഞ്ച് നേരത്തുളള നിസ്‌കാരങ്ങള്‍. ഒരു ദിവസത്തെ അഞ്ച് നിസ്‌കാരങ്ങളുടെ പേരുകളും അവയുടെ റക്‌അത്തുകളുടെ എണ്ണവും അവക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയങ്ങളും താഴെ പറയും പ്രകാരമാണ്. ഫജ്‌ര്‍ (പ്രഭാത നിസ്‌കാരം). അത് രണ്ട് റക്‌അത്താണ്. അതിന്റെ സമയം പ്രഭാത ഉദയം മുതല്‍ സൂര്യന്‍ ഉദിക്കുന്നത് വരെയാണ്. ളുഹ്‌ര്‍ (ഉച്ച സമയത്തുള്ള നിസ്‌കാരം). അത് നാല് റക്‌അത്താണ്. അതിന്റെ സമയം സൂര്യന്‍ മധ്യാഹ്ന രേഖ തെറ്റിയത് മുതല്‍ അടുത്ത നിസ്‌കാരം വരെയാണ്. അസ്വ്‌ര്‍ (സായാഹ്ന നിസ്‌കാരം). അത് നാല് റക്‌അത്താണ്. അതിന്റെ സമയം ഒരു വസ്‌തുവിന്റെ നിഴല്‍ അതിനോളമാവുന്ന സമയം മുതല്‍ സൂര്യന്‍ അസ്‌തമിക്കുന്നത് വരെയാണ്. മഗ്‌രിബ് (സന്ധ്യാ സമയത്തുള്ള നിസ്‌കാരം). അത് മൂന്ന് റക്‌അത്താണ്. അതിന്റെ സമയം സൂര്യന്‍ അസ്‌തമിച്ചത് മുതല്‍ ആകാശത്തിലെ ചുവപ്പ് മായുന്നത് വരെയാണ്. ഇശാഅ് (രാത്രിയിലെ നിസ്‌കാരം). അത് നാല് റകഅത്താണ്. അതിന്റെ പ്രബലമായ സമയം സന്ധ്യാനിസ്‌കാരം അവസാനിച്ചത് മുതല്‍ അര്‍ധ രാത്രി വരേയാണ്. പ്രഭാതം പൊട്ടി വിടരുന്നത് വരെ നിര്‍വഹിക്കുന്നതിനും കുഴപ്പമില്ല. ഓരോ നിസ്‌കാരത്തിന്റെയും സമയമറിയിച്ച് കൊണ്ട് മുസ്‌ലിം പള്ളികളില്‍ അഞ്ച് നേരം ബാങ്ക് വിളിക്കപ്പെടുന്നു. ബാങ്കിനോടനുബന്ധിച്ച് ഒരു മുസ്‌ലിം പണ്‌ഡിതന്റെ കീഴില്‍ കൂട്ടമായി നിസ്‌കാരം നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നു. നിസ്‌കാരങ്ങള്‍ തനിച്ചോ കൂട്ടമായോ പളളിയില്‍ വെച്ചോ അല്ലാതെയോ നിര്‍വഹിക്കാവുന്നതാണ്. എങ്കിലും പളളിയില്‍ വെച്ച് കൂട്ടമായി നിസ്‌കരിക്കുന്നതിന് വളരെയധികം പ്രതിഫലമുണ്ട്. നില്‍ക്കാന്‍ കഴിയാത്തവന്‍ ഇരുന്നും ഇരിക്കാന്‍ കഴിയാത്തവന്‍ കിടന്നും ഒന്നിനും കഴിയാത്തവന്‍ മനസ്സ് കൊണ്ടെങ്കിലും നിസ്‌കാരം നിര്‍വഹിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഏതെങ്കിലും കാരണം കൊണ്ട് സമയത്തിനുളളില്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ മറ്റു സമയങ്ങളില്‍ അവ വീണ്ടെടുക്കേണ്ടതാണ്.
സക്കാത്ത് (നിര്‍ബന്ധ ദാനം)
ഇസ്‌ലാമിക നിയമമനുസരിച്ച് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തില്‍ നിന്നു ഒരു നിശ്ചിത വിഹിതം എല്ലാ വര്‍ഷവും ചില പ്രത്യേക അവകാശികള്‍ക്ക് നിര്‍ബന്ധ ദാനമായി നല്‍കേണ്ടതുണ്ട്. ഇതിനെ അറബിയില്‍ സക്കാത്ത് എന്ന് പറയുന്നു. സമ്പത്ത്, വിളകള്‍, കച്ചവടം, വ്യവസായം, സ്വര്‍ണ്ണം, വെളളി, നിധികള്‍, ചില വളര്‍ത്തു മൃഗങ്ങള്‍ (ആട്, മാട്, ഒട്ടകം) എന്നീ ഇനങ്ങളിലാണ് സക്കാത്ത് നല്‍കേണ്ടത്. ഈ ഇനങ്ങളില്‍ നിന്ന് സക്കാത്ത് നിര്‍ബന്ധമാവാന്‍ ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അളവോ (നിസാബ്) അതിലധികമോ ഒരു പൂര്‍ണ വര്‍ഷം ഒരാളുടെ പക്കലുണ്ടായാല്‍ അതിന്റെ ചെറിയൊരു ശതമാനം സക്കാത്തായി നല്‍കേണ്ടതാണ്. സ്വര്‍ണത്തില്‍ സകാത്ത് നിര്‍ബന്ധമാവുന്നതിന് ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അളവ് 85 ഗ്രാമും (10.625 പവന്‍) വെളളിയില്‍ 595 ഗ്രാമുമാണ്. ഈ പരിധിയെത്തിയ സ്വര്‍ണമോ വെളളിയോ ഒരാളുടെ കൈവശമുണ്ടെങ്കില്‍ അവയുടെ 2.5 ശതമാനം സക്കാത്തായി നല്‍കണം. വെളളിയുടെ മൂല്യത്തിനനുസരിച്ചാണ് നാണയത്തിന്റെ സക്കാത്ത് നല്‍കേണ്ടത്. അതായത് ഒരാളുടെ കയ്യില്‍ ഒരു വര്‍ഷത്തെ കാലാവധി തികഞ്ഞ 595 ഗ്രാം വെളളിയുടെ മൂല്യത്തിന് സമാനമായ ഒരു സംഖ്യ കയ്യിലുണ്ടെങ്കില്‍ അതിന്റെ 2.5 ശതമാനം സക്കാത്തായി നല്‍കണം. ഇത് പോലെ മുമ്പ് പറഞ്ഞ എല്ലാ ഇനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം കണക്കുകളും രീതികളുമുണ്ട്. സക്കാത്തിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുന്നതിന് ഏതെങ്കിലും മുസ്‌ലിം പണ്‌ഡിതന്‍മാരെയോ ഗ്രന്ഥങ്ങളേയോ അവലംബിക്കേണ്ടതാണ്. മേല്‍പ്പറഞ്ഞതിന് പുറമെ നിര്‍ബന്ധ സകാത്തിന്റെ മറ്റൊരു ഇനമാണ് ഫിത്വ്‌ര്‍ സകാത്ത്. എല്ലാ വര്‍ഷവും ഈദുല്‍ ഫിത്വ്‌ര്‍ അഥവാ ചെറിയ പെരുന്നാളിനോടനുബന്ധിച്ചാണ് ഇത് നല്‍കേണ്ടത്. പെരുന്നാള്‍ ദിവസത്തെ അത്യാവശ്യ ചെലവുകള്‍ കഴിച്ച് മിച്ചം വരുന്ന പണത്തില്‍ നിന്നു നാട്ടിലെ മുഖ്യ ഭക്ഷ്യ ധാന്യ ഇനങ്ങളില്‍ (ഉദാ-കേരളത്തില്‍ അരി) നിന്ന് ഒരു സാഅ് (ഏകദേശം 2600 ഗ്രാം) ഓരോരുത്തരും പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇതിനെയാണ് ഫിത്വ്‌ര്‍ സകാത്ത് എന്ന് പറയുന്നത്. സകാത്ത് ധനികന്റെ ഔദാര്യമായിട്ടല്ല ദരിദ്രന്റെ അവകാശമായിട്ടാണ് ഇസ്‌ലാം കാണുന്നത്. സകാത്ത് നല്‍കപ്പെടേണ്ട ഏഴ് വിഭാഗത്തെ ഇസ്‌ലാം പരിചയപ്പെടുത്തുന്നുണ്ട്. അവര്‍ 1) ജീവിത ചെലവിനായുളള വിഭവങ്ങള്‍ തീര്‍ത്തും ഇല്ലാത്തവന്‍ 2) പ്രാഥമികാവശ്യത്തിന് വിഭവങ്ങള്‍ തികയാത്തവന്‍ 3) സകാത്ത് സംഭരണ-വിതരണ ജോലിയിലേര്‍പ്പെടുന്നവന്‍ 4) ഇസ്‌ലാംമതം പുതുതായി സ്വീകരിച്ചവന്‍ അല്ലെങ്കില്‍ സ്വീകരിക്കാന്‍ മാനസികമായി താല്‍പര്യമുളളവന്‍ 5) മോചനദ്രവ്യം ആവശ്യമുളള അടിമകള്‍ 6) കടബാധ്യതയുളളവര്‍ 7) വഴിയാത്രികര്‍ 8) ഇസ്‌ലാം മതത്തിന് വേണ്ടി സൈനിക സേവനം അനുഷ്‌ഠിക്കുന്നവര്‍.
വ്രതാനുഷ്‌ഠാനം (നോമ്പ്)
ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം 9-ാമത്തെ മാസം റമദാന്‍ സമാഗതമായാല്‍ ആ ഒരു മാസം മുഴുവന്‍ വ്രതമനുഷ്‌ഠിക്കാന്‍ മുസ്‌ലിംകള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. പ്രഭാതം മുതല്‍ സൂര്യാസ്‌തമയം വരെ ഭക്ഷണപാനീയങ്ങളും ലൈംഗീക വികാരങ്ങളും അല്ലാഹുവിന് വേണ്ടി ത്യജിക്കുന്നതിനാണ് വ്രതമനുഷ്‌ഠിക്കുക എന്ന് പറയുന്നത്. പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയുമുളള എല്ലാ മുസ്‌ലിംകള്‍ക്കും നോമ്പനുഷ്‌ഠിക്കല്‍ നിര്‍ബന്ധമാണ്. രോഗം കാരണമോ ദീര്‍ഘയാത്രകാരണമോ പൊതുവിലും ആര്‍ത്തവം, പ്രസവം തുടങ്ങിയ കാരണങ്ങളാല്‍ സ്‌ത്രീകള്‍ക്കും നോമ്പനുഷ്‌ഠിക്കാന്‍ കഴിയാതെ വരുമ്പോള്‍ തൊട്ടടുത്ത മാസങ്ങളില്‍ അവ വീണ്ടെടുക്കേണ്ടതാണ്. ഫജ്‌ര്‍ (പ്രഭാത) നിസ്‌കാര സമയത്തിന് തൊട്ടുമുമ്പ് പുലര്‍ച്ച ഭക്ഷണം കഴിക്കുകയും �ഞാന്‍ നാളത്തെ നിര്‍ബന്ധ നോമ്പനുഷ്‌ഠിക്കുന്നു� എന്ന് മനസ്സില്‍ കരുതകയുമാണ് നോമ്പനുഷ്‌ഠിക്കുന്നവന്‍ ആദ്യപടിയായി ചെയ്യേണ്ടത്. പിന്നീട് മഗ്‌രിബ് (സന്ധ്യാ) നിസ്‌കാര സമയം വരെ എല്ലാതരത്തിലുമുളള ഭക്ഷണപാനീയങ്ങളില്‍ നിന്നും ലൈംഗിക സുഖങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണ്. സന്ധ്യയായാല്‍ ഈത്തപ്പഴമോ വെളളമോ മറ്റു ആഹാര പദാര്‍ത്ഥങ്ങളോ ഉപയോഗിച്ച് വ്രതമവസാനിപ്പിക്കുന്നതോടെ ഒരു വ്രതം പൂര്‍ണമായി. ഇങ്ങനെയുളള ഒരു മാസത്തെ വ്രതങ്ങളാണ് ഒരു മുസ്‌ലിം എല്ലാ വര്‍ഷവും നിര്‍ബന്ധമായും എടുക്കേണ്ടത്. നോമ്പ് കാലങ്ങളില്‍ സന്ധ്യ മുതല്‍ പ്രഭാതം വരെയുളള രാത്രിസമയങ്ങളില്‍ ആവശ്യാനുസരണം ഭക്ഷണം കഴിക്കുന്നതിനോ ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനോ യാതൊരു പ്രശ്‌നവുമില്ല. റമദാനില്‍ മാത്രം പ്രത്യേകമായുളള രാത്രിനിസ്‌കാരം തറാവീഹ് എന്ന പേരില്‍ അറിയപ്പെടുന്നു. അത് രാത്രിയിലെ സാധാരണയുളള ഇശാ നിസ്‌കാരത്തിന് ശേഷം രണ്ടു വീതമായി മൊത്തം 20 റകഅത്തുകള്‍ ഒരു മുസ്‌ലിം പണ്‌ഡിതന്റെ കീഴില്‍ സംഘടിതമായാണ് നിര്‍വഹിക്കപ്പെടുന്നത്. റമദാന്‍ മാസത്തിന്റെ ദിനരാത്രങ്ങളില്‍ സല്‍കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലമുളളതായി പഠിപ്പിക്കപ്പെടുന്നതിനാല്‍ മുസ്‌ലിംകള്‍ ആ മാസത്തെ കൂടുതല്‍ ബഹുമാനിക്കുകയും തിന്മകളില്‍ നിന്ന് വിട്ട് നിന്ന് സല്‍കര്‍മ്മങ്ങള്‍ ധാരാളമായി അനുഷ്‌ഠിക്കുകയും ചെയ്യുന്നു. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്‌ഠതയുണ്ടെന്ന് കരുതപ്പെടുന്ന ലൈലത്തുല്‍ ഖദ്‌ര്‍ (നിര്‍ണയത്തിന്റെ രാത്രി) റമദാന്‍ മാസത്തിലാണ് നിലകൊളളുന്നത്. റമാദാന്‍ മാസം പൂര്‍ണമായാല്‍ തൊട്ടടുത്ത മാസത്തിലെ ആദ്യ ദിവസം മുസ്‌ലിംകള്‍ ചെറിയ പെരുന്നാളായി കൊണ്ടാടുന്നു.
ഹജ്ജ് (തീര്‍ത്ഥയാത്ര)
അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിക്കൊണ്ട് മക്കയിലെ കഅ്‌ബ ലക്ഷ്യമാക്കി യാത്ര പുറപ്പെടലും ചില പ്രത്യേകമായ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കലുമാണ് ഹജ്ജ്. ശാരീകമായും സാമ്പത്തികമായും കഴിവുളള ഓരോ മുസ്‌ലിമും ജീവിതത്തിലൊരിക്കല്‍ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഇസ്‌ലാമിക കലണ്ടര്‍ പ്രകാരം 12-ാം മാസം ദുല്‍ഹിജ്‌ജയിലാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്നത്. ഹജ്ജിന് വേണ്ടി തയ്യാറെടുക്കല്‍, കഅ്‌ബാ പ്രദക്ഷിണം, സഫാ-മാര്‍വാ മലകള്‍ക്കിടയിലുളള ഓട്ടം, അറഫാ മൈതാനിയില്‍ ഒരുമിച്ച് കൂടല്‍, തലമുടി നീക്കം ചെയ്യല്‍, ചില പ്രത്യേക സ്ഥലങ്ങളില്‍ താമസിക്കല്‍, സാത്തനെതിരെയുളള പ്രതീകാത്മക കല്ലേറ് തുടങ്ങിവയാണ് ഹജ്ജിലെ പ്രധാന കര്‍മങ്ങള്‍. ഇവയെല്ലാം ചെയ്യുന്നതിന് പ്രത്യേക സമയങ്ങളും രീതികളും ഇസ്‌ലാം പറയുന്നുണ്ട്. അതനുസരിച്ചായിരിക്കണം ഹജ്ജ് ചെയ്യേണ്ടത്. ഹജ്ജിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഏതെങ്കിലും പണ്‌ഡിതന്‍മാരെയോ അത് ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങളേയോ അവലംബിക്കേണ്ടതാണ്. പ്രവാചകനായ ഇബ്‌റാഹീം (അബ്രഹാം) മകന്‍ ഇസ്‌മാഈല്‍ (ഇശ്‌മയേല്‍) ഭാര്യ ഹാജറ (ഹാഗര്‍) എന്നിവരുടെ ഓര്‍മകളും അവരുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ഹജ്ജിലെ അധിക കര്‍മ്മങ്ങളും. ഹജ്‌ജിനോടനുബന്ധിച്ച് ദുല്‍ ഹിജ്‌ജ 10 ന് ലോക മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയും ഇബ്‌റാഹീം നബി (അബ്രഹാം) തന്റെ മകന്‍ ഇസ്‌മാഈലി(ഇശ്‌മയേല്‍)നെ ദൈവകല്‍പ്പന മാനിച്ച് ബലിയറുക്കാന്‍ തയ്യാറായതിന്റെ ഓര്‍മ പുതുക്കലെന്നോണം മൃഗങ്ങളെ ബലിയറുക്കുകയും ചെയ്യുന്നു. ഹജ്ജ് യാത്രയോടനുബന്ധിച്ച് ലോക മുസ്‌ലിംകള്‍ മദീനയിലെ മുഹമ്മദ് നബി(സ) അന്ത്യവിശ്രമം കൊളളുന്ന റൗളാ ശരീഫും മുഹമ്മദ് നബി(സ) നിര്‍മിച്ച പ്രസിദ്ധമായ മസ്‌ജിദുന്നബവിയും സന്ദര്‍ശിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസമ്മേളനമായ ഹജ്ജും മുഹമ്മദ് നബി(സ)യുടെ ഖബര്‍ സന്ദര്‍ശനവും ഇസ്‌ലാം മതവിശ്വാസികളില്‍ പുതു ജീവനും നവോന്‌മേഷവും നല്‍കന്നു.
Leave A Comment