ദൈവാസ്തിത്വം ശാസ്ത്രീയമായി തെളിയേണ്ടതാണോ

പ്രപഞ്ചോല്പത്തിയും അതിന്റെ വികാസ പ്രക്രിയകളും പണ്ഡിതർക്കിടയിൽ എന്നത്തേയും ചർച്ചാ വിഷയമാണ്. മത നേതാക്കളും തത്വ ശാസ്ത്രജ്ഞരും ഇവ്വിഷയകമായി തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പൊതുവെ ഇതൊരു സങ്കീർണ്ണതയായി ശേഷിക്കുകയാണിപ്പൊഴും. വിവിധങ്ങളായ ഈ നിലപാടുകളിലൂടെ യുക്തമായ ശരിയിലേക്കെത്താനുള്ള ലളിതമായ ഒരു ശ്രമം നടത്തുകയാണിവിടെ.

ഘടനാപരമായ നിർമ്മാണത്തിലൂടെയല്ല, യാദൃശ്ചികമായ ഒരു പരിതസ്ഥിതിയുടെയും പരിണാമത്തിന്റെയും ഫലമാണ് പ്രപഞ്ചമെന്നാണ് നിരീശ്വര വിശ്വാസികളും പരിണാമ സിദ്ധാന്തക്കാരും വിശ്വസിക്കുന്നത്. എന്നാൽ, ദൈവമെന്ന പ്രകൃത്യാതീത ശക്തിയുടെ സൃഷ്ടിയാണ് പ്രപഞ്ചമെന്നാണ് മതവാദികളുടെ നിലപാട്. ലോകത്തെയും അതിലടങ്ങിയവയെയും സൃഷ്ടിക്കുകയും കുറ്റമറ്റ രീതിയിൽ പരിപാലിക്കുകയും ചെയ്യാൻ അത്തരമൊരു ശക്തിക്കേ ആവൂ എന്ന് യുക്തമായ തെളിവുകളുടെ ബലത്തിൽ അവർ വ്യക്തമാക്കിയിട്ടുമുണ്ട്. വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ഇവ്വിഷയകമായി രൂപപ്പെട്ട നാല് പ്രധാന നിലപാടുകൾ പരിശോധിക്കാം.

  1. മേൽ സൂചിപ്പിച്ച പ്രകാരം, ദൈവമുണ്ടെന്നും ദൈവമാണ് പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എന്നുമുള്ള ദൈവവിശവാസികളുടെ നിലപാട്.
  2. ദൈവം എന്നൊന്നില്ലെന്നും പ്രപഞ്ചം ആരുടേയും സൃഷ്ടിയല്ലെന്നുമുള്ള പരിണാമ സിദ്ധാന്തക്കാരുടെയും നിരീശ്വര വാദികളുടെയും നിലപാട്.
  3. ദൈവമുണ്ടെന്നോ ഇല്ലെന്നോ പറയാൻ മതിയായ തെളിവുകൾ ഇല്ലെന്ന അജ്ഞേയ വാദികളുടെ നിലപാട്.
  4. ദൈവമുണ്ടെന്നോ ഇല്ലെന്നോ തെളിയിക്കാൻ തക്ക മാർഗങ്ങൾ പ്രപഞ്ചത്തിലില്ലെന്ന സന്ദേഹ വാദികളുടെ നിലപാട്.

ആദ്യ നിലപാടിനെ കുറിച്ച് പറഞ്ഞ് തുടങ്ങാം. പ്രായോഗിക തെളിവുകളെ ആധാരമാക്കിയും അല്ലാതെയും ദൈവാസ്തിത്വം സമര്‍ത്ഥിക്കുന്നതാണ് ദൈവ വിശ്വാസികളുടെ രീതി. ഇതിൽ, പ്രയോജനവാദവും പ്രപഞ്ച ശാസ്ത്രവുമാണ് പ്രായോഗിക തെളിവുകൾ. ഒരു ആദി കാരണം ഇല്ലാതെ ലോകത്ത് ഒരു വസ്തു ഉണ്ടാവുകയെന്നത് അശാസ്ത്രീയമാണെന്നും എല്ലാ വസ്തുക്കളും ഈ ആദി കാരണത്തിന്റെ സൃഷ്ടികളാവുകയാണ് യുക്തിയെന്നുമാണ് പ്രപഞ്ച ശാസ്ത്ര സിദ്ധാന്തം വഴി മതവാദികൾ സമർത്ഥിക്കുന്നത്. അതേസമയം, കൃത്യമായ ആസൂത്രണമില്ലാതെ ഈ അണ്ഡകടാഹവും അതിലടങ്ങിയവയും മുന്നോട്ട് പോവുക അസാധ്യമാണെന്നും ബുദ്ധിമാനായ ഒരു നിയന്താവിന്റെ കയ്യിലാണ് പ്രപഞ്ചത്തിന്റെ കടിഞ്ഞാണെന്നും അവർ പ്രയോജനവാദത്തിന്റെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നു.

ഈ രണ്ട് തെളിവുകൾക്കെതിരെ മത വിരുദ്ധ വാദികൾ സ്വാഭാവികമായും ഉയർത്തുന്ന പ്രധാന ചോദ്യങ്ങളിവയാണ്. അങ്ങനെയെങ്കിൽ ആ ആദി കാരണം എങ്ങനെയുണ്ടായി? പ്രകൃതിയിലുള്ളവ കൃത്യവും ആസൂത്രിതവുമായി മുന്നോട്ട് പോകുന്നതിന് പിന്നിൽ ദൈവമെന്ന ആസൂത്രണ ശക്തി തന്നെയാണ് എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയാനാവുക? അർത്ഥശങ്കകൾക്കിടയില്ലാതെ സർവർക്കും ബോധ്യമാവുന്ന രീതിയിൽ ദൈവാസ്തിത്വം തെളിയിക്കാൻ ആർക്കെങ്കിലും കഴിയുമോ?

ഉത്തരമിതാണ്: പ്രായോഗിക തെളിവുകളുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും ദൈവാസ്തിത്വം തെളിയിച്ച് കൊടുക്കുക എന്നത് സാധ്യമോ അസാധ്യമോ ആവാം. പക്ഷെ, ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഒരു ഇസ്‌ലാം മത വിശ്വാസി ദൈവത്തിൽ വിശ്വസിക്കുന്നത്. ദിവ്യ വെളിപാടുകളും മതാനുഭവങ്ങളുമാണ് അവനെ വിശ്വാസിയായി നിലനിർത്തുന്നത്. ഓരോ സമൂഹത്തിലേക്കും അല്ലാഹു നിയോഗിച്ച പ്രവാചകന്മാർ ഉദ്ബോധിപ്പിച്ച മതപാഠങ്ങളാണ് അവന്റെ വിശ്വാസത്തിന്റെ ആധാരം. ആ പാഠങ്ങൾ മേൽ സൂചിപ്പിച്ച പ്രായോഗിക തെളിവുകൾ കൂടി അടങ്ങുന്ന ശാസ്ത്രീയ സത്യങ്ങളാണ്.

ഇസ്‌ലാമിൽ, തൗഹീദ് (ഏക ദൈവ വിശ്വാസം) പോലെ വിശ്വാസിയുടെ സത്യ സാക്ഷ്യത്തിന്റെ പ്രധാന ആണിക്കല്ലാണ്‌ രിസാലത്തി(പ്രവാചക സന്ദേശം)ലുള്ള വിശ്വാസം. ഒരു പാരസ്പര്യ ബന്ധമാണ് ഇവയ്ക്കിടയിലുള്ളത്. ദൈവ വിശ്വാസമുണ്ടായിട്ടും ദൈവ ദൂതനിൽ വിശ്വസിക്കാത്തവനെ ഇസ്‍ലാം വിശ്വാസിയായി കണക്കാക്കുന്നില്ല. ദൈവ ദൂതന്മാരുടെ സന്ദേശങ്ങളിലൂടെ ഏകദൈവവിശ്വാസം പ്രാപിക്കുക എന്നതാണ് ഇസ്‍ലാമിന്റെ രീതി. മറ്റു തെളിവുകൾക്ക് ഇസ്‌ലാമിൽ പ്രാഥമിക പരിഗണനയില്ലെന്നർത്ഥം. ആ അർത്ഥത്തിൽ, പ്രവാചകന്മാർ നിയോഗിക്കപ്പെടാത്ത ഒരു സമൂഹം (സാങ്കൽപ്പികം) പ്രായോഗിക തെളിവുകൾ ഉപയോഗപ്പെടുത്തി ദൈവ വിശ്വാസം പുലർത്തിയില്ലെങ്കിലും ശിക്ഷാർഹരാവുകയില്ലെന്നാണ് പണ്ഡിത മതം.

വിശുദ്ധ ഖുർആനും ഇപ്പറഞ്ഞതിനെ ശരിവക്കുന്നുണ്ട്. "ശുഭവാര്‍ത്തയറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായാണവര്‍ നിയുക്തരായത്, വഴിയെ അല്ലാഹുവിനെതിരെ മനുഷ്യര്‍ക്ക് യാതൊരു തെളിവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി.അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു" (വി.ഖു: 4.165) എന്ന വചനത്തിൽ നിന്ന് ഇത് വ്യക്തമാണ്. സത്യത്തിൽ ഇതാണ് ദൈവാസ്തിത്വത്തിന്റെ പരമ പ്രധാനമായ തെളിവ്.

വിശ്രുത പണ്ഡിതൻ ഇമാം ഗസാലി ഇഹ്‍യാ ഉലൂമുദ്ധീൻ എന്ന ഗ്രന്ഥത്തിൽ പങ്ക് വെക്കുന്ന അഭിപ്രായം ഇവിടെ പ്രസ്താവ്യമാണ്. അദ്ദേഹം പറയുന്നതിങ്ങനെ: മൂന്ന് രീതിയിലൂടെ ഒരാൾക്ക് ദൈവാസ്തിത്വം ബോധ്യപ്പെടാം. പ്രായോഗിക തെളിവാണ് ഇതിൽ ആദ്യത്തേത്. പക്ഷെ, ഇത് വഴി ലഭിക്കുന്ന അറിവ് സത്യമായിരിക്കും എന്ന് ഉറപ്പിച്ച് പറയാനാവില്ല. ഒരു വീട്ടിനകത്ത്  നിന്ന് കേട്ട ശബ്ദത്തിലൂടെ നിങ്ങളുടെ സുഹൃത്താണ് അവിടെയുള്ളത്എന്ന നിഗമനത്തിലെത്തുന്ന പോലെയാണിത്. ഒരു പക്ഷെ, സമാന ശബ്ദമുള്ള മറ്റൊരാളാവാനും മതി അത്. 

എന്നാൽ, ഇതേ കാര്യം നിങ്ങൾക്ക് വിശ്വാസമുള്ള ഒരാൾ പറഞ്ഞുവെന്നിരിക്കട്ടെ. അക്കാര്യത്തിൽ, യാതൊരു അർത്ഥശങ്കക്കുമിടയില്ലാതെ  വിശ്വസിക്കാൻ നിങ്ങൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഇതാണ് പ്രവാചകന്മാർ തങ്ങളുടെ ദൗത്യം വഴി നിർവ്വഹിച്ചത്. പ്രവാചകനമാരിലൂടെ ദൈവാസ്തിത്വം ബോധ്യപ്പെടുകയെന്നതാണ് തത്വത്തിൽ രണ്ടാമത്തെ കാര്യം.

സ്വാനുഭവങ്ങളിലൂടെ ദൈവത്തെ അറിഞ്ഞവരാണ് പ്രവാചകന്മാർ. ആ അനുഭവങ്ങളെയാണ് പാഠങ്ങളായി അവർ സമൂഹത്തിന് പകർന്ന് നൽകുന്നത്. അതോടെ സമൂഹത്തിനും ദൈവത്തെ അനുഭവിക്കാനാവും. പ്രവാചകന്മാരുടെ നൈതികമായ ജീവിത ശൈലിയാണ് സമൂഹത്തിന് അവരെ വിശ്വസിക്കാനുള്ള പ്രേരകമായി മാറുക. സത്യസന്ധമായ ജീവിതത്തിലൂടെ അവർ അവരെയും ദൈവത്തെയും സമൂഹത്തിന് അനുഭവവേദ്യമാക്കുന്നുവെന്ന് സാരം. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: "അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിത് ഓതിത്തരികയോ അവന്‍ നിങ്ങള്‍ക്കിത് അറിയിച്ച് തരികയോ ചെയ്യുമായിരുന്നില്ല. ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഇതിന് മുമ്പും കുറെ കാലം വസിച്ചിരുന്നിട്ടുണ്ടല്ലോ? ആലോചിച്ചു നോക്കുന്നില്ലേ നിങ്ങള്‍?" (10.16)

ധ്യാനത്തിലൂടെയും അധ്യാത്മ ദർശനത്തിലൂടെയും ദൈവത്തെ അറിയുന്നതാണ് മൂന്നാമത്തെ വഴി. ദൈവത്തെ  കുറിച്ചുള്ള പരമമായ ജ്ഞാന തലമാണിത്. മേൽ സൂചിപ്പിച്ച ഉദാഹരണം കടമെടുത്താൽ, വീട്ടിനകത്തെ ശബ്ദം ആരുടേതാണ് എന്നറിയാൻ നിങ്ങളവിടെ ചെല്ലുകയും സുഹൃത്തിനെ കാണുകയും ചെയ്യുമ്പോഴുണ്ടാവുന്ന ഉറച്ച ബോധ്യത്തിന് സമാനമാണിത്.ദൈവത്തെ ആധ്യാത്മികമായി ദർശിച്ച് അനുഭവിക്കുന്നതിനേക്കാൾ പരമമായ മറ്റെന്ത് വേണം തെളിവായി?

ഇത്രയും പറഞ്ഞതിൽ നിന്ന് പ്രായോഗിക തെളിവുകളെ ആധാരമാക്കി ദൈവാസ്തിത്വം സമര്‍ത്ഥിക്കുക സാധ്യമാണെങ്കിലും അല്ലെങ്കിലും ഒരു വിശ്വാസിയെ അത് തുലോം ബാധിക്കുന്നില്ലെന്ന് മനസിലാക്കാം. വിശ്വസിനീയമായ സ്രോതസ്സിലൂടെ ദൈവത്തെ അനുഭവിപ്പിക്കുന്ന രീതിയാണ് അവന്‍കൈക്കൊള്ളുന്നത്. ദൈവമില്ലെന്ന് ശാസ്ത്രീയവും യുക്തവുമായ രീതിയിൽ സമർത്ഥിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നത് വരെ ഈ വിശ്വാസം അചഞ്ചലമായി നിൽക്കുകയും ചെയ്യും.

അജ്ഞേയ വാദികളുടെയും സന്ദേഹ വാദികളുടെയും നിലപാടുകളാണ് ഈ ചർച്ചയിൽ ഇനി ശേഷിക്കുന്നത്. ദൈവത്തിലേക്കെത്താനുള്ള തെളിവുകൾ ഇതുവരെയും ലഭ്യമായിട്ടല്ലെന്നത് ദൈവാസ്തിത്വത്തെ അംഗീകരിക്കാൻ ഒരു തെളിവ് ദൂരത്താണ് അവർ എന്നാണ് മനസ്സിലാക്കി തരുന്നത്. അതൊരിക്കലും ദൈവമുണ്ടെന്ന വാദത്തിന് വിരുദ്ധമാവുന്നില്ല. മാത്രവുമല്ല, ഭംഗ്യന്തരേണ അവർ ദൈവ വിരുദ്ധ വാദക്കാരുടെ എതിർപക്ഷത്താണ്‌ നിലനിൽക്കുന്നത് എന്നും മനസ്സിലാക്കാം.

(ഇസ്‌ലാം ഓണ്‍ വെബ് ഇംഗ്ലീഷില്‍ അബ്ദുറഊഫ് ഹുദവി എഴുതിയ ലേഖനത്തിന്റെ  (Prophethood and Religious Experience, not Cosmological Evidence, as the Bases of Belief in Allah)  സ്വതന്ത്ര്യ വിവര്‍ത്തനം) 

വിവ;നിസാം ഹുദവി, കൊപ്പം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter